എം.ടി. വാസുദേവന്‍ നായര്‍ വിമര്‍ശിച്ചത് കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉദ്ദേശിച്ചാണെന്ന് ആവര്‍ത്തിച്ച് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. വളരെ പ്രായമായിട്ടുപോലും സാഹിത്യരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന എം.ടിയെപോലുള്ള അതികായനെ വേണ്ടാത്തവിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഇ.പി. ജയരാജന്‍ അഭ്യര്‍ഥിച്ചു.
‘പ്രസംഗം മുഴുവനായിട്ടും കേട്ടു. കേന്ദ്ര സര്‍ക്കാരിനെതിരായിട്ടാണ് എനിക്ക് തോന്നിയത്. ഫാസിസ്റ്റ് ഭീകരതയും ജനാധിപത്യ നിഷേധവും പാര്‍ലമെന്റ് ആക്രമണവും ആര്‍എസ്എസ് സംഘപരിവാര്‍ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കുമൊക്കെ എതിരായിട്ടാണ് എം.ടിയുടെ പ്രസംഗം എന്നാണ് എനിക്ക് തോന്നിയത്’, ഇ.പി. ജയരാജന്‍പറഞ്ഞു.
രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ കാണുമ്പോള്‍ സ്വാഭാവികമായും സാഹിത്യകാരന്മാരും സാംസ്‌കാരിക നായകരും രാഷ്ട്രീയക്കാരുമൊക്കെ ഫാസിസ്റ്റ് പ്രവണതക്കെതിരേ പ്രതികരിക്കുമെന്നും അവരില്‍ വികാരങ്ങളുണ്ടാകുമെന്നും ഇ.പി. കൂട്ടിച്ചേര്‍ത്തു. എം.ടി. തന്നെ കാര്യങ്ങളൊക്കെ വ്യക്തമാക്കിയിട്ടുണ്ടെന്നും അത് വിവാദത്തിലേക്ക് പോകേണ്ടകാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേതൃപൂജയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് സി.പി.എം. ആണ്. അതിനെ എല്ലാകാലങ്ങളിലും സി.പി.എം. എതിര്‍ത്തിട്ടുണ്ട്. നേതൃപൂജ അംഗീകരിച്ചിട്ടില്ല. എന്നാല്‍, സമൂഹത്തില്‍ വ്യക്തികള്‍ക്കുള്ള പ്രത്യേകതകള്‍ ആരും നിഷേധിക്കുന്നില്ല. പലരംഗത്തും വ്യക്തിഗതമായി പ്രാപ്തിയും കഴിവുമുള്ള ഒട്ടനവധി പ്രതിഭകളുണ്ട്. അത്തരം ആളുകളുടെ കഴിവിനെ ആരെങ്കിലും നിഷേധിക്കുന്നുണ്ടോ? എം.ടി. സാഹിത്യരംഗത്തെ ഒരു അതികായനാണ്. രാഷ്ട്രീയ രംഗത്ത് ഒട്ടനവധി നേതാക്കളുണ്ട്. അതിനെ ആളുകള്‍ ബഹുമാനിക്കും, ആദരിക്കും സ്‌നേഹിക്കും, ഇ.പി, പറഞ്ഞു.
മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് എം.ടി. കേരളത്തെയോ മുഖ്യമന്ത്രിയേയോ ആക്ഷേപിക്കാനുള്ള യാതൊരു സാഹചര്യവും കാണുന്നില്ലെന്ന് പറഞ്ഞ ഇ.പി., ഇടതുപക്ഷവിരോധികളാണ് എം.ടിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ വേദിയിരുത്തിക്കൊണ്ട് അദ്ദേഹം കേരളത്തെയോ മുഖ്യമന്ത്രിയേയോ ആക്ഷേപിക്കാനുള്ള ഒരു സാഹചര്യവും കാണുന്നില്ല. ഇടതുപക്ഷവിരോധികള്‍, സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍, മുഖ്യമന്ത്രിയെ ആക്ഷേപിക്കാന്‍ നടക്കുന്ന കുറേ ആളുകള്‍ ഉണ്ട്. ഏതിനേയും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ തിരിച്ചുവിടാനുള്ള നിലപാടിന്റെ ഭാഗമായിട്ടാണ് എം.ടിയുടെ പ്രസംഗം വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും ഇ.പി. പറഞ്ഞു.
