അഞ്ച് സംസ്ഥാനങ്ങളിലായി നൂറോളം കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയും കുഴല്‍പ്പണക്കവര്‍ച്ചസംഘത്തലവനുമായ കോടാലി ശ്രീധരന്‍ (60) കൊരട്ടിയില്‍ പിടിയിലായി. കാറില്‍ സഞ്ചരിക്കവേ വളഞ്ഞ പോലീസില്‍നിന്ന് രക്ഷപ്പെടാനായി തോക്കെടുത്തെങ്കിലും കീഴടക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു ഇയാള്‍.
കേരളത്തില്‍ മാത്രം ഇയാളുടെ പേരില്‍ 47 കേസുകള്‍ നിലവിലുണ്ടെന്ന് ഡി.ഐ.ജി. അജിതാബീഗം, ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ, ഡിവൈ.എസ്.പി. ടി.എസ്. സിനോജ് എന്നിവര്‍ അറിയിച്ചു. ശ്രീധരനെ പിടികൂടുമ്പോള്‍ മകന്‍ അരുണ്‍കുമാറും ഒപ്പമുണ്ടായിരുന്നു. ശ്രീധരനെ കണ്ടെത്താനുള്ള പ്രത്യേക സംഘത്തിന്റെ കഴിഞ്ഞ ഒന്നരവര്‍ഷത്തെ ശ്രമത്തിനാണ് ഫലം കണ്ടത്.
ദേശീയപാത വഴി സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതോടെ പ്രത്യേക സംഘം പിന്‍തുടരുകയായിരുന്നു. പാലിയേക്കരയ്ക്കും കൊരട്ടിക്കും ഇടയില്‍ പലവട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും മുന്നോട്ടുപോയ കാര്‍ കൊരട്ടി സിഗ്‌നല്‍ ജങ്ഷനിലെ ബ്ലോക്കില്‍പ്പെടുകയായിരുന്നു. ഇതോടെ പ്രത്യേക സംഘം റോഡിനു കുറുകെ വാഹനം ഇട്ടു. മുന്നില്‍ കിടന്ന ഓട്ടോകളെ മറികടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ ചില്ല് തകര്‍ത്താണ് പോലീസ് ഇയാളെ പിടിച്ചത്. ഇതിനിടെ ശ്രീധരന്‍ പോലീസിനു നേരെ തോക്കുചൂണ്ടി. കൊരട്ടിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അരുണ്‍കുമാറിനെയും പ്രതിയാക്കിയിട്ടുണ്ട്. കോതമംഗലത്തേക്ക് പോകുകയായിരുന്നെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
കൊരട്ടിക്കടുത്ത് മാമ്പ്രയില്‍ ശ്രീധരന്‍ സ്ഥലം വാങ്ങി വീടുപണി തുടങ്ങിയിരുന്നതായി സൂചന ലഭിച്ചിരുന്നു. ഈ മേഖലകളില്‍ വരുന്ന കാറുകള്‍ കേന്ദ്രീകരിച്ചും നിരീക്ഷണം ഉണ്ടായിരുന്നു. പോലീസിന്റെ പ്രത്യേക സംഘത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എം. ഉല്ലാസ്‌കുമാര്‍, കൊരട്ടി എസ്.ഐ. പി.ബി. ബിന്ദുലാല്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി.ജി. സ്റ്റീഫന്‍, സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, കൊരട്ടി സ്റ്റേഷനിലെ പി.കെ. സജീഷ്‌കുമാര്‍, പി.കെ. അനീഷ്‌കുമാര്‍, പാലക്കാട് സൗത്ത് സ്റ്റേഷനിലെ എ. സത്താര്‍, മലപ്പുറം സ്റ്റേഷനിലെ എ. സത്താര്‍ എന്നിവരുമുണ്ടായിരുന്നു.
ചാലക്കുടി, വെള്ളിക്കുളങ്ങര അടക്കം ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയായ കോടാലി ശ്രീധരനെ വലയിലാക്കാനുള്ള പോലീസിന്റെ ഒന്നര വര്‍ഷത്തെ ശ്രമത്തിനാണ് കൊരട്ടിയില്‍ ഫലം കണ്ടത്. കേരള പോലീസില്‍ ‘ചാലക്കുടി സ്‌ക്വാഡ്’ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട പ്രത്യേകസംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് സംസ്ഥാനത്തെയും ഇതര സംസ്ഥാനത്തെയും പോലീസിന്റെ കണ്ണുവെട്ടിച്ചുനടന്ന കോടാലി ശ്രീധരന്റെ അറസ്റ്റിലേക്ക് നയിച്ചത്.
