രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ അയോധ്യ രാമക്ഷേത്രത്തില്‍ വന്‍ ചോര്‍ച്ച. സംഭവത്തില്‍ അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് രംഗത്ത്. ജനുവരിയില്‍ തുറന്ന ക്ഷേത്രത്തിന്റെ മുഖ്യ കെട്ടിടത്തിന് മുകളില്‍ നിന്നും ഇപ്പോള്‍ ചോര്‍ച്ചയുണ്ടെന്ന് ആചാര്യ സത്യേന്ദ്ര ദാസ്. വെള്ളം ഒഴുകി പോകാന്‍ കൃത്യമായ സംവിധാനം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലിയ മഴ പെയ്താല്‍ ദര്‍ശനം ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി അയോധ്യ ക്ഷേത്ര നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര രംഗത്തെത്തി. ഈ ചോര്‍ച്ച പ്രതീക്ഷിച്ചതാണെന്നും ഗുരു മണ്ഡപം തുറസ്സായ സ്ഥലത്തായത് കൊണ്ടാണ് ഇത്തരത്തില്‍ വെള്ളം എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം നിലയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇവിടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടും. നിര്‍മ്മാണത്തിലോ ഡിസൈനിലോ ഒരു പ്രശ്‌നവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ ബിജെപിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി അയോധ്യയെ അഴിമതിയുടെ ഹബ്ബാക്കി മാറ്റിയെന്ന് ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷന്‍ അജയ് റായ് വിമര്‍ശിച്ചു. മുഖ്യ പൂജാരിയുടെ വെളിപ്പെടുത്തല്‍ എല്ലാം വ്യക്തമാക്കുന്നുവെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് കൊട്ടിഘോഷിച്ചാണ് ബിജെപി നടക്കുന്നതെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം യഥാര്‍ത്ഥത്തില്‍ അയോധ്യയില്‍ റോഡുകള്‍ ദിവസവും പൊളിയുകയാണെന്നും വിമര്‍ശിച്ചു. നേരത്തെ അയോധ്യ ധാം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്റെ ചുറ്റുമതിലും മഴയില്‍ തകര്‍ന്നിരുന്നു.
പാര്‍ട്ടി ചര്‍ച്ചകളില്‍ രൂക്ഷവിമര്‍ശനം: തിരുത്തലുകള്‍ക്ക് സിപിഎം
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ വലിയ രൂപത്തിലുള്ള തിരുത്തലുകള്‍ക്ക് സിപിഎം. പാര്‍ട്ടിയിലും സര്‍ക്കാരിലും തിരുത്തലുണ്ടാകുമെന്നും താഴേത്തട്ടില്‍ വരെ ജനങ്ങളോട് നല്ല പെരുമാറ്റമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഉറപ്പ്. തിരഞ്ഞെടുപ്പ് വിശകലനത്തിനായി ജില്ലാ തലത്തിലുള്ള നേതൃയോഗങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനു ശേഷം മണ്ഡലതലം മുതല്‍ ബൂത്ത് തലം വരെയുളള യോഗങ്ങളും നടക്കും.
ഇപ്പോള്‍ നടക്കുന്ന യോഗങ്ങളില്‍ കടുത്ത വിമര്‍ശനമാണ് സിപിഎം നേതൃത്വത്തിനും സര്‍ക്കാറിനും എതിരെ ഉന്നയിക്കുന്നത്. മുസ്ലിം ക്രൈസ്തവ വിഭാഗങ്ങളിലെ തിരിച്ചടി, പരമ്പരാഗതമായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന പിന്നോക്ക – ദളിത് വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വോട്ട്, ഹിന്ദു വിഭാഗങ്ങള്‍ക്ക് സിപിഎമ്മിനോടുള്ള അകല്‍ച്ചയുമാണ് യോഗത്തിലെ ചര്‍ച്ച. ജനങ്ങളെയും ജനവികാരത്തെയും മറന്നാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന വിമര്‍ശനമാണ് ഉയരുന്നത്. നിലവിലെ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജില്ലാ കമ്മറ്റികളില്‍ വിമര്‍ശനമുയരുന്നുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗുരുതര പാളിച്ച സംഭവിച്ചെന്നാണ് വിമര്‍ശനം.പ്രത്യേകിച്ച കാസര്‍ഗോഡ്, പൊന്നാനി, കോഴിക്കോട്, കൊല്ലം, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം. മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങളും പെരുമാറ്റവുമെല്ലാം ജനത്തിനെ ഇടതുപക്ഷത്തില്‍ നിന്ന് അകറ്റിയെന്ന് രൂക്ഷവിമര്‍ശനം.
കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മുകേഷിന്റെ പ്രവര്‍ത്തനം മോശമായിരുന്നുവെന്നും പാര്‍ട്ടി തീരുമാനിച്ചതുപോലെ പ്രവര്‍ത്തനം മുന്നോട്ട് പോയില്ലെന്നുമാണ് കുറ്റപ്പെടുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കാമായിരുന്നുവെന്നും കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം.
ഇ.പിയരാജനെതിരെയും രൂക്ഷമായ വിമര്‍ശനം സിപിഎം നേതൃയോഗങ്ങളില്‍ നടക്കുന്നത്. വോട്ടെടുപ്പ് ദിവസം ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രതികരണം തിരിച്ചടിയായെന്നും വിമര്‍ശനം. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക മികച്ചതാണെന്ന് പറഞ്ഞതും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇത്തരമൊരു സാഹചര്യത്തെ അതീവ ഗൗരവമായാണ് സിപിഎം കേന്ദ്ര നേതൃത്വവും കാണുന്നത്. തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങള്‍ക്കു ശേഷം ശക്തമായ നടപടിയിലേക്ക് നീങ്ങാനാണ് തീരുമാനം.
എല്‍ഡിഎഫ് കണ്‍വീനറെ നിയന്ത്രിക്കണമായിരുന്നു. കൊല്ലത്ത് സംസ്ഥാനത്തെ മുഖ്യമന്ത്രി എത്തിയിട്ടും ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചില്ലെന്നും മുന്നണിയെന്ന നിലയില്‍ കൊല്ലം മണ്ഡലത്തില്‍ ഐക്യപ്പെടല്‍ ഉണ്ടായില്ല. സ്വന്തം മണ്ഡലങ്ങളില്‍ പോലും സിപിഐ പ്രവര്‍ത്തിച്ചില്ല. നേതാക്കളുടെ പ്രസ്താവനകള്‍ ജാഗ്രതയോടെ വേണമായിരുന്നു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് തിരിച്ചടിയായെന്നും ഭക്ഷ്യ വകുപ്പ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയമെന്നും മന്ത്രിസഭ പുന: സംഘടിപ്പിക്കണമെന്നും നേതൃയോഗങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. ്.
മുഖ്യമന്ത്രിക്കെതിരെയും ജില്ല കമ്മിറ്റിയോഗങ്ങളില്‍ അതിരൂക്ഷ വിമര്‍ശനം. മകള്‍ക്കെതിരെയുള്ള ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തെക്കുറിച്ചാണ് വിമര്‍ശനം. മുഖ്യമന്ത്രി മറുപടി നല്‍കാത്തത് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായെന്നു നേതൃയോഗങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെന്നും,ചടങ്ങിന്റെ അവതാരകയോട് മുഖ്യമന്ത്രിയുടെ തട്ടിക്കയറലും,ബിഷപ്പ് ഡോ വര്‍ഗീസ് മാര്‍ കൂറീലോസിനെതിരെ മുഖ്യമന്ത്രി നടത്തിയത് അതുരുവിട്ട വാക്കുകളുമെല്ലാം തിരിച്ചടിയായെന്ന് നേതൃയോഗങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. അതിലുപരി ഭരണവിരുദ്ധ വികാരം തോല്‍വിയില്‍ ആഞ്ഞടിച്ചുവെന്നും ജില്ലാകമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.
എകെ ബാലന്റെ പരാമര്‍ശവും പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യമാക്കിയെന്ന് വിമര്‍ശനം. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഏറ്റവും ചര്‍ച്ചയാക്കിയതാണ് എ കെ ബാലന്റെ മരപ്പട്ടി, ഈനാംപേച്ചി പരാമര്‍ശം. രാഷ്ടീയ എതിരാളികള്‍ സിപിഎമ്മിനെ പരിഹസിക്കാന്‍ ഉപയോഗിച്ചെന്നും വിമര്‍ശനം. പാര്‍ട്ടി മുഖപത്രം നിര്‍ബന്ധിച്ച് ചേര്‍ക്കുന്നതും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ആരോപണമുയര്‍ന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ എന്തു വിലകൊടുത്തും തളയ്ക്കുക എന്നതിനാണ് സിപിഎം പ്രാമുഖ്യം നല്‍കുക. അടിമുതല്‍ മുടിവരെ തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാക്കണം. അതിനായി പുതിയ പദ്ധതികളും പരിപാടികളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരമ്പരാഗത രീതി മാറ്റി ജനപ്രിയരായവര്‍ക്ക് മാത്രം മുന്‍ഗണന നല്‍കാനും സിപിഎം നേതൃത്വം ശ്രമിക്കുമെന്നാണ് സൂചന..