സ്തുതിഗീതം പാടുന്നവര്‍ എം.ടിയെ കേള്‍ക്കണമെന്ന് വിമര്‍ശനം; ചര്‍ച്ചകൊഴുക്കുന്നു, പ്രതിരോധം തീര്‍ക്കാന്‍ സിപിഎം
മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെ എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനം ഏറ്റെടുത്ത് പ്രതിപക്ഷനേതാക്കളും സാംസ്‌കാരികനായകരും. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഏതിരേയാണ് എം.ടിയുടെ വിമര്‍ശനമെന്ന് പ്രതിപക്ഷമടക്കം ഊന്നിപ്പറയുമ്പോഴും എം.ടിയുടെ പരാമര്‍ശം കേന്ദ്ര സര്‍ക്കാരിനെതിരെയാണെന്ന മറുപടിയില്‍ പ്രതിരോധം തീര്‍ക്കുകയാണ് സി.പി.എം. സര്‍ക്കാരിനെതിരേ ഉയരുന്ന വിഷയങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്ന പല ഇടതുപക്ഷ പ്രൊഫൈലുകളും എം.ടി. വിഷയത്തില്‍ മൗനം തുടരുകയാണ്.
എം.ടി. വാസുദേവന്‍ നായരുടെ പ്രസംഗം മോദിക്കെതിരേയാണെന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രതികരണമാണ് സിപിഎമ്മില്‍നിന്ന് ആദ്യമുണ്ടായ ഔദ്യോഗിക പ്രതികരണം. കേന്ദ്രസര്‍ക്കാരിനെതിരേയുള്ള കുന്തമുനയാണ് എം.ടി.യുടെ പ്രസംഗമെന്നും ഇടത് വിരുദ്ധതയുള്ളവര്‍ അത് സി.പി.എമ്മിന് എതിരേയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എം.ടി.യുടെ പ്രസംഗം മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പിന്നീട് മന്ത്രി സജി ചെറിയാനും രംഗത്തെത്തി. പിണറായിയെ ഉദ്ദേശിച്ചല്ല വിമര്‍ശനമെന്ന് എം.ടി.തന്നെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. അത്തരത്തില്‍ ഉദ്ദേശിക്കേണ്ട കാര്യവും എം.ടിയ്ക്ക് ഇല്ല. കേരളത്തിന്റെ മഖ്യമന്ത്രി പിണറായി വിജയന്‍ ജനനേതാവാണ്. എം.ടി. പ്രസംഗത്തില്‍ ഒരു പരാമര്‍ശം നടത്തി. അത് ആരെപ്പറ്റിയായി വേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും എടുക്കാം. ഇഎംസും അങ്ങനെ ആയിരുന്നില്ല, പിണറായി വിജയനും അങ്ങനെ ആയിരുന്നില്ലെന്നായിരുന്നു സജിചെറിയാന്റെ പ്രതികരണം.
എന്നാല്‍, എം.ടിയുടെ വിമര്‍ശനങ്ങള്‍ കൃത്യവും വ്യക്തവും ആയിരുന്നെന്നും അത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനെതിരേയുമാണെന്നും വ്യക്തമാക്കിക്കൊണ്ട് എഴുത്തുകാരന്‍ എന്‍.ഇ. സുധീര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി. വിമര്‍ശിക്കുകയായിരുന്നില്ലെന്നും ചില യാഥാര്‍ഥ്യങ്ങളാണ് പറഞ്ഞതെന്നും എം.ടി. തന്നോട് പറഞ്ഞതായി എന്‍.ഇ. സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിമര്‍ശനം ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലതെന്ന് എം.ടി. വ്യക്തമാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.
