തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ലോകമെങ്ങും മെയ് ദിനം ആചരിക്കുന്നത്. 20 മണിക്കൂര്‍ വരെ ജോലിയും തുച്ഛമായ വേതനവുമുള്ള ദുരിത ജീവിതത്തില്‍ നിന്ന് കരകയറാന്‍ സംഘടിച്ചതിന്റെ ഓര്‍മ പുതുക്കല്‍. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന അവകാശം ചോര ചിന്തി പൊരുതി നേടുകയായിരുന്നു.
തൊഴിലാളികളുടെ അവകാശ പോരാട്ടത്തിനിടെ 1886ല്‍ ചിക്കാഗോയില്‍ കൊല്ലപ്പെട്ടവരുടെ സ്മരണ പുതുക്കല്‍ കൂടിയാണ് ഓരോ മെയ് ദിനവും. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനത്തിനായുള്ള മുദ്രാവാക്യം മുഴങ്ങിയ കാലമാണ് 19ആം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങള്‍. എട്ട് മണിക്കൂറില്‍ കൂടുതല്‍ തൊഴില്‍ ചെയ്യില്ലെന്ന് തൊഴിലാളികള്‍ തീരുമാനിച്ചു. അങ്ങനെയാണ് 1886 മെയ് ഒന്നിന് അമേരിക്കയിലെ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്സ് ആന്റ് ലേബര്‍ യൂണിയന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ചിക്കാഗോയില്‍ എണ്‍പതിനായിരത്തിലധികം തൊഴിലാളികള്‍ ഒത്തുകൂടിയത്. അന്ന് പൊലീസ് വെടിവെപ്പില്‍ നാല് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.
വെടിവെപ്പില്‍ പ്രതിഷേധിക്കാന്‍ മെയ് 4ന് തൊഴിലാളികള്‍ ഹേ മാര്‍ക്കറ്റ് ജങ്ഷനില്‍ ഒത്തുകൂടി. ആ യോഗത്തിലേക്ക് പൊലീസെത്തി പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ അപ്രതീക്ഷിതമായി ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു പൊട്ടിത്തെറിയുണ്ടായി. ഇതോടെ പൊലീസ് തൊഴിലാളികള്‍ക്ക് നേരെ വെടിവയ്പ്പ് തുടങ്ങി. ആറ് തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്തു. നിരവധി തൊഴിലാളി നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ജയിലലടയ്ക്കുകയും ചെയ്തു. ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ട ഹേ മാര്‍ക്കറ്റ് സംഭവത്തിന്റെ പേരില്‍ തൊഴിലാളി നേതാക്കളായ ആല്‍ബര്‍ട്ട് പാര്‍സന്‍സ്, ജോര്‍ജ്ജ് ഏംഗല്‍, അഡോള്‍ഫ് ഫിഷര്‍, ഓഗസ്‌ററ് സ്‌പൈസ് എന്നീ നേതാക്കളെ തൂക്കീക്കൊന്നു.
