തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെക്കില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ പൊതുരംഗത്ത് സജീവമാകില്ല. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണെന്നും,വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് ആവശ്യമെന്നും കെ മുരളീധരന്‍ പറഞ്ഞു.
തൃശ്ശൂരിലെ തോല്‍വിയില്‍ സംസ്ഥാന ജില്ല നേതൃത്വത്തെ നേരിട്ട് കടന്നാക്രമിക്കാതെ, പരാജയത്തിന് കാരണം പ്രചരണത്തിലെ വീഴ്ചയാണെന്നാണ് കെ മുരളീധരന്റെ വാക്കുകള്‍. തൃശൂരില്‍ മാത്രം ക്രിസ്ത്യന്‍ വോട്ടുകള്‍ ചോര്‍ന്നു.സുരേഷ് ഗോപിയുടെ ഇടപെടല്‍ മനസ്സിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തെരഞ്ഞെടുപ്പോടുകൂടി ലോകം അവസാനിക്കാന്‍ പോകുന്നില്ല. തൃശൂരില്‍ മാത്രമാണ് ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുണ്ടായത്. അല്ലെങ്കില്‍ കോട്ടയത്തും ഇടുക്കിയിലും ഒന്നും ഞങ്ങള്‍ ജയിക്കില്ലല്ലോ. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാക്കിയെന്നും കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം മുരളീധരന്‍ ഡല്‍ഹിയിലെത്തിയത് അറിയാതെ കോഴിക്കോട്ടെ വീട്ടിലെത്തിയ വിഡി സതീശന് കൂടിക്കാഴ്ച നടത്താന്‍ കഴിയാതെ മടങ്ങേണ്ടി വന്നു.സതീശന്‍ വരുന്ന കാര്യം അറിഞ്ഞിരുന്നെങ്കില്‍ കാത്തിരുന്നേന്നെയെന്ന് മുരളീധരന്‍തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതൃത്വവുമായി ഇടഞ് നില്‍ക്കുന്ന കെ മുരളീധരുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. ഡല്‍ഹിയില്‍ തുടരുന്ന മുരളീധരന്‍ സോണിയ ഗാന്ധിയെ കണ്ട് സംസ്ഥാനത്തെ സംഘടനാ സാഹചര്യം ധരിപ്പിക്കും.
കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 14
കുവൈത്ത് :കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 14 ആയി. ഇന്നലെയുണ്ടായ ദുരന്തത്തില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അവരില്‍ 40 ഇന്ത്യക്കാരാണുള്ളത്. ഇവരില്‍ 14 പേര്‍ മലയാളികളാണ്. മരിച്ച 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. ഷമീര്‍, ലൂക്കോസ് സാബു, സാജന്‍ ജോര്‍ജ് എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികള്‍. മുരളീധരന്‍, ആകാശ് ശശിധരന്‍, സജു വര്‍ഗീസ്, തോമസ് സി ഉമ്മന്‍ എന്നിവര്‍ പത്തനംതിട്ട സ്വദേശികളാണ്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, ശ്രീഹരി പ്രദീപ്, കേളു പൊന്മലേരി, കാസര്‍കോട് ചെര്‍ക്കള കുണ്ടടക്കം സ്വദേശി രജ്ഞിത് എന്നിവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചവരില്‍ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയുമെന്ന് സ്ഥിരീകരണം പുറത്തുവരുന്നുണ്ട്. ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27) ആണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍ 5നാണ് ശ്രീഹരി ജോലിക്കായി കുവൈറ്റില്‍ എത്തിച്ചേര്‍ന്നത്. ഇയാളുടെ അച്ഛനും കുവൈറ്റില്‍ ജോലി ചെയ്തു വരുകയാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ് ശ്രീഹരി.
5 ആശുപത്രികളിലായിട്ടാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലുള്ള 9 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കുവൈത്ത് ദുരന്തം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം പത്ത് മണിക്ക് ചേരും. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
കേരളത്തെ കൂടി സഹകരിപ്പിച്ചുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രം ചെയ്യുന്നതെന്നും അപകടത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പരമാവധി സഹായമെത്തിക്കുമെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. മൃതദേഹങ്ങള്‍ വേഗം നാട്ടിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ജോര്‍ജ് കുര്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് അറിയിച്ചു. പരിക്കേറ്റവരുടെ പുനരധിവാസത്തിനും സര്‍ക്കാര്‍ ഇടപെടും. മൃതദേഹങ്ങള്‍ കഴിവതും വേഗം നാട്ടിലെത്തിക്കുമെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.
കുവൈത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി കുവൈത്തില്‍ എത്തുന്നത്.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈത്ത് അഗ്‌നിബാധ മരണങ്ങളില്‍ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 19 മലയാളികള്‍ മരണമടഞ്ഞു എന്നാണ് മനസിലാക്കുന്നത്.
സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്‌ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്റ് കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കും. കേരളത്തിന്റ്െ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫസര്‍ കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്.