എം.ടി. പറഞ്ഞത് മൂര്‍ച്ചയേറിയ വാക്കുകളാണെന്നും ഒരു കാരണവശാലും അത് ബധിര കര്‍ണത്തില്‍ പതിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. സര്‍ക്കാരിന് സ്തുതി ഗീതം പാടുന്നവര്‍ അത് കേള്‍ക്കണം. പ്രതിഷേധിക്കാനുള്ള അവകാശം അടിച്ചമര്‍ത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുമ്പോള്‍ എം.ടിയെ പോലെ ഒരാള്‍ പ്രതികരിച്ചതില്‍ സന്തോഷം. അതിനെ വഴിതിരിച്ചുവിടാനല്ല നോക്കേണ്ടത്. വഴിതിരിച്ചുവിട്ടാല്‍ രാജ്യം അപകടത്തിലേക്ക് പോകും. സമകാലിക രാഷ്ട്രീയ സാഹചര്യമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചതെന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതികരിക്കാന്‍ മറന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുള്ള വഴിവിളക്കാണ് അദ്ദേഹം കത്തിച്ചുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ടി. ഉദ്ദേശിച്ചത് കേരളത്തെക്കുറിച്ച് തന്നെയാണെന്നായിരുന്നു കെ. മുരളീധരന്‍ എം.പിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായിയെ ആണ് വിമര്‍ശിച്ചത്. വായിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും കാര്യം മനസ്സിലാകും. പറഞ്ഞത് ഇ.പി. ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല. കാര്യം പറഞ്ഞാല്‍ പണി പോകുമെന്ന് പേടിയാണ് ഇ.പിയ്ക്ക്. എം.ടി. പറഞ്ഞത് മോദിക്കും പിണറായിക്കും ബാധകമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
എം.ടിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും കലാസാംസ്‌കാരിക രംഗത്തുള്ളവരും രംഗത്തെത്തി. എം.ടിയുടേത് അധികാരത്തെപ്പറ്റിയുള്ള പൊതുവായ അഭിപ്രായമാണെന്നായിരുന്നു കവി കെ. സച്ചിദാനന്ദന്റെ പ്രതികരണം. വ്യാഖ്യാനങ്ങള്‍ പലതുണ്ടെന്നും ബാക്കിയെല്ലാം വിവക്ഷകളാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഒരാളെയോ സന്ദര്‍ഭത്തെയോ എം.ടി. ചൂണ്ടിപ്പറഞ്ഞിട്ടില്ല. കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ല. ദാര്‍ശനിക പ്രസ്താവന എന്ന നിലയ്ക്ക് എം.ടി. പറഞ്ഞത് ശരിയാണ്. അതൊരു വ്യക്തിയുമായി ബന്ധപ്പെട്ടതെന്ന് പറയാനാകില്ല. കേന്ദ്ര സാഹചര്യത്തെ പറ്റിയെന്നും വ്യാഖ്യാനിക്കാം. മുഖസ്തുതി കമ്മ്യൂണിസത്തിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
എം.ടി. വാസുദേവന്‍ നായര്‍ നടത്തിയത് രാജ്യത്ത് രൂപപ്പെട്ടുവരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണെന്നും മുഖ്യമന്ത്രിയെക്കുറിച്ചല്ലെന്നും സിപിഎം സഹയാത്രികനും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍ രംഗത്തെത്തി. എം.ടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെയെന്ന് വ്യാഖ്യാനിക്കാന്‍ നികൃഷ്ട മാധ്യമശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എം.ടിയാണെന്ന് ജോയ് മാത്യുവും, എം.ടി. ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പിക്കൊണ്ടിരിക്കുന്നുവെന്ന് നടന്‍ ഹരീഷ് പേരടിയും സോഷ്യല്‍മീഡിയയില്‍ കുറിച്ചു. എം.ടി. ജീവിക്കുന്ന കാലത്ത് ജീവിക്കാന്‍ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംടി പറഞ്ഞത് കേരളവും മുന്നില്‍ കണ്ടുകൊണ്ടാണ് എന്‍ഇ സുധീര്‍
എംടി പറഞ്ഞത് കേരളവും മുന്നില്‍ കണ്ടുകൊണ്ടാണ് എംടിയുടെ സുഹൃത്തും സാഹിത്യകാരനുമായി എന്‍ഇ സുധീര്‍. എംടിയെക്കുറിച്ച് അറിയാത്തവരാണ് സംശയിക്കുന്നതെന്നും രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് എംടി എന്നും സുധീര്‍ വ്യക്തമാക്കി. ഓരോ വാക്കും അളന്ന് മുറിച്ചാണ് പറയുന്നത്. എനിക്ക് ചിലത് പറയാനുണ്ടെന്ന് എം ടി പ്രസംഗത്തിന് മുന്നേ പറഞ്ഞിരുന്നു എന്നും സുധീര്‍ വ്യക്തമാക്കി.