1889 ജൂലൈ 14ന് ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിനായി പാരീസില്‍ സംഘടിപ്പിക്കപ്പെട്ട ലോക തൊഴിലാളി കോണ്‍ഗ്രസ്സിലാണ് മെയ് 1 തൊഴിലാളി ദിനമായി ആചരിക്കാനുള്ള നിര്‍ദേശം ഉയരുന്നത്. 1892ല്‍ സ്വിറ്റ്സര്‍ലന്റിലെ ജനീവയില്‍ നടത്തിയ അന്തര്‍ദേശീയ സോഷ്യലിസ്റ്റ് സമ്മേളനത്തിലാണ് മെയ് 1 ലോകതൊഴിലാളി ദിനമായി പ്രമേയത്തിലൂടെ അംഗീകരിക്കപ്പെട്ടത്. തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിര്‍ത്തിവെക്കണമെന്നുള്ള പ്രമേയം പാസ്സാക്കിയത് 1904 ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്. തൊഴില്‍ സമയം, ആനുകൂല്യങ്ങള്‍, അവകാശങ്ങള്‍ എന്നിവയെല്ലാം തൊഴിലാളികള്‍ പൊരുതി നേടിയതാണ്. നീണ്ട കാലത്തെ പോരാട്ടങ്ങളിലൂടെ പീഡനങ്ങളെ അതിജീവിച്ച് അവകാശങ്ങള്‍ നേടിയെടുത്തതിന്റെ സ്മരണയിലാണ് സര്‍വ രാജ്യ തൊഴിലാളികള്‍ മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളികളുടെ ബഹുമാന സൂചകമായി എണ്‍പതോളം രാജ്യങ്ങള്‍ ഈ ദിനത്തില്‍ പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ 1923ല്‍ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിക്കുന്നത്. മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറല്‍ സെക്രട്ടറി വൈക്കോ ആണ് തൊഴില്‍ ദിനം പൊതു അവധിയാക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് മേയ് 1 ഇന്ത്യയില്‍ പൊതു അവധിയായത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ വിളിച്ച് പീഡിപ്പിച്ചു, പിരിച്ചുവിട്ട എസ്‌ഐക്ക് ആറ് വര്‍ഷം കഠിനതടവും പിഴയും
16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായി പിരിച്ചുവിട്ട ഐസ്‌ഐക്ക് ആറ് വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും. കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് ജഡ്ജി ആര്‍ രേഖ വിധിന്യായത്തില്‍ പറയുന്നു. പിഴ തുക കുട്ടിക്ക് നല്‍കണം.
2019 നവംബര്‍ 26-ന് വൈകുന്നേരം അഞ്ച് മണിക്കാണ് കേസിലെ സംഭവം നടക്കുന്നത്. സംഭവകാലത്ത് പ്രതി റെസിഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റും, കുട്ടി ചില്‍ഡ്രന്‍സ് ക്ലബിന്റെ പ്രസിഡന്റും ആയിരുന്നു. റെസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് വാങ്ങാനായി ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇയാളുടെ മകള്‍ വീട്ടിലുണ്ടാവുമെന്ന് കരുതിയാണ് കുട്ടി പ്രതിയുടെ വീട്ടിലേക്ക് ചെന്നത്..
ലിസ്റ്റ് വാങ്ങുതിനിടെ പ്രതി കുട്ടിയെ മടിയില്‍ പിടിച്ചിരുത്തി കടന്നുപിടിക്കുകയായിരുന്നു. കുട്ടി പെട്ടെന്ന് കൈ തട്ടിമാറ്റി വീട്ടില്‍ നിന്ന് ഓടി. പ്രതി പുറകെ ഓടി ചെന്ന് ഈ സംഭവത്തില്‍ പിണങ്ങരുത് എന്ന് പറഞ്ഞു. സംഭവത്തില്‍ ഭയന്ന കുട്ടി അന്നേദിവസം ആരോടും കാര്യം പറഞ്ഞില്ല. അടുത്ത ദിവസം സ്‌കൂളിലെ അധ്യാപികയോട് ഈ വിവരം വെളിപ്പെടുത്തി.
പ്രതിയെ പറഞ്ഞ് വിലക്കണമെന്ന് അധ്യാപികയോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അധ്യാപികയാണ് പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി, സംഭവം പോലീസില്‍ അറിയിച്ചത്. സംഭവകാലത്ത് പ്രതി ബോബ് ഡിറ്റെക്ഷന്‍ സ്‌ക്വാഡിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. ഇതിന് ശേഷം കേസ് എടുക്കുകയും തുടര്‍ന്ന് പ്രതിയെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍, അഡ്വ. അഖിലേഷ് ആര്‍വൈ ഹാജരായി. പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ രേഖകള്‍ ഹാജരാക്കുകയും, പ്രതിഭാഗം 7 സാക്ഷികളെ വിസ്തരിക്കുകയും 4 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരായ സഞ്ജു ജോസഫ്, സൈജുനാഥ്, ഡി എസ് സുനീഷ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്.
‘താന്‍ പറഞ്ഞത് പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ട്, ശോഭക്കെതിരെ നിയമ നടപടി’, വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിച്ചും ഇപി
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇപി ജയരാജന്‍. താന്‍ നല്‍കിയ വിശദീകരണം പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഇപി മാധ്യമങ്ങളെയും വിമര്‍ശിച്ചു.
ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ല. താന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും. വിവാദങ്ങള്‍ മീഡിയയാണ് ഉണ്ടാക്കിയത്. ഇതൊന്നും ആരോപണങ്ങളല്ല. ഫ്രോഡാണ്. വ്യാജവാര്‍ത്തകളാണ് ഞാനുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ഇതില്‍ രാഷ്ട്രീയമുണ്ട്. ഇതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. അത്തരത്തില്‍ മാധ്യമങ്ങള്‍ മാറരുത്. മാധ്യമങ്ങള്‍ കൊത്തിവലിച്ചാല്‍ തീരുന്നയാളല്ല ഞാന്‍. പാര്‍ട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെ കുറിച്ച് ജനങ്ങള്‍ക്കും നല്ല ബോധ്യമുണ്ടെന്ന് ഇപി പ്രതികരിച്ചു.
ഇപി -ജാവദേക്കര്‍ വിവാദത്തില്‍ ഇപിയെ സംരക്ഷിക്കുകയാണ് സിപിഎം. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ജയരാജന് നിര്‍ദ്ദേശം നല്‍കിയത്. ജയരാജന്റെ വിശദീകരണം കേട്ടതിന് ശേഷമായിരുന്നു നിര്‍ദ്ദേശം. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തന്നെ തുടരും. ദല്ലാള്‍ നന്ദകുമാറുമായുളള ബന്ധം നേരത്ത ഉപേക്ഷിച്ചെന്ന് ഇപി പാര്‍ട്ടിയെ അറിയിച്ചു. ഇപ്പോള്‍ നടന്നത് വലിയ ഗൂഢാലോചനയാണ്. ഇടതുമുന്നണിയെ ആക്രമിക്കാനായിരുന്നു ലക്ഷ്യം. ജാവ്‌ദേക്കറെ കണ്ടതിള്‍ പ്രത്യേകിച്ച് ഒന്നുമില്ല. ചില മാധ്യമങ്ങളും ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്നും ഇപി പാര്‍ട്ടിയോഗത്തില്‍ വിശദീകരിച്ചു. മറ്റ് നേതാക്കളും ഇപിക്കെതിരെ പാര്‍ട്ടി യോഗത്തില്‍ സംസാരിച്ചില്ല.
മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാന്‍ പരിശോധന; ഗണേഷ് കുമാറിന്റെ മണ്ഡലത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൂട്ട അവധി
മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് പരിശോധന നടത്തുന്നതിനിടെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ണ്ഡലത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ കൂട്ട അവധി. മദ്യപിച്ച് ജോലിക്കെത്തിയ മൂന്ന് പേരെ പിടികൂടിയപ്പോഴാണ് 12 പേര്‍ അകാരണമായി അവധിയെടുത്ത് മുങ്ങിയത്. അകാരണമായി അവധി എടുത്തവര്‍ക്കെതിരെ നടപടി ഉണ്ടാകും.
പത്തനംതിട്ടയില്‍ നിന്നെത്തിയ വിജിലന്‍സ് സംഘത്തിന്റെ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ചെത്തിയ മൂന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കുടുങ്ങി. ഇക്കാര്യം അറിഞ്ഞതോടെ രാവിലെ ജോലിക്കെത്തേണ്ട 12 ജീവനക്കാര്‍ അവധിയെടുത്ത് മുണ്ടി. പിന്നാലെ പത്തനാപുരത്തിന്റെ ഗ്രാമമേഖലകളിലേക്കുള്ള സര്‍വീസുകളുള്‍പ്പെടെ 15 സര്‍വീസുകള്‍ മുടങ്ങി. ഇതോടെ സ്ഥിരം യാത്രക്കാര്‍ കൊടും ചൂടില്‍ ബസ് കിട്ടാതെ വലഞ്ഞു.
