കേരളത്തിലെ സിപിഐയുടെ കരുത്തുറ്റ നേതാവ് കാനം രാജേന്ദ്രന്‍ ഇനി ഓര്‍മ. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.
ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി കെ പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍ ജനിച്ചത്. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് പ്രവേശിക്കുന്നത്.
എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവര്‍ത്തിച്ചു. 1978-ല്‍ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കാനം രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു.
1982-ലും 87-ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2006-ല്‍ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 2012 ല്‍ സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായി. കാനം 2015-ല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ല്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറില്‍ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ആള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും, ആള്‍ ഇന്ത്യ ട്രെയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ്സ് കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.
എ.ഐ.വൈ.എഫ്. സംസ്ഥാനസെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കനാത്തിന്റെ പോരാട്ടവീര്യം എ.ഐ.ടി.യു.സി.യിലൂടെയും കേരളം കണ്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം സംഘടനയെ ഇന്ത്യയിലെ കരുത്തുള്ള ഘടകമാക്കിമാറ്റി. സിനിമ, ഐ.ടി., പുതുതലമുറബാങ്കുകള്‍ തുടങ്ങി എ.ഐ.ടി.യു.സി.ക്ക് വിവിധ മേഖലകളില്‍ ഘടകങ്ങളുണ്ടാക്കിയ നേതാവ്. പ്രിയനേതാവിന് പ്രണാമം.
ആരായിരുന്നു മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി?
സിറോ മലബാര്‍ സഭയെ വര്‍ഷങ്ങളായി വരിഞ്ഞുമുറുക്കിയ ഭൂമി വില്‍പ്പനയും കുര്‍ബാന വിവാദവുമാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് പ്രധാനമായും വഴിതുറന്നത്.
നീണ്ട സംഭവപരമ്പരകള്‍ക്കൊടുവിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒരു പതിറ്റാണ്ട് കാലം വഹിച്ചിരുന്ന സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനം ഒഴിയുന്നത്.
ചൊവ്വാഴ്ച ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി (നുണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി കൊച്ചിയിലെത്തി മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ചുമതലയില്‍നിന്നു മാറ്റുമെന്നും പ്രചാരണമുണ്ടായിരുന്നു. പ്രചാരണങ്ങള്‍ ശരിവെച്ച് വ്യാഴാഴ്ച മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനത്തുനിന്നും ഔദ്യോഗികമായി പടിയിറങ്ങി. മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ചുമതലയില്‍നിന്ന് മാറ്റുകയും ചെയ്തു. സഭയുടെ രീതിയനുസരിച്ച് പുതിയ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കും. ബിഷപ്പ് ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റീവ് ചുമതല നല്‍കി. അതേസമയം, ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക.
ആരായിരുന്നു മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി?
1945 ഏപ്രില്‍ 19 ന് ചങ്ങനാശ്ശേരി അതിരൂപതയിലെ തുരുത്തി ഇടവകയില്‍ ആലഞ്ചേരില്‍ പീലിപ്പോസ് മേരി ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ജനിച്ചത്. 1972 ഡിസംബര്‍ 18 ന് മാര്‍ ആന്റണി പടിയറയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സാമ്പത്തികശാസ്ത്രത്തില്‍ കേരളാ സര്‍വകലാശാലയില്‍ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ദൈവശാസ്ത്രത്തില്‍ ഒന്നാംറാങ്കില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ഫ്രാന്‍സിലെ സര്‍ബോണെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി. 1974ല്‍ ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ സഹ വികാരിയായി നിയമിതനായി.
അതിന് ശേഷം ഫ്രാന്‍സിലേക്ക്. 1981 മുതല്‍ 86 മുതല്‍ വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പഠനകാലഘട്ടമായിരുന്നു. ഫ്രാന്‍സില്‍
ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അതിനുശേഷം 1986 മുതല്‍ 97 വരെ കോട്ടയം വടവാതൂര്‍ സെമിനാരി പ്രൊഫസറായിരുന്നു പ്രവര്‍ത്തിച്ചു. അതിനോടൊപ്പം ചങ്ങനാശ്ശേരി അതിരൂപതാ ജനറാളായും പ്രവര്‍ത്തിച്ചിരുന്നു.
1996 ഡിസംബര്‍ 18ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തില്‍ മെത്രാനായി നിയമിതനായി. വീണ്ടും അദ്ദേഹത്തിന്റെ സേവനങ്ങള്‍ കണക്കിലെടുത്തു കൊണ്ട് 2011 മെയില്‍ നടന്ന സിനഡ് യോഗത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തു. ആ ചുമതലയേറ്റതിന് ശേഷം 2012 ഫെബ്രുവരി 18ന് ബെനഡിക്ട പതിനാറാമന്‍ മാര്‍പാപ്പ കര്‍ദിനാളായി വാഴിച്ചു.
