ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി പാളയത്തില്‍ ചര്‍ച്ചകള്‍ സജീവം. നേതാക്കള്‍ക്കൊപ്പം നേതാക്കള്‍ക്കൊപ്പം വിവിധമേഖലകളിലെ പ്രമുഖരെ കളത്തിലിറക്കാനാണ് ബിജെപിയുടെ ശ്രമം. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് ഈ വര്‍ഷം രണ്ട് പ്രാവശ്യമാണ് മോദി കേരളം സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ കേരളത്തില്‍ ബിജെപിയിലേക്ക് അണികളുടെ ഒഴുക്കും വര്‍ദ്ധിച്ചിരിക്കുകയാണ്.
ഈ അണികളെ ഒപ്പം നിര്‍ത്താന്‍ സിനിമ-സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പാരമ്പര്യമായ വോട്ടുകള്‍ക്ക് അപ്പുറം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശേഷിയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാനാണ് പാര്‍ട്ടിയുടെയും തന്ത്രം. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നടന്‍ സുരേഷ്‌ഗോപി. സുരേഷ് ഗോപി വലിയ സ്വീകാര്യത നേടിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പരീക്ഷണം പാര്‍ട്ടി നടത്തുന്നത്.
രാജ്യസഭാംഗംകൂടിയായ ഒളിമ്പ്യന്‍ പി.ടി. ഉഷയാണ് പരിഗണിക്കുന്നവരില്‍ പ്രധാനി. ദേശീയനേതൃത്വവും ഉഷയും സമ്മതം മൂളിയാല്‍ കോഴിക്കോട്ടാവും അവര്‍ മത്സരിക്കുക. ജില്ലയുടെ പ്രഭാരി ചുമതലയുള്ള ശോഭാ സുരേന്ദ്രനെയാണ് ഇവിടെ പരിഗണിച്ചിരുന്നത്. ഉഷ സ്ഥാനാര്‍ഥിയായെത്തിയാല്‍ പാര്‍ട്ടിക്കപ്പുറത്തുനിന്ന് വോട്ട് ആകര്‍ഷിക്കാനാവുമെന്നാണ് വിലയിരുത്തല്‍. തൃശൂരില്‍ നടന്ന മഹിള സമ്മേളനത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ എംപി പങ്കെടുക്കുകയും ചെയ്തിരുന്നു. പിടി ഉഷയില്ലെങ്കില്‍ പരിഗണിക്കുന്നവരില്‍ ബിജെപിയിലെ തന്നെ പ്രമുഖ നേതാക്കളായ പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളുണ്ട്. കുമ്മനം രാജശേഖരന്‍, പി.സി. ജോര്‍ജ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
സിനിമ-സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളില്‍ നിന്നുള്ള നിരവധി പേരുകള്‍ നേതൃത്വം പരിഗണിക്കുന്നുണ്ട്. ഗായിക കെ.എസ്. ചിത്രയുടെ പേരും ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ പറയുന്നുണ്ട്. അതിനൊടൊപ്പം സിനിമ താരമായ ഉണ്ണി മുകുന്ദന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തയ്‌ക്കെതിരെ ഉണ്ണിയുടെ മാനേജര്‍ വിപിന്‍ രംഗത്ത് വന്നിരുന്നു.
ഇത്തരം വാര്‍ത്തകളെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും, സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി തല്‍ക്കാലം ആലോചിക്കുന്നതെന്നും മറ്റൊന്നിനും താല്‍പര്യമില്ലെന്നും വിപിന്‍ പറഞ്ഞു. നടന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ലെന്നും മാനേജര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെയും ഉണ്ണി മുകുന്ദന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
കാരണം ബി ജെ പി അനുകൂല നിലപാടുകള്‍ പങ്കുവെയ്ക്കാറുള്ള നടനാണ് ഉണ്ണി. ബി ജെ പി വേദികളിലെല്ലാം താരം ഭാഗമാകുകയും ചെയ്തിട്ടുണ്ട്. മാളികപ്പുറം എന്ന സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെയാണ് നടനെ പത്തനംതിട്ടയില്‍ ബി ജെ പി ആലോചിക്കുന്നതെന്നുള്ള വാര്‍ത്തകള്‍ സജീവമായതും. ഈ കഥാപാത്രത്തിലൂടെ ഹിന്ദുക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാന്‍ ഉണ്ണിയെ സഹായിച്ചെന്നും നടന്‍ മത്സരിച്ചാല്‍ അട്ടിമറി വിജയം ഉണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു ബിജെപിയുടെയും കണക്കുകൂട്ടല്‍. നടനായ കൃഷ്ണകുമാറിനെയാണ് പ്രധാനമായും ബിജെപി തിരുവനന്തപുരത്ത് പരിഗണിക്കുന്നതെന്നാണ് സൂചന.
