കൊച്ചി വാട്ടര്‍ മെട്രോ വന്‍ വിജയം: അഭിമാന നേട്ടം സ്വന്തമാക്കിയത് 180 ദിവസം കൊണ്ട്
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ വന്‍ വിജയം. ആറ് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരാണ് വാട്ടര്‍ മെട്രോ വഴി സഞ്ചരിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരെന്ന അഭിമാന നേട്ടം സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. മലപ്പുറം സ്വദേശിയായ ആറാം ക്ലാസുകാരിയാണ് വാട്ടര്‍ മെട്രോ വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം തികച്ച യാത്രക്കാരി.
ഗതാഗത മേഖലയില്‍ കേരളം ലോകത്തിന് മുന്നില്‍ വച്ച അഭിമാന പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. 2016ല്‍ നിര്‍മാണം തുടങ്ങിയെങ്കിലും യാഥാര്‍ത്ഥ്യമായത് 2023 ല്‍. ആദ്യ ഘട്ടത്തില്‍ എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തി. കഴിഞ്ഞ മാസം പത്താമത്തെ ബോട്ടും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറി.20 രൂപയാണ് വാട്ടര്‍ മെട്രോയിലെ കുറഞ്ഞ നിരക്ക്.
90 വര്‍ഷത്തിന് ശേഷം ലൈബ്രറിയിലേക്ക് പുസ്തകം മടങ്ങിയെത്തി; അതും മൊത്തം പിഴത്തുകയും ചേര്‍ത്ത്
90 വര്‍ഷത്തിന് ശേഷം ലൈബ്രറിയിലേക്ക് പുസ്തകം മടങ്ങിയെത്തി. അതും മൊത്തം പിഴത്തുകയും ചേര്‍ത്ത്. ന്യൂയോര്‍ക്കിലെ ഒരു ലൈബ്രറിയിലാണ് പുസ്തകം തിരിച്ചെത്തിയത്. 1933ല്‍ ലാര്‍ച്ച്‌മോണ്ട് പബ്ലിക് ലൈബ്രറിയില്‍ നിന്ന് കടമെടുത്ത ജോസഫ് കോണ്‍റാഡിന്റെ 1925-ലെ യൂത്ത് ആന്‍ഡ് ടു അദര്‍ സ്റ്റോറീസ് എന്ന പുസ്തകത്തിന്റെ ഒരു പകര്‍പ്പാണ് ലൈബ്രറിയിലെത്തിയത്.
വെര്‍ജീനിയയിലെ ജോണി മോര്‍ഗന്‍ തന്റെ രണ്ടാനച്ഛന്റെ സ്വത്തുക്കള്‍ക്കിടയില്‍ നിന്നാണ് പുസ്തകം കണ്ടെത്തിത്. തുടര്‍ന്ന് സെപ്തംബര്‍ അവസാനം ലൈബ്രറി പുസ്തകം ജോണി, ലൈബ്രറിയിലേക്ക് തന്നെ തിരിച്ചയച്ചു. ഇത്രയും കാലത്തെ ഫീസായി 5 ഡോളറാണ് (416 രൂപ) ജോണി തിരിച്ച് അടച്ചത്. 1926-ല്‍ സ്ഥാപിതമായത് മുതല്‍ പ്രവര്‍ത്തിക്കുന്ന ലാര്‍ച്ച്മോണ്ട് ലൈബ്രറിയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചെക്ക്-ഔട്ടുകളില്‍ ഒന്നാണിതെന്ന് അധികൃതരും വ്യക്തമാക്കി.
ക്രിക്കറ്റടക്കം 5 കായിക ഇനങ്ങള്‍ ഇനി ഒളിമ്പിക്സിന്റെ ഭാഗം
2028-ലെ ലോസ് ആഞ്ചലിസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റടക്കം പുതിയ അഞ്ച് കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ഔദ്യോഗിക അംഗീകാരം നല്‍കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി.മുബൈയില്‍ ഐ.ഒ.സി യോഗത്തില്‍ വോട്ടെടുപ്പിന് ശേഷമായിരുന്നു തീരുമാനം.
ക്രിക്കറ്റിനൊപ്പം ബേസ്ബോള്‍/സോഫ്റ്റ്ബോള്‍, ഫ്ളാഗ് ഫുട്ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നീ ഇനങ്ങള്‍ക്ക് ഐഒസി സെഷന്‍ അംഗീകാരം നല്‍കി. പുതുതായി ഉള്‍പ്പെടുത്തേണ്ട കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ലോസ് ആഞ്ചലിസ് ഗെയിംസ് സംഘാടക സമിതി നല്‍കിയ ശുപാര്‍ശ ഐഒസിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് നേരത്തേ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ ഐ.ഒ.സി അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു.
ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റായ ടി20 ഗെയിംസിന്റെ ഭാഗമാകും. പുരുഷ – വനിതാ വിഭാഗത്തില്‍ മത്സരം നടക്കും. ആറു ടീമുകളാകും മത്സരിക്കുക. 128 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്.
