പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യാജ വാർത്ത നൽകിയെന്ന ആരോപണത്തിൽ മാപ്പ് പറഞ്ഞ് ചാനൽ. കഴിഞ്ഞ ദിവസമായിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം നടക്കുന്നത്.
പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ കൊട്ടി കലശത്തിൽ ഇടതു പക്ഷ സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസിന്റെ പ്രാചാരണാർത്ഥം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകർ എത്തിച്ചേർന്നിരുന്നു. ആ കൂട്ടത്തിൽ കോഴിക്കോട് നിന്നും എത്തിച്ചേർന്ന ഒരു കൂട്ടം പ്രവർത്തകർ പാട്ടു പാടി വോട്ടു പിടിക്കുന്നത്തിന്റെ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് ചാനലിന് ഗുരുതരമായ പിഴവ് പറ്റിയത്.
നെറ്റിയിൽ ചുവന്ന റിബൺ കെട്ടിയ പ്രവർത്തകരുടെ ദൃശ്യങ്ങൾ ചാനലിലെത്തിയപ്പോൾ റിബണിന്റെ കളർ കാവിയായി മാറിയിരുന്നു കൂടാതെ ‘ആർ എസ് എസ് ഗണഗീതത്തിന്റെ താളത്തിൽ ജയ്കിന് വേണ്ടി വോട്ടു ചോദിച്ചു പ്രവർത്തകർ’ എന്നായിരുന്നു ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്ത വീഡിയോക്ക് ആദ്യം നൽകിയ തലക്കെട്ട്. എന്നാൽ പിന്നീട് ഇത് മാറ്റി ജെയ്ക്കിന് വേണ്ടി പട്ടു പാടി വോട്ടു ചോദിച്ചു പ്രവർത്തകർ എന്നാക്കി മാറ്റിയിരുന്നു. ഇതും സോഷ്യൽ മീഡിയയിലെ മലയാളികൾ തെളിവ് സഹിതം കണ്ടു പിടിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലടക്കം ചാനലിന്റെ ഇടത് വിരുദ്ധ മനോഭാവത്തിനെതിരെ വലിയ രൂപത്തിലുള്ള പ്രതിഷേധമാണ് ഇതിനെ തുടർന്ന് ഉണ്ടായത്. മുൻ മന്ത്രി കെ ടി ജലീലടക്കം ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധത്തിനൊടുവിൽ ചാനൽ മാപ്പ് പറഞ്ഞിട്ടുണ്ട് വിവിധ സമൂഹ മാധ്യമങ്ങളിലെ ചാനലിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ വഴി ചാനലിന് സംഭവിച്ച പിഴവുകൾ എടുത്തുപറഞ്ഞു കൊണ്ടാണ് എഡിറ്റർ മാപ്പു പറഞ്ഞിട്ടുള്ളത്.
ചന്ദ്രോപരിതലത്തില്‍ വീണ്ടും ഉയര്‍ന്നു പൊങ്ങി വിക്രം ലാന്‍ഡര്‍; വിഡിയോ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ വീണ്ടും 40 സെ.മീ ഉയര്‍ന്നു പൊങ്ങി മറ്റൊരിടത്ത് ലാന്‍ഡ് ചെയ്‌തെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 30 മുതല്‍ 40 സെന്റീമീറ്റര്‍ വരെ അകലത്തിലാണ് ലാന്‍ഡ് ചെയ്തിരിക്കുന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതടക്കമുള്ള ഭാവിനീക്കങ്ങള്‍ക്കു മുതല്‍ക്കൂട്ടാകും പുതിയ പ്രക്രിയ എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സെപ്റ്റംബര്‍ 3 നായിരുന്നു പരീക്ഷണം നടത്തിയത്.
Chandrayaan-3 Mission:
🇮🇳Vikram soft-landed on 🌖, again!Vikram Lander exceeded its mission objectives. It successfully underwent a hop experiment.
