കൊച്ചി: കൊച്ചി മാടവനയില്‍ ദേശീയപാതയില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് തെന്നിമറിഞ്ഞ് മുകളിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരനായ ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ മരിച്ചത്. സിഗ്‌നലില്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബസ് മറിയാന്‍ കാരണമെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്.
മാടവന സിഗ്‌നനലില്‍ എത്തിയപ്പോള്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ തെന്നി മറിയുകയായിരുന്നു. സിഗ്‌നല്‍ ജംങ്ഷനില്‍ മറുവശത്തേക്ക് പോകാന്‍ ബൈക്കില്‍ കാത്തുനിന്നിരുന്ന ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്റെ മുകളിലേക്കാണ് ബസ് വന്നുവീണത്. ബസിലുണ്ടായിരുന്ന 32 യാത്രക്കാരും ഒരു വശത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാരാണ് യാത്രക്കാരെ പുറത്തെടുത്തത്. പൊലീസ് ഫയര്‍ ഫോഴ്‌സും എത്തിയാണ് ബസിനിടയില്‍ കുടുങ്ങിക്കിടന്ന ജിജോ സെബാസ്റ്റ്യനെ പുറത്തെടുത്തത്.
ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12പേരുടെ നില ഗുരുതരമല്ല. അപകടത്തില്‍പ്പെട്ട ബസ് നീക്കി ഒരു മണിക്കൂറിനുശേഷം ദേശീയ പാതയിലെ വാഹന ഗതാഗതം പുനസ്ഥാപിച്ചു. കൊല്ലം സ്വദേശി അഞ്ജലി, ആലപ്പുഴ സ്വദേശി ഏലിയാസ്, കൊല്ലം സ്വദേശികളായ ലിസ, അശ്വിന്‍, അങ്കിത, കണ്ണണൂര്‍ സ്വദേശി ആര്യ, ആലപ്പുഴ സ്വദേശി അനന്ദു, ഇതര സംസ്ഥാനത്തുനിന്നുള്ള രവികുമാര്‍, മാവേലിക്കര സ്വദേശി ശോഭ, ആലപ്പുഴ സ്വദേശി ചന്ദ്രന്‍ പിള്ള, ചന്ദ്രന്‍ പിള്ളിയുടെ മകള്‍ ആതിര എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവറെ പനങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ചൈനീസ് സൈബര്‍ തട്ടിപ്പിനായി കേരളത്തില്‍ നിന്ന് സിംകാര്‍ഡുകള്‍
കോള്‍ സെന്റര്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തുന്ന ചൈനീസ് ഗ്രൂപ്പുകള്‍ക്ക് സിം കാര്‍ഡുകളെത്തിക്കുന്ന സംഘവും കേരളത്തില്‍ സജീവമാകുന്നു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചെടുക്കുന്ന സിം കാര്‍ഡുകളുപയോഗിച്ചാണ് കോള്‍ സെന്ററുകള്‍ വഴിയുള്ള തട്ടിപ്പ് നടക്കുന്നത്. ഈ സംഘത്തെ കേന്ദ്രീകരിച്ച് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഇതുവരെ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നവമാധ്യമങ്ങള്‍ വഴി ചങ്ങാത്തം കൂടാനോ, ഷെയര്‍മാര്‍ക്കറ്റില്‍ പങ്കാളിയാകാനോ ക്ഷണിച്ചുകൊണ്ട് കേരളത്തിലെ ഒരു നമ്പറില്‍ നിന്നും കോള്‍ വിളിച്ചുകൊണ്ടോ സന്ദേശം അയച്ചുകൊണ്ടാണ് ഇത്തരം തട്ടിപ്പു സംഘം പ്രവര്‍ത്തിക്കുന്നത്.