നിയമസഭ കയ്യാങ്കളി കേസ്; തുടരന്വേഷണം അപൂര്‍ണമെന്ന് പ്രതികളായ എല്‍ഡിഎഫ് നേതാക്കള്‍ കോടതിയില്‍
നിയമസഭ കയ്യാങ്കളി കേസില്‍ നടത്തിയ തുടരന്വേഷണം അപൂര്‍ണമാണെന്ന് പ്രതികള്‍. തുടരന്വേഷണത്തില്‍ അപാകതകളുണ്ട്. പരിക്കേറ്റ വനിതാ എംഎല്‍എമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച പുതിയ രേഖകള്‍ കൈമാറിയില്ലെന്നും പ്രതികളായ എല്‍ഡിഎഫ് നേതാക്കള്‍ കോടതിയില്‍ പറഞ്ഞു.
തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഇത് ആദ്യമായിട്ടാണ് കേസിന്ന് കോടതി പരിഗണിച്ചത്. പുതുതായി സമര്‍പ്പിച്ച രേഖകള്‍ പ്രതികള്‍ക്ക് നല്‍കാന്‍ ക്രൈംബ്രാഞ്ചിനോട് തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പെട്ടു. വിചാരണ തീയതി നിശ്ചയിക്കാന്‍ കേസ് ഡിസംബര്‍ ഒന്നിന് പരിഗണിക്കും. മന്ത്രി വി ശിവന്‍കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഉള്‍പ്പെടെ ആറ് പ്രതികളും കോടതിയില്‍ ഹാജരായി. ബോധപൂര്‍വ്വമുണ്ടായ ആക്രണമല്ലെന്നും, വനിതാ എംഎല്‍എമാരെ ആക്രമിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. കേസിന്റെ വിചാരണ തിയതി ഡിസംബര്‍ ഒന്നിന് തീരുമാനിക്കും.
കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചെന്ന് ഫിറോസ്
കത്വ ഫണ്ട് തട്ടിപ്പ് ആരോപണം കള്ളമാണെന്ന് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ പോലീസ് നടപടിയില്‍ പ്രതികരണമറിയിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതിലൂടെ ഗുഡ് സര്ടിഫിക്കറ്റ് ലഭിച്ചെന്നും കേസ് പൊളിഞ്ഞുപാളീസായെന്നും മുന്‍ മന്ത്രി കെ.ടി.ജലീലും മന്ത്രി വി.അബ്ദു റഹ്‌മാനും സിപിഎം നേതൃത്വവുമാണ് തനിക്കെതിരെ പ്രവര്‍ത്തിച്ച കോടാലികയ്കളെന്നും പറഞ്ഞ പി കെ ഫിറോസ്. ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്നും കള്ള പ്രചാരണം നടത്തിയ മന്ത്രി വി അബ്ദുറഹ്‌മാന് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും പറഞ്ഞു.
സിപിഎം അധികാരത്തിലിരിക്കുന്ന സമയത്ത് അവരുടെ പോലീസ് തന്നെ ക്‌ളീന്‍ ചിറ്റ് തന്നത് കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറപ്പിക്കുന്നതിനു സമാനമാണെന്നും ഫിറോസ് കൂട്ടി ചേര്‍ത്തു.
തലസ്ഥാനത്തെ മഴ മുന്നറിയിപ്പ്; അപാകതയുണ്ടായെങ്കില്‍ പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍
തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ മഴ മുന്നറിയിപ്പില്‍ അപാകതയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. ജില്ലയില്‍ സാമാനകളില്ലാത്ത രീതിയിലാണ് മഴ പെയ്തത്. മുന്നറിയിപ്പില്‍ അപാകതയുണ്ടായെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കെ രാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നഷ്ടപരിഹാരം ക്യാബിനറ്റ് തീരുമാനിക്കുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേര്‍ത്തു.
മഴ മാറിയിട്ടും തലസ്ഥാനത്തെ ദുരിതക്കെട്ട് ഒഴിയുന്നില്ല. വീടുകളില്‍ ചളിയടിഞ്ഞ് കിടക്കുന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മടങ്ങാനായില്ല. തോടുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ ഇടറോടുകളിലെ വെള്ളക്കെട്ടും ഒഴിഞ്ഞുതുടങ്ങി. പക്ഷേ വീടുകളില്‍ വെള്ളം കയറിയതിന്റെ ദുരിതം ശേഷിക്കുകയാണ്. പൊഴിയൂരില്‍ ശക്തമായ കടലാക്രമണത്തില്‍ മൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. 56 വീടുകളാണ് വെള്ളം കയറിയത്. ഇന്നലെ വെള്ളം കയറിയ ടെക്‌നോപാര്‍ക്കിലെ പ്രധാന കവാടത്തില്‍ വെള്ളക്കെട്ട് കുറഞ്ഞു. പക്ഷേ വാഹനങ്ങള്‍ പലതും ഇപ്പോഴും വെള്ളത്തിലാണ്. അതേസമയം, കരമന, വാമനപുരം ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്.
