കേരളത്തിൽ കാലവർഷം വീണ്ടും പിടിമുറുക്കുകയാണ്. പല മേഖലകളിലും വെള്ളം കയറിത്തുടങ്ങി, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കടലാക്രമണം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദൈവത്തിന്റെ സ്വന്തം നാടിന്റെ അവസ്ഥ ഇതാണ്. പ്രധാനപ്പെട്ട നഗരങ്ങളിൽ പോലും വെള്ളം കയറുമ്പോൾ പ്രതിസന്ധികളുടെ പുതിയ കാലഘട്ടമാണ് ഉടലെടുത്തിരിക്കുന്നത്. യഥാർത്ഥത്തിൽ കേരളം ഇത്തരത്തിൽ ഒരവസ്ഥയിലേക്ക് നീങ്ങാൻ കാരണം എന്താണ്. വ്യവസായ നഗരമായ കൊച്ചി ഓരോ മഴക്കാലത്തും വെള്ളക്കെട്ടുകൾ കൊണ്ട് ദുരിത പൂർണ്ണമായ ജീവിതമാണ് ജനങ്ങൾക്ക് സമ്മാനിക്കുന്നത്. കുത്തിയൊലിച്ചു പോകുന്ന വെള്ളം പാടത്തോ പറമ്പിലോ അല്ല നഗരത്തിന്റെ ഹൃദയഭാഗങ്ങളിലാണ് എന്നത് കൊച്ചിയിലെ മഴക്കാല ജീവിതത്തിന്റെ കെടുതികളെ വിളിച്ചു കാട്ടുന്നു.
കൊച്ചിയുടെ ഏറ്റവും വലിയ പോരായ്മ ഇവിടുത്തെ ചതുപ്പു നിലങ്ങളിൽ ദിനം പ്രതി ഉയർന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളാണ്. ഡ്രൈനേജ് സിസ്റ്റങ്ങളിലെ അപാകതയാണ് കൊച്ചിയിലെ വെള്ളക്കെട്ടുകൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മഴക്കാലത്തിന് മുൻപ് ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളത്തിൻറെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം എന്ന് സർക്കാർ നിർദ്ദേശം ഉണ്ടെങ്കിലും അത് എത്ര ഇടങ്ങളിൽ കൃത്യമായി പാലിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള തെളിവുകൾ ഒന്നും എവിടെയും ഇതുവരെയ്ക്കും രേഖപ്പെടുത്തിയിട്ടില്ല. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലാണ് വെള്ളക്കെട്ടുകളുടെ പതിവ് കാഴ്ചകൾ ഓരോ മഴക്കാലത്തും കാണാൻ സാധിക്കുന്നത്.
ഒന്നോ രണ്ടോ മണിക്കൂറുകൾ മഴ പെയ്താൽ കൊച്ചിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. കൊച്ചിയിൽ ആദ്യം വെള്ളം കയറുന്നത് യാത്രക്കാരുടെ ആശ്രയമായ കെ എസ് ആർ ടി സി ബസ്റ്റാന്റിൽ തന്നെയാണ്. ഇത് വലിയ രീതിയിലാണ് സാധാരണക്കാരായ യാത്രക്കാരെ ബാധിക്കാറുള്ളത്. ദിവസ വേതനത്തിന് ജോലിക്ക് പോകുന്നവരും മറ്റുമായി പലരും കെഎസ് ആർ ടി സിയെ ആശ്രയിക്കാറുണ്ട്. എന്നാൽ മഴ കനത്താൽ സ്റ്റാൻഡിലേക്ക് കയറുന്നത് ബുദ്ധിമുട്ടാണ്. എലികളും മറ്റും ധാരാളമുള്ള ഈ പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കാറുണ്ട്.
കൃത്യമായ നാഗരാസൂത്രണം ഇല്ല എന്നത് തന്നെയാണ് കൊച്ചിയിലെ ഈ വെള്ളക്കെട്ടുകളുടെ പ്രധാന കാരണം. മഴവെള്ളം ഒഴുകിപ്പോകാൻ വേണ്ട ഡ്രൈനേജ് സംവിധാനങ്ങൾ ഒന്നും തെന്നെ ജലത്തെ പുറം തള്ളുന്നതല്ലാതെ ഒഴുക്കിക്കളയാൻ സഹായിക്കുന്നില്ല. കൊച്ചിയിൽ പലയിടത്തും കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് ഭക്ഷ്യ മാലിന്യങ്ങൾ ഒഴുകി വരുന്ന വെള്ളത്തിനൊപ്പം രോഗങ്ങളെയും വിതരണം ചെയ്യുന്നുണ്ട്. വർഷങ്ങളായി ഇതേ പ്രശ്നങ്ങൾ കൊച്ചി അഭിമുഖീകരിക്കേണ്ടി വന്നിട്ടും നഗരസഭയുടെ ഭാഗത്തു നിന്ന് വേണ്ട ഇടപെടലുകൾ ഉണ്ടായിട്ടില്ല. മഴക്കാലം വരും ദുരിതങ്ങൾ വരും രോഗങ്ങൾ വരും പക്ഷെ കടലാസുകളിൽ ഒതുങ്ങിയ പദ്ധതികളും പ്രവർത്തനങ്ങളും മാത്രം നടപ്പിലാകില്ല.
കൊച്ചിക്കാർ എന്നും ഈ മലിനജലത്തിലും വെള്ളക്കെട്ടുകളിലും ദുരിതം പേറി ജീവിക്കണമെന്നത് ആരുടെയെങ്കിലും ആവശ്യമാണോ? എന്തുകൊണ്ടാണ് മുൻവർഷങ്ങളിലെ ദുരിത പാഠങ്ങൾ പഠിക്കാതെ സർക്കാരും അധികൃതരും വെള്ളം ഉയർന്നുപൊങ്ങുമ്പോൾ മാത്രം കൊച്ചിയെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നത്. എം പി ഹൈബി ഈഡനോട് ഒരഭ്യർത്ഥനയുണ്ട് ഈ വെള്ളക്കെട്ടുകൾ പരിഹരിച്ചിട്ട് പോരെ സാർ കൊച്ചിയെ തലസ്ഥാനമാക്കുന്നതിനെക്കുറിച്ചൊക്കെ ചർച്ച ചെയ്യുന്നത്.
-സാൻ
മറ്റു വാർത്തകൾ വായിക്കാം
ഏക സിവില്‍ കോഡ്: സിപിഎം നിലപാടിനെ ചൊല്ലി കോണ്‍ഗ്രസിലും ലീഗിലും ഭിന്നസ്വരം
തിരുവനന്തപുരം: ഏക സിവില്‍ കോഡിലെ നിലപാടുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ബുധനാഴ്ച കെപിസിസി നേതൃയോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടന അധ്യക്ഷന്മാര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃയോഗം രൂപം കൊടുക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.
