കേരള ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് വൈകീട്ട് 6 മണിക്ക് അവസാനിക്കും. ഓരോ വോട്ടും പെട്ടിയിലാക്കാനുള്ള തീവ്രപ്രചാരണമാണ് അവസാന മിനിറ്റിലും മുന്നണികള്‍ നടത്തുന്നത്. വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴ് മുതല്‍ ആറ് വരെയാണ്.
എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.
തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്‌സിറ്റ് പോള്‍ മുതലായവ) അനുവദിക്കില്ല. ചട്ടം ലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂര്‍ കഴിയും വരെയാണ് എക്‌സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പൊലീസിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെയും കര്‍ശന പരിശോധ തുടരും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പനക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ പൊലീസിന്റെയും സുരക്ഷാവിഭാഗങ്ങളുടെയും കര്‍ശന നിരീക്ഷണത്തിലായിരിക്കും. എല്ലാതരം വാഹനങ്ങളും പരിശോധിക്കപ്പെടും. മണ്ഡലത്തിന് പുറത്ത് നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടു നടക്കുന്നതിനുള്ള നിരോധനം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നത് വരെ തുടരുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ല്‍ 19 സീറ്റിലും യുഡിഎഫിനായിരുന്നു വിജയം. ഇത്തവണ പല അട്ടിമറികളും ഉണ്ടായേക്കുമെന്നുള്ള പ്രവചനങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തവണ 20 ല്‍ 20 ഉം നേടുമെന്നാണ് യുഡിഎഫ് അവകാശവാദം. അതേസമയം കഴിഞ്ഞ തവണ കൈവിട്ട തങ്ങളുടെ കോട്ടകള്‍ അടക്കം തിരിച്ചുപിടിക്കുമെന്നും മറുപടി നല്‍കുമെന്നും എല്‍ഡിഎഫ് അവകാശപ്പെടുന്നു.
പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് കേരളമടക്കം പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കുകയാണ്. മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടെടുപ്പിന് കേരളത്തിലെ പോളിംഗ് ബൂത്തുകളെല്ലാം സജ്ജമാണ് എന്ന് അറിയിച്ചിരിക്കുകയാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. എല്ലാ വോട്ടര്‍മാരും പോളിംഗ് ബൂത്തിലേക്ക് എത്തണം എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്താകെ 25229 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ ഉത്സവമാണ് എന്നും ചൂടിനെ പ്രതിരോധിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട് എന്നും സഞ്ജയ് കൗള്‍ കൂട്ടിച്ചേര്‍ത്തു. ‘ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മഴ പെയ്താലും വോട്ടര്‍മാര്‍ ബുദ്ധിമുട്ടേണ്ടി വരില്ല,’ സഞ്ജയ് കൗള്‍ പറഞ്ഞു.
ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ പോളിംഗ് ബൂത്തില്‍ ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വഴി വോട്ട് ചെയ്യാം. വോട്ട് ചെയ്ത് എല്ലാവരും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തണം എന്നും സഞ്ജയ് കൗള്‍ പറഞ്ഞു.
വോട്ടര്‍ ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എം. എന്‍. ആര്‍. ഇ. ജി. എ. തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്), ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍, തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ് എന്നിവ വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് ആയി ഉപയോഗിക്കാം.
ഇത് കൂടാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ, കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡി കാര്‍ഡ്, പാര്‍ലമെന്റ്‌റ് അംഗങ്ങള്‍ / നിയമസഭകളിലെ അംഗങ്ങള്‍ / ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു ഡി ഐ ഡി കാര്‍ഡ്) എന്നിവയും ഉപയോഗിക്കാം.
നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി; യെമനില്‍ എത്തി, പ്രേമകുമാരി മകളെ കാണുന്നത് 11 വര്‍ഷത്തിന് ശേഷം
യെമനിലെ ജയിലില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാന്‍ നിമിഷ പ്രിയയുടെ അമ്മയ്ക്ക് അനുമതി ലഭിച്ചു. യെമനിലെ സനയില്‍ എത്തിയ പ്രേമ കുമാരിയോടും സഹായി സാമുവല്‍ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താനാണ് നിര്‍ദ്ദേശം. 11 വര്‍ഷത്തിന് ശേഷമാണ് പ്രേമ കുമാരി നിമിഷയെ കാണുന്നത്.
ശനിയാഴ്ചയാണ് പ്രേമ കുമാരിയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമനിലെ ബിസിനസ്സുകാരനുമായ സാമുവേല്‍ ജെറോമും കൊച്ചിയില്‍ നിന്ന് യെമെന്‍ തലസ്ഥാനമായ എയ്ഡനിലേക്ക് വിമാനം കയറിയത്. ഹൂതികള്‍ക്ക് മുന്‍തൂക്കമുള്ള സനയിലാണ് നിമിഷ പ്രിയ ജയില്‍ കഴിയുന്നത്.. അവിടേക്ക് പോകാനുള്ള അനുമതി കിട്ടിയ ശേഷമാണ് പുറപ്പെട്ടത്.
എയ്ഡനില്‍ നിന്ന് റോഡ് മാര്‍ഗം 12 മണിക്കൂര്‍ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ഇരുവരും സനയിലെത്തി. കൊല്ലപ്പെട്ട യെമെന്‍ പൗരത്തിന്റെ കുടുംബത്തെ കാണും. മൂന്ന് മാസത്തെ യെമെന്‍ വിസയാണ് പ്രേമ കുമാരിക്ക് ലഭിച്ചിട്ടുള്ളത്. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് പ്രേമ കുമാരി യെമനില്‍ എത്തിയത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചര്‍ച്ചകളാണ് ആരംഭിക്കേണ്ടത്.
