ഒരിക്കലെങ്കിലും കെഎസ് ആര്‍ടിസി ബസില്‍ യാത്ര ചെയ്യാത്തവര്‍ ചുരുക്കമാണ്. ഒരു തവണയെങ്കിലും യാത്ര ചെയ്തിട്ടുണ്ടാകും. ഈ കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്ത് കാണുമ്പോഴും ഒരു സന്തോഷമാണ്. എന്നാല്‍ കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തിനും ലോഗോയ്ക്കും വേണ്ടി കേരളവും കര്‍ണാടകയും തമ്മിലൊരു കേസാണ് നടക്കുന്നത്. ഇപ്പോള്‍ ഈ കേസില്‍ കേരളത്തിന് കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി. എന്ന ചുരുക്കെഴുത്തും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കു മാത്രമായി അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതനുസരിച്ച്, കേരളത്തിനൊപ്പം കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും കെ.എസ്.ആര്‍.ടി.സി. എന്ന പേര് തുടര്‍ന്നും ഉപയോഗിക്കാനാവും.
കെ.എസ്.ആര്‍.ടി.സി. എന്ന ചുരുക്കപ്പേരും ലോഗോയും 2013 ജനുവരിയില്‍ കേന്ദ്ര ട്രേഡ് മാര്‍ക്ക് രജിസ്ട്രിയില്‍ കര്‍ണാടകം രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇതിനെച്ചൊല്ലിയുള്ള നിയമയുദ്ധം തുടങ്ങിയത്. ‘കെഎസ്ആര്‍ടിസി’ എന്ന ചുരുക്കപ്പേരില്‍ ഉപയോഗിക്കുന്നതിന് ട്രേഡ് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കര്‍ണാടക അപേക്ഷിച്ചിരുന്നു. കോര്‍പ്പറേഷന് 2013-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ട്രേഡ് മാര്‍ക്ക് രജിസ്ട്രി ട്രേഡ് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ 1.11.1973 മുതലുള്ള ഉപയോക്തൃ തീയതിയോടെയായിരുന്നു അനുവദിച്ചത്.
ഇതിന് പുറമെ’കെഎസ്ആര്‍ടിസി’ എന്ന പേരും ‘ഗണ്ഡഭേരുണ്ട കലയും’ ലോഗോ ആയി ഉപയോഗിക്കുന്നതിന് പകര്‍പ്പവകാശ രജിസ്ട്രാറില്‍ നിന്ന് പകര്‍പ്പവകാശവും കര്‍ണാടക നേടിയിട്ടുണ്ട്. ഇതിനെതിരെ കേരളം ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിന് മുമ്പാകെ അപ്പീല്‍ പോവുകയായിരുന്നു.തുടര്‍ന്ന് കെഎസ്ആര്‍ടിസി എന്ന ചുരുക്കപ്പേര് കേരള ആര്‍ടിസിക്ക് മാത്രമെ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ട്രേഡ് മാര്‍ക്ക് രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. അതോടൊപ്പം കെഎസ്ആര്‍ടിസിയെ പൊതുവെ വിളിക്കുന്ന ആനവണ്ടി എന്ന പേരും കേരള ആര്‍ടിസിക്ക് മാത്രമാണെന്ന് രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു.
2014ല്‍ കെഎസ്ആര്‍ടിസി കര്‍ണാടകയുടേതാണ് കേരള ആര്‍ടിസി ഇനി മുതല്‍ കെഎസ്ആര്‍ടിസി എന്ന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ആര്‍ടിസി കേരളത്തിലേക്ക് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ആരംഭിച്ച നിയമ പോരാട്ടത്തിന് ഒടുവില്‍ 2021 ലായിരുന്നു കേരളത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ഐപിഎബി നിര്‍ത്തലാക്കിയതോടെ തര്‍ക്കം മദ്രാസ് ഹൈക്കോടതിയിലേക്ക് മാറുകയായിരുന്നു. തുടര്‍ന്നാണ് കര്‍ണാടകയ്ക്ക് അനുകൂലമായി വിധി പുറത്തുവന്നത്.
തിരുവിതാംകൂര്‍ രാജ കുടുംബമാണ് പൊതു ഗതാഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനു ശേഷം 1965ല്‍ കെഎസ്ആര്‍ടിസിയായി. കര്‍ണാടക 1973 മുതലാണ് കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തു ഉപയോഗിച്ചു തുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഈ പേരിനുള്ള അവകാശം തങ്ങള്‍ക്കു മാത്രമാണെന്നായിരുന്നു കേരളത്തിന്റെ വാദം. നാലു പതിറ്റാണ്ടിലേറെയായി തങ്ങള്‍ കെ.എസ്.ആര്‍.ടി.സി. എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം കേരളത്തിന് അറിയാമെന്നും അതില്‍ ഇതിനുമുമ്പ് എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും കര്‍ണാടകം ചൂണ്ടിക്കാണിച്ചു.
ഇരു കക്ഷികളും വര്‍ഷങ്ങളോളം ഒരേ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ ഹര്‍ജി അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടെ ബെഞ്ച് വിധിച്ചു. എന്തായാലും ഇനി കെഎസ് ആര്‍ടിസിയെന്ന് പേര് കേരളത്തിനൊപ്പം ഇനി കര്‍ണാടകയും ഉപയോഗിക്കും.
വിസി പങ്കെടുത്തില്ല: കീഴ്വഴക്കം ലംഘിച്ചെന്ന് അധ്യക്ഷന്‍, പ്രതികരിക്കാതെ ഗവര്‍ണര്‍
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ഉദ്ഘാടകനായ സെമിനാറില്‍ വൈസ് ചാന്‍സലര്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് വിസിയുടെ അഭാവത്തില്‍ പരിപാടിക്ക് അധ്യക്ഷത വഹിച്ച സ്വാമി ചിദാനന്ദപുരി. ക്യാംപസില്‍ നടന്ന സനാതന ധര്‍മ പീഠത്തിന്റെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും സെമിനാറിലാണ് കാലിക്കറ്റ് സര്‍വകലാശാല വിസി എം.കെ.ജയരാജ് അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പിന്മാറിയതിനാലാണ് ചിദാനന്ദപുരി അധ്യക്ഷത വഹിച്ചത്.
ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ കീഴ്വഴക്കം പ്രകാരം വൈസ് ചാന്‍സലര്‍ അധ്യക്ഷത വഹിക്കേണ്ടതാണെന്നും എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം വരാത്തതെന്ന് അറിയില്ലെന്നും ചിദാനന്ദപുരി പറഞ്ഞു. വിസി പങ്കെടുക്കുന്നില്ലെങ്കില്‍ പകരം പ്രോ വൈസ് ചാന്‍സലറെ അയക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ ഇവിടെ കീഴ്വഴക്കം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിക്കുശേഷം ഇതേക്കുറിച്ച് ഗവര്‍ണറോടു മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.
ക്യാംപസില്‍ സനാതന ധര്‍മ പീഠത്തിന്റെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും സെമിനാറിനായാണ് പ്രധാനമായും ഗവര്‍ണര്‍ കോഴിക്കോട്ട് എത്തിയത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ക്യാംപസിലെ ഗസ്റ്റ് ഹൗസില്‍ തങ്ങുന്നതും. പരിപാടി നടക്കവേ വന്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സെമിനാര്‍ ഹാളിനു പുറത്ത് നിലയുറപ്പിച്ചിരുന്നു. സെമിനാര്‍ ആരംഭിക്കുന്നതിനു മുന്‍പും എസ്എഫ്‌ഐക്കാര്‍ ക്യാംപസില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കൂട്ടിലായി വയനാടിനെ വിറപ്പിച്ച കടുവ
യുവാവിനെ കൊന്നുതിന്ന് വയനാടിനെയാകെ ഭീതിയിലാഴ്ത്തിയ നരഭോജിക്കടുവ ഒടുവില്‍ കൂട്ടിലായി. തങ്ങള്‍ക്ക് ഭീഷണിയായ വന്യജീവികള്‍ ചുറ്റും ധാരാളമുണ്ടെങ്കിലും വയനാട്ടുകാര്‍ക്ക് നേരിയ ആശ്വാസമെങ്കിലും നല്‍കുന്നുണ്ട് ഈ വാര്‍ത്ത. തങ്ങളിലൊരാളെ കൊന്നുതിന്ന കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വന്യജീവി ആക്രമണം ‘സാധാരണ വാര്‍ത്ത’യാണ് വയനാടിന്. എന്നാല്‍ പുല്ലരിയാന്‍ പോയ യുവാവിനെ കടുവ കൊന്നുതിന്ന സംഭവം അക്ഷരാര്‍ത്ഥത്തില്‍ വയനാടിനെ നടുക്കുന്നതായിരുന്നു. കടുവ തിന്നതിന്റെ ബാക്കിയായ മൃതദേഹാവശിഷ്ടത്തിന്റെ ചിത്രം രക്തം മരവിപ്പിക്കുന്നതായിരുന്നു.