അതേസമയം, യൂണിഫോം സിവില്‍ കോഡില്‍ ലീഗുമായി ചേരാന്‍ സി പി എമ്മിനാകില്ലെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. എം വി ഗോവിന്ദന്റെ തലയ്ക്ക് അസുഖമുണ്ടോയെന്ന് ചോദിച്ച സുധാകരന്‍, എന്ത് ലക്ഷ്യം വെച്ചാണ് ഗോവിന്ദന്‍ മുസ്ലിം ലീഗിന്റെ കാര്യം പറയുന്നതെന്നും ചോദിച്ചു. മുസ്ലിം ലീഗും സിപിഎമ്മും തമ്മില്‍ എവിടെയെങ്കിലും എന്തെങ്കിലും ബന്ധമുണ്ടോ? എംവി ഗോവിന്ദന്‍ മറുപടി അര്‍ഹിക്കുന്നില്ല. യൂണിഫോം സിവില്‍ കോഡില്‍ എ ഐ സി സി നിലപാട് കാത്തിരിക്കുകയാണ് തങ്ങള്‍ എല്ലാവരുമെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും സി പി എം മതേതരത്വം പഠിപ്പിക്കേണ്ടെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടാണ് സിപിഎമ്മിന്റേതെന്ന് ധനമന്തി കെ.എൻ. ബാലഗോപാൽ രംഗത്ത്. സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തില്‍ സഹകരിക്കാവുന്നവരെ സഹകരിപ്പിക്കും. പ്രതിപക്ഷ നേതാവ് ആശങ്ക കൊണ്ടാണ് സിവില്‍ കോഡ് വിഷയത്തില്‍ ആരോപണം ഉന്നയിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാവിനോടാണ് പ്രതിപക്ഷ നേതാവ് ആദ്യം ചോദിക്കണ്ടത്. പൗരത്വ നിയമ ഭേദഗതി സമരങ്ങളിലെടുത്ത കേസിന്റെ കാര്യം പറയുന്നത് ഇപ്പോള്‍ പറയുന്നത് ബാലിശമാണ്. നടപടിക്രമം നോക്കിയാണ് കേസ് പിന്‍വലിക്കുന്നത്. ഇത്ര പേരുടെ പേരിലെ കേസ് പിന്‍വലിക്ക് എന്നു പറഞ്ഞാല്‍ അത് ചെയ്യാന്‍ പറ്റില്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
അതേസമയം, ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബെഹന്നാന്‍. രാജ്യത്തിന്റെ സ്വസ്ഥത തകര്‍ക്കാനും സംഘര്‍ഷമുണ്ടാക്കാനുമാണ് ബിജെപി ഏക സിവില്‍ കോഡിലൂടെ ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ ഏക സിവില്‍ കോഡിനെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിന്റെ ഇപ്പോഴത്തെ വാക്കുകള്‍ നല്ലതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സിഐഎ വിഷയത്തില്‍ സിപിഎം നിലപാട് ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ അവരുടെ വാക്കുകള്‍ നല്ലതാണ്. ഇപ്പോള്‍ ഉള്ള മാറ്റം സ്വാഗതം ചെയ്യുന്നു. സിപിഎം നടത്തുന്ന പ്രതിഷേധ പരിപാടിയിലേക്ക് മുസ്ലിം ലീഗിന് ക്ഷണം കിട്ടിയാല്‍ അതിന്റെ സ്വഭാവം അനുസരിച്ച് നേതാക്കള്‍ കൂടി ആലോചിച്ചു തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ എറണാകുളത്ത് ലീഗ് സെമിനാര്‍ നടത്തുമെന്ന് പിഎംഎ സലാം വ്യക്തമാക്കി. ഇതില്‍ ആരെയൊക്കെ വിളിക്കണം എന്ന് ആലോചിക്കും. മുസ്ലിം ലീഗ് സെമിനാറിലേക്ക് സിപിഎമ്മിനെ ക്ഷണിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പൗരത്വ പ്രക്ഷോഭ കാലത്ത് കേരളത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിച്ചില്ല. തെരഞ്ഞെടുപ്പ് കാലത്ത് അത് പിന്‍വലിക്കുമെന്ന് സിപിഎം പറഞ്ഞിട്ടും നടപ്പിലാക്കിയില്ല. ഇത് ന്യൂന പക്ഷങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ പിഎംഎ സലാം, കോണ്‍ഗ്രസ് സിവില്‍ കോഡിന് എതിരാണെന്നാണ് ലീഗിന്റെ വിശ്വാസമെന്നും പറഞ്ഞു.
കൈതോലപ്പായ വെളിപ്പെടുത്തല്‍: ബെന്നി ബഹന്നാന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്
ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം നടത്തും. ബെന്നി ബഹന്നാന്‍ എംപിയുടെ പരാതിയിലാണ് നീക്കം നടത്തുന്നത്. കന്റോണ്‍മെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നുവെന്ന കെ സുധാകരന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് സൈബര്‍ പൊലീസ് ഡിവൈഎസ്പിക്ക് നല്‍കി. രണ്ടിലും പ്രാഥമിക അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തില്‍ നടത്തുക. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് പോകൂ. കൈതോലപ്പായ പണം കടത്ത് പരാതിയില്‍ ജി ശക്തിധരന്റെയും ബെന്നി ബഹന്നാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും.
സര്‍ക്കാറിന്റെയും സിപിഎമ്മിന്റെയും പല നടപടികളും ചോദ്യം ചെയ്യുന്ന ജി ശക്തിധരന്‍ തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലക്കിട്ട പോസ്സാണ് വന്‍ വിവാദമായത്. കൊച്ചി കലൂരിലെ തന്റെ ഓഫീസിലെ മുറിയില്‍ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാന്‍ താന്‍ സഹായിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. വന്‍ തോക്കുകളില്‍ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയതെന്നും 20035000 രൂപയാണുണ്ടായിരുന്നതെന്നുമാണ് വെളിപ്പെടുത്തിയത്. ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചതെന്നും കൈതൊലപ്പായയില്‍ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയതെന്നും ശക്തിധരന്‍ ഫെയ്‌സ്ബുക്കില്‍ എഴുതി. നിലവിലെ ഒരു മന്ത്രിയുടെ കാറിലായിരുന്നു ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് ശക്തിധരന്റെ ആരോപണം. തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍വരെ പ്രശസ്തനായ നേതാവാണിതെന്നാണ് ആക്ഷേപം. ഒരിക്കല്‍ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരന്‍ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുണ്ട്. ഇതില്‍ ഒരു കവര്‍ പാര്‍ട്ടി സെന്ററില്‍ ഏല്‍പ്പിച്ചെന്നും മറ്റൊരു കവര്‍ നേതാവ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്നും ശക്തിധരന്‍ പറഞ്ഞിരുന്നു. ആരോപണം ഏറ്റെടുത്ത കോണ്‍ഗ്രസ്, നിരന്തരം വിഷയം ഉന്നയിച്ചു. പിന്നാലെ ബെന്നി ബെഹന്നാന്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം, ഫെയ്‌സ്ബുക്കില്‍ നിന്ന് വ്യക്തിപരമായ അക്കൗണ്ട് പ്രവര്‍ത്തനം മരവിപ്പിക്കുകയാണെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. സിപിഎം ഉന്നത നേതാവ് രണ്ട് കോടിയിലധികം രൂപ കൈതോല പായയില്‍ പൊതിഞ്ഞ് ഇന്നോവ കാറില്‍ കൊണ്ടുപോയെന്ന വെളിപ്പെടുത്തലിന് ശേഷം കടുത്ത സൈബര്‍ ആക്രമണം നേരിട്ടുവെന്ന് ശക്തിധരന്‍ പറയുന്നു.
ഫെയ്‌സ്ബുക്കിലെ അക്കൗണ്ട് മരവിപ്പിച്ചാലേ ഈ സമൂഹത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കൂ എന്നൊരു സന്ദേശമാണ് സൈബര്‍ സംഘം നല്‍കുന്നത്. അവരുടെ കണ്‍കണ്ട ദൈവത്തെ ആരും വിമര്‍ശിക്കാന്‍ പാടില്ല.
വിമര്‍ശനങ്ങള്‍ക്കും തെറ്റ് തിരുത്തലുകള്‍ക്കും അതീതനാണ് അവരുടെ ദൈവം എന്നത് എല്ലാവരും സമ്മതിച്ചുകൊടുക്കണം. ഇതെന്താ വെള്ളരിക്കാപട്ടണമാണോയെന്നും കൈതോലപ്പായയില്‍ സൂക്ഷിച്ച വിത്ത് ഇപ്പോള്‍ വന്‍മരം ആയിട്ടുണ്ടാകുമെന്നും ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
രണ്ട് ചുവടു വയ്ക്കാനോ, ഒരു പിടി ചോറുണ്ണാനോ പോലും പാട് പെടുകയാണ്: രാജ്കീര്‍ത്തി നായര്‍
തൃശൂരിലെ ഗിരിജ തിയറ്റര്‍ ഉടമ ഡോ. ഗിരിജ കെപിയ്ക്ക് നേരെയുണ്ടായ കടുത്ത ആക്രമണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചള്‍ക്കിടെ ഡോ. ഗിരിജയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് രാജ്കീര്‍ത്തി നായര്‍ പങ്കുവെച്ച് കുറിപ്പ് ശ്രദ്ധേയമാകുന്നു.
രാജ്കീര്‍ത്തി നായര്‍ പങ്കുവെച്ച കുറിപ്പ്…
ഇതാണ് തൃശൂര്‍ ഗിരിജ തിയേറ്റര്‍ ഉടമ, ഡോ ഗിരിജ കെ പി യുടെ ആരോഗ്യ അവസ്ഥ…. രണ്ടടി ചുവടു വെക്കാനോ, ഒരു പിടി ചോറുണ്ണാനോ പോലും പാട് പെടുകയാണ്. സട്രെസ് അവരുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമാക്കും..ഒരു സ്ത്രീക്ക് സ്വന്തം ബിസിനസ് നടത്തുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയാണ്… , വളരെ കുപ്രസിദ്ധി ഉണ്ടായിരുന്നതും, ഒരു കാലത്ത് എ പടം മാത്രം കളിച്ചിരുന്നു ഗിരിജ തിയേറ്ററിന്റെ ചുക്കാന്‍ പിടിച്ചു ഇന്നത്തെ നിലയില്‍ നല്ല പേരുള്ള, കുടുംബ ചിത്രങ്ങള്‍ വരാറുള്ള ഗിരിജ തിയേറ്റര്‍ ആക്കി ഡോക്ടര്‍ ഗിരിജ മാറ്റി എടുത്തത് വളരെ കഷ്ടപ്പെട്ടാണ്. ഡിഗ്രിക്കും, 4 ആം ക്ളാസിലും പഠിക്കുന്ന രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ഡോക്ടര്‍ ഗിരിജയുടെ വരുമാന മാര്‍ഗ്ഗം പോലും ഈ തിയേറ്റര്‍ ആണ്… അവരുടെ ആരോഗ്യ സ്ഥിതി വെച്ച് ഡോക്ടര്‍ ആയി പ്രാക്ടീസ് ചെയ്യാന്‍ പോലും കഴിയില്ലാന്ന് മനസ്സിലായി കാണുമല്ലോ….