നിമിഷ പ്രിയയെ കാണണം എന്ന പ്രേമ കുമാരിയുടെ ആവശ്യത്തിന് നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നല്‍കിയത്. ഇതോടെയാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്‍കൈയ്യെടുത്ത് വിസ തരപ്പെടുത്തിയത്. കിഴക്കമ്പലത്തെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയാണ് പ്രേമ കുമാരി.
2017 ജൂലൈ 25 ന് യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജസസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വഝ ശിക്ഷയ്ക്ക് വിധിച്ചത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാദ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വെയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.
ക്രൂരമായ പീഡനത്തിന് ഇരയായിരുന്ന നിമിഷ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദ്ദേശ പ്രാകരാമായിരുന്നു അമിത ഡോഡ് മരുന്ന് കുത്തിവെച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്ന് കുത്തി വെയ്ക്കാന്‍ സഹായിച്ച തദ്ദേശിയായ നഴ്‌സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നു.
2ാം ഘട്ട വിധിയെഴുത്തിന് രാജ്യം; മോദി തരംഗത്തില്‍ കണ്ണുവച്ച് ബിജെപി,
രണ്ടാംഘട്ടത്തില്‍ കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ല്‍ 71 ശതമാനം സീറ്റും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ.
88 മണ്ഡലങ്ങളില്‍ 62 ലും ബിജെപി ആയിരുന്നു 2019 ല്‍ വിജയിച്ചിരുന്നത്. രണ്ട് മണ്ഡലങ്ങളില്‍ ബിജെപിയുടെ സഖ്യകക്ഷികളും 18 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചത്. നാല് സീറ്റുകള്‍ സഖ്യകക്ഷികളും ഒന്നില്‍ സിപിഎമ്മും ജയം നേടി. അതാണ് 26ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ ചിത്രം.
കര്‍ണാടകയില്‍ 14 സീറ്റുകളിലാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ബിജെപി മോദി ഫാക്ടര്‍, ലൗജിഹാദ് ചര്‍ച്ച, രാമേശ്വരം സ്‌ഫോടന വിഷയങ്ങളില്‍ വിജയിക്കാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. 2019 ല്‍ ഒരും സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ജയിച്ചത്. 14ല്‍ 7 സീറ്റില്‍ നടക്കുന്നത് കടുത്ത മത്സരമാണ്. ഇത്തവണ സീറ്റുകള്‍ കൂടുമെന്ന് കോണ്‍ഗ്രസ് പറയുന്നു. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വടക്കന്‍ മേഖലയിലെ മൂന്ന് സീറ്റുകളിലും ബിജെപിയായിരുന്നു വിജയിച്ചത്. ഇതില്‍ രണ്ട് സീറ്റില്‍ തൃണമൂലിന് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയുണ്ട്.
അസമില്‍ അഞ്ച് സീറ്റിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപി എല്ലാ സീറ്റിലും കുതിപ്പ് നടത്തുമെന്ന് അവരുടെ കണക്ക് കൂട്ടല്‍. ഛത്തീസ്ഗഡില്‍ മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ മത്സരിക്കുന്ന രജനാന്ദ്ഗാവ് ഉള്‍പ്പെടെയുള്ള മൂന്ന് സീറ്റിലാണ് ഇത്തവണ തെരഞ്ഞെടുപ്പ്. നിയമസഭയിലെ അട്ടിമറി ജയമാണ് ബിജെപിക്ക് ഇവിടെയുള്ള കരുത്ത്. രാജസ്ഥാനിലെ 12 സീറ്റുകളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ മത്സരം നടക്കുന്നു. കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്, അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ട്, സ്പീക്കര്‍ ഓം ബിര്‍ള എന്നിവരെല്ലാം ഈ ഘട്ടത്തില്‍ ആണ് മത്സരിക്കുന്നത്. യുപിയില്‍ 8 സീറ്റിലാണ് തെരഞ്ഞെടുപ്പ്. അരുണ്‍ ഗോവില്‍, ഹേമമാലിനി എന്നിവര്‍ മത്സരിക്കുന്ന ഘട്ടം ഇതാണ്. ആര്‍എല്‍ഡി പിന്തുണ രാമക്ഷേത്രം എന്നിവ എല്ലാ മണ്ഡലങ്ങളിലും തുണക്കുമെന്ന് ബിജെപി കരുതുന്നു. കര്‍ഷക പ്രതിഷേധവും അംറോഹയിലെ ഡാനിഷ് അലിയുടെ സ്ഥാനാര്‍ത്ഥിത്വവുമാണ് ഇന്ത്യ സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നത്.
ബിഹാറില്‍ അഞ്ച് സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു. എന്‍ഡിഎ ഇന്ത്യ സഖ്യം തമ്മില്‍ കനത്ത് പോരാട്ടമാണ് എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത്. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 8 സീറ്റുകളില്‍ ഏഴിലും ബിജെപിയാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ കനത്ത പോരാട്ടത്തെ തുടര്‍ന്ന് പ്രവചനാതീതം ആണ് ഇവിടെയുള്ള സാഹചര്യം. നന്ദേഡ്, അമരാവതി സീറ്റുകളാണ് മത്സരം കൊണ്ട് ശ്രദ്ധേയം.