യുഡിഎഫിന് ഏറെ വോട്ടുകള്‍ ഉള്ള ജില്ലയാണ് ആലപ്പുഴ. കഴിഞ്ഞ തവണ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചപ്പോളും തകരാതെ സിപിഎമ്മിനൊപ്പം പിടിച്ചു നിന്ന ആലപ്പുഴ മണ്ഡലമാണ് എല്ലാവരും ഉറ്റു നോക്കുന്ന മണ്ഡലം.
അതുകൊണ്ട് മറ്റു പാര്‍ട്ടികള്‍ പോലും, പ്രത്യേകിച്ച് സിപിഎം വരെ ഈ മണ്ഡലത്തില്‍ യുഡിഎഫ് ആരെയാണ് ഇറക്കുന്നതെന്ന് ഉറ്റുനോക്കിയിരിക്കുകയാണ്. എപ്പോഴും നറുക്ക് വീഴുന്നത് മണ്ഡലത്തിലെ സ്വന്തം നേതാവുംൂ എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാലിനാണ്. ഈ തവണയും ആലപ്പുഴ മണ്ഡലത്തില്‍ കെസി വേണുഗോപാലെന്ന കെസിയുടെ പേര് തന്നെയാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ കെസി വേണുഗോപാല്‍ ഇതുവരെയും തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആലപ്പുഴ തിരിച്ചു പിടിക്കാന്‍ വേണുഗോപാല്‍ ഇറങ്ങണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണെങ്കിലും ദേശീയതലത്തിലെ സംഘടനാ ചുമതലകളുടെ തിരക്കാണ് മത്സരത്തില്‍ നിന്ന് കെസിയെ പിന്തിരിപ്പിക്കുന്ന ഘടകം. ഇക്കുറി ഇന്ത്യ സഖ്യത്തിന്റെ ചുമതകള്‍ കൂടി വഹിക്കേണ്ട സാഹചര്യമുള്ളതിനാല്‍ കെസി മത്സര രംഗത്ത് നിന്ന് വിട്ടു നില്‍ക്കുമെന്നാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമാള്‍ക്കാര്‍ പറയുന്നത്.
കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ ഇറങ്ങണമെന്ന രമേശ് ചെന്നിത്തല മുന്നോട്ടു വച്ച നിര്‍ദേശത്തിന് കൈ കൊടുക്കാന്‍ കെ.സി.വേണുഗോപാല്‍ ഇല്ലെന്ന സൂചനകളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് പുറത്തു വരുന്നത്. ഏതു പ്രതികൂല സാഹചര്യത്തിലും ആലപ്പുഴയില്‍ വേണുഗോപാല്‍ മല്‍സരിച്ചാല്‍ ജയമുറപ്പെന്ന് കോണ്‍ഗ്രസുകാരന്നൊടങ്കം അവകാശപ്പെടുന്നുണ്ട്. താന്‍ നേരിട്ട് പ്രചാരണം നിയന്ത്രിച്ചില്ലെങ്കില്‍ ജയിക്കാന്‍ എളുപ്പമല്ലാത്ത മണ്ഡലമാണ് ആലപ്പുഴയെന്ന തിരിച്ചറിവും മറ്റാരെക്കാളും കെസിക്കുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കേവലം ഒന്നോ രണ്ടോ തവണ മാത്രമാണ് കെസി ആലപ്പുഴയില്‍ എത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ 2026ല്‍ നടക്കാനിടയുളള നിയമസഭ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരികയാണ് വേണുഗോപാലിന്റെ ലക്ഷ്യമെന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുളള രാജ്യസഭ അംഗമായ കെസിയുടെ എംപി എന്ന നിലയിലുളള കാലാവധി അവസാനിക്കുന്നത് 2026ലുമാണ്.
ലോക്‌സഭയിലേക്ക് വേണുഗോപാല്‍ മല്‍സരിക്കണമെന്ന ആവശ്യമുയര്‍ത്തുന്ന പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം ആലപ്പുഴയിലെ ജയം മാത്രമല്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹത്തെ അകറ്റി നിര്‍ത്തുക കൂടിയാണ്. കടുപ്പമുള്ളൊരു മല്‍സരത്തിനിറങ്ങി തിരിച്ചടിയുണ്ടായാല്‍ സംസ്ഥാനത്തേക്കുളള കെസിയുടെ തിരിച്ചു വരവിനെ അത് ബാധിക്കുമെന്ന തിരിച്ചറിവും വേണുഗോപാല്‍ പക്ഷത്തിനുണ്ട്. ഇതെല്ലാം കണക്കൂട്ടുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇവിടെ നറുക്ക് വീഴും. ആറന്മുള നിയമസഭാ മണ്ഡലത്തില്‍ അവസാനം വരെ രാഹുലിന്റെ പേര് പരിഗണിച്ചിരുന്നുവെങ്കിലും അവസാനം നിമിഷം പുറത്താകുകയായിരുന്നു.