കോഴിക്കോട്ടെ സാഹിത്യോല്‍സവ വേദിയില്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ നീറിപ്പുകയുകയാണ് കേരളം. എം ടി പറഞ്ഞതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പു കൂടി ഉണ്ടെന്നും വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കള്‍ തന്നെ അത് പാടില്ലെന്ന് അണികളോട് പറയാന്‍ തയ്യാറാകണമെന്നും കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പട്ടു. അതേസമയം, എംടി പറഞ്ഞത് രാജ്യത്ത് രൂപപ്പെട്ടുവരുന്ന അമിതാധികാരത്തെക്കുറിച്ചാണെന്നായിരുന്നു സിപിഎം സഹയാത്രികരായ സാഹിത്യകാരന്‍മാരുടെ പ്രതികരണം.
സാഹിത്യോല്‍സവ വേദിയിലെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ എംടി തൊടുത്തുവിട്ട രാഷ്ട്രീയ വിമര്‍ശനത്തില്‍ ആടിയുലഞ്ഞ് രാഷ്ട്രീയ കേരളം. രാഷ്ട്രീയ മൂല്യച്യുതിയില്‍ തുടങ്ങി റഷ്യയിലെ കമ്യൂണിസത്തിന്റെ തകര്‍ച്ച സൂചിപ്പിച്ച് വ്യക്തിപൂജയില്‍ അഭിരമിക്കാതിരുന്ന ഇഎംഎസിനെ ഉദാഹരിച്ചതൊന്നും കേരളത്തെയോ സിപിഎമ്മിനെയോ പിണറായിയോ ഉദ്ദേശിച്ചല്ലെന്ന് സിപിഎം നേതൃത്വം നിലപാടെടുക്കുമ്പോഴാണ് എംടിയുടെ സുഹൃത്തുക്കളും സച്ചിദാനന്ദന്‍ അടക്കമുളള സാഹിത്യകാരന്‍മാരും കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
എനിക്ക് ചിലത് പറയാനുണ്ടെന്ന് എം ടി പ്രസംഗത്തിന് മുന്നേ പറഞ്ഞിരുന്നുവെന്നും ഇത്ര ശക്തമായ രാഷ്ട്രീയ വിമര്‍ശനമാകും അതെന്ന് കരുതിയിരുന്നില്ലെന്നുമായിരുന്നു എംടിയുടെ സുഹൃത്തും നിരൂപകനുമായ എന്‍ഇ സുധീറിന്റെ പ്രതികരണം. എംടി പറഞ്ഞത് ഒരു ഒരു വ്യക്തിയെക്കുറിച്ചാണെന്നത് വ്യാഖ്യാനം മാത്രമാണെന്നും എന്നാല്‍ എം ടി പറഞ്ഞതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്നും കെ സച്ചിദാനന്ദന്‍ പറഞ്ഞു.
എന്നാല്‍ , എംടി പറഞ്ഞത് രാജ്യത്ത് രൂപപ്പെട്ടുവരുന്ന അമിതാധികാരത്തെക്കുറിച്ചാണെന്നും വഴിയിലൂടെ പോകുന്നതിനെ എന്തിനെയും പിണറായി വിജയനെതിരെ ഉപയോഗിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതിന്റെ തെളിവാണിതെന്നുമായിരുന്നു സിപിഎം സഹയാത്രികനായ അശോകന്‍ ചെരുവിലിന്റെ പ്രതികരണം.