ക്രിസ്ത്യന്‍ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സഭയ്ക്കുകൂടി സ്വീകാര്യരായവരെ കണ്ടെത്താനാണ് ശ്രമം. ആലപ്പുഴ തുഷാര്‍ വെള്ളാപ്പള്ളിക്ക് നല്‍കി പകരം വയനാട് ഏറ്റെടുക്കാനാണ് ധാരണ. അങ്ങനെയെങ്കില്‍ ദേശീയഭാരവാഹികളായ എ.പി. അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി എന്നിവരില്‍ ആരെയെങ്കിലും പരിഗണിച്ചേക്കും.
ദേശീയനേതൃത്വം നടത്തിയ സര്‍വേയില്‍ കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ സ്വീകാര്യതയുണ്ടെന്ന് കണ്ടെത്തിയതായി ബി.ജെ.പി. നേതാക്കള്‍ പറയുന്നു. 30 ശതമാനം വോട്ടാണ് കേരളത്തില്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്. അയോധ്യാ വിഷയത്തില്‍ കേരളത്തില്‍ നേരത്തേയുണ്ടായിരുന്ന എതിര്‍പ്പ്, ശ്രീരാമക്ഷേത്രം നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ പലരുടെയും മനോഭാവം ഇല്ലാതാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ. പദയാത്രയോടെ സംസ്ഥാനത്ത് ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്കും കടന്നു. കേന്ദ്രമന്ത്രിമാരും ദേശീയനേതാക്കളും എല്ലാ മണ്ഡലത്തിലുമെത്തും. ഈ പദയാത്രയോടെ വളരെ പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബി ജെ പിയുടെ പ്രതീക്ഷയും.
ഗവര്‍ണര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല, പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നു: മുഖ്യമന്ത്രി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രത്യേകമായ രീതിയില്‍ കാര്യങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ക്ക് എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് നേരെ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നേക്കാം. തനിക്കെതിരേയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ പ്രതിഷേധക്കാരെ പോലീസ് എന്താണ് ചെയ്യുന്നതെന്ന് അവിടെയിറങ്ങി പരിശോധിക്കുന്ന ഒരു അധികാരിയെ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ആ നടപടികള്‍ താന്‍ പറയുന്നത് പോലെ സ്വീകരിക്കണമെന്ന് പറയുന്നവരെ നാം കണ്ടിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഗവര്‍ണറുടെ സുരക്ഷ സി.ആര്‍.പി.എഫിന് കൈമാറിയത് വളരെ വിചിത്രമായ കാര്യമാണ്. ഈ സ്റ്റേറ്റിന്റെ തലവനാണ് അദ്ദേഹം. ആ നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് അദ്ദേഹം ഇരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ തന്നെ ചിലര്‍ക്ക് കേന്ദ്രസുരക്ഷയുണ്ട്. കൊടുങ്ങല്ലൂരിലെ സുന്ദരന്‍ ഗോവിന്ദന്‍, ആലുവയിലെ സുജിത്ത്, ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രന്‍, കൊടുങ്ങല്ലൂരിലെ സജീവന്‍. ഇവരെല്ലാം ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. ആ പട്ടികയില്‍ നിലവില്‍ ആരിഫ് മുഹമ്മദ് ഖാനും ഉള്‍പ്പെട്ടിരിക്കുന്നു.