അകാരണമായി കൂട്ട അവധിയെടുത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യാത്രക്കാര്‍ക്കായി ബദല്‍ സംവിധാനം ഒരുക്കിയെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മദ്യപിച്ച് ജോലിക്കെത്തിയ 250 കെഎസ്ആര്‍ടിസി ജീവനക്കാരെയാണ് രണ്ടാഴ്ച്ചയ്ക്കിടെ സസ്‌പെന്‍ഡ് ചെയ്തത്.
ശോഭക്കെതിരെ ഇപി കേസ് കൊടുക്കും, എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടും, കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടാക്കി: സിപിഎം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വടകരയില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായെന്നും ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ.
തൃശ്ശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്താവും. ഇടത് വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ജയരാജന് നിര്‍ദ്ദേശം നല്‍കിയെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് തീരും മുന്‍പെ ബിജെപി സഖ്യകക്ഷികളെ തേടുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളെ വച്ചുള്ള ഭീഷണി കണ്ടതാണ്. മോദിയുടെ ഗ്യാരണ്ടി ജനം തള്ളി. വര്‍ഗീയ പ്രചാരണങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം. വടകരയില്‍ അടക്കം വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. വടകരയില്‍ അതിന് കോണ്‍ഗ്രസും കൂട്ട് നിന്നു. തെരഞ്ഞെടുപ്പിന് ശേഷവും വര്‍ഗീയതയെ തുറന്ന് കാണിക്കാന്‍ ശ്രമം നടത്തും. സിഎഎ,രാമക്ഷേത്ര വിഷയങ്ങള്‍ കൊണ്ട് പോലും രക്ഷയില്ലെന്ന് കണ്ടപ്പോള്‍ മോദി നേരിട്ട് വര്‍ഗീയ പ്രചാരണം ഏറ്റെടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തെ അപമാനിക്കാനുള്ള സാധ്യതകളെല്ലാം ബിജെപിയും ആര്‍എസ്എസും പയറ്റുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മതനിരപേക്ഷ സര്‍ക്കാര്‍ രാജ്യത്ത് നിലവില്‍ വരുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ തവണത്തെ പ്രഭ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഇല്ല. വയനാട്ടിലടക്കം ഇത് പ്രതിഫലിക്കും. അക്കൗണ്ട് തുറക്കുന്നതിന്റെ ഭാഗമായി തൃശൂരില്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഇറക്കി. പ്രധാനമന്ത്രി നേരിട്ട് കള്ള പ്രചാരണങ്ങള്‍ നടത്തി. എല്‍ഡിഎഫ് വിജയം തടയാന്‍ കോണ്‍ഗ്രസ് ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കി. വടകരയില്‍ ബിജെപി വോട്ട് കോണ്‍ഗ്രസിന് നല്‍കി. ഷാഫി പറമ്പില്‍ ജയിച്ചാല്‍ പാലക്കാട് നിയമസഭാ സീറ്റില്‍ ബിജെപിയെ ജയിപ്പിക്കാമെന്നാണ് വ്യവസ്ഥ. സ്ഥാനാര്‍ത്ഥി നേരിട്ട് ഇടപെട്ടാണ് ചര്‍ച്ച നടത്തിയത്. വര്‍ഗീയ പ്രചാരണങ്ങള്‍ക്കൊപ്പം വ്യക്തി അധിക്ഷേപവും ഉണ്ടായി. ഇതിനെ എല്ലാം ജനം തള്ളുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
തൃശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്ത് പോകും. വോട്ടിംഗ് ശതമാനത്തിലെ കുറവ് ഇടത് സാധ്യത ഇല്ലാതാക്കില്ല. എല്‍ഡിഎഫിന്റെ എല്ലാ വോട്ടും ബൂത്തിലെത്തിയിട്ടുണ്ട്. വോട്ട് കുറഞ്ഞത് യുഡിഎഫ് സ്വാധീന മേഖലകളിലാണ്. ഇടത് മുന്നണി ഭൂരിപക്ഷ സീറ്റ് നേടും. ഇപി വിവാദം സെക്രട്ടേറിയറ്റ് പരിശോധിച്ചു. ഒരു വര്‍ഷം മുന്‍പ് ബിജെപി നേതാവിനെ കണ്ടത് ഇപി സ്ഥിരീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ കാണുമ്പോള്‍ അവസാനിക്കുന്നതാണ് പ്രത്യയശാസ്ത്ര ബോധമെന്നത് പൈങ്കിളി സങ്കല്‍പ്പമാണ്. കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇപിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് ഇപി തന്നെ വിശദീകരിച്ചു. നിയമപരമായ തുടര്‍ നടപടിക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി. ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായി ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ആ ബന്ധം മുന്‍പേ അവസാനിപ്പിച്ചെന്ന് ഇപി പാര്‍ട്ടിയോഗത്തില്‍ അറിയിച്ചു. കേസ് അടക്കം കാര്യങ്ങള്‍ ആലോചിക്കണം. ദില്ലിയിലും എറണാകുളത്തും രാമനിലയത്തിലും അടക്കം കൂടിക്കാഴ്ച നടന്നെന്ന വാദം ശുദ്ധ അസംബന്ധമാണ്. ശോഭ സുരേന്ദ്രനെതിരെ ഇപി കേസ് കൊടുക്കുമെന്നും പാര്‍ട്ടി സെക്രട്ടറി അറിയിച്ചു.