തിരുവനന്തപുരത്ത് മഴ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നു മന്ത്രി
കെപിസിസി യോഗത്തില്‍ പിആര്‍ ഏജന്‍സികളുമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
എ.കെ.ജി. സെന്ററില്‍ അറിയിച്ചിട്ടല്ല കോണ്‍ഗ്രസ് ആളുകളെ ക്ഷണിക്കുന്നതെന്നും കോണ്‍ഗ്രസ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന് പിണറായി വിജയന്‍ പഠിപ്പിക്കാന്‍ വരേണ്ടന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
സുനില്‍ കനഗോലു എ ഐ സി സി ടാസ്‌ക് ഫോഴ്സിലെ അംഗമാണെന്നും കോവിട് കാലത്തടക്കം പത്രസമ്മേളനത്തിനുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത പി.ആര്‍. ഏജന്‍സി ഏതാണെന്നു തന്‍ പറയേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും സതീശന്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം മുന്‍പ് അസംബ്ലിയുടെ ഗ്യാലറിയില്‍വരെ മുഖ്യമന്ത്രിയും പാര്‍ട്ടിക്കാരും കൊണ്ടുവന്ന പി.ആര്‍. ഏജന്‍സിയുടെ ആളുകള്‍ ഉണ്ടായിരുന്നു എന്ന ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുണ്ട്
പി.എം.എ. സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത വിദ്യാര്‍ഥി വിഭാഗം സംസ്ഥാന കമ്മിറ്റി
ലീഗ് സമസ്ത വിഷയത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത വിദ്യാര്‍ഥി വിഭാഗം സംസ്ഥാന കമ്മിറ്റി. പി.എം.എ സലാം സമുദായത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ അടിയന്തിരമായി നിയന്ത്രിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. സമസ്തക്കെതിരായുള്ള ഇത്തരം സമീപനങ്ങള്‍ തുടര്‍ന്നാല്‍ എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവരായാലും കനത്ത വില നല്‍കേണ്ടിവരുമെന്ന് എസ്.കെ.എസ്.എസ്.എഫ് മുന്നറിയിപ്പ് നല്‍കി.
അതേസമയം തന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്ക പെടുകയായിരുന്നെന്നും സമസ്ത നേതാക്കളെ അപമാനിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായിരുന്നില്ലെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാനെന്നും എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹമീദലി തങ്ങളോട് സലാം വിശദീകരിച്ചു.
ഇപ്പോള്‍ എസ്‌കെഎസ്എസ്എഫ് പ്രസിഡന്റ് ആരാണെന്ന് പോലും ആര്‍ക്കും അറിയില്ലെന്നായിരുന്നു സലാമിന്റെ പരാമര്‍ശം.
അവഗണനയുടെ സ്വന്തം സർക്കാർ
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്ന ആരോപണവുമായി 2018 ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ പി യു ചിത്രയും വി കെ വിസ്മയയും. സംസ്ഥാന സര്‍ക്കാരില്‍ നിന്നും വേണ്ട വിധത്തിലുള്ള പ്രോത്സാഹനം ലഭിക്കാത്തത് കൊണ്ട് കൂടുതല്‍ താരങ്ങള്‍ കേരളം വിട്ടു പോവുകയാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതു. ഒപ്പം മത്സരിച്ച മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരരാര്‍ഥികള്‍ക്ക് നല്ല ജോലി ലഭിച്ചപ്പോള്‍, അഞ്ചുവര്‍ഷം പിന്നിട്ടിട്ടും തങ്ങള്‍ക്കു വാഗ്ദാനം ചെയ്ത ജോലി എന്ത് കൊണ്ട് നല്‍കുന്നില്ല. എന്ന ചോദ്യമാണ് താരങ്ങളുയര്‍ത്തുന്നത്.
സര്‍ക്കാരിന്റെ അവഗണന മൂലം കൂടുതല്‍ താരങ്ങള്‍ കേരളം വിടുന്നത് കേരളത്തിന്റെ കായിക രംഗത്തിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് പി യൂ ചിത്ര പറയുന്നത്.
ചക്രവാതചുഴി, ന്യുനമര്‍ദ്ദ സാധ്യത: നാല് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്, മഞ്ഞ അലര്‍ട്ട് ആറ് ജില്ലകളില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. മഞ്ഞ അലര്‍ട്ട് ആറ് ജില്ലകളിലേക്ക് ചുരുക്കിയാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം. നിലവില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുള്ളത്. പട്ടികയില്‍ നിന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളെ ഒഴിവാക്കി. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ അലര്‍ട്ട് കൊണ്ട് ഉദേശിക്കുന്നത്.
തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. നാളെയോടെ ചക്രവാതചുഴി ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിശക്തമായ മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാനിര്‍ദേശങ്ങളില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കും. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംബന്ധിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളില്‍ നിന്ന് മുന്‍കൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കി വയ്‌ക്കേണ്ടതുമാണ്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്തതും മേല്‍ക്കൂര ശക്തമല്ലാത്തതും ആയ വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കണ്ട് അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കി വയ്‌ക്കേണ്ടതാണ്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.