മാര്‍ ആലഞ്ചേരിയും വിവാദങ്ങളും……
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയുള്ള മെത്രാന്‍ കൂടിയായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ അതിരൂപതയുടെ ഭൂമി വിറ്റതാണ് വിവാദങ്ങള്‍ക്ക് തുടക്കം.
അതിരൂപതാ നേതൃത്വത്തിനിടയില്‍ മാത്രം ചര്‍ച്ചയാകുന്ന വിഷയം, സഭാധ്യക്ഷന്‍ കോടതിയില്‍ വിചാരണ നേരിടുന്ന സ്ഥിതിയിലെത്തി. രൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ ഭൂമി തുച്ഛമായ വിലയ്ക്ക് വിറ്റതാണ് വിവാദത്തിനിടയാക്കിയത്. അഞ്ച് ഇടങ്ങളിലായുള്ള ഭൂമി 27 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് ആരോപണം. ആധാരത്തില്‍ കാണിച്ചിരിക്കുന്ന വില 13 കോടി. സഭാ അധികൃതരുടെ കൈയില്‍ കിട്ടിയത് ഒമ്പത് കോടിയും. മുഴുവന്‍ പണം നല്‍കുന്നതുവരെ ഈടായി രണ്ട് സ്ഥലങ്ങള്‍ ഇടപാടുകാരന്‍ അതിരൂപതയ്ക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കി. രജിസ്ട്രേഷനായി 10 കോടി രൂപയോളം രൂപതയ്ക്ക് വീണ്ടും മുടക്കേണ്ടി വന്നു. ഇതിലെല്ലാം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.
അതിരൂപതയുടെ സ്ഥലം ഉപയോഗിച്ച് കര്‍ദിനാള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയെന്നും രൂപതയ്ക്ക് വന്‍ നഷ്ടം വരുത്തിയെന്നുമാണ് കര്‍ദിനാളിനെ എതിര്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികര്‍ ആരോപണം ഉന്നയിച്ചത്. അതിരൂപതയെ നശിപ്പിക്കുകയാണ് കര്‍ദിനാള്‍ ചെയ്യുന്നതെന്നും രാജിവെച്ച് നിയമ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പൊതു ജനമധ്യത്തില്‍ പ്രതിഷേധമടക്കം സംഘടിപ്പിച്ചു. കര്‍ദിനാളിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് ആലഞ്ചേരിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതിയും ഉത്തരവിട്ടു.
അതേസമയം, സഭയുടെ പരമോന്നത സമിതിയായ മെത്രാന്‍ സിനഡ് കര്‍ദിനാളിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചു. ഭൂമി ഇടപാടില്‍ ഉണ്ടായ വീഴ്ചയില്‍ കര്‍ദിനാളിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് സിനഡ് വിലയിരുത്തി. അതിരൂപതാ ആലോചനാ സമിതികളിലും സഹായ മെത്രാന്മാരോടും ഭൂമി വില്‍പന സംബന്ധിച്ച് കര്‍ദിനാള്‍ കൂടിയാലോചന നടത്തിയിരുന്നെന്നും ഇവരുടെ അനുമതിയോടെയാണ് ഇടപാട് നടന്നതെന്നുമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ സിനഡ് വിലയിരുത്തിയത്. ഭൂമി ഇടപാടില്‍ വീഴ്ച പറ്റിയെങ്കിലും ആരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സിനഡ് കണ്ടെത്തി.
വിഭാഗീയത രൂക്ഷമായതോടെ രണ്ട് സഹായ മെത്രാന്മാരെ രൂപതാ ഭരണത്തില്‍ നിന്ന് വത്തിക്കാന്‍ സസ്പെന്‍ഡ് ചെയ്തു. അതിരൂപതയുടെ ഭരണം അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിച്ചു. സിറോ മലബാര്‍ സഭയില്‍ ആദ്യമായാണ് രണ്ട് മെത്രാന്മാര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തായിരുന്നു അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ ആര്‍ച്ച് ബിഷപ്പായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടര്‍ന്നെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കായി. സാമ്പത്തിക നഷ്ടം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അഡ്മിനിസ്‌ട്രേറ്ററെ വത്തിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
ഭൂമിവില്പനയുമായി ബന്ധപ്പെട്ട് ആലഞ്ചേരി അനധികൃത ഇടപാടുകളും സാമ്പത്തിക നേട്ടവും ഉണ്ടാക്കിയെന്ന് ആരോപിക്കുന്ന രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതും സഭയെ പ്രതിസന്ധിയിലാക്കി. കര്‍ദിനാളിന്റെ മുന്‍ സെക്രട്ടറി ഫാ. ആന്റണി കല്ലൂക്കാരനാണ് ഈ കേസില്‍ ഒന്നാം പ്രതി. കര്‍ദിനാളിന്റെ പ്രധാന വിമര്‍ശകനായ ഫാ. പോള്‍ തേലക്കാട്ട് രണ്ടാം പ്രതിയും ഭൂമി ഇടപാട് സംഭവം ആദ്യം അന്വേഷിച്ച് കര്‍ദിനാള്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയ ഫാ. ബെന്നി മാരാംപറമ്പില്‍ മൂന്നാം പ്രതിയുമാണ്.
