സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കേരളമൊരുക്കിയ സമരമുഖത്ത് അണിനിരന്ന് മൂന്ന് മുഖ്യമന്ത്രിമാര്‍. പിണറായിക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും വേദിപങ്കിട്ടു. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്ത പ്രതിഷേധ സമരം മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ സുപ്രധാന ചുവടുവെപ്പായി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് പ്രതിഷേധ മാര്‍ച്ചായാണ് ജന്തര്‍മന്തറിലേക്കെത്തിയത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സിപിഎം നേതാവ് എളമരം കരീം സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. സി.പി.ഐക്ക് പുറമേ എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളായ ജോസ് കെ. മാണി, കെ.ബി. ഗണേഷ് കുമാര്‍, കെ.പി. മോഹനന്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
വിവിധ മേഖലകളില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതികള്‍ക്ക് ബ്രാന്‍ഡിങ് അടിച്ചേല്‍പ്പിക്കുന്നതോടെ ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്നു. ജനക്ഷേമത്തെ ഉത്തരവാദിത്വമായി കാണുന്ന ഒരു സര്‍ക്കാരിനും ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്ത് പദ്ധതികളെ ബ്രാന്‍ഡ് ചെയ്യാനാകില്ല. സംസ്ഥാനങ്ങള്‍ വലിയ വിഹിതത്തില്‍ പണം ചെലവാക്കുന്ന പദ്ധതികള്‍ക്കും കേന്ദ്ര പദ്ധതികളുടെ പേര് വെക്കണമെന്ന നിര്‍ബന്ധമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇല്ലെങ്കില്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുള്ള നാമമാത്രമായ തുകപോലും നല്‍കില്ലെന്ന് പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുന്നു. സംസ്ഥാനങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന പുലരിക്കുവേണ്ടിയുള്ള പുതിയ സമരത്തിന്റെ തുടക്കമാണിത്. ഇന്നത്തെ ദിവസം ഇന്ത്യാചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന ദിവസമായി മാറും. സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ശിക്ഷയായി മാറുകയാണ്. ഇത് ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത പ്രതിഭാസമാണ്. വിവിധ ഇനങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുക വൈകിപ്പിക്കുകയാണ്. ഭരണഘടനയെ ദുര്‍വ്യാഖ്യാനംചെയ്ത് വായ്പയെടുക്കല്‍ പരിമിതപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാവിലെ 11 മണിയോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്ക് പ്രകടനമായെത്തി. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്. ഉച്ചയ്ക്ക് ഒരുമണിവരെ സമരം നീണ്ടുനില്‍ക്കും.
കുടിക്കാന്‍ വെള്ളംചോദിച്ചു, റിട്ട. എസ്.ഐ.യുടെ വീട്ടില്‍നിന്ന് മാല പൊട്ടിച്ചോടി; യുവതി പിടിയില്‍
റിട്ട. എസ്.ഐ.യുടെ ഭാര്യയുടെ കഴുത്തില്‍ക്കിടന്ന നാലുപവന്റെ മാല കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം വലയിലാക്കി നേമം പോലീസ്. വട്ടിയൂര്‍ക്കാവ് കരുംകുളം ഓമനവിലാസത്തില്‍ ജയലക്ഷ്മി(32)യെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ഇവരുടെ കൈയില്‍നിന്ന് കവര്‍ന്ന മാല കണ്ടെടുത്തു. വെള്ളായണി തെന്നൂര്‍ അങ്കലംപാട്ട് വീട്ടില്‍ റിട്ട. എസ്.ഐ. ഗംഗാധരന്‍ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തില്‍ക്കിടന്ന മാലയാണ് കവര്‍ന്നത്. ബുധനാഴ്ച ഉച്ചയോടെ, ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേനയെത്തിയ ജയലക്ഷ്മി, വയോധികരായ ദമ്പതികളോടു സൗഹൃദം കാണിക്കുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു.
വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ ശാന്തകുമാരിയുടെ പിന്നാലെ അകത്തുകയറിയ ജയലക്ഷ്മി വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കിയശേഷം ശാന്തകുമാരിയുടെ കഴുത്തില്‍ക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറഞ്ഞു.
ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഓടിയ യുവതി റോഡില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെകൂടെ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പഴിഞ്ഞി ഭാഗത്തുവെച്ച് വൈകീട്ട് പിടികൂടിയത്. കേസില്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സ്ത്രീയെക്കൂടി പിടികൂടാനുണ്ട്. നേമം സി.ഐ. പ്രജീഷ്, എസ്.ഐ.മാരായ ഷിജു, രജീഷ്, സി.പി.ഒ.മാരായ രതീഷ്ചന്ദ്രന്‍, സജു, കൃഷ്ണകുമാര്‍, ബിനീഷ്, സുനില്‍, അര്‍ച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും അതേ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് വീണ്ടും അറസ്റ്റില്‍
പീഡനക്കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി വീണ്ടും പീഡനശ്രമം നടത്തിയ യുവാവ് അറസ്റ്റില്‍. വള്ളികുന്നം എണ്ണമ്പിശ്ശേരില്‍ സലിം (32) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാളെ വള്ളികുന്നം പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തിരുന്നു. ജയിലിലായിരുന്ന ഇയാള്‍ രണ്ടാഴ്ച മുന്‍പ് ജാമ്യത്തിലിറങ്ങി ഇതേ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് വീണ്ടും അറസ്റ്റുചെയ്തത്. ഇയാള്‍ ഒട്ടധികം ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
‘പ്രതികള്‍ക്കെതിരെ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങള്‍’, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. 5 കോടി രൂപയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ 2021 മുതല്‍ തുടങ്ങിയ ഗൂഢാലോചനയ്ക്ക് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലെന്നാണ് കണ്ടെത്തല്‍. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.മരണഭയം ഉണ്ടാക്കും വിധം കുട്ടിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തല്‍. ബാലനീതി നിയപ്രകാരവും കേസുണ്ട്.
ഓയൂര്‍ പ്ലാന്‍ വിജയിച്ചാല്‍ മറ്റ് കുട്ടികളേയും തട്ടി കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടു. ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍.പത്മകുമാര്‍, ഭാര്യ എം.ആര്‍.അനിതാകുമാരി, മകള്‍ പി.അനുപമ എന്നിവര്‍ മാത്രമാണ് പ്രതികള്‍. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യത്തിനായി കുട്ടിയെ തടവില്‍ പാര്‍പ്പിച്ചെന്നാണ് കേസ്. ആറുവയസുകാരിയുടെ സഹോദരനാണ് കേസിലെ ഏക ദൃക്സാക്ഷി. കൂടാതെ 160 സാക്ഷികളുണ്ട്. 150 തൊണ്ടി മുതലുകള്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു.
മോചനദ്രവ്യം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത് അനിത കുമാരിയാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. മറ്റ് ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 72 ആം നാളിലാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള പതിമൂന്ന് അംഗ സംഘമാണ് അന്വേഷിച്ചത്. തിരുവനന്തപുരത്ത് ജയിലില്‍ കഴിയുന്ന പ്രതികള്‍ ഇതുവരെയും കേസില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.
ആനകളെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്: പാപ്പാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍
ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി. മര്‍ദനമേറ്റ കൃഷ്ണ, കേശവന്‍ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ആനകളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇരുവരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഒരു മാസം മുമ്പാണ് സംഭവം ഉണ്ടായത്. ഇരുവരുമാണ് സ്ഥിരമായി ഈ രണ്ട് ആനകളെയും പരിചരിക്കുന്നത്. അതിനാല്‍ തന്നെ ഇവരെ മാറ്റിനിര്‍ത്തിയാല്‍ ആനകളുടെ പരിചരണത്തെ ബാധിക്കുമെന്നാണ് അധികൃതരുടെ വാദം.മൂന്നു ദൃശ്യങ്ങള്‍ കൂട്ടിയിണക്കി ഒറ്റ ആനയെ തല്ലുന്നു എന്നപേരിലാണ് മര്‍ദനത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നത്.
ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടു വന്ന കൃഷ്ണ, കേശവന്‍ കുട്ടി എന്നീ ആനകളെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൃഷ്ണ ജയലളിത നടയ്ക്കിരുത്തിയ ആനയാണ്. കുളിക്കാന്‍ കിടക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദ്ദനം. കേശവന്‍ കുട്ടിയെ തല്ലി എഴുനേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൂന്നാമത്തെ ദൃശ്യം കാലിന് സ്വാധീനക്കുറവുള്ള ഗജേന്ദ്ര എന്ന ആന നടക്കുന്നതാണ്. ഒരു മാസം മുമ്പത്തെ ദൃശ്യങ്ങളെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. പിന്നാലെ ഗുരുവായൂര്‍ ദേവസ്വം അന്വേഷണത്തിന് നിര്‍ദ്ദേശവും നല്‍കി. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമാണിപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
കാറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 18 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.
കാറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 18 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കുമളി ഒന്നാംമൈല്‍ സ്വദേശി മുഹമ്മദ് ബഷീര്‍(43) അമരാവതി രണ്ടാംമൈല്‍ സ്വദേശി നവാസ് ഇ.നസീര്‍(33) എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും കുമളി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്തമായ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.
പ്രതികളായവരെ കഴിഞ്ഞ കുറച്ച് നാളുകളായി ഡാന്‍സാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കാറില്‍ സൂക്ഷിച്ചിരിക്കുന്ന വിവരം ലഭിച്ചതോടെ ബുധനാഴ്ച രാത്രി പതിനൊന്നോടെ കുമളി സ്‌കൂളിന് സമീപത്തെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മിന്നല്‍പരിശോധന നടത്തി കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വിവിധ പായ്ക്കറ്റുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് സംഘം വ്യക്തമാക്കി. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി. വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുമളി സി.ഐ. പി.എസ്. സുജിത്ത്,എസ്.ഐ.മാരായ ജമാല്‍ നൗഷാദ്,എ.എസ്.ഐ.സുനില്‍,ഡാന്‍സാഫ് ഉദ്യോഗസ്ഥരായ മഹേഷ്, ഡി.സതീഷ്, നദീര്‍, എം.പി. അനൂപ്, ടോം സ്‌കറിയ എന്നിരവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
മനുവിന്റെ മൃതദേഹം കുടുംബം ഏറ്റെടുത്തു; പങ്കാളിക്ക് ആശുപത്രിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുമതി
ഫ്‌ലാറ്റില്‍നിന്ന് വീണുമരിച്ച എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി മനുവിന്റെ മൃതദേഹമാണ് ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ കുടുംബം ഏറ്റെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം പൊലീസിനു കൈമാറും. തുടര്‍ന്ന് വീട്ടുകാര്‍ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോകാനാണ് തീരുമാനം. ഇന്നുതന്നെ മൃതദേഹം കൈമാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തടസങ്ങള്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനു മുന്‍പായി കളമശേരി മെഡിക്കല്‍ കോളജില്‍വച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ മനുവിന്റെ പങ്കാളിയായ മുണ്ടക്കയം സ്വദേശി ജെബിന് കോടതി അനുമതി നല്‍കി.
അതേസമയം, മൃതദേഹത്തെ അനുഗമിക്കാന്‍ അനുവദിക്കണമെന്ന് ജെബിന്‍ ആവശ്യപ്പെട്ടെങ്കിലും, മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. മെഡിക്കല്‍ ബില്ലായി ഒരു ലക്ഷം രൂപ അടയ്ക്കാനും ഹര്‍ജിക്കാരനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മൃതദേഹം വിട്ടുകൊടുക്കുന്നതിനുള്ള ഉപാധിയായിരിക്കരുത് അതെന്നും, വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിക്കാന്‍ കുടുംബം അനുവദിച്ചാല്‍ പൊലീസ് ഹര്‍ജിക്കാരന് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഈ മാസം മൂന്നിനു പുലര്‍ച്ചെയാണ് മനുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. ഫോണ്‍ ചെയ്യാനായി ടെറസിലേക്കു പോയ മനു തെന്നി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മനുവിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരണത്തിനു കീഴടങ്ങി.
പങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നു വിട്ടുകിട്ടാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി ജെബിന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. മനുവിന്റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ ചെലവായ 1.30 ലക്ഷം രൂപ അടയ്ക്കാനില്ലെന്നും കൈവശമുള്ള 30,000 രൂപ അടയ്ക്കാമെന്നും ജെബിന്‍ അറിയിച്ചിരുന്നു. ഈ പണം കൈപ്പറ്റി മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജെബിന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പായി എറണാകുളത്തെ ഫ്‌ലാറ്റില്‍ ഒന്നിച്ചാണു താമസിക്കുന്നതെന്നും പങ്കാളിയായ മനുവിന്റെ കുടുംബം ബന്ധത്തിന് എതിരായിരുന്നെന്നും ഹര്‍ജിയില്‍ അറിയിച്ചിരുന്നു. മനുവിന്റെ മാതാപിതാക്കള്‍ പണമടച്ച് മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറല്ലെന്ന് അറിയിച്ചതിനാല്‍ തനിക്ക് മൃതദേഹം വിട്ടുനല്‍കണമെന്നാണ് ജെബിന്‍ ആവശ്യപ്പെട്ടത്.
കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരുന്ന സ്വകാര്യ ആശുപത്രിയുടെ നിലപാട് കോടതി തേടിയിരുന്നു. എന്നാല്‍ തങ്ങള്‍ ഒരിക്കലും ഇത്ര പണം വേണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടില്ലെന്നും പൊതുതാല്‍പര്യാര്‍ഥം 1.3 ലക്ഷം രൂപയോളം വേണ്ടെന്നു വയ്ക്കാന്‍ തയാറാണെന്നും സ്വകാര്യ ആശുപത്രി വ്യക്തമാക്കി.
എന്നാല്‍ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ്, മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങള്‍ സമ്മതം അറിയിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചത്