സംസ്ഥാനത്ത് ഗതാഗത വകുപ്പ് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി ലേണേഴ്സ് ലൈസന്‍സ് നല്‍കുന്നത് വെട്ടിചുരുക്കി. ഒരു ദിവസം പരമാവധി മുപ്പത് ലേണേഴ്സ് ലൈസന്‍സുകള്‍ മാത്രമേ ഇനി ആര്‍ടിഓഫീസുകള്‍ വഴി അനുവദിക്കാന്‍ കഴിയുള്ളൂ. മെയ് ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. സംസ്ഥാനത്ത് പുതിയ ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി.
എന്നാല്‍ പുതിയ തീരുമാനം ലൈസന്‍സ് എടുക്കാന്‍ കാത്തിരിക്കുന്ന അപേക്ഷകര്‍ക്ക് വലിയ തിരിച്ചടിയാവും. ഇതോടെ ലൈസന്‍സ് ലഭിക്കാനുള്ള കാലയളവ് ഉള്‍പ്പെടെ നീളുമെന്നാണ് അപേക്ഷകര്‍ പറയുന്നത്. പുതിയ സാഹചര്യത്തില്‍ ലൈസന്‍സിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നാണ് പല അപേക്ഷകരും പറയുന്നത്. ഇന്ത്യയില്‍ ഏത് സംസ്ഥാനത്ത് നിന്നും ലൈസന്‍സ് എടുക്കാനുള്ള അനുമതി ഉണ്ടെന്നിരിക്കെ ആളുകള്‍ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് പോകുമോ എന്നാണ് ഡ്രൈവിംഗ് സ്‌കൂളുകാരുടെ ആശങ്ക.
നേരത്തെ തന്നെ മെയ് ഒന്ന് മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകളും പുറത്തുവന്നിരുന്നു. കാര്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘എച്ച്’ ഒഴിവാക്കിയതാണ് ഇതിലെ ശ്രദ്ധേയമായ മാറ്റം. ഇതിന് പകരം പാര്‍ക്കിങ് ടെസ്റ്റ്, സിഗ്സാഗ് ഡ്രൈവിംഗ് എന്നിവ നടത്തേണ്ടി വരും. കൂടാതെ ഗിയറുള്ള കാറില്‍ തന്നെയാകണം പരിശോധന നടത്തേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.
ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഡ്രൈവിംഗ് സ്‌കൂളുകള്‍ കൊണ്ടുവരുന്ന കാറുകള്‍ക്ക് ഡാഷ് ക്യാമറ നിര്‍ബന്ധമാകും. ടെസ്റ്റും ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യണം. ലൈസന്‍സ് ടെസ്റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാങ്ങി വീഡിയോ സേവ് ചെയ്ത് സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന രീതിയെ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ മുന്‍പ് നിശിതമായി വിമര്‍ശിച്ചിരുന്നു. ‘ആറ് മിനുറ്റ് കൊണ്ടാണ് ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുന്നത്. ഈ ആറ് മിനുറ്റ് കൊണ്ട് നല്‍കുന്നത് ഡ്രൈവിംഗ് ലൈസന്‍സ് അല്ല, ആളുകളെ കൊല്ലാനുള്ള ലൈസന്‍സാണ്. ഡ്രൈവിംഗ് സ്‌കൂളുകള്‍ ഉള്‍പ്പെടെ പലരും കള്ളക്കളിയാണ് കളിക്കുന്നത്. ലൈസന്‍സ് നല്‍കുന്നതില്‍ കള്ളക്കളിയുണ്ട്’ എന്നായിരുന്നു ഗണേഷിന്റെ ആരോപണം.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിക്കുമെന്ന് കെബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റ ഉടന്‍ പ്രഖ്യാപിച്ച കാര്യമായിരുന്നു. ഇതിനായി 10 അംഗ സമിതിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ചാണ് ഇപ്പോള്‍ പരിഷ്‌കാരങ്ങള്‍ കൊണ്ട് വരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അപേക്ഷകരും ഡ്രൈവിംഗ് സ്‌കൂളുകളും ഉന്നയിക്കുണ്ടെങ്കിലും പിന്നോട്ടില്ലെന്നാണ് ഏറ്റവും പുതിയ ഉത്തരവിലൂടെയും വ്യക്തമാവുന്നത്.
മാസങ്ങളായി മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്, ലൈസന്‍സ് വിതരണം അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കും. ആര്‍സി ബുക്ക്, ലൈസന്‍സ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്റിംഗ് നിര്‍ത്തിവച്ചതാണ് വിതരണം മുടങ്ങാന്‍ കാരണമായത്. ലക്ഷക്കണക്കിന് പേരാണ് ആര്‍സി ബുക്കോ ലൈസന്‍സോ കിട്ടാതെ വലഞ്ഞത്. വിതരണത്തിനായി ഇതുവരെ 25,000 രേഖകള്‍ അച്ചടിച്ചു കഴിഞ്ഞതായാണ് വിവരം.
കോടിക്കണക്കിന് രൂപയുടെ കുടിശിക വന്നതിനെ തുടര്‍ന്നാണ് കരാറുകാരന്‍ ആര്‍സി ബുക്ക്, ലൈസന്‍സ് അച്ചടി നിര്‍ത്തിവച്ചത്. കരാറുകാര്‍ക്ക് ഒമ്പത് കോടി നല്‍കാന്‍ ധനവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കിയതോടെയാണ് പ്രശ്‌നപരിഹാരമായത്. മൂന്ന് ലക്ഷം രേഖകള്‍ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ചാലുടന്‍ അച്ചടി ആരംഭിക്കുമെന്നും കരാറുകാര്‍ പറഞ്ഞിട്ടുണ്ട്. രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. പോസ്റ്റല്‍ വഴിയുള്ള വിതരണത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
………..
അതേസമയം,
ലേണേഴ്‌സ് പരീക്ഷയിലും സമഗ്രമാറ്റത്തിനൊരുങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. എന്നാല്‍ ഇനി ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30ആക്കി ഉയര്‍ത്താനാണ് നീക്കം. ഈ 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാല്‍ മാത്രമേ ലേണേഴ്‌സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി.
വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനം ഇതിനായി വിനിയോഗിക്കും. പരിശീലന കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും. ദേശീയ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്‌മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതും പരിഗണിക്കും.
കൂടുതല്‍ സമയം കൃത്യതയോടെയുള്ള പരിശീലനം നല്‍കി ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറയുന്നു. സാധാരണക്കാര്‍ക്ക് ഇപ്പോള്‍ വഹിക്കേണ്ടി വരുന്നതിനേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ പരിശീലനം പൂര്‍ത്തിയാക്കുവാന്‍ ഉപയുക്തമാകുന്ന നിലയില്‍ കെഎസ്ആര്‍ടിസിയുടെ ചുമതലയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.