കര്‍ദിനാള്‍ അനധികൃതമായി പണമിടപാടുകള്‍ നടത്തുന്നതായും വന്‍ സമ്പത്തിക നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അഴിമതിക്കാരനാണെന്നും ചിത്രീകരിക്കുന്ന വ്യാജരേഖകളായിരുന്നു ഇവര്‍ ചമച്ചത്. വിഷയത്തില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന ബിഷപ് ജേക്കബ് മനത്തോടത്തും കുറ്റക്കാരനാണെന്ന നിലപാട് കര്‍ദിനാള്‍ സ്വീകരിച്ചതോടെ വീണ്ടും പ്രതിസന്ധിയായി. ഒടുവില്‍ അഡ്മിനിസ്േ്രടറ്ററേയും രണ്ട് സഹായ മെത്രാന്മാരേയും മാറ്റാന്‍ സിനഡ് തീരുമാനിക്കുകയായിരുന്നു.
രണ്ടാമത്തെ വിവാദം…
കേരള കത്തോലിക്കാ സഭയില്‍ ആദ്യമായാണ് ആരാധനാക്രമ പ്രശ്നത്തിന്റെ പേരില്‍ ഒരു ബിഷപ്പിന്റെ രാജി വത്തിക്കാന്‍ ചോദിച്ചുവാങ്ങുന്നത്. വര്‍ഷങ്ങള്‍ നീണ്ട എതിര്‍പ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കിയത്. 2021 ജൂലൈ മൂന്നിനു മാര്‍പ്പാപ്പ ഇതിന് അംഗീകാരം നല്‍കി.
ഭൂമി വിവാദം കത്തി നില്‍ക്കുന്ന സമയത്താണ് കുര്‍ബാന ഏകീകരണത്തിന് സിനഡ് ഇറങ്ങിപ്പുറപ്പെട്ടത്. ഇതോടെ എറണാകുളം-അങ്കമാലി അതിരൂപത, കുര്‍ബാന ഏകീകരണം ഭൂമിവില്‍പന വിവാദം മറയ്ക്കാനാണെന്ന നിലപാടെടുത്തു.
കഴിഞ്ഞ 50 വര്‍ഷങ്ങളായി തങ്ങള്‍ ചൊല്ലിക്കൊണ്ടിരുന്ന ജനാഭിമുഖ രീതിയില്‍ മാത്രമെ ഇനിയും കുര്‍ബാന ചൊല്ലു എന്ന ഉറച്ച നിലപാടെടുത്തു എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍. വിശ്വാസികളുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. കുര്‍ബാന ഏകീകരണം സംബന്ധിച്ച് കര്‍ദിനാള്‍ ഇറക്കിയ സര്‍ക്കുലറുകള്‍ വിമത വൈദികര്‍ തള്ളിക്കളഞ്ഞു. ഒഴിവ് കൊടുക്കാനുള്ള രൂപതാ മെത്രാന്റെ അധികാരം ഉപയോഗിച്ച് അതിരൂപതയ്ക്ക് ഇളവ് നല്‍കണമെന്ന് ബിഷപ്പ് കരിയിലിനോട് അവര്‍ ആവശ്യപ്പെട്ടു. ബിഷപ് രൂപതയ്ക്ക് ഇളവ് നല്‍കുകയും ചെയ്തു.
……….