സംസാരിക്കുന്നത് മലയാളിയായിരിക്കുമെങ്കിലും കോളിന്റെ ഉറവിടം ഇന്ത്യയില്‍ എവിടെനിന്നും ആയിരിക്കില്ല. കമ്പോഡിയലും മ്യാന്‍മറിലും ലാവോസിലുമായി ചൈനീസ് സംഘം നടത്തുന്ന കോള്‍ സെന്ററുകളില്‍ നിന്നാണ് ഈ കോളുകള്‍ എത്തുന്നത്. ഈ തട്ടിപ്പ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് സിമ്മെത്തിക്കുന്ന സംഘവും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരമനുസരിച്ച് കേരള പൊലീസിന്റെ സൈബര്‍ ഡിവിഷന്‍ പരിശോധന നടത്തുന്നതിനിടെയാണ് തൃശൂരില്‍ മൂന്നര ലക്ഷം ഓണ്‍ ലൈന്‍ വഴി തട്ടിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മാള സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരനെ വിളിച്ച കോള്‍ പൊലിസ് പരിശോധിച്ചു.
കൊല്ലത്തുള്ള ഒരാളുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് കോളെത്തിയത്. പക്ഷെ അയാള്‍ക്ക് ഈ തട്ടിപ്പുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. അന്വേഷണം ചെന്നെത്തിയത് സിം വില്‍പ്പന നടത്തുന്ന വര്‍ക്കല സ്വദേശി വിഷ്ണുവിലാക്കായിരുന്നു എത്തിയത്. തുടര്‍ന്ന് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ചൈനീസ് തട്ടിപ്പു സംഘത്തൊടൊപ്പം ജോലി ചെയ്യുന്ന മുഫ്‌ളിക്കിനുവേണ്ടിയാണ് വ്യാജ വിലാസത്തില്‍ സിംമ്മുകളെടുത്ത നല്‍കുന്നതെന്ന് വിഷ്ണു മൊഴി നല്‍കി.
കേരളത്തിലെ പല ഭാഗങ്ങളിലായി 500 ലധികം സിമ്മുകള്‍ മഫ്‌ലിക്ക് ഇങ്ങനെ വാങ്ങിയിട്ടുണ്ട്. വിഷ്ണു കൈമാറുന്ന ഒടിപി നമ്പറുപയോഗിച്ച് വിദേശത്തിരിക്കുന്ന മുഫ്‌ലിക്ക് വാടാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താണ് ഈ നമ്പറുകള്‍ വഴി തട്ടിപ്പ് നടത്തുന്നത്. വിദേശത്തുനിന്നുമെത്തിയ മുഫ്‌ലിക്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഫ്‌ലിക്കില്‍ നിന്നും പൊലീസിന് ലഭിച്ചിരിക്കുന്നത് വിദേശത്ത് പ്രവര്‍ത്തിക്കുന്ന ചൈനീസ് സംഘത്തെ കുറിച്ചുള്ള പ്രധാന വിവങ്ങളാണ്. കേസില്‍ വിഷ്ണുവും മുഫ്‌ലിക്കുമാണ് ഇതുവരെ പിടിയിലായത്.
ഷാഫിക്ക് പകരക്കാരാനാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടേക്ക്; പത്മജയെ ഇറക്കുമോ ബിജെപി?
പാലക്കാട് ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് ധാരണയായി. ഇനി അടുത്തത് പാലക്കാട്, ആരാകും സ്ഥാനാര്‍ത്ഥിയാകുന്നത്. നിലവില്‍ പല പേരുകളും ഉയര്‍ന്നുവരുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പേര് ഉയര്‍ന്നിരുന്നെങ്കിലും ഇനി മത്സരിക്കാനില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും മുന്‍ തൃത്താല എം എല്‍ എ വിടി ബല്‍റാമിന്റെയും പേര് ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ പാലക്കാട്ടി ല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനാണ് സാധ്യത. ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിന്റെ പേര് നേതാക്കള്‍ പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്. സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉറപ്പാണെന്ന സൂചന നല്‍കി വടകരയിലെ എംപി ഷാഫി പറമ്പിലും രംഗത്തെത്തി. പാലക്കാട്ടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും, നാട്ടിലെ വികസനത്തിനും കൂടെ നില്‍ക്കുന്ന ചെറുപ്പക്കാരനായ നേതാവ് തന്നെ വരുമെന്നാണ് ഷാഫി പറഞ്ഞത്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനങ്ങള്‍ക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ സ്ഥിര സാന്നിധ്യമാണ് രാഹുല്‍. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ അറസ്റ്റും ജയില്‍ വാസവുമെല്ലാംപാര്‍ട്ടിയില്‍ രാഹുലിന്റെ ഇമേജ് തന്നെ മാറ്റിമറിച്ചു. പിണറായി വിജയന്റെ പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയ സമരമൊക്കെ രാഹുലിനെ പാര്‍ട്ടിയിലും യുവാക്കള്‍ക്കിടയിലും പ്രതിച്ഛായ ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.
ഷാഫി പറമ്പിലുമായി അടുപ്പമുള്ള നേതാവാണ് രാഹുല്‍. പാലക്കാട് തിരഞ്ഞെടുപ്പുകളില്‍ ഷാഫിക്കൊപ്പം തന്നെ രാഹുലും പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്. ഷാഫിക്ക് പകരക്കാരനായി രാഹുല്‍ ഇറങ്ങിയാല്‍ ശക്തമായ മത്സരം കാഴ്ചവെയ്ക്കാമെന്നും വിജയം ഉറപ്പിക്കാമെന്നുമാണ് നേതൃത്വം കണക്കുകൂട്ടല്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കുത്തനെ കുറഞ്ഞെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പിലെ കണക്കുകളിലും യു ഡി എഫ് ആത്മവിശ്വാസത്തിലാണ്
(ഹോള്‍ഡ്)
ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് പിടിക്കാന്‍ തന്ത്രം മെനയുകയാണ് സി പി എം. പെരിങ്ങോട്ടുകുറിശ്ശിയിലെ വിമത കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥിനെ മത്സരിപ്പിക്കാനുള്ള ആലോചനകളാണ് സി പി എമ്മില്‍. ഗോപിനാഥിനെ പോലൊരാള്‍ മത്സരിച്ചാല്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ട് കൊണ്ട് സി പി എം നേതാക്കള്‍ ചര്‍ച്ച നടത്തിയതായി ഗോപിനാഥും വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലാത്തതെന്ന് ഗോപിനാഥ് പറഞ്ഞത്.
ശോഭ സുരേന്ദ്രന്റെ പേരാണ് ബി ജെ പിക്കുള്ളില്‍ ഉയരുന്നത്. മത്സരിച്ചിടത്തെല്ലാം വോട്ട് ഉയര്‍ത്താന്‍ ശോഭയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇ ശ്രീധരന്‍ നേടിയ രണ്ടാം സ്ഥാനം ഒന്നാം സ്ഥാനമാക്കാന്‍ ശോഭയക്ക് കഴിയുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഇക്കഴിഞ്ഞ ആലപ്പുഴ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2.99 ലക്ഷം വോട്ട് നേടാന്‍ ശോഭയ്ക്ക് കഴിഞ്ഞിരുന്നു. 2019 ല്‍ 1.87 ലക്ഷം വോട്ട് മാത്രമായിരുന്നു പാര്‍ട്ടിക്ക് അവിടെ ലഭിച്ചത്. എന്‍ ഡി എയ്ക്ക് യാതൊരു സ്വാധീനവും ഇല്ലെന്ന് കരുതിയ മണ്ഡലത്തിലാണ് കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും ഒരുപോലെ ഞെട്ടിച്ച് ശോഭ മുന്നേറിയത്.
യുഡിഎഫില്‍ രാഹുല്‍ മാങ്കൂട്ടത്തിലെങ്കില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലിനെ ബി ജെ പി മത്സരിക്കുമോയെന്ന ചോദ്യമുണ്ട്. പത്മജ ബി ജെ പിയിലേക്കെത്തിയപ്പോള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നേതാവാണ് രാഹുല്‍. ഈ സാഹചര്യത്തില്‍ പാലക്കാട് പത്മജയും രാഹുലും ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ അടക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് ബി ജെ പിയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.
പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂര്‍, പിരായിരി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു പാലക്കാട് നിയമസഭാ മണ്ഡലം. പാലക്കാട് നഗരസഭ ബി ജെ പിയാണ് ഭരിക്കുന്നത്. മാത്തൂരും പിരിയാരും യു ഡി എഫിനാണ് ഭരണം. കണ്ണാടിയില്‍ മാത്രമാണ് സി പി എമ്മിന് ഭരണമുള്ളത്. പാലക്കാട് മണ്ഡലത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് സി പി എം.
നിലവില്‍ ചര്‍ച്ചകള്‍ തുടങ്ങിയ സ്ഥിതിക്ക് ഉപതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ജനങ്ങളും.