On command, it fired the engines, elevated itself by about 40 cm as expected and landed safely at a distance of 30 – 40 cm away.… pic.twitter.com/T63t3MVUvI
— ISRO (@isro) September 4, 2023
വിക്രം ലാന്‍ഡര്‍ മറ്റൊരു സോഫ്റ്റ് ലാന്‍ഡിങ് കൂടി നടത്തിയിരിക്കുകയാണ്. ഇതിനു മുന്നോടിയായി നേരത്തെ റോവറിനു പുറത്തിറങ്ങാനായി തുറന്ന വാതിലുകള്‍ അടയ്ക്കുകയും ചെയ്തു. ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് സാംപിളുകള്‍ കൊണ്ടുവരുന്നതിനും പേടകത്തെ പൊക്കി മാറ്റേണ്ടതുണ്ട്. അതിനു കൂടി കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ.
14 ദിവസത്തെ ചാന്ദ്രപകലാണ് വിക്രം ലാന്‍ഡറിനും പ്രഗ്യാന്‍ റോവറിനും കാലാവധിയുള്ളത്. പ്രഗ്യാന്‍ റോവറിനെ സ്ലീപ് മോഡിലേക്ക് ഐഎസ്ആര്‍ഒ മാറ്റിയിരുന്നു. ഇപ്പോള്‍ വിക്രംലാന്‍ഡറിനെ ഒരിക്കല്‍ കൂടി പ്രവര്‍ത്തിപ്പിച്ച് നിര്‍ണായകമായ സാങ്കേതിക നീക്കമാണ് ഐഎസ്ആര്‍ഒ നടത്തിയത്.
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ലെ റോവറിന്റെ ദൗത്യം പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നു. റോവറിനെ സുരക്ഷിതസ്ഥാനത്ത് നിര്‍ത്തിയതായും സ്ലീപ്പ് മോഡിലേക്ക് മാറ്റിയതായും അറിയിച്ചു. ചന്ദ്രനില്‍ പകല്‍ അവസാനിച്ചതിനാലാണ് റോവറിനെ ഇതിലേക്ക് മാറ്റിയതെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.
റോവറിലെ എ.പി.എക്സ്.എസ്, എല്‍.ഐ.ബി.എസ്. പേലോഡുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പേലോഡുകളിലെ വിവരങ്ങള്‍ ലാന്‍ഡര്‍ വഴി ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ പൂര്‍ണ്ണമായി ബാറ്ററി ചാര്‍ജുള്ള റോവറിന്റെ സോളാര്‍ പാനലുകള്‍ അടുത്ത സൂര്യോദയമായ സെപ്റ്റംബര്‍ 22-ന് വെളിച്ചം ലഭിക്കാന്‍ പാകത്തില്‍ ക്രമീകരിച്ചിരിക്കുകയാണ്. റിസീവര്‍ ഓണ്‍ ആക്കിവെച്ചിരിക്കുകയാണ്.
മറ്റൊരുകൂട്ടം ജോലികള്‍ക്കായി വീണ്ടും റോവര്‍ ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലെങ്കില്‍ ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളുടെ അംബാസിഡറായി അത് എക്കാലവും നിലനില്‍ക്കുമെന്നും ഐ.എസ്.ആര്‍.ഒ. എക്സില്‍ കുറിച്ചു.
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം,ക്ഷേമനിധികളില്‍ നിന്ന് 2000 കോടി ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം:ഓണക്കാലം കഴിഞ്ഞുള്ള അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ക്ഷേമനിധികളില്‍ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍. അത്യാവശ്യ ചെലവുകള്‍ക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ട്രഷറി നിയന്ത്രണത്തിന് ഇളവ് അനുവദിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഓണം കൂടിയപ്പോള്‍ ഖജനാവില്‍ നിന്ന് ഇറങ്ങിയത് 18000 കോടി രൂപയാണ്. അധിക ചെലവുകള്‍ക്കെല്ലാം മുന്നില്‍ പിടിച്ച് നില്‍ക്കാനായെന്ന് വിശദീകരിക്കുമ്പോഴും ഇനി വരുന്ന മാസങ്ങള്‍ എങ്ങനെ കഴിഞ്ഞുകൂടുമെന്ന ആശങ്കയാണ് ബാക്കി. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ധനസമാഹരണമാണ് പരിഗണനയില്‍. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അടിയന്തരമായി 2000 കോടി രൂപയെടുത്ത് ട്രഷറിയിലെത്തിക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ ക്ഷേമനിധികളോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, പല ക്ഷേമനിധികളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്.