കൊരട്ടിയില്‍ സ്ഥലം വാങ്ങി വീടുവയ്ക്കാനുള്ള നീക്കം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആ മേഖലയില്‍ വന്നുപോകുന്ന വാഹനങ്ങളിലേക്കും അന്വേഷകശ്രദ്ധ പതിഞ്ഞത്. ഇതിനിടയിലാണ് പോലീസിനു ലഭിച്ച വിവരത്തെത്തുടര്‍ന്ന് ഡി.ഐ.ജി. അജിതാ ബീഗം, ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ എന്നിവരുടെ നിര്‍ദേശപ്രകാരം പാലിയേക്കര വഴി പോകുന്ന കോടാലി ശ്രീധരന്റെ വാഹനത്തെ നിരീക്ഷിക്കുന്നത്. ഇവരുടെ വാഹനനമ്പറിനെ പിന്‍തുടര്‍ന്നതോടെ പിന്നീട് നടന്നത് സിനിമാരംഗത്തിന് സമാനമായ കാഴ്ചയായിരുന്നു.
പുതുക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ കാര്‍ കൈവിട്ടതോടെ പിന്നെ ഇവരുടെ പ്രതീക്ഷ സിഗ്‌നലുകളിലേക്കായി. കൊരട്ടിയിലെത്തിയതോടെ ചുവന്ന സിഗ്നല്‍ലൈറ്റിനു മുന്നില്‍ മുന്‍പിലുള്ള വാഹനങ്ങള്‍ക്കു പിറകേ കോടലി ശ്രീധരന്റെ കാറും പെടുകയായിരുന്നു. ഈ അനുകൂലസന്ദര്‍ഭം മുതലെടുത്താണ് പോലീസിന്റെ പിന്നീടുള്ള നീക്കം. വാഹനത്തിലുള്ള ശ്രീധരനെ കാറിന്റെ ചില്ല് തകര്‍ത്താണ് പിടികൂടുന്നത്. ഇതിനിടയില്‍ പോലീസിനുനേരേ തോക്കു ചൂണ്ടിയെങ്കിലും അത് മറികടന്ന് നിമിഷനേരംകൊണ്ട് ശ്രീധരനെ പിടികൂടി. കാറിലുണ്ടായിരുന്ന ശ്രീധരന്റെ മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ക്കു പിന്നാലെയെത്തിയ ഡി.ഐ.ജി. അജിതാബീഗവും എസ്.പി. നവനീത് ശര്‍മയും ഡിവൈ.എസ്.പി. ടി.എസ്. സിനോജും പ്രതികളെ ചോദ്യംചെയ്തശേഷം പ്രത്യേകാന്വേഷണസംഘത്തെ അഭിനന്ദിക്കുകയും ചെയ്തു. പ്രത്യേകസംഘത്തിലെ അംഗങ്ങളുടെ പേര് എടുത്തുപറഞ്ഞാണ് ഡി.ഐ.ജി. അന്വേഷണസംഘത്തിന്റെ മികവിനെ അഭിനന്ദിച്ചത്. പ്രത്യേക പോലീസ് സംഘങ്ങളായ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എം. ഉല്ലാസ്‌കുമാര്‍, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ വി.ജി. സ്റ്റീഫന്‍, സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, എം.പി. പോളി, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ് തുടങ്ങിയവരെയാണ് ഡി.ജി.പി. അടക്കമുള്ളവര്‍ അഭിനന്ദിച്ചത്.