ഓരോ ജീവജാലങ്ങള്‍ക്കുമുള്ളത് ഈ പ്രപഞ്ചത്തില്‍ തന്നെ ലഭ്യമാണ്…. ഹിന്ദിയില്‍ ഒരു ചൊല്ലുണ്ട്… ഓരോ അരിമണിയിലും, അത് ഭക്ഷിക്കേണ്ടത് ആരെന്നു മുന്‍ കൂട്ടി എഴുതി വെച്ചിട്ടുണ്ട് എന്ന് …. ഒരാളും മറ്റൊരാള്‍ക്ക് ഭീഷണിയാകുന്നില്ല എന്നതാണ് ശാശ്വതമായ സത്യം…. ഓരോരുത്തര്‍ക്കും വിധിച്ചത് കിട്ടുക തന്നെ ചെയ്യും…എന്ത് കൊണ്ടാണ് മനുഷ്യര്‍, മറ്റൊരാളെ വെറുതെ ദ്രോഹിക്കുന്നത് എന്നതിനെ കുറിച്ച് ഇനിയുമൊരു പഠന റിപ്പോര്‍ട്ട് പൂര്‍ണ്ണമായി ലഭിച്ചിട്ടില്ല…സഹായിച്ചില്ലെങ്കിലും പരസ്പരം ദ്രോഹിക്കാനോ , പിടിച്ചു വലിച്ചു താഴത്തിടാനോ മനുഷ്യജാതിയോളം ഒരു ജീവിയും മുമ്പിലല്ല…
ആരുടേയും സഹായമില്ലാതെ, വാട്‌സ്ആപ്പില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍ക്കുന്നു എന്നത് വലിയൊരു തെറ്റാണോ…ഓണ്‍ലൈന്‍ ബുക്കിംഗിന് അധികമായി എടുക്കുന്നത് വെറും 10 രൂപയും…. അത് എടുക്കാന്‍ കഴിവില്ലാത്തവര്‍ക്ക്, ഫ്രീ ബുക്കിങ് നു വേറെ നമ്പറില്‍ വിളിക്കാം…. കാണാതെ പോകരുത് ആ നല്ല മനസ്സ് ഗിരിജ നല്ലൊരു തിയേറ്റര്‍ ആണ് .. ജനങ്ങള്‍ അവരുടെ സൗകര്യത്തിനനുസരിച്ചാണ് തിയേറ്ററുകള്‍ തിരഞ്ഞെടുക്കുക…. ഈ സ്ത്രീയെ പരമാവധി ദ്രോഹിച്ചു, സഹി കേട്ടു അവര്‍ തീയറ്റര്‍ വില്‍ക്കാന്‍ തയ്യാറാവുകയും, ഒടുവില്‍ ചുളിവ് വിലയില്‍ തീയറ്റര്‍ വാങ്ങിച്ചെടുക്കാമെന്നാണോ ആരെങ്കിലും കണക്കു കൂട്ടുന്നത്…. കാരണം അത്രയും വലിയ ഒരു പാര്‍ക്കിംഗ് സൗകര്യത്തോട് കൂടി തൃശൂര്‍ ടൗണില്‍ വേറെ തീയറ്റര്‍ ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട്…
ഒന്നേ പറയാനുള്ളു ഇങ്ങനെ ഒരു സ്ത്രീയെ നിങ്ങള്‍ ദ്രോഹിച്ചാല്‍ അതിന്റെ കര്‍മ്മ ഫലം ഭയാനകമായിരിക്കും… സൈബര്‍ കളികളുടെ പിന്നില്‍ ഉള്ള ചിലരെ കുറിച്ച് ഡോക്ടര്‍ക്ക് വ്യക്തമായ ധാരണയുണ്ട്… ഇതിനിടെ ഫിയൊക്ക് ഡോക്ടറിചര്‍ച്ചക്ക് വിളിച്ചെങ്കിലും, ഡോക്ടറി നെ ഞാന്‍ നേരിട്ട് കണ്ടിട്ടാണ് പറയുന്നത്… അവര്‍ക്ക് നടക്കാന്‍ ഒട്ടും വയ്യ…
ഞാന്‍ അവിടെ കണ്ടത് വലിയ ഒരു തീയറ്റര്‍ മുതലാളിയെ അല്ല… വളരെ സാധാരണ ജീവിതം നയിക്കുന്ന ഒരു പാവം സ്ത്രീയെ ആണ്… കഴിയുമെങ്കില്‍ അവരെ സഹായിക്കു…
ഈ ആരോഗ്യവസ്ഥയില്‍ അവരെ ചര്‍ച്ചക്ക് വിളിച്ചു കഷ്ടപ്പെടുത്താതെ , ഒരു ശാശ്വത പരിഹാരമുണ്ടാക്കുന്നതല്ലേ ശരി….
ചര്‍ച്ചക്ക് വരാത്തത് അഹങ്കാരം കൊണ്ടല്ല, ആരോഗ്യം തീരെയില്ലാത്തത് കൊണ്ടാണ്…
എന്തിനാണ് ഒരു വിധവയെ ദ്രോഹിക്കുന്നത്…
അത് പോലും ചിലര്‍ മറ്റൊരു തരത്തില്‍ പ്രൊപഗാണ്ട നടത്തുന്നു എന്നാണ് ഡോക്ടറു ടെ സംസാരത്തില്‍ നിന്ന് മനസ്സിലായത്…അത് കൊണ്ടാണ് അവരുടെ ആരോഗ്യ പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ ഞാന്‍ ഫോട്ടോ എടുത്തിടുന്നതും…
പ്രീയരെ ഒരു സാധു സ്ത്രീയെ എന്നാല്‍ കഴിയുന്ന പോലെ പിന്തുണക്കണം എന്നു മാത്രമെ ഞാനും കരുതിയുള്ളു…. നിങ്ങള്‍ ഡോക്ടര്‍ ഗിരിജ കെപി ക്കു നല്‍കി വരുന്ന പിന്തുണയും, ഹൃദയം കൊണ്ട് ഓരോരുത്തരുമായി കടപ്പെട്ടിരിക്കുന്നു…
ഡോക്ടര്‍ഗിരിജയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പോസ്റ്റ്, നിങ്ങള്‍ ഓരോരുത്തരും മുന്‍ കൈ എടുത്തു, വലിയ രീതിയില്‍ പ്രചാരം കൊടുത്ത നിങ്ങളുടെ ഓരോരുത്തരുടെയും നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല….
ഒറ്റയാള്‍ പോരാട്ടം നടത്തുന്ന നിരവധി സ്ത്രീകള്‍ ഉണ്ട് സമൂഹത്തില്‍… ഒരാണിനും സഹിക്കേണ്ടത്ത സെക്‌സിയസ്റ്റ് കമന്റ്‌സ് നോട്ടങ്ങള്‍,വൃത്തികെട്ട അപ്പ്രോചുകള്‍, കുടുംബത്തില്‍ നിന്നും, സുഹൃത്ത് വലയങ്ങളില്‍ പോലും പിന്തിരിപ്പിക്കലും, എല്ലാം കടന്നാണ് ഒരു സ്ത്രീ ഒരു സംരംഭം കെട്ടിപ്പടുത്തുന്നത്…
വെറും ഫേസ്ബുക് സപ്പോര്‍ട്ടില്‍ മാത്രം ഒതുങ്ങാതെ, കഴിയുമെങ്കില്‍ 2/07/23, ഞായറാഴ്ച ഉച്ചക്ക് 2.30 ഓട് കൂടി ഗിരിജ തീയറ്ററില്‍ എത്തുക… സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി ഒരു പ്രത്യേക ഷോ വെച്ചിട്ടുണ്ട്…
ചിത്രം മധുര മനോഹര ഗാനം…
വീണു കിടക്കുന്നവര്‍ക്കാണ് ഒരു കൈ സഹായം നല്‍കേണ്ടത്…
ടിക്കറ്റ് എടുക്കാന്‍ +91 94957 78884 എന്ന നമ്പറില്‍ ഗൂഗിള്‍പേ ചെയ്യുമല്ലോ…
ഏതു ഇസത്തേക്കാള്‍ വലുതാണ് മനുഷ്യത്വം…. എനിക്കും മനുഷ്യത്തില്‍ മാത്രേ വിശ്വാസമുള്ളൂ…. വീണു കിടക്കുന്നവര്‍ ആരായാലും നമുക്കൊരു സപ്പോര്‍ട്ട് കൊടുക്കാം…
നന്ദിയുണ്ട് മനുഷ്യത്വം ഉള്ള എല്ലാവരോടും.