വാഹന പുകപരിശോധനയില്‍ പിടിമുറുക്കി കേന്ദ്രം; പെട്രോള്‍ വാഹനങ്ങള്‍ കൂട്ടത്തോടെ പൊട്ടുന്നു
വാഹന പുകപരിശോധയുടെ നിലവാരം ഉറപ്പാക്കുന്നതില്‍ മോട്ടോര്‍ വാഹനവകുപ്പ് വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് കേന്ദ്രം ഇടപെടല്‍ നടത്തുന്നു. സോഫ്റ്റ്വെയറില്‍ ഉപരിതല ഗതാഗതമന്ത്രാലയം മാറ്റം വരുത്തിയതോടെ, പരാജയപ്പെടുന്ന പെട്രോള്‍ വാഹനങ്ങളുടെ എണ്ണം കുത്തനെ കൂടി. ബുധനാഴ്ച സംസ്ഥാനത്ത് 31,657 പെട്രോള്‍ വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 3276 എണ്ണം പരാജയപ്പെട്ടു.
എന്നാല്‍ മാറ്റംവരുത്തുന്നതിന് മുമ്പുള്ള ചൊവ്വാഴ്ച 39,274 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 536 മാത്രമായിരുന്നു പരാജയപ്പെട്ടത്. ഇന്ധന ജ്വലനത്തില്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പിഴവ് പരിഹരിച്ചാല്‍ മാത്രമേ ഈ വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. 2021 മുതല്‍ സംസ്ഥാനത്തെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വിതരണം ഓണ്‍ലൈനാണ്.
വിവരങ്ങള്‍ സോഫ്റ്റ്വെയര്‍ ശേഖരിക്കുകയും കാര്‍ബണ്‍മോണോക്‌സൈഡ് ഉള്‍പ്പെടെയുള്ള ബഹിര്‍ഗമന വാതകങ്ങളുടെ അളവ് കണക്കാക്കി പരിശോധനാ ഫലം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പകരം വിശകലനം (കാര്‍ബണ്‍മോണോക്‌സൈഡ് കറക്ഷന്‍) ചെയ്യാനുമുള്ള സജ്ജീകരം കൂടി ഇപ്പോള്‍ ഏര്‍പ്പെടുത്തി. പുക കൂടിയ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ പുറമെ നിന്നുള്ള ഓക്‌സിജന്‍ കൂടി കടക്കുന്ന വിധത്തില്‍ നോസില്‍ ക്രമീകരിച്ച് പാസാക്കിയിരുന്നു. ഇനി അത് നടക്കില്ല. ഓക്‌സിജന്‍ കൂടിയാലും പരാജയപ്പെടും.
അതേസമയം, ഭാവിയില്‍ ഡീസല്‍ വാഹനങ്ങളുടെ പരിശോധനയും കേന്ദ്രം കടുപ്പിച്ചേക്കും. സംസ്ഥാനത്തെ പുകപരിശോധാനാ സംവിധാനത്തിലെ പാളിച്ചകളാണ് പരാജയനിരക്ക് കൂടുമ്പോള്‍ വെളിപ്പെടുന്നത്. പുകപരിശോധനയുടെ ആധികാരികത ഉറപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളൊന്നും മോട്ടോര്‍ വാഹനവകുപ്പിനില്ല. യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശം നടപ്പാക്കിയില്ല.
യന്ത്രങ്ങളുടെ കൃത്യത സാക്ഷ്യപ്പെടുത്തുന്നത് അവ വിതരണം ചെയ്ത കമ്പനികള്‍ തന്നെയാണ്.
സ്വന്തം യന്ത്രസംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത കമ്പനി തന്നെ വിലയിരുത്തുമ്പോള്‍ ക്രമക്കേടിന് സാധ്യതയുണ്ട്. ഇതിന് അംഗീകൃത ഏജന്‍സിയെ നിയോഗിക്കണമെന്ന സുപ്രീം കോടതി ഉത്തരവും നടപ്പാക്കിയിട്ടില്ല. മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പുകപരിശോധന സംബന്ധിച്ച് പരിശീലനം നല്‍കിയിട്ടില്ല. പുകപരിശോധാ കേന്ദ്രങ്ങളുടെ ക്ഷമത വിലയിരുത്താന്‍ ലാബ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും നടപ്പാക്കിയിട്ടി്ല്ല. 2600 പുക പരിശോധനാ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.