മോദി പോയാല്‍ ഖാര്‍ഗെ, കേന്ദ്രം തൃശൂര്‍ തന്നെ
ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. ബിജെപിക്ക് പിന്നാലെ തൃശൂരില്‍ മഹാസംഗമം സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ കോണ്‍ഗ്രസും. ബിജെപി നേതൃത്വം കൃത്യമായ പദ്ധതി തയ്യാറാക്കി തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം സജീവമാക്കുമ്പോള്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് കോണ്‍ഗ്രസും. പ്രധാനമന്ത്രി മോദി ഈ മാസം രണ്ട് തവണയാണ് തൃശൂരില്‍ മാത്രമായി സന്ദര്‍ശനം നടത്തിയത്. അതിനെ ശക്തമായി പ്രതിരോധിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് തൃശൂരിലേക്കെത്തുന്നത്. ഫെബ്രുവരി 3 ന് ശനിയാഴ്ച 3.30 ന് തേക്കിന്‍കാട് മൈതാനത്താണ് മഹാസമ്മേളനം. സംസ്ഥാനത്തെ 25177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി എല്‍ എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ മഹാസമ്മേളനത്തിന്റെ ഭാഗമാകും. ഖാര്‍ഗെ ബൂത്ത് പ്രസിഡന്‍മാരും വനിതാ വൈസ് പ്രസിഡന്റും ബി.എല്‍.എമാരുമായി നേരിട്ട് സംവദിക്കും. കോണ്‍ഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ തുടക്കമായി ഈ സമ്മേളനത്തെ വിലയിരുത്താം. പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുക എന്ന ലക്ഷ്യവും ഖാര്‍ഗെയുടെ കേരള സന്ദര്‍ശനത്തിന് പിന്നിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഖാര്‍ഗെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിലുമെത്തുന്നത്.
ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന തൃശൂര്‍ തന്നെ തിരഞ്ഞെടുത്ത് പാര്‍ട്ടിക്ക് ശക്തമായ മറുപടി കൂടി നല്‍കുക എന്ന ലക്ഷ്യവുമുണ്ട് ഈ മഹാസംഗമത്തിന്. ഇക്കുറി ശക്തമായ മത്സരത്തിനാണ് തൃശൂരില്‍ കളമൊരുങ്ങിയിരിക്കുന്നത്. എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി ജെ പി മണ്ഡലത്തില്‍ പ്രചരണം നടത്തുന്നത്. സുരേഷ് ഗോപിയെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൃശൂരില്‍ ഇതിനോടകം തന്നെ അദ്ദേഹം കളം നിറഞ്ഞ് കഴിഞ്ഞു.
ബി ജെ പി പ്രചാരണം ശക്തമാക്കിയതോടെ നിലവിലെ സിറ്റിംഗ് എംപി കൂടിയായ ടി എന്‍ പ്രതാപന്‍ മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ പേരില്‍ ജില്ലയില്‍ ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. വെങ്കിടങ്ങ് കവലയിലാണ് പ്രതാപനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചുരെഴുത്ത് നടത്തിയത്. എന്നാല്‍ പിന്നീട് പ്രതാപന്‍ തന്നെ ഇടപെട്ട് ഈ ചുവരെഴുത്ത് മായ്പ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാതെ പേരെഴുതരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് വേണ്ടി സുരേഷ് ഗോപി പ്രചാരണം തുടങ്ങിയിട്ട് ഏറെയായി. സിപിഐക്ക് വേണ്ടി വിഎസ് സുനില്‍ കുമാര്‍ എത്തുമെന്ന് ഏതാണ്ട്് ഉറപ്പായി. ഇതോടെ ശക്തമായ ത്രികോണ മല്‍സരത്തിനിടെ വിജയം നേടാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ക്രൈസ്തവ സമൂഹത്തെ കൂടെ നിര്‍ത്താനും ബിജെപി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണകീരീടെ നല്‍കുകയും ചെയ്തിരുന്നു.
2019ല്‍ കേരളത്തില്‍ ശക്തമായ രാഹുല്‍ തംഗത്തിനിടയിലും മൂന്ന് ലക്ഷത്തോളം വോട്ട് സുരേഷ് ഗോപി നേടിയ മണ്ഡലമാണ് തൃശൂര്‍. അതുകൊണ്ടുതന്നെ ഇത്തവണ ആഞ്ഞുപിടിച്ചാല്‍ മണ്ഡലം കൂടെ പോരുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. 1300ല്‍ താഴെ ബൂത്തുകളാണ് മണ്ഡലത്തില്‍. 300ല്‍ ബിജെപിക്കാണ് ലീഡ് എന്നും 350ല്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്താണെന്നും ബിജെപി ജില്ലാ നേതാക്കള്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നു. ബിജെപിയുടെ ഓരോ നീക്കവും പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. സുരേഷ് ഗോപി ക്രൈസ്തവ സമുദായത്തെ കൂടെ നിര്‍ത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് മണിപ്പൂരിലെ കലാപം ചൂണ്ടിക്കാട്ടിയാണ് ടിഎന്‍ പ്രതാപന്‍ മറുപടി നല്‍കുന്നത്. മോദി സ്ഥിരമായി ഇവിടെ താമസിച്ചാലും ഒരാളെ പോലും കേരളത്തില്‍ നിന്ന് വിജയിപ്പിക്കാന്‍ സാധിക്കില്ലെന്നും, മോദി ടാറ്റ കാണിക്കുമ്പോള്‍ ജനങ്ങള്‍ തിരിച്ചും കാണിക്കും. പക്ഷേ വോട്ട് കോണ്‍ഗ്രസിന് ചെയ്യുമെന്നും കെ മുരളീധരന്‍ കഴിഞ്ഞദിവസം പരിഹസിച്ചിരുന്നു.