അന്ന് പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചകളിലെ മുഖം മാത്രമായിരുന്നു രാഹുല്‍. പക്ഷേ കാലം മാറിയപ്പോള്‍ രാഹുലിന്റെ മുഖം ആള്‍ക്കാര്‍ക്ക് പരിചിതമായി. ചര്‍ച്ചകളില്‍ മാത്രം കണ്ടിരുന്ന മുഖം ഇന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും ഭരണപക്ഷത്തെയും വെല്ലുവിളിച്ചു കൊണ്ട് സമരങ്ങളില്‍ പങ്കെടുത്ത മുഖം. ആ രാഹുലിനെ കോണ്‍ഗ്രസ് തള്ളിക്കളയില്ലെന്നാണ് പ്രതീക്ഷ. പക്ഷേ, ഇതൊക്കെയും മണ്ഡലത്തിലെ മുന്‍ എംപി കൂടിയായിരുന്ന കെസി വേണുഗോപാലിന്റെ തീരുമാനത്തിന് അനുസരിച്ച് തന്നെയായിരിക്കും.
സിനിമാ താരം സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യുഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കുകയാണ് താരം ചെയ്തത്. താനുമായി കോണ്‍ഗ്രസ് നേതൃത്വമോ ബന്ധപ്പെട്ട നേതാക്കളോ ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസിനുള്ളിലെ സീറ്റിന് വേണ്ടിയുള്ള പോരുകളും യുഡിഎഫിനുള്ളില്‍ അധിക സീറ്റ് ചോദിച്ചുള്ള മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദ തന്ത്രവുമെല്ലാമാണ് ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിദ്ദിഖിന്റെ പേര് ഉയരാനിടയാക്കിയ സാഹചര്യമെന്നാണ് സൂചന.
അതേസമയം, ആലപ്പുഴ ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുമായി വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. എ.ഐ.സി.സി. നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ റൂം ആരംഭിച്ചത്. തിരഞ്ഞെടുപ്പു പ്രവര്‍ത്തനം ലക്ഷ്യമാക്കി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും ഡിജിറ്റല്‍ ടെക്‌നോളജിയും പ്രയോജനപ്പെടുത്തി ഓണ്‍ലൈന്‍ ആശയവിനിമയമായിരിക്കും വാര്‍റൂമിന്റെ പ്രവര്‍ത്തനരീതി. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചെന്ന് തന്നെയാണ് സൂചന. ഇനി ആരാണ് മത്സരിക്കുന്നതെന്ന് മാത്രമാണ് അറിയാനുള്ളത്.