‘ഇതുകൊണ്ട് എന്താണ് പ്രത്യേക മേന്മ കിട്ടുന്നതെന്ന് എനിക്ക് അറിയില്ല. എന്താ സി.ആര്‍.പി. നേരിട്ട് ഭരിക്കുമോ. കേരളം കാണാത്ത കാര്യമല്ലല്ലോ സി.ആര്‍.പി. ഇവര്‍ക്ക് നേരിട്ട് കേസെടുക്കാന്‍ പറ്റുമോ. അവര്‍ക്ക് നേരിട്ട് ഇറങ്ങി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പറ്റുമോ. ഗവര്‍ണറുടെ സുരക്ഷയ്ക്ക് ഇതുവരെ എന്തെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടോ സംസ്ഥാനത്ത്. അദ്ദേഹം ആഗ്രഹിക്കുന്ന രീതിയില്‍ സി.ആര്‍.പിക്ക് ഇറങ്ങി ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ. നമ്മുടെ നാട്ടില്‍ എഴുതപ്പെട്ട നിയമവ്യവസ്ഥയില്ലേ’, മുഖ്യമന്ത്രി ചോദിച്ചു.
ഏതേ അധികാര സ്ഥാനവും വലുതല്ല. നിയമത്തിനാണ് പരമാധികാരം. അത് മനസ്സിലാക്കാന്‍ സാധിക്കണം. അത് ഇല്ലാത്ത നിര്‍ഭാഗ്യകരമായ നിലപാടാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ സ്വയം വിവേകം കാണിക്കുന്നതിനാണ് പ്രധാനം. അത് നമ്മള്‍ അനുഭവങ്ങളിലൂടെ അര്‍ജിക്കേണ്ട കാര്യമാണ്. അതിന് ഗവര്‍ണര്‍ക്ക് സാധിച്ചില്ലല്ലോ എന്നാണ് അദ്ദേഹത്തിന്റെ ദീര്‍ഘമായ ജീവിതകാലയളവിനെക്കുറിച്ച് തനിക്ക് തോന്നുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ വിവേകവും പക്വതയും കാണിക്കണമെന്നാണ് നാം കരുതുന്നത്. പക്ഷ, ഇവയില്‍ ചിലതില്‍ കുറവുണ്ടായിട്ടുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം.
നവകേരള സൃഷ്ടിക്കായുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രധാന വിലങ്ങുതടിയാകുന്നത് കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളാണ്. തനത് നികുതി വരുമാനത്തിലും ആഭ്യന്തര ഉത്പാദനത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനത്തിനായി. എന്നിട്ടും കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളുടെ ഭാഗമായുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ട പ്രതിപക്ഷം ജനവിരുദ്ധ പക്ഷത്ത് നിന്നുകൊണ്ട് സര്‍ക്കാറിനെ കടന്നാക്രമിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കേണ്ട നികുതി 50 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം പരിഗണിച്ചില്ല.
കേന്ദ്രവിഹിതം നാമമാത്രമാണ്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ ബ്രാന്‍ഡിങ് നിര്‍ബന്ധം എന്നാണ് അവസ്ഥ. ലൈഫ് പദ്ധതിയില്‍ ഭൂരിഭാഗം ഗുണഭോക്താക്കള്‍ക്ക തുക് പൂര്‍ണമായും നല്‍കുന്നതും കേന്ദ്രം ധനസഹായമുള്ള ചുരുക്കം വീടുകളില്‍ തുകയുടെ സിംഹഭാഗം ചിലവഴിക്കുന്നതും സംസ്ഥാന സര്‍ക്കാറാണ്. എന്നാല്‍, ലൈഫ് മിഷന്‍ പദ്ധതിക്കുകീഴില്‍ വീടുകള്‍ നിര്‍മിക്കുന്നതിന് കേരളത്തിന് കേന്ദ്ര പി.എം.എ.വൈ പദ്ധതിയുടെ കീഴില്‍ ലഭിക്കുന്ന നാമമാത്രമായ തുക ചൂണ്ടിക്കാട്ടി ബ്രാന്‍ഡിങ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുന്നു. ഇത്തരം നടപടികള്‍ വീട്ടുടമസ്ഥന്റേയും കുടുംബത്തിന്റേയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. അത്തരത്തിലുള്ള ഒരു ലേബലിങ്ങും കേരളത്തില്‍ നടക്കില്ല. ആര് നിര്‍ബന്ധിച്ചാലും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വഴങ്ങുകയുമില്ല.