ഡിസംബര്‍ ഒമ്പത് ശനിയാഴ്ച. ഉച്ചതിരിഞ്ഞ് പ്രജീഷ് പതിവുപോലെ പുല്ലരിയാന്‍ പോയതായിരുന്നു. വാകേരി മൂടക്കൊല്ലിയിലെ കാപ്പിത്തോട്ടത്തിനടുത്തുള്ള റോഡില്‍ തന്റെ ജീപ്പ് നിര്‍ത്തിയിട്ടാണ് പ്രജീഷ് സമീപമുള്ള വയലില്‍ പുല്ലരിയാന്‍ പോയത്. കടുവയുടെ ശല്യമുള്ള സ്ഥലമാണെങ്കിലും ഇതുവരെ മനുഷ്യരെ ആക്രമിച്ചിട്ടില്ല എന്ന ധൈര്യം 36-കാരനായ പ്രജീഷിനുണ്ടായിരുന്നു.
പാലളക്കാനുള്ള സമയമായിട്ടും അവന്‍ തിരിച്ചുവന്നില്ല എന്ന് അമ്മ പറഞ്ഞപ്പോഴാണ് നാട്ടുകാരനായ ആന്റണി തിരഞ്ഞിറങ്ങിയത്. പലതവണ ഫോണില്‍ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഒടുവില്‍ പുല്ലരിയാന്‍ പോയ സ്ഥലമാകെ തിരഞ്ഞപ്പോഴാണ് നടുക്കുന്ന കാഴ്ച ആന്റണി കാണുന്നത്.
ചോരപ്പാട് പിന്തുടര്‍ന്ന് മുന്നോട്ടുപോയ ആന്റണി ആദ്യം കണ്ടത് നല്ല ഉയരമുള്ള കടുവയെയാണ്. അടുത്ത നിമിഷം കടുവ കടിച്ചുകീറുന്ന പ്രജീഷിന്റെ മൃതദേഹവും ആന്റണി കണ്ടു. ബഹളം വച്ചപ്പോഴാണ് കടുവ ഓടിപ്പോയത്. പാതിഭക്ഷിച്ച നിലയിലുള്ള പ്രജീഷിന്റെ മൃതദേഹം ഭീതിയുടെ നേര്‍ച്ചിത്രമായിരുന്നു.
പുല്ലരിയുകയായിരുന്ന പ്രജീഷിനെ കടുവ ചാടിവീണ് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രജീഷിനെ കടിച്ചുവലിച്ച് 20 മീറ്ററോളം ദൂരേക്ക് വലിച്ചുകൊണ്ടുപോയി. പ്രജീഷിന്റെ ശരീരവുമായി വലിയ താഴ്ചയുള്ള കിടങ്ങ് ഉള്‍പ്പെടെ ചാടിക്കടന്നാണ് കടുവ പോയത്. തുടര്‍ന്ന് തുടഭാഗത്ത് നിന്ന് ഭക്ഷിക്കുകയായിരുന്നു.
അതിജീവനത്തിനായി പ്രതിഷേധം
പ്രജീഷിന്റെ മരണം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നു. നരഭോജിക്കടുവയെ കൊല്ലണമെന്ന ആവശ്യമാണ് ജനങ്ങള്‍ ഉയര്‍ത്തിയത്. മയക്കുവെടിവെച്ച് കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഉത്തരവാണ് ജനങ്ങളെ രോഷാകുലരാക്കിയത്.
കടുവയെ കൊല്ലണമെന്ന ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് പ്രജീഷിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന മോര്‍ച്ചറിക്ക് പുറത്ത് ഉപവാസ സമരം നടന്നു. ജനരോഷത്തിന് വഴങ്ങിയാണ് അധികൃതര്‍ ഒടുവില്‍ ഉത്തരവ് തിരുത്തിയത്. മയക്കുവെടി വെക്കാനും ആവശ്യമെങ്കില്‍ വെടിവെച്ച് കൊല്ലാനുമുള്ള ഉത്തരവാണ് പിന്നീട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയത്. ഇതോടെ ജനം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ജനങ്ങള്‍ക്ക് ഭീഷണിയായ നരഭോജിക്കടുവയെ കണ്ടെത്താനായി വിപുലമായ തിരച്ചിലാണ് വനംവകുപ്പ് നടത്തിയത്. നൂറോളം പേരടങ്ങിയ സംഘമാണ് തിരച്ചില്‍ നടത്തിയത്. വെടിവെക്കാനുള്ള ഷൂട്ടിങ് ടീം, മയക്കുവെടിവെക്കാനുള്ള പ്രത്യേക സംഘം എന്നിവരെല്ലാം ഉണ്ടായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നു.