കേരള പദയാത്രയുടെ സമാപന സമ്മേളനം നരേന്ദ്രമോദി തിരുവനന്തപുരത്ത്
കേരള പദയാത്രയുടെ സമാപന സമ്മേളനം ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്യുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളത്തില്‍ നരേന്ദ്രമോദിക്കുള്ള അംഗീകാരം വര്‍ദ്ധിച്ചുവരുകയാണെന്നും ഇതാണ് കേരള പദയാത്രയുടെ വന്‍ വിജയത്തിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരള പദയാത്രയുടെ ഭാഗമായി അങ്കമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സപ്ലൈകോയിലെ അവശ്യസാധനങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സപ്ലൈകോയില്‍ വിലകൂടിയാല്‍ എല്ലാ സാധനങ്ങള്‍ക്കും വിലകൂടും. വിലവര്‍ധനവ് ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സൗജന്യ അരി വിതരണം ചെയ്യുമ്പോഴാണ് സംസ്ഥാനം ജനവഞ്ചന നടത്തുന്നത്. സപ്ലൈകോയില്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ഒരു സഹായവും ചെയ്തില്ല. ഇപ്പോള്‍ അത് പൂട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആന്ധ്ര അരി ലോബിയെ സഹായിക്കാന്‍ വേണ്ടിയാണിത്. ഭാരത് അരിക്കെതിരെ പ്രചാരണം നടത്തുന്നതും അരിലോബിയെ സഹായിക്കാന്‍ വേണ്ടിയാണെന്നും ഇതുപോലെ ഒരു ജനവിരുദ്ധമായ സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ വേറെയില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
എന്തുകൊണ്ടാണ് കെ.എസ്.ഐ.ഡി.സി.യില്‍ ഉന്നത സ്ഥാനങ്ങളിലിരുന്നവര്‍ റിട്ടയര്‍മെന്റിന് ശേഷം ചില കമ്പനികളുടെ തലപ്പത്ത് വരുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. മാസപ്പടിയുടെ പ്രത്യുപകാരമാണോ ഇതെന്ന് സംശയമുണ്ട്. കെ.എസ്.ഐ.ഡി.സി. മുഖ്യമന്ത്രിയുടെ മകളുടെ ഷെല്‍ കമ്പനിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്കും മകള്‍ക്കും മാസപ്പടി വാങ്ങാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓള്‍ ഇന്ത്യാ ടൂറിസ്റ്റ്പെര്‍മിറ്റ്; ബസ് നികുതി കേരളത്തിലേത് പോലെ കുറയ്ക്കണമെന്ന് കര്‍ണാടക ബസുടമകള്‍
ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ടൂറിസ്റ്റ് ബസുകള്‍ക്ക് കേരളബജറ്റില്‍ പ്രഖ്യാപിച്ച നികുതിയിളവിന് സമാനമായി കര്‍ണാടകത്തിലും നികുതി കുറയ്ക്കണമെന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടു. 16- ന് അവതരിപ്പിക്കുന്ന കര്‍ണാടക ബജറ്റില്‍ നികുതി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്.
നികുതി കുറവുള്ളതിനാല്‍ ടൂറിസ്റ്റ് ബസുടമകളില്‍ വലിയൊരു വിഭാഗവും നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ബസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. നികുതി കുറയ്ക്കുന്നതോടെ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി ചോരുന്നത് തടയാന്‍ കഴിയുമെന്നാണ് ഉടമകള്‍ വാദം ഉന്നയിച്ചത്
നിലവില്‍ മൂന്നുമാസം കൂടുമ്പോള്‍ 40 സീറ്റുള്ള ഒരു ബസിന് കര്‍ണാടകത്തില്‍ 1,47,200 രൂപയാണ് നികുതിയടയ്ക്കേണ്ടത്. സ്ലീപ്പര്‍ ബസുകള്‍ക്ക് സീറ്റിന് 4400 രൂപയടയ്ക്കണം. അതേസമയം നാഗലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസിന് അവിടെയടയ്ക്കേണ്ട നികുതി ഒരുവര്‍ഷം 70,000 രൂപവരെയാണ്. അരുണാചല്‍ പ്രദേശില്‍ നികുതിയടയ്ക്കുമ്പോള്‍ കര്‍ണാടകത്തിലടയ്ക്കേണ്ടതിന്റെ പകുതിയില്‍ താഴയേ വരൂ.
നികുതിയിളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയതായി കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. രാധാകൃഷ്ണ ഹൊള്ള പറഞ്ഞു. നിലവില്‍ ഒട്ടേറെ ബസുടമകള്‍ നാഗാലാന്‍ഡിലും അരുണാചല്‍ പ്രദേശിലും ബസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ചാല്‍ ഈ ബസുകളുടെ രജിസ്‌ട്രേഷന്‍ കര്‍ണാടകത്തില്‍ത്തന്നെ നടക്കും. ഇതോടെ സര്‍ക്കാരിന് വരുമാനം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അവശ്യസാധനങ്ങളുടെ വില കുത്തനെ കൂട്ടി സപ്ലൈകോ; 46 രൂപ വരെ വര്‍ധന
സപ്ലൈക്കോ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 13 സാധനങ്ങള്‍ക്കും വില കൂടി. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് വില കൂടുന്നത്. സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി വിലയിലും 35% മാത്രമാകും വില കുറവ്. ഇതുവരെ 70%വരെ വിലക്കുറവ് ഉണ്ടായിരുന്നു. ഇനി മുതല്‍ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റംവരുത്താനും തീരുമാനിച്ചു.