ജനാധിപത്യ സംവിധാനത്തെ അര്‍ഥവത്താക്കുന്ന അനുഭമായിരുന്നു നവകേരള സദസ്സ്. സംഘാടകരുടെ പ്രതീക്ഷകളെ പോലും അപ്രസക്തമാക്കി വലിയ ജനാവലിയാണ് ഓരോ വേദിയിലും പങ്കാളികളായത്. മന്ത്രിസഭ ഒന്നടങ്കം സംസ്ഥാനമാകെ സഞ്ചരിച്ച് ജനങ്ങളുമായി നേരിട്ട് സംസാരിച്ചു. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ചൂണ്ടിക്കാണിക്കാനാവില്ല. വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളോട് വിശദീകരിച്ചു. കൂടാതെ, ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് നവകേരളത്തിനായുള്ള പുതിയ മാര്‍ഗം കണ്ടെത്തുന്നതുകൂടി യാത്രയുടെ ലക്ഷ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്മശ്രീ ബൊപ്പണ്ണ ചരിതം; 43-ാം വയസില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം
ടെന്നീസിലെ ലോകറെക്കോഡിനും പദ്മശ്രീ നേട്ടത്തിനും പിന്നാലെ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും. ശനിയാഴ്ച നടന്ന പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സൈമണ്‍ ബൊലെലി – ആന്ദ്രേ വാവസ്സോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (76 (70), 75) കീഴടക്കിയായിരുന്നു ബൊപ്പണ്ണയുടെയും പങ്കാളി ഓസ്ട്രേലിയയുടെ മാത്യു എബ്ദെന്റെയും കിരീട നേട്ടം.
ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടവും ആദ്യ പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരം കൂടിയാണ് ബൊപ്പണ്ണ. മിക്സഡ് ഡബിള്‍സിലായിരുന്നു കിരീട നേട്ടം. 2017-ല്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണിലായിരുന്നു കിരീട നേട്ടം.
രണ്ടു സെറ്റിലും കടുത്ത പോരാട്ടമാണ് ഇറ്റാലിയന്‍ സഖ്യത്തില്‍ നിന്ന് രോഹന്‍ ബൊപ്പണ്ണ – മാത്യു എബ്ദെന്‍ സഖ്യത്തിന് നേരിടേണ്ടിവന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിലാണ് ബൊപ്പണ്ണ – എബ്ദെന്‍ സഖ്യം സ്വന്തമാക്കിയത്. രണ്ടാം സെറ്റ് കടുത്ത പോരാട്ടത്തിനൊടുവിലും സ്വന്തമാക്കി. ഒരു മണിക്കൂറും 39 മിനിറ്റുമാണ് മത്സരം നീണ്ടത്.
പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. ലിയാണ്ടര്‍ പെയ്‌സും മഹേഷ് ഭൂപതിയും ഇതിനു മുമ്പ് ഗ്രാന്‍സ്ലാം കിരീടം കിരീടം നേടിയ ഇന്ത്യക്കാര്‍. സാനിയ മിര്‍സയ്ക്കും ഡബിള്‍സ് കിരീടമുണ്ട്.
നേരത്തേ ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ചരിത്ര നേട്ടവും ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സെമിയില്‍ പ്രവേശിച്ചതോടെയാണ് 43-കാരനായ ബൊപ്പണ്ണ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അടുത്തയാഴ്ച റാങ്കിങ് പുതുക്കുന്നതോടുകൂടി പുരുഷ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തും. ഇതോടെ ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ ഒന്നാം റാങ്കുകാരനെന്ന നേട്ടം ഈ 43-കാരനെ കാത്തിരിക്കുകയാണ്.
റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് അമേരിക്കയുടെ രാജീവ് റാമിന്റെ പേരിലായിരുന്നു. 2022 ഒക്ടോബറില്‍ തന്റെ 38-ാം വയസിലാണ് രാജീവ് തന്റെ കരിയറില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്. അടുത്തയാഴ്ച രാജീവിന്റെ ഈ റെക്കോഡ് ബൊപ്പണ്ണയ്ക്കു മുന്നില്‍ വഴിമാറും.