എന്നാല്‍ ആദായനികുതി വകുപ്പ് തെറ്റായി ഈടാക്കിയ 1000 കോടിരൂപ ബിവറേജസ് കോര്‍പ്പറേഷന് കിട്ടാനുണ്ട്. ഇതുകിട്ടിയാല്‍ അവരും സര്‍ക്കാരിന് പണം നല്‍കും. സാമ്പത്തികസ്ഥിതി അങ്ങേയറ്റം മോശമാവുമ്പോള്‍പ്പോലും ഇത്തരം താല്‍ക്കാലിക ക്രമീകരണങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിന് ആവുന്നില്ല.
വായ്പയായി എടുക്കുന്ന ഈ തുക മാര്‍ച്ച് 31ന് മുമ്പ് അടച്ചാല്‍ വായ്പയായി കേന്ദ്രം കണക്കാക്കില്ല. നികുതി വരുമാനത്തില്‍ അടക്കം വരവു ചെലവുകളെല്ലാം വിലയിരുത്തിയായിരിക്കും തുടര്‍ തീരുമാനങ്ങളെടുക്കുന്നത്. നിലവില്‍ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ല് മാറാനാണ് ട്രഷറിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. അത് പത്ത് ലക്ഷമെങ്കിലും ആക്കി ഉയര്‍ത്താന്‍ ഇനിയും കാത്തിരിക്കണം
ഓണക്കാലത്തെ ചെലവുകളെത്തുടര്‍ന്ന് മറ്റ് ഇടപാടുകള്‍ക്ക് പണമില്ലാതെവരുന്ന സ്ഥിതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈവര്‍ഷം കേന്ദ്രം അനുവദിച്ചതില്‍ രണ്ടായിരത്തോളം കോടിരൂപ മാത്രമാണ് വായ്പയെടുക്കാന്‍ ശേഷിക്കുന്നത്.
ഓണച്ചെലവുകള്‍ക്ക് പണം തികയ്ക്കാനായി ട്രഷറി ഇടപാടുകളുടെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചിരുന്നു. ഓണക്കാലത്തെ പ്രത്യേക ചെലവുകള്‍ ഒഴിച്ചുള്ള ബില്ലുകള്‍ മാറ്റിവെക്കുകയും ചെയ്തു. ട്രഷറിയില്‍ നിയന്ത്രണത്തിന് അയവുനല്‍കാന്‍ ഇനിയുമായിട്ടില്ല. എങ്കിലും അത്യാവശ്യമുള്ള ബില്ലുകള്‍ പാസാക്കാന്‍ ക്ഷേമനിധികളില്‍നിന്നുള്ള പണമെത്തുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മുന്‍ സര്‍ക്കാരുകളുടെ കാലത്തും ഇത്തരത്തില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് പതിവായി പണം സ്വീകരിച്ചിരുന്നു. എന്നാല്‍, ഇങ്ങനെ കടമെടുക്കുന്നതും സര്‍ക്കാരിന്റെ വായ്പപ്പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചതോടെ ഇതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
‘പെരിയാര്‍, അണ്ണാ, കലൈഞ്ജര്‍ അനുയായികള്‍’; ‘സനാതനധര്‍മം പകര്‍ച്ച വ്യാധി’ പരാമര്‍ശത്തില്‍ പിന്നോട്ടില്ലെന്ന് ഉദയനിധി സ്റ്റാലിന്‍
ചെന്നൈ: സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ ചൊല്ലി വിവാദം. സനാതന ധര്‍മ്മത്തെ എതിര്‍ത്താല്‍ മാത്രംപോരെന്നും ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. പരാമര്ശത്തിനു പിന്നാലെ ബിജെപിയും രംഗത്തുവന്നു.
വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ‘ഇന്ത്യ’ മുന്നണിയുടെ മുംബൈ യോഗത്തിന്റെ തീരുമാനം ആണോ എന്നും ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഉദയനിധി പ്രതികരിച്ചു. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധര്‍മ്മമെന്നും ഉദയനിധി വിശദീകരിച്ചു. ബിജെപിയുടെ പതിവ് ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ല, പറഞ്ഞതില്‍ നിന്നും പുറകോട്ടില്ലെന്നും ഉദയനിധി വ്യക്തമാക്കി.
ഇതിന്റെ പേരില്‍ നിയമനടപടി നേരിടാന്‍ തയ്യാറാണ്. ഇത്തരം പതിവ് കാവി ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ല. പെരിയാര്‍, അണ്ണ, കലൈഞ്ജര്‍ എന്നിവരുടെ അനുയായികളാണ് ഞങ്ങള്‍. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമര്‍ത്ഥമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ സാമൂഹിക നീതി ഉയര്‍ത്തിപ്പിടിക്കാനും സമത്വ സമൂഹം സ്ഥാപിക്കാനും എന്നേക്കും ഞങ്ങള്‍ പോരാടും.- ഉദയനിധി സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
ദ്രാവിഡ നാട്ടില്‍ നിന്ന് സനാതന ധര്‍മ്മത്തെ തടയാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും, പറഞ്ഞത് ഇന്നും നാളേയും എന്നും പറയുമെന്നും ഉദയനിധി വ്യക്തമാക്കി. സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ‘നമുക്ക് ഇല്ലാതാക്കേണ്ട ചില കാര്യങ്ങളുണ്ട്, നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ, ഇവയെല്ലാം നമുക്ക് എതിര്‍ക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്, അവയെ തുടച്ചുനീക്കണം. സനാതനവും ഇതുപോലെയാണ്”. എന്നായിരുന്നു ഉദയനിധിയുടെ വാക്കുകള്‍.
‘സനാതന ഉന്മൂലന സമ്മേളനം’ എന്ന പരിപാടിയിലായിരുന്നു ഉദയനിധിയുടെ വാക്കുകള്‍. സനാതനത്തെ എതിര്‍ക്കുകയല്ല, ഉന്മൂലനം ചെയ്യുക എന്നതായിരിക്കണം നമ്മുടെ പ്രഥമ കര്‍ത്തവ്യം. സാനതനം എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നുള്ളതാണ്. സനാതനം സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണ്. സനാതനത്തിന്റെ അര്‍ത്ഥം ‘ശാശ്വത’മല്ലാതെ മറ്റൊന്നുമല്ല, മാറ്റാന്‍ കഴിയാത്ത ഒന്ന്, ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. ഇതാണ് സനാതനത്തിന്റെ അര്‍ത്ഥം.”- ഉദനയനിധിയുടെ വാക്കുകള്‍. പരാമര്‍ശം വിവാദമായതോടെ പറഞ്ഞതില്‍ വിശദീകരണവുമായി ഉദയനിധി രംഗത്തെത്തിയിരുന്നു.
അതേസമയം, ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തങ്ങളുടെ എല്ലാ കുറവുകളും മറയ്ക്കാന്‍ അവര്‍ മതത്തെ ആയുധമാക്കിയിരിക്കുകയാണ് എന്ന് എം കെ സ്റ്റാലിന്‍ ആരോപിച്ചു. തമിഴ്നാടിന്റെ പോഡ്കാസ്റ്റ് പരമ്പരായ ‘സ്പീക്കിംഗ് ഫോര്‍ ഇന്ത്യ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. ‘അവര്‍ ജനങ്ങളുടെ മതവികാരത്തെ ആളിക്കത്തിക്കുകയും തീവ്രതയോടെ ആഞ്ഞടിക്കുകയും ചെയ്യുന്നു,’ സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.