പ്രജീഷിന്റെ മൃതദേഹം കണ്ടതിന്റെ അരക്കിലോമീറ്റര്‍ ചുറ്റളവ് പ്രദേശം സംഘം അരിച്ചുപെറുക്കി. 25 ഓളം ക്യാമറകള്‍ ഇവിടെ സ്ഥാപിച്ചു. രാത്രികാല പട്രോളിങ് ശക്തമാക്കി. ഇതിനിടെ ചില സ്ഥലങ്ങളില്‍ കൂടി കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടുകള്‍ സ്ഥാപിക്കേണ്ട എന്നാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പ് തീരുമാനിച്ചത്. കടുവയെ ജീവനോടെ പിടികൂടിയാല്‍ ജനരോഷമുണ്ടാകുമോ എന്ന ആശങ്ക വനംവകുപ്പിന് അന്നേ ഉണ്ടായിരുന്നു (അത് ശരിയെന്ന് തെളിയിക്കുന്ന കാഴ്ചയാണ് കടുവ കൂട്ടിലായ ശേഷം ഇന്ന് കാണാന്‍ കഴിഞ്ഞത്). ഇതിനിടെ കടുവയുടെ ദൃശ്യങ്ങള്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞിരുന്നു.
കടുവയെ കണ്ടെത്താനായി കുങ്കിയാനകളെയും വനംവകുപ്പ് എത്തിച്ചു. വിക്രം, ഭരത് എന്നീ കുങ്കിയാനകളാണ് കടുവയിലേക്കുള്ള വഴി തുറക്കാനായി എത്തിയത്. അതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 13 വയസുള്ള ആണ്‍ കടുവയാണ് ‘പ്രതി’ എന്നും വനംവകുപ്പ് കണ്ടെത്തിയിരുന്നു.
വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് കൂടുകള്‍ സ്ഥാപിച്ചത്. കൂടുകള്‍ സ്ഥാപിച്ച് ഒരാഴ്ചയായിട്ടും കടുവ അതില്‍ കുടുങ്ങിയില്ല. ഇതിനിടെ കഴിഞ്ഞ ദിവസം പ്രജീഷിനെ കൊന്ന സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ മാറി ഗര്‍ഭിണിയായ പശുവിനെ കടുവ കൊന്നിരുന്നു. വനംവകുപ്പ് നടത്തിയ പരിശോധനയില്‍ നരഭോജിക്കടുവ തന്നെയാണ് പശുവിനെ കൊന്നതെന്ന് വ്യക്തമായി. ഇതോടെ ഇവിടെയും കൂട് സ്ഥാപിച്ചു. പശുവിന്റെ ജഡമാണ് ഇരയായി വെച്ചത്. ഇതടക്കം അഞ്ച് കൂടുകളാണ് കടുവയ്ക്കായി സ്ഥാപിച്ചത്.
ഇതിനിടെ, നരഭോജിക്കടുവയെ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു. അനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്യൂണിറ്റിയാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍, സംഭവത്തിന്റെ ഗൗരവം അറിയാമായിരുന്ന ഹൈക്കോടതി ഹര്‍ജി തള്ളി. ഹര്‍ജിക്കാരെ രൂക്ഷമായി വിമര്‍ശിക്കുകയും അവര്‍ക്ക് 25,000 രൂപ പിഴയിടുകയും ചെയ്തു. മനുഷ്യനെ കൊന്ന് തിന്ന കടുവയാണിതെന്ന് ഓര്‍മ്മിപ്പിച്ച കോടതി, പബ്ലിസിറ്റിക്ക് ശ്രമിക്കരുതെന്ന മുന്നറിയിപ്പും ഹര്‍ജിക്കാര്‍ക്ക് നല്‍കി.
പ്രജീഷിനെ കൊന്ന് പത്ത് ദിവസങ്ങള്‍ക്കിപ്പുറമാണ് നരഭോജിക്കടുവ കൂട്ടിലായത്. കൂടല്ലൂര്‍ കോളനിയില്‍ സ്ഥാപിച്ച ആദ്യത്തെ കൂട്ടിലാണ് ണണഘ 45 (വയനാട് വൈല്‍ഡ് ലൈഫ് 45) എന്ന് പേരുള്ള കടുവ കുടുങ്ങിയത്. പ്രജീഷിനെ കൊന്ന സ്ഥലത്തിന് സമീപമാണ് ഇത്.
കടുവ കൂട്ടില്‍ പെട്ട വിവരം പുറത്തറിഞ്ഞതോടെ പ്രജീഷിനെ കൊന്നുതിന്ന കടുവയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. കൂട്ടില്‍ കുടുങ്ങിയ കടുവയെ കൊല്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചുനിന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് കടുവ കെണിയിലായത്. കൂട്ടില്‍ ഇരയായി കെട്ടിയ ആടിന് വെള്ളം കൊടുക്കാന്‍ പോയ വാച്ചര്‍മാരാണ് കടുവയെ നേരില്‍ കണ്ടത്. മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ കടുവ തിരിഞ്ഞതോടെ കൂടിന്റെ വാതില്‍ അടയുകയായിരുന്നു.
ദേശീയപാത ഉപരോധിച്ച് എസ്എഫ്‌ഐ; നേരത്തെ മടങ്ങി ഗവര്‍ണര്‍, വഴിയില്‍ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി, സമരം വ്യാപിപ്പിക്കും
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രതിഷേധം തുടരുന്നതിനിടെ സെമിനാറില്‍ പങ്കെടുത്ത് നേരെ കരിപ്പൂരിലെ വിമാനത്താവളത്തിലേക്ക് മടങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നേരത്തെ സെമിനാറില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് പോയശേഷം രാത്രി 7.05ഓടെ ഗവര്‍ണര്‍ പോകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി സെമിനാറില്‍ പങ്കെടുത്തശേഷം ഗവര്‍ണര്‍ നേരെ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ പ്രതിഷേധം തുടര്‍ന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയപാതയിലേക്ക് മാര്‍ച്ച് നടത്തി. ദേശീയ പാത ഉപരോധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനിടയിലാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് മടങ്ങിയത്. ആറെ കാലോടെ ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തി.
പ്രതിഷേധം ശക്തമായതോടെയാണ് ഗവര്‍ണര്‍ മുന്‍ നിശ്ചയിച്ചതില്‍ വ്യത്യസ്തമായി ഗവര്‍ണര്‍ നേരത്തെ മടങ്ങിയതെന്നാണ് സൂചന. അതേസമയം, നേരത്തെ പോകാന്‍ നിശ്ചയിച്ചിരുന്ന വിമാനം ഇല്ലാത്തതിനാലാണ് യാത്ര നേരത്തെയാക്കിയതെന്നാണ് രാജ്ഭവന്‍ അധികൃതര്‍ വിശദീകരിക്കുന്നത്. ആറരക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗളൂരുവിലേക്കും അവിടെനിന്ന് തിരുവനന്തപുരത്തേക്കും പോകും. നേരത്തെ എട്ടുമണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ഗവര്‍ണര്‍ക്കെതിരായ സമരം വരും ദിവസങ്ങളില്‍ ശക്തമാക്കുമെന്നും സംസ്ഥാനത്തെ മറ്റു ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.
രാജ്ഭവനിന് മുന്നിലും പ്രതിഷേധം തുടരും.സെമിനാറില്‍ പങ്കെടുത്ത ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം തുടര്‍ന്നു. ക്രമസമാധാന-സാമ്പത്തിക രംഗങ്ങളില്‍ കേരളം അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചീഫ് സെക്രട്ടറി തന്നെ ഹൈ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അത് തന്നെ എല്ലാം വ്യക്തമാക്കുന്നതാണ്.ഭഗവദ് ഗീത ഉദ്ധരിച്ചായിരുന്നു സെമിനാറില്‍ ഗവര്‍ണറുടെ പ്രസംഗം.നാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ സമകാലിക പ്രസക്തമാണെന്നും ഗുരുവിന്റെ ദര്‍ശനങ്ങള്‍ നമ്മള്‍ മറന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
സനാതന ധര്‍മ്മം കാലദേശങ്ങള്‍ക്കനുസരിച്ച് മാറ്റമില്ലാത്തത്. ഓരോ ഇന്ത്യക്കാരനും സ്വന്തം പാരമ്പര്യം അറിഞ്ഞിരിക്കണം. അത് സാര്‍വത്രികമായി സ്വീകരിക്കപ്പെട്ടതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഗവര്‍ണറുടെ വാഹനവ്യൂഹത്തിനുനേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കോഴിക്കോട് കാക്കഞ്ചേരിയില്‍ വച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.