കുര്‍ബാന ഏകീകരണത്തെ ആദ്യം മുതല്‍ എതിര്‍ത്ത ഫരീദാബാദ് രൂപതയും ഇരിങ്ങാലക്കുട രൂപതയും ഒടുവില്‍ വഴങ്ങി. എറണാകുളം മാത്രം വഴങ്ങിയില്ല. ഒടുവില്‍ 2022ലെ ഈസ്റ്റര്‍ മുതല്‍ കുര്‍ബാന ഏകീകരണം നടപ്പിലാക്കണമെന്ന് കര്‍ദിനാള്‍ അന്ത്യശാസനം നല്‍കി. കര്‍ദിനാളും ബിഷപ്പ് കരിയിലും സംയുക്ത സര്‍ക്കുലര്‍ ഇറക്കുകയും ഓശാന ഞായറാഴ്ച ഇരുവരും ഒരുമിച്ച് എറണാകുളം ബസ്ലിക്ക ദൈവാലയത്തില്‍ പുതിയ ക്രമത്തില്‍ കുര്‍ബാന അര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ബിഷപ്പ് കരിയില്‍ തന്റെ ഒപ്പും സീലും വാങ്ങി സമ്മര്‍ദ്ദത്തില്‍പ്പെടുത്തി സര്‍ക്കുലറില്‍ ഒപ്പുവെപ്പിക്കുകയായിരുന്നു. 2022 ഡിസംബര്‍വരെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് ഒഴിവു നല്‍കുകയാണെന്നും അറിയിച്ചു.
ഓശാന ഞായറാഴ്ച കര്‍ദിനാള്‍ പോലീസ് സംരക്ഷണത്തില്‍ ബസ്ലിക്കയില്‍ കുര്‍ബാന അര്‍പ്പിച്ചു. എന്നാല്‍ ബിഷപ്പ് കരിയില്‍ ഈ കുര്‍ബാനയില്‍ പങ്കെടുത്തില്ല. ഇതോടെ പ്രശ്നം വീണ്ടും വഷളായി. എറണാകുളത്തിന് പുറത്തുള്ള രൂപതകളും വിശ്വാസികളും എറണാകുളം രൂപതയ്ക്കെതിരെ തിരിഞ്ഞു. സഭാ ഐക്യം തകരുന്നത് നല്ലതല്ലെന്നും സിറോ മലബാര്‍ സിനഡിനെ അനുസരിക്കാന്‍ ആ സഭയിലെ ഒരു അംഗമെന്ന നിലയില്‍ എറണാകുളം അതിരൂപതയ്ക്ക് ബാധ്യത ഉണ്ടന്നുമായിരുന്നു വത്തിക്കാന്റെ നിലപാട്. പല തവണ ഇതു സംബന്ധിച്ച് പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം ബിഷപ്പ് കരിയിലിന് കത്തുകളയക്കുകയും അനുസരണക്കേട് അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ വഴങ്ങാന്‍ വിമത വൈദികര്‍ ബിഷപ്പിനെ സമ്മതിച്ചില്ല. സിനഡും പല തവണ കരിയിലിന് മുന്നറിയിപ്പ് നല്‍കി. ഒടുവില്‍ വത്തിക്കാന്‍ കരിയില്‍ ബിഷപ്പിനോട് രാജിവെക്കാന്‍ നിര്‍ദേശിച്ചു.
ആര്‍ച്ച് ബിഷപ് കരിയിലിന് പകരം തൃശൂര്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററാക്കി. പിന്നീട് താന്‍ രാജിവെക്കാനിടയായ സാഹചര്യങ്ങള്‍ വിശദീകരിച്ച് ആന്റണി കരിയില്‍ പുറത്തുവിട്ട കത്ത് വീണ്ടും സഭയെ വെട്ടിലാക്കി. അതിരൂപതയുടെ വിവാദ ഭൂമിയിടപാടുമൂലമുണ്ടായ നഷ്ടം പരിഹരിക്കാന്‍ കോതമംഗലം കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലങ്ങള്‍ സിനഡ് നിര്‍ദേശിക്കുന്ന വിലയ്ക്ക്, സിനഡ് പറയുന്ന വ്യക്തികള്‍ക്കു വില്‍ക്കാന്‍ തന്നോടു നിര്‍ദേശിച്ചെന്ന വെളിപ്പെടുത്തലായിരുന്നു കത്തിലുണ്ടായിരുന്നത്. 2023 മാര്‍ച്ചില്‍ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതും ആലഞ്ചേരിക്ക് തിരിച്ചടിയായി.
കണ്‍ക്ലൂഷന്‍…..
കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കല്ലേറേറ്റ സഭാധ്യക്ഷ്യന്‍ കൂടിയാണ് ഒടുവില്‍ പടിയിറങ്ങുന്നത്. സിറോ മലബാര്‍ സഭയെ വര്‍ഷങ്ങളായി വരിഞ്ഞുമുറുക്കിയ ഭൂമി വില്‍പ്പനയും കുര്‍ബാന വിവാദവുമാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് പ്രധാനമായും വഴിതുറന്നത്.