മണിപ്പൂരില്‍ ആളിക്കത്തിയ വിഭാഗീയതയില്‍ സംസ്ഥാനം കത്തിക്കരിഞ്ഞു, ഹരിയാനയിലെ മതഭ്രാന്ത് നിരപരാധികളുടെ ജീവനും സ്വത്തും അപഹരിച്ചുവെന്നും, മണിപ്പൂരിലെയും ഹരിയാനയിലെയും വിഷയം ഉന്നയിച്ച സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തിനും ഫെഡറലിസത്തിനും ജനാധിപത്യത്തിനും ഭീഷണിയുണ്ടായപ്പോഴെല്ലാം ഡിഎംകെ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 ലെ തെരഞ്ഞെടുപ്പില്‍ ആരാണ് അധികാരത്തില്‍ വരേണ്ടത് എന്നതിലുപരി ആര് അധികാരത്തില്‍ വരരുത് എന്നതിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു. പൊതുമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ ബിജെപി അധികാരം ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മം നിര്‍മാര്‍ജനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം വിവാദമായതിന് തൊട്ടുപിന്നാലെയാണ് സ്റ്റാലിന്റെ പരാമര്‍ശം.
”ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ, ഇവയെല്ലാം നമുക്ക് എതിര്‍ക്കാനാവില്ല, നിര്‍മാര്‍ജനെ ചെയ്യാനേ കഴിയൂ. അങ്ങനെയാണ് സനാതനവും. എതിര്‍ക്കുന്നതിന് പകരം ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്, അതാണ് നമ്മുടെ ആദ്യ ദൗത്യം”, എന്നാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.
ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ ചൊല്ലി വിവാദം ശക്തമായിരിക്കുകയാണ്. പരാമര്‍ശത്തിനു പിന്നാലെ ബിജെപിയും രംഗത്തുവന്നു. വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ‘ഇന്ത്യ’ മുന്നണിയുടെ മുംബൈ യോഗത്തിന്റെ തീരുമാനം ആണോ ഇതെന്നും ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു.
ഷംസീറിന്റെ അതേ വാചകമാണ് ഉദയനിധി സ്റ്റാലിന്‍ പറയുന്നത്; സി.പി.എമ്മും കോണ്‍ഗ്രസും തള്ളിപ്പറയുമോ’?: വി. മുരളീധരന്‍
ഗണപതി മിത്താണെന്ന് പറഞ്ഞ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ അതേ വാചകമാണ് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനും പറയാനുള്ളതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഹൈന്ദവ ധര്‍മത്തോട് യഥാര്‍ഥ ബഹുമാനമുണ്ടെങ്കില്‍ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയ്യാറാകണമെന്നും വാര്‍ത്ത സമ്മേളനത്തില്‍ മുരളീധരന്‍ വ്യക്തമാക്കി.
സ്നേഹത്തിന്റെ കട തുറക്കാന്‍ ഇറങ്ങിയവര്‍ മുന്നോട്ടുവെക്കുന്ന അഖണ്ഡതയുടെ സന്ദേശം ഇതാണോ എന്നും അദ്ദേഹം ചോദിച്ചു. ഉദയനിധി സ്റ്റാലിന്റെ കുടുംബ പാര്‍ട്ടിക്കാര്‍ 2ജിയും കല്‍ക്കരിയുമടക്കം നടത്താവുന്ന അഴിമതിയെല്ലാം നടത്തി ഈ രാജ്യത്തെ കൊള്ളയടിച്ചപ്പോള്‍ നരേന്ദ്രമോദിജിയുടെ നേതൃത്വത്തില്‍ ഈ രാജ്യത്തിന് നഷ്ടപ്പെട്ടുപോയ പെരുമ വീണ്ടെടുക്കുന്നു. അതാണ് ഡിഎംകെയെയും കൂട്ടുകാരെയും അസ്വസ്ഥപ്പെടുത്തുന്നത്.
തമിഴ്നാട് രാഷ്ട്രീയത്തിലെ യുവനേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശമാണ് ഇപ്പേള്‍ ചര്‍ച്ചയാക്കുന്നത്. ചില കാര്യങ്ങളെ ഏതിര്‍ക്കുകയല്ല, ഉന്‍മൂലനം ചെയ്യുകയാണ് വേണ്ടത്. ഡെങ്കിപ്പനി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിര്‍ക്കാനാകില്ല. അവയെ നാം ഉന്‍മൂലനം ചെയ്യണം. അതുപോലെ സനാതന ധര്‍മ്മത്തെയും ഉന്‍മൂലനം ചെയ്യണം,’ എന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന.