കേരളവർമ്മ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ നാലു പതിറ്റാണ്ടു നീണ്ട ചരിത്രം തിരുത്തി കെഎസ്‌യു വിജയം നേടിയിരുന്നു. കെ.എസ്.യു. ചെയർമാൻ സ്ഥാനാര്‍ഥിയും മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയുമായ എസ്. ശ്രീക്കുട്ടന്‍ ആയിരുന്നു ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നത്. വിജയത്തിന്റെ അവകാശ വാദത്തിനിടെ, കോളജിൽ പകലും രാത്രിയുമായി അടിമുടി നാടകീയ രംഗങ്ങളാണ് പിന്നീടങ്ങോട്ട് അരങ്ങേറിയത്.
ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തിയതോടെയാണ് നാടകീയ രംഗങ്ങൾക്ക് തുടക്കമായത്. 41 വർഷത്തിനുശേഷം ഇവിടെ ഒരു ജനറൽ സീറ്റിൽ വിജയിച്ചെന്നായിരുന്നു കെഎസ്‌യുവിന്റെ പ്രഖ്യാപനം.
ശ്രീക്കുട്ടൻ 896 വോട്ടും എസ്എഫ്ഐയിലെ അനിരുദ്ധൻ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യ അറിയിപ്പ്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് നടത്തുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ രണ്ടു തവണ കോളജിൽ കറണ്ടും പോയിരുന്നു. കറണ്ട് ഇല്ലാത്ത സമയത്ത് റീ കൗണ്ടിങ് നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ശ്രീകുട്ടനും ഈ സമയം രംഗത്ത് എത്തിയിരുന്നു. റീ കൗണ്ടിങ്ങിൽ കൃത്രിമം കാണിക്കാൻ എസ്എഫ്ഐ ശ്രമിക്കുന്നതായി കെഎസ് യു പ്രവർത്തകർ ആരോപിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ സംഗതി ചെറിയ സംഘർഷാവസ്ഥയിലേക്കും എത്തി.
ഇതോടെ അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണറുടെ നേൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. കൗണ്ടിങ് നിർത്തി വയ്ക്കണമെന്ന് കോളജ് പ്രിൻസിപ്പലും പൊലീസും ആവശ്യപ്പെട്ടെങ്കിലും റിട്ടേണിങ് ഓഫിസർ തയാറായില്ല. എന്നാൽ ഇതിനിടെ കൗണ്ടിങ് ടേബിളിലെ അധ്യാപകരെ എസ്എഫ്ഐ ഭീഷണിപ്പെടുത്തിയതായും പരാമർശം ഉയരുന്നുണ്ട്. രാത്രി ഏറെ വൈകിയാണെങ്കിലും ഒടുവിൽ റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകൾക്കു വിജയിച്ചതായും പ്രഖ്യാപിച്ചു. സിനിമ മേഖലയിൽ നിന്നും ഹരീഷ് പേരടിയും ശ്രീകുട്ടന് പിന്തുണയുമായി എത്തിയിരുന്നു.
“ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്.. ഇരുട്ടിൽ എന്തെല്ലാം കപടതകൾ, കള്ളങ്ങൾ, കൊള്ളകൾ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവൻ … പകലിലെ നിങ്ങളുടെ സൂര്യൻ കനിയുന്ന വെളിച്ചമല്ല അവന്റെ വെളിച്ചം… ഇരുട്ടിൽ നിങ്ങളുണ്ടാക്കുന്ന വൈദ്യുതി വെളിച്ചവുമല്ല അവന്റെ വെളിച്ചം… നിങ്ങൾ ഉറങ്ങുമ്പോൾ പോലും ഉറങ്ങാത്തവൻ… ഉറക്കം ഏതോ ജന്മത്തിൽ ഉപേക്ഷിച്ച് ഉണർന്നിരിക്കാൻ വേണ്ടി മാത്രം പുതിയ ജൻമമെടുത്തവൻ.. .അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്…
അവനെ നിങ്ങൾക്ക് തോൽപ്പിക്കാനെ പറ്റില്ല … ഇന്ന് മുതൽ അവന്റെ വിജയഗാഥ തുടങ്ങുകയാണ്… ശ്രിക്കുട്ടന്റെ വിജയ വഴികൾ തുറന്ന് കൊടുത്തതിനും അവൻ നിങ്ങളോട് നന്ദിയുള്ളവനായിരിക്കും… ഹിറ്റ്ലറിൻറെ പേപട്ടികൾ എത്ര ഉറക്കെ കുരച്ചാലും അവനെ ഉറക്കാൻ പറ്റില്ല… അവൻ ഉണർന്നിരിക്കും.. .ശ്രീക്കുട്ടന് അഭിവാദ്യങ്ങൾ എന്നാണ് ഹരീഷ് പേരടി പറഞ്ഞത്.
അതേസമയം തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. നാലു തവണയിലേറെ റീകൗണ്ടിങ് നടത്തിയെന്നാണ് തനിക്കു കിട്ടിയ വിവരമെന്നും അതില്‍ ക്രമക്കേടുണ്ടെന്നുമാണ് സുധാകരൻ പറയുന്നത്. എസ്.എഫ്.ഐ. ഒരു വോട്ടിന് തോറ്റിടത്ത് ഏഴുവോട്ടിന് ജയിച്ചുവെന്നത് തങ്ങള്‍ക്ക് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാത്തതാണ്.
അതുകൊണ്ട് അത് നിയമവശത്തിലൂടെ പരിഹരിക്കാനുള്ള ശ്രമം കെ.എസ്.യുവിന്റെ ഭാഗത്തുനിന്നുണ്ടാകും. അതിന് കെ.പി.സി.സി. പൂര്‍ണമായ പിന്തുണ കൊടുത്തിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. ‘ സുധാകരന്റെ വാക്കുകൾ ഇങ്ങനെയാണ്,……
“ഒരു വോട്ടിന് ജയിച്ചുനിന്ന ഒരു തിരഞ്ഞെടുപ്പ്. റീകൗണ്ടിങ് ആവശ്യം ഉയരുന്നു. നാലോ അഞ്ചോ തവണ റീകൗണ്ടിങ് നടത്തി. അങ്ങനെയുണ്ടോ ഒരു റീകൗണ്ടിങ്? അതിനിടയ്ക്ക് ലൈറ്റ് പോകുന്നു. എസ്.എഫ്.ഐക്കാര്‍ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന ഗുണ്ടായിസം കേരളത്തില്‍ അങ്ങാടിപ്പാട്ടല്ലേ. എവിടെയാണ് കെ.എസ്.യുക്കാര്‍ അങ്ങനെ ഗുണ്ടായിസം നടത്തുന്നത്. എസ്.എഫ്.ഐയും കെ.എസ്.യുവും തമ്മില്‍ ഒന്ന് താരതമ്യം ചെയ്യ്.
എവിടെയാണ് കെ.എസ്.യുവിന്റെ ഗുണ്ടായിസം കൊണ്ട് കോളേജില്‍ പ്രശ്‌നങ്ങളുണ്ടായത്. എസ്.എഫ്.ഐയുടെ ഗുണ്ടായിസം കൊണ്ട് എത്ര സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എത്ര കോളേജുകളില്‍ കലാപമുണ്ടായിട്ടുണ്ട്. അപ്പോ അവര്‍ എന്തും ചെയ്യാന്‍ മനസ്സ് കാണിക്കുന്നവരാണ്. അതിന് സപ്പോര്‍ട്ട് ചെയ്യുന്ന അധ്യാപകരുടെ രാഷ്ട്രീയമാണ് ഏറ്റവും അപകടകരം എന്ന് താൻ വിശ്വസിക്കുന്നു.
ഒരു വോട്ടിന് തോറ്റാല്‍ റീകൗണ്ടിങ്ങില്‍ തെറ്റില്ല. ഒരുവട്ടമല്ലേ, അല്ലെങ്കില്‍ രണ്ടുവട്ടമല്ലേ. ഇത് നാലു വട്ടത്തിലേറെയാണ് അവിടെ റീകൗണ്ടിങ് നടന്നത്. കൗണ്ടിങിനിടയിൽ ലൈറ്റ് പോകണമെങ്കില്‍ അതിനിടയ്ക്ക് എന്തെങ്കിലും നടക്കില്ലേ. ഒരു വോട്ടിന് തോറ്റിടത്ത് ഏഴുവോട്ടിന് ജയിച്ചുവെന്നത് തങ്ങള്‍ക്ക് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാത്തതാണെന്നാണ് സുധാകരന്‍ പറയുന്നത്.
കേരള വർമ്മയിലെ യഥാർത്ഥ വിജയി ശ്രീക്കുട്ടൻ തന്നെയാണെന്നും കഴിഞ്ഞ ദിവസം ക്യാംപസിൽ നടന്നത് ഇരുട്ടിന്റെ മറവിൽ നടന്ന ‘വിപ്ലവപ്രവർത്തനം ആണെന്നും ആരോപിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിയും രംഗത്ത് എത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്,
“കേരളവർമ്മ കോളേജിന്റെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ജനാധിപത്യപരമായി വിജയിച്ചു കയറിയ ശ്രീക്കുട്ടന് ഹൃദയാഭിവാദ്യങ്ങൾ. വിധ്വംസക പ്രവർത്തനങ്ങൾ വഴി ജനാധിപത്യത്തെ അട്ടിമറിച്ച് നേടുന്ന വിജയങ്ങളല്ല അംഗീകരിക്കപ്പെടേണ്ടത്. കേരള വർമ്മയിലെ യഥാർത്ഥ വിജയി, അത് ശ്രീക്കുട്ടൻ തന്നെയാണ്. ശ്രീക്കുട്ടനെ ഫോണിൽ വിളിച്ച് ഈ പോരാട്ടത്തിന് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.
വിജയം അംഗീകരിക്കാത്തവർ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിങ് ആവശ്യപ്പെടുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ ഇവിടെ സംഭവിച്ചത് അത് മാത്രമല്ല. ഇന്നലെ രാത്രിയിലെ നാടകം ഇങ്ങനെയാണ്. ശ്രീക്കുട്ടന്റെ ഒരു വോട്ടിനുള്ള വിജയം അംഗീകരിക്കാതിരുന്ന എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെടുന്നു. ശേഷം റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലയ്ക്കുന്നു.
ആ സമയം കൊണ്ട് കെ.എസ്.യു വോട്ടുകൾ അസാധുവാകുന്നു. എസ്.എഫ്.ഐ വോട്ടുകൾ സാധുവാകുന്നു. ഇരുട്ടിന്റെ മറവിൽ നടന്ന ‘വിപ്ലവപ്രവർത്തനം’. ഉന്നതരുടെ ഒത്താശയോടെ എസ്.എഫ്.ഐ നടത്തിയ ഫാസിസ്റ്റ് പ്രവർത്തനത്തിന് കോളേജിൽ നിന്നും ഔദ്യോഗികമായ പിന്തുണ ലഭിച്ചു എന്ന ആരോപണം വളരെ ഗൗരവതരമാണ്.
ഒട്ടേറെ പരിമിതികളിൽ നിന്നാണ് ശ്രീക്കുട്ടൻ തന്റെ പഠനം പൂർത്തീകരിക്കുന്നതും സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും. ശ്രീക്കുട്ടന്റെ കണ്ണിൽ മാത്രമാണ് വിധി നൽകിയ ഇരുട്ട് . മനസ്സിൽ നിറയെ വെളിച്ചമുള്ള പ്രിയപ്പെട്ടവനാണ് ആ ചെറുപ്പക്കാരൻ. ശ്രീക്കുട്ടൻ തന്നെയാണ് കോളേജ് യൂണിയനെ നയിക്കേണ്ടത്. അതിനാവശ്യമായ എല്ലാ നടപടികളും കെ എസ് യു നേതൃത്വം സ്വീകരിക്കും. എസ്.എഫ്.ഐയുടെ ഇരുട്ടിന്റെ മറവിലെ ‘അട്ടിമറി’ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കെ എസ് യു അറിയിച്ചിട്ടുണ്ട് എന്നായിരുന്നു പറഞ്ഞത്.
റീകൗണ്ടിങ് നടത്തണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശിച്ചിരുന്നെന്നും റീകൗണ്ടിങ് നിര്‍ത്തിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നെന്നും പറഞ്ഞ് രംഗത്ത് എത്തിയിരുന്നു കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി.ഡി. ശോഭ. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന്റെ വ്യത്യാസം വന്നപ്പോള്‍ എസ്.എഫ്.ഐ റീകൗണ്ടിങ് ആവശ്യപ്പെട്ടു.
റീകൗണ്ടിങ് നടന്ന ശേഷം ഫലം പ്രഖ്യാപിക്കുകയും ചെയ്‌തെന്നാണ് ശോഭ പറഞ്ഞത്. റീകൗണ്ടിങ് നടക്കുന്ന സമയം പ്രശ്നമുണ്ടായപ്പോൾ കൗണ്ടിങ് നിര്‍ത്തി വെക്കാന്‍ ആവിശ്യപ്പെട്ടിരുന്നെങ്കിലും കോളജിന്റെ മാനേജര്‍ കൂടിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്‍ശന്‍ പറഞ്ഞതനുസരിച്ച് കൗണ്ടിങ് തുടരുകയായിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് റീകൗണ്ടിങ് വിവാദത്തില്‍ പ്രതികരിച്ച് കോളജിന്റെ മാനേജര്‍ പറഞ്ഞത് നിയമപരമായി റീ കൗണ്ടിങ് പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണ് താൻ നൽകിയെതെന്നാണ്. ആരോപണങ്ങൾ ഓരോന്നായി ഇരുകൂട്ടരും ഉയർത്തിക്കൊണ്ടു വരുന്ന ഈ സഹചര്യത്തിൽ കെ.എസ്.യു ഹൈക്കോടതിയിൽ പരാതി നല്കാൻ ഒരുങ്ങുകയാണ്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് നിർദേശം നൽകിയെന്നാണ് കെ സ് യു ഉന്നയിക്കുന്ന ആരോപണം. രാത്രി വൈകിയും റീ കൗണ്ടിങ് നടത്തി എസ്.എഫ്.ഐയെ വിജയിപ്പിച്ചത് ഉന്നത നിർദേശ പ്രകാരമെന്നും കെ.എസ്.യു ആരോപിക്കുന്നു. അതേസമയം വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് എസ്. ശ്രീക്കുട്ടൻ ഹൈക്കോടതിയെ സമീപിച്ചു.
മുസ്ലീം ലീഗ് ഇടുക്കി ജില്ലാ ഘടകത്തില്‍ പൊട്ടിത്തെറി
മുസ്ലീം ലീഗ് ഇടുക്കി ജില്ലാ ഘടകത്തില്‍ പൊട്ടിത്തെറി. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസ് ഇരു വിഭാഗവും താഴിട്ട് പൂട്ടി. ഇതിന് പുറമേ സംഘടിച്ചെത്തിയ മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിലുള്ളവര്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിയതായി പ്രഖ്യാപിച്ച് പോസ്റ്റര്‍ പതിച്ചു.
ജില്ല പ്രസിഡന്റിന്റെ അനുമതിയില്ലാതെ ഓഫീസോ ഓഡിറ്റോറിയമോ മറ്റാര്‍ക്കും തുറന്ന് കൊടുക്കരുത്, തല്‍ക്കാലത്തേക്ക് ഓഫീസ് പൂട്ടിയിടുക, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ ഓഫീസ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതറിഞ്ഞ് ജില്ലാ സെക്രട്ടറി സലിം കൈപ്പാടത്തിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വൈകിട്ട് ഏഴ് മണിയോടെ ജില്ലാ കമ്മിറ്റി ഓഫീസ് മറ്റൊരു താഴിട്ട് പൂട്ടി.
ഓഫീസിന്റെ പ്രവര്‍ത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിയതായി പോസ്റ്റര്‍ പതിക്കുകയും ചെയ്തു. തുടര്‍ന്ന് പൂട്ടിയിട്ടിരുന്ന ഓഡിറ്റോറിയത്തിന്റെ താഴ് തകര്‍ത്ത് സലിം കൈപ്പാടത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു. ഈ പ്രശ്നത്തിന് അടിസ്ഥാന കാരണം ചന്ദ്രിക ദിന പത്രത്തില്‍ വന്ന വാര്‍ത്തയാണ്.
മുസ്ലീ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ എം നിഷാദ്, ജനറല്‍ സെക്രട്ടറി പി വി ഷെറീഫ് എടവട്ടി പഞ്ചായത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് ഭാരവാഹി അജ്നാസ് വഴിക്കല്‍പ്പുരയിടം എന്നിവരെ സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുന്നുവെന്ന വാര്‍ത്തയാണ് ചന്ദ്രികയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. പാര്‍ട്ടി നേതൃത്വവുമായി വാര്‍ത്തയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടിഎം സലിം , മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം ഷുക്കൂര്‍, ടി കെ നവാസ് തുടങ്ങിയ ആളുകള്‍ വണ്ണപ്പുറത്ത് എസ്ടിയു സംഘടിപ്പിച്ച ജാഥയുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റിനെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന ആരോപണമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് മുന്‍പാകെ വാക്കാലും രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്.
പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദപ്പെട്ട ആളുകളുടെ പേരില്‍ ഏകപക്ഷീയമായ സമീപനമെടുക്കുന്നത് ശരിയല്ലെന്ന് പറയാനാണ് ബന്ധപ്പെട്ട മുസ്ലീം ലീഗിന്റെയും യൂത്ത് ലീഗിന്റെയും ഭാരവാഹികളെയും നേതാക്കളെയും വിളിച്ചു കൂട്ടി ലീഗ് ഓഫീസില്‍ യോഗം കൂടിയെന്നാണ് സലിം പറയുന്നത്. മുസ്ലീം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഏകപക്ഷീയമായി എടുത്ത തീരുമാനം ശരിയല്ലെന്ന് ഉത്തരവാദിത്തപ്പെട്ട നേതാക്കളെ അറിയിക്കുക.
അതില്‍ തൊടുപുഴ നിയോജകമണ്ഡലത്തിലെ പാര്‍ട്ടി ഭാരവാഹികളെയും പോഷക സംഘടനകളുടെയും നേതാക്കളെയും വിളിച്ച് അവരെ ബോധ്യപ്പെടുത്താനാണ് ഇന്ന് യോഗം ചേര്‍ന്നതെന്നും സലിം പറഞ്ഞു. ഒരുമാസം മുന്‍പ് യുഡിഎഫിന്റെ നിയോജകമണ്ഡലം ചെയര്‍മാന്‍ സ്ഥാനത്തിരുന്ന മുസ്ലീം ലീഗിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന ടിഎസ് ഷംസുദ്ദീനെ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട മണ്ഡലങ്ങളിലെ യോഗങ്ങളിലൊന്നും തീരുമാനമെടുക്കാതെ തന്നെ ഏകപക്ഷീയമായി യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തുവെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് ചന്ദ്രിക ദിനപ്രത്രത്തിലെ ഒരു വാര്‍ത്ത കുറിപ്പിലൂടെ അറിയിക്കുകയുണ്ടായി.
അതുകഴിഞ്ഞ് ഒരു മൂന്ന് മാസം കഴിഞ്ഞു. അതിനു ശേഷം പാര്‍ട്ടിയുടെ ജില്ലാ മണ്ഡല മീറ്റിങ്ങുകളൊന്നും ഒരു സ്ഥലത്തു നിന്നും നടന്നിട്ടില്ല. അത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് യൂത്ത് ലീഗ് ജനറല്‍ പ്രസിഡന്റ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ പോഷക സംഘടനകളിലെ ഭാരവാഹികളെയും നീക്കം ചെയ്തുവെന്ന് പാര്‍ട്ടി പത്രത്തിലൂടെ അറിയുന്നത്.
യൂത്ത് ലീഗ് ഭാരവാഹികളെ പുറത്താക്കുന്നത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത് മുസ്ലീം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം സലിമും, ജില്ലാ പ്രസിഡന്റ് കെ എം ഷുക്കൂറും, ട്രഷറാര്‍ ടി കെ നവാസും ചേര്‍ന്ന മൂവര്‍ സംഘമാണ്. പാര്‍ട്ടിയെ ഏക പക്ഷീയമായ രീതിയില്‍ അവര്‍ക്ക് താല്‍പ്പര്യമില്ലാത്ത ആളുകളെ സംഘടനയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയും, പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിയും സംഘടനയെയും സംഘടനപ്രവര്‍ത്തനത്തെയും ഹൈജാക്ക് ചെയ്യുന്ന രീതിയിലാണ് കഴിഞ്ഞ ആറ് മാസമായി നടക്കുന്നത്.
പതിവിന് വീപരിതമായി പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരായി 20- 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനപ്രവര്‍ത്തകര്‍ തന്നെ സംഘടനയ്ക്കകത്ത് നിന്നു കൊണ്ട് തന്നെ ചോദ്യം ചെയ്യപ്പെടുന്ന പുതിയ ശൈലിയും സമീപനവുമാണ് ഈ ലീഗ് ഓഫീസ് യോഗത്തിലൂടെ സാക്ഷ്യം വഹിച്ചതെന്നും സലിം പറഞ്ഞു. പ്രശ്‌നം സംബന്ധിച്ച് ഇരു വിഭാഗവും സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.