ഇനിമുതല്‍ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്‌സിഡി ഉല്‍പന്നങ്ങളുടെ വിലയില്‍ മാറ്റം വരുത്താനും തീരുമാനിച്ചു. സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടെന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ തീരുമാനമാണ് ഇതോടെ മാറുന്നത്. അതുവരെ, വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കില്‍ സബ്‌സിഡി നല്‍കുന്ന രീതിയാണ് സപ്ലൈകോ പിന്തുടര്‍ന്നിരുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തിരിച്ചടി ഭയന്ന് വിലകൂട്ടാന്‍ സര്‍ക്കാര്‍ ഇതുവരെ മടിച്ചുനില്‍ക്കുകയായിരുന്നു. വില കൂട്ടുന്നതിനു ഭക്ഷ്യവകുപ്പ് നല്‍കിയ ശുപാര്‍ശ മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, വില കൂട്ടിയില്ലെങ്കില്‍ സപ്ലൈകോയുടെ സാമ്പത്തികസ്ഥിതി പരിതാപകരമാകുമെന്നതും കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരിനു നിര്‍വാഹമില്ലെന്നതും കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
വില കൂട്ടുന്നതിന് എല്‍ഡിഎഫ് നേരത്തേ അനുമതി നല്‍കിയിരുന്നു. ഭക്ഷ്യപൊതുവിതരണ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി ഡിസംബര്‍ അവസാനം ഇതിനുള്ള ശുപാര്‍ശ നല്‍കി. വിപണിവിലയില്‍ 25% സബ്‌സിഡി അനുവദിച്ചാല്‍ മതിയെന്നായിരുന്നു എല്‍ഡിഎഫ് യോഗത്തിലെ തീരുമാനം. എന്നാല്‍, 35% എന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ശുപാര്‍ശ ഒടുവില്‍ അംഗീകരിച്ചു.
സബ്‌സിഡി നിരക്കില്‍ 13 സാധനങ്ങള്‍ നല്‍കുന്നതിന് ഒരു വര്‍ഷം 350 കോടി രൂപയാണു സപ്ലൈകോയുടെ ചെലവ്. നിലവില്‍ 1000 കോടി രൂപയിലേറെ വിതരണക്കാര്‍ക്കു കുടിശികയുണ്ട്. മാസം 40 ലക്ഷം വരെ റേഷന്‍ കാര്‍ഡ് ഉടമകളാണു സപ്ലൈകോയിലെത്തി സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ 6 മാസത്തിലേറെയായി പല സാധനങ്ങളും വില്‍പനശാലകളില്‍ ഇല്ല.
തൃപ്പൂണിത്തുറ സ്ഫോടനം: രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സബ് കളക്ടര്‍
കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലെ സ്ഫോടനം സംബന്ധിച്ച അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീര. മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി അപകടസ്ഥലം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു സബ് കളക്ടര്‍. ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അപകടത്തെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച വീടുകള്‍ സബ് കളക്ടര്‍ സന്ദര്‍ശിച്ചു. ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളെ സംബന്ധിച്ച് എന്‍ജിനീയറിങ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനു നടപടി സ്വീകരിക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു.കണയന്നൂര്‍ തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍, ഫോര്‍ട്ട് കൊച്ചി ആര്‍.ഡി. ഓഫീസ് സീനിയര്‍ സൂപ്രണ്ട് വി.വി. ജയേഷ്, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സബ് കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ജനുവരിയില്‍ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് പറഞ്ഞ ബസ് എന്തിനാണ് ഇത്രയും വെച്ചുതാമസിപ്പിച്ചതെന്ന് അറിയില്ലെന്ന് ആന്റണി
തിരുവനന്തപുരം: ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടന ദിവസം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ ഗതാഗതമന്ത്രി ആന്റണി രാജു. ബസിന്റെ ഉദ്ഘാടനം തന്നെ അറിയിക്കാതെ നടത്താനുള്ള ശ്രമത്തിലും ആന്റണി രാജു പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചു. ജനുവരിയില്‍ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് പറഞ്ഞ ബസ് എന്തിനാണ് ഇത്രയും വെച്ചുതാമസിപ്പിച്ചതെന്ന് അറിയില്ലെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ഗതാഗത മന്ത്രിയായിരുന്ന സമയത്താണ് സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി, 100 കോടി അനുവദിച്ച് കിട്ടിയാണ് 103 ഇലക്ടിക് ബസുകളും രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളും വാങ്ങാന്‍ തീരുമാനിച്ചത്. ജനുവരി ആദ്യത്തെ ആഴ്ചയില്‍തന്നെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ എത്തി. രണ്ടാമത്തെ ആഴ്ച തന്നെ അടുത്ത ബസും എത്തി. യഥാര്‍ഥത്തില്‍ ജനുവരിയില്‍ തന്നെ ഓടിത്തുടങ്ങേണ്ടതായിരുന്നു. വണ്ടികള്‍ ഒരുമാസമായി വെറുതെ കിടക്കുകയായിരുന്നു.
ഇതിലെ വെറുതേ പോയപ്പോഴാണ് രണ്ട് ബസുകളും ഉദ്ഘാടന കര്‍മത്തിനായി ഒരുക്കിനിര്‍ത്തിയിരിക്കുന്നത് കണ്ടത്. എന്നോട് ബന്ധപ്പെട്ടവര്‍ പറഞ്ഞത് പുത്തരിക്കണ്ടത്ത് നായനാര്‍ പാര്‍ക്കിലാണ് ഇത്രയും ബസുകള്‍ ഒരുമിച്ച് ഫ്ലാഗ് ഓഫ് ചെയ്യുക എന്നായിരുന്നു. എന്നാല്‍, ഇവിടെവെച്ചാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്ന് ഇപ്പോളാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുത്തരിക്കണ്ടത്തിന് പകരം വികാസ് ഭവന്‍ ഡിപ്പോയില്‍വെച്ചാണ് ബസുകളുടെ ഫ്ലാഗ് ഓഫ് നടന്നത്. ആന്റണി രാജുവിന്റെ മണ്ഡല പരിധിക്ക് പുറത്താണ് പരിപാടി എന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന.
കിഴക്കേകോട്ട- തമ്പാനൂര്‍ തുടങ്ങിയവയൊക്കെയാണ് തിരുവനന്തപുരത്തിന്റെ ഹൃദയഭാഗം. കഴിഞ്ഞ തവണ 50 ബസുകള്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത് കിഴക്കേകോട്ടയ്ക്ക് സമീപമുള്ള വലിയശാലയില്‍വെച്ചാണ്. അവിടെവെച്ചൊക്കെ ചെയ്യുന്നതിന് പകരം ഒഴിഞ്ഞ മൂലയില്‍ വെച്ച് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്തിനാണെന്നും ആന്റണി രാജു ചോദിച്ചു.
കെ.എസ്.ആര്‍.ടി.സി. തന്റെകൂടി കുഞ്ഞാണ്. അതുകൊണ്ട് കാണാനുള്ള കൗതുകം കൊണ്ട് ഇറങ്ങിയെന്നേയുള്ളു. ഫ്ലാഗ് ഓഫ് തന്റെ മണ്ഡലത്തിന്റെ പുറത്തേക്ക് മാറിയത് അറിയാതെയാണെന്ന് കരുതുന്നില്ല. പുറത്തുവെച്ചാണെങ്കിലും തന്റെ മണ്ഡലത്തില്‍ തന്നെയാണ് ബസുകള്‍ ഓടിക്കേണ്ടിവരികയെന്നും ആന്റണി രാജു പറഞ്ഞു.
മുംബൈ നഗരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ ഉള്ള സംസ്ഥാനം കേരളമാണ്. വടക്കേ ഇന്ത്യയില്‍ ഇലക്ട്രിക് ഡബിള്‍ ഡെക്കറേയില്ല. ഓപ്പണ്‍ റൂഫുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ആണ് തിരുവനന്തപുരത്തേത്. ഇതൊക്കെ മന്ത്രിയായിരുന്നപ്പോള്‍ വാങ്ങിക്കാന്‍ സാധിച്ചുവെന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ആന്റണി രാജു പറഞ്ഞു. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ വാങ്ങിയ ബസാണ് ഇതെല്ലാം. അത് റോഡിലിറങ്ങുമ്പോള്‍ ഡെലിവറി നടക്കുന്ന സമയത്ത് ഒരച്ഛനുണ്ടാകുന്ന സന്തോഷമാണ് ഇപ്പോള്‍ തനിക്കെന്നും ആന്റണി രാജു പറഞ്ഞു.