കോണ്‍ഗ്രസും ബിജെപിയും തകൃതിയായിട്ടാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തമാക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നതും, ദേശീയ നേതാക്കളെ വരെ കൊണ്ടെത്തിക്കുന്നതും. കാത്തിരിന്ന് കാണാം തൃശൂര്‍ ആരാണ് കൊണ്ടുപോകുന്നതെന്ന്.
സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഇറാനും പാകിസ്താനും; വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ചനടത്തി
ഭീകരത്താവളങ്ങള്‍ പരസ്പരം ആക്രമിച്ചതിനെത്തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി പാകിസ്താനും ഇറാനും. സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പാകിസ്താന്‍ വിദേശകാര്യമന്ത്രി ജലീല്‍ അബ്ബാസ് ജിലാനിയും ഇറാന്‍ വിദേശമന്ത്രി ഹൊസ്സൈന്‍ അമിര്‍ അബ്ദുള്ളഹിയാനും വെള്ളിയാഴ്ച ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് തീരുമാനം.
നയതന്ത്ര – രാഷ്ട്രീയ ബന്ധം കൂടുതല്‍ വഷളായ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സന്ദേശങ്ങള്‍ കൈമാറിയതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രിമാര്‍ വിഷയത്തില്‍ ഇടപെടുന്നത്. പാകിസ്താനും ഇറാനും തമ്മിലുള്ളത് സഹോദര ബന്ധമാണെന്നും ചര്‍ച്ചയിലൂടെ എല്ലാപ്രശ്‌നങ്ങളും പരിഹരിക്കുമെന്നും പാക് അഡീഷണല്‍ വിദേശകാര്യസെക്രട്ടറി റഹീം ഹയാത്ത് ഖുറേഷി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി അന്‍വറുള്‍ ഹഖ് കാകര്‍ പ്രത്യേക സുരക്ഷായോഗം വിളിച്ചുചേര്‍ത്തു. സൈനികമേധാവികളും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ തുടരുന്ന അരക്ഷിതാവസ്ഥ ദക്ഷിണേഷ്യയിലേക്കും വ്യാപിക്കും വിധമാണ് രണ്ടുദിവസത്തിനിടെ ഇറാന്‍-പാകിസ്താന്‍ സംഘര്‍ഷം കത്തിപ്പടര്‍ന്നത്.
ചൊവ്വാഴ്ച രാത്രിയാണ് പാകിസ്ഥാനിലെ ബലൂചിസ്താനില്‍ സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടു കേന്ദ്രങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയത്. ബലൂചിസ്താനിലെ പഞ്ച്ഗുര്‍ താവളമാക്കി ജയ്ഷ് അല്‍ ആദില്‍ തങ്ങളുടെ സുരക്ഷാസേനകളെ ആക്രമിക്കുന്നുവെന്നതാണ് ഇറാന്റെ ആരോപണം. പ്രതികാരനടപടിയായി ഇറാന്റെ സിസ്റ്റാന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള ബലൂച് ഗ്രൂപ്പുകളുടെ ഏഴോളം താവളങ്ങളില്‍ വ്യാഴാഴ്ച പാക് വ്യോമസേന ബോംബിട്ടു.
ജീവിതം വഴിമുട്ടി; ദയാവധത്തിന് അനുമതിതേടി കരുവന്നൂരില്‍ 72 ലക്ഷംരൂപ നിക്ഷേപമുള്ള 53-കാരന്‍
344 കോടിയുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണബാങ്കില്‍ 72 ലക്ഷം രൂപ നിക്ഷേപമുള്ളയാള്‍ ദയാവധത്തിന് അനുമതി തേടി മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു. നിക്ഷേപം തിരികെ കിട്ടാതെ ജീവിതം കടുത്ത പ്രതിസന്ധിയിലായ സാഹചര്യം കണക്കെടുത്താണിത്.
മുകുന്ദപുരം മാടായിക്കോണം മാപ്രാണം കുറുപ്പം റോഡില്‍ വടക്കേത്തല വീട്ടില്‍ ജോഷി(53)യാണ് കത്തയച്ചത്. 20 വര്‍ഷത്തിനിടെ രണ്ടുതവണ കഴുത്തില്‍ ഒരേ സ്ഥലത്തുവന്ന ട്യൂമര്‍ ഉള്‍പ്പെടെ 21 ശസ്ത്രക്രിയകളും ഏഴരവര്‍ഷം കിടപ്പിലായതും അതിജീവിച്ചാണ് ജീവിക്കുന്നത്.
അക്കൗണ്ടന്റായി ജോലിചെയ്തിരുന്ന താന്‍ റോഡപകടത്തെത്തുടര്‍ന്ന് ഏഴരവര്‍ഷം കിടപ്പിലായതോടെ ജോലി നഷ്ടപ്പെടുകയും ചികിത്സച്ചെലവുകള്‍ തീര്‍ത്ത കടക്കെണിയില്‍ വീഴുകയും ചെയ്തു. കിടക്കയില്‍ കിടന്ന് സിവില്‍ എന്‍ജിനീയറിങ് പഠിച്ച് കഴിഞ്ഞ വര്‍ഷം ട്യൂമര്‍ ബാധിക്കുംവരെ സര്‍ക്കാരിന്റെയും ബാങ്കുകളുടെയും മറ്റും കരാര്‍പണികള്‍ ചെയ്താണ് ജീവിച്ചത്.
ഭാര്യയുടെയും ഭാര്യാമാതാവിന്റെയുമടക്കമുള്ള പണം കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. വിചാരിച്ച രീതിയില്‍ മക്കളുടെ ഉന്നതവിദ്യാഭ്യാസം നടത്താനായില്ലെന്നും ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങളെ നേരിടാനും ചികിത്സകള്‍ നടത്തുവാനും കൈയില്‍ പണമില്ലാത്തതിനാല്‍, കിടപ്പിലായി മരിക്കുന്നതിനുമുന്‍പ് സ്വയം കൊല്ലപ്പെടുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നതായും ജോഷി കത്തില്‍ പറയുന്നു.
2036 ഒളിമ്പിക്സ് വേദിയ്ക്കായുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍: നരേന്ദ്രമോദി
2029 യൂത്ത് ഒളിമ്പിക്സിനും 2036 ഒളിമ്പിക്സിനുമുള്ള ആതിഥേയത്വത്തിനായി കേന്ദ്രം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ഇന്ത്യയ്ക്ക് വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും അവനേടാനും സാധിക്കുമെന്നും ഈ വര്‍ഷം ഇന്ത്യ കായികരംഗത്ത് പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതിനും രാജ്യത്തിനും ലോകത്തിനും പുതിയ നേട്ടങ്ങള്‍ അടയാളപ്പെടുത്തുന്നതിനും സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”കഴിഞ്ഞ 10 വര്‍ഷത്തില്‍ കായിക രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി. ചെറുപ്പക്കാര്‍ കായിക മേഖലയിലേക്ക് വരുന്നത് കാത്തിരിക്കാതെ കായികരംഗത്തെ യുവജനങ്ങളിലേക്കെത്തിക്കുകയാണ് സര്‍ക്കാര്‍.” – പ്രധാനമന്ത്രി പറഞ്ഞു.
2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടന ചടങ്ങിലും വ്യക്തമാക്കിയിരുന്നു. ഇന്ത്യ സന്നദ്ധത അറിയിച്ചതിനു പിന്നാലെ തീരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ അറിയിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ഒളിമ്പിക്സ് വേദിയാകാനുള്ള സന്നദ്ധത ഇതിനകം അറിയിച്ചിട്ടുണ്ട്. 2032 ഒളിമ്പിക്സ് വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചത്. 2024 ഒളിമ്പിക്സിന് പാരീസും 2028-ല്‍ ലോസ് ആഞ്ജലിസും വേദിയാകും. 2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലാണ് നടക്കുക.