വിഷവാതകങ്ങള്‍
പെട്രോള്‍ വാഹനങ്ങളില്‍ നിന്നും പുറംതള്ളുന്നതില്‍ ഹൈഡ്രോകാര്‍ബണ്‍, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ ഹാനികരമാണ്.
ശരണമന്ത്ര മുഖരിതമായി എരുമേലി; മകരവിളക്കിന് മുന്നോടിയായി എരുമേലി പേട്ട തുള്ളല്‍ നടന്നു
ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടന്നു. രാവിലെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലാണ് നടന്നത്. ഉച്ചയ്ക്കുശേഷം ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍ നടക്കും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്.
സമൂഹപെരിയോന്‍ എന്‍ . ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ നടന്നത്. അമ്പലപ്പുഴ ദേശവുമായി ബന്ധപ്പെട്ട ഏഴു കരകളില്‍ നിന്നായി 300 -ഓളം സ്വാമിമാരാണ് പേട്ട തുള്ളിയത് .
ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളല്‍ തുടങ്ങി. ഉച്ചയ്ക്കുശേഷം മാനത്ത് തെളിയുന്ന നക്ഷത്രം സാക്ഷിയാക്കിയായിരിക്കും ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍.
യോഗം പെരിയോന്‍ അമ്പാടത്ത് എ.കെ വിജയകുമാര്‍ ആലങ്ങാട്ട് സംഘത്തെ നയിക്കും. ചിന്തുപാട്ടും കാവടിയാട്ടവും ആലങ്ങാട്ട് സംഘത്തോടൊപ്പം ഉണ്ട്.
എരുമേലി കൊച്ചമ്പലത്തില്‍ നിന്ന് ആരംഭിച്ച വാവര് പള്ളിയിലും കയറി വലിയമ്പലത്തിലേക്കാണ് പേട്ടതുള്ളി പോകുന്നത്. നിരവധി ഭക്തരാണ് പേട്ടതുള്ളല്‍ കാണുവാനായി എരുമേലിയില്‍ എത്തിയത്. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം കൂടിയാണ് എരുമേലി പേട്ട തുള്ളല്‍. ജനുവരി 15-നാണ് മകരവിളക്ക്.
‘ദൈവം എന്നെയൊരു ഉപകരണമാക്കി, ഞാന്‍ വികാരഭരിതനാണ്’; പ്രതിഷ്ഠാ ചടങ്ങിനായി വ്രതമെടുക്കുന്നെന്ന് മോദി
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള 11 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ ഇത്രയും വികാരഭരിതനായ നിമിഷം വേറെയുണ്ടായിട്ടില്ലെന്ന് മോദി എക്‌സില്‍ പങ്കുവെച്ച ശബ്ദസന്ദേശത്തില്‍ അറിയിച്ചു.
കനത്ത ത്യാഗത്തിന്റേയും നേര്‍ച്ചകളുടേയും നാളുകളാണ് ഈ 11 ദിവസങ്ങള്‍. ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതുതന്നെ എന്റെ ഭാഗ്യമാണ്. ചരിത്രപരമായ ഈ നിമിഷത്തില്‍ എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയാകാന്‍ ദൈവം എന്നെയൊരു ഉപകരണമാക്കിയതാണ്. വേദങ്ങളില്‍ പറയുന്നതുപോലെ ഈ 11 ദിവസങ്ങളും എന്റെയുള്ളിലെ ദിവ്യമായ ബോധത്തെ ഞാന്‍ ഉണര്‍ത്തും, മോദി പറഞ്ഞു.
ഛത്രപതി ശിവജിയുടെ മാതാവ് ജിജാ ഭായിയുടേയും വിവേകാനന്ദ സ്വാമിയുടേയും ജന്മവാര്‍ഷികത്തെ ഈ പ്രധാന ദിവസത്തില്‍ താന്‍ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു. നമോ ആപ്പിലൂടെ ജനങ്ങള്‍ അനുഗ്രഹം അറിയിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിഷ്ഠാ ചടങ്ങില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുക്കില്ല എന്ന നിലപാടിന്റെ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം. പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ പരിപാടിയാണെന്നാണ് സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.