നടുറോഡിലെ വാക്കേറ്റം; മേയറുടെ വാദം പൊളിയുന്ന ദൃശ്യങ്ങള്‍ പുറത്ത്, കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കാര്‍ കുറുകെയിട്ടു
കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള നടുറോഡിലെ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ വാദം പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മേയര്‍ സഞ്ചരിച്ച കാര്‍ ബസിന് കുറുകെ ഇട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബസ് തടഞ്ഞില്ലെന്നായിരുന്നു ആര്യ രാജേന്ദ്രന്റെ വാദം. ഡ്രൈവറുടെ പരാതിയില്‍ ഇനിയും മേയര്‍ക്കും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
ബസിന് കുറുകെ മേയറും സംഘവും കാറിട്ട് ട്രിപ്പ് മുടക്കിയെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ പരാതി. തുടക്കം മുതല്‍ മേയര്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ മേയറുടെ വാദം പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാളയം സാഫല്യം കോപ്ലക്‌സിന് മുന്നില്‍ ട്രാഫിക് സിഗ്‌നലില്‍ മേയര്‍ സഞ്ചരിച്ച കാര്‍ ബസിന് കുറുകെ ഇട്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചതിനൊപ്പം ലഹരി പദാര്‍ത്ഥം ഉപയോഗിച്ചെന്ന പുതിയ പരാതി കൂടി മേയര്‍ ഉന്നയിക്കുന്നുണ്ട്. പക്ഷെ തര്‍ക്കത്തിന് പിന്നാലെ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഇത് കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാത്രി നടന്ന തര്‍ക്കത്തില്‍ ഡ്രൈവറുടെ പരാതി പൂര്‍ണ്ണമായും തള്ളി കന്റോണ്‍മെന്റ് പൊലീസ് മേയര്‍ക്കൊപ്പമായിരുന്നു. മേയറുടെ പരാതിക്ക് കൗണ്ടര്‍ പരാതിയാണ് ഡ്രൈവറുടേതെന്നാണ് പൊലീസ് വാദം. വാഹനം കുറുകെ ഇട്ടിട്ടില്ലെന്ന് വിശദീകരിച്ച പൊലീസും സിസിടിവി ദൃശ്യങ്ങള്‍ വന്നതോടെ വെട്ടിലായി. താന്‍ ആദ്യം പരാതികൊടുത്തിട്ടും പൊലീസ് കേസെടുത്തില്ലെന്നാണ് യദു പറയുന്നത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സിഗ്‌നലില്‍ വാഹനം കുറുകെയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും കേസെടുക്കാന്‍ വകുപ്പുണ്ടായിട്ടും ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.
അതേസമയം, മേയറുടെ വാഹനം ഇടത് വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്‌തെന്ന ഡ്രൈവറുടെ പരാതി തെളിയിക്കുന്ന ദൃശ്യം കിട്ടിയിട്ടില്ല. ഒപ്പം ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന് മേയറുടെ പരാതി വ്യക്തമാക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടില്ല.