മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിലേക്കാണ് അദ്ദേഹം പോകുന്നത് എന്നാണ് സൂചന.
സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് മിലിന്ദ് രാജിവിവരം അറിയിച്ചത്. പാര്‍ട്ടിയില്‍നിന്ന് രാജി വെക്കുകയാണെന്നും തന്റെ കുടുംബത്തിന്റെ 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
‘എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായൊരു അധ്യായത്തിന്റെ അവസാനമാണ് ഇന്ന്. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് ഞാന്‍ രാജിവെച്ചു. ഇതോടെ എന്റെ കുടുംബത്തിന്റെ 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. വര്‍ഷങ്ങളായി നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവര്‍ത്തകരോടും നന്ദി പറയുന്നു.’ -മിലിന്ദ് എക്സില്‍ കുറിച്ചു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മിലിന്ദ് ദേവ്റ പാര്‍ട്ടി വിടുന്നത്. ദക്ഷിണ മുംബൈ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ മുന്‍ മുംബൈ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമാണ് മിലിന്ദ്.
ഒട്ടേറെ തവണ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്റയുടെ മകനാണ് 47-കാരനായ മിലിന്ദ് ദേവ്റ. ദക്ഷിണ മുംബൈയില്‍ നിന്ന് സ്ഥിരമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിരുന്ന അദ്ദേഹത്തിന്റെ മരണശേഷമാണ് മിലിന്ദ് ദേവ്റ ഇവിടെ മത്സരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ ഒപ്പം മത്സരിച്ച് ശിവസേനയുടെ അരവിന്ദ് സാവന്താണ് ഇവിടെ നിന്ന് വിജയിക്കുന്നത്. ശിവസേനാ ഉദ്ധവ് താക്കറെ പക്ഷത്താണ് നിലവില്‍ അരവിന്ദ് സാവന്ത്.
ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് മുമ്പുതന്നെ ദക്ഷിണ മുംബൈ സീറ്റ് വിട്ടുതരില്ലെന്ന് ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അന്നുതന്നെ മിലിന്ദ് ദേവ്റ രംഗത്തെത്തുകയും ചെയ്തിരുന്നു. സീറ്റ് വിഭജന ചര്‍ച്ചയില്‍ സീറ്റ് ശിവസേനയ്ക്ക് നല്‍കാന്‍ ധാരണയായതാണ് മിലിന്ദ് ദേവ്റയെ പ്രകോപിപ്പിച്ചത്.
അതേസമയം ബി.ജെ.പിയ്ക്കൊപ്പമുള്ള ശിവസേനാ ഷിന്ദേ പക്ഷത്തേക്ക് ചേക്കേറിയാലും ദക്ഷിണ മുംബൈ സീറ്റില്‍ മിലിന്ദ് ദേവ്റയ്ക്ക് മത്സരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ബി.ജെ.പിയാകും ഇവിടെ മത്സരിക്കുന്നത്.
മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനം ഒരുങ്ങി
മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനം ഒരുങ്ങി. തിങ്കളാഴ്ച പൊന്നമ്പലമേട്ടില്‍ മകരജ്യോതി. സന്നിധാനത്ത് ഞായറാഴ്ച ബിംബ ശുദ്ധക്രിയകള്‍ നടക്കും. ളാഹയില്‍ എത്തിചേരുന്ന തിരുവാഭരണ ഘോഷയാത്ര, ളാഹ സത്രത്തില്‍ തങ്ങിയശേഷം നാളെ പ്രയാണമാരംഭിച്ച് സന്നിധാനത്തെത്തും.
ദിവ്യജ്യോതി ദര്‍ശിക്കാന്‍ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തര്‍ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. രണ്ട് ലക്ഷത്തോളം ഭക്തര്‍ മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍.
ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അവസാനഘട്ട വിലയിരുത്തലുകളും നടത്തി. മകരജ്യോതി ദര്‍ശിക്കാന്‍ 10 പോയിന്റുകളാണുള്ളത്. ഇവിടെ കുടിവെള്ളം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങളും പോലീസ് സ്വീകരിച്ചിട്ടുണ്ട്.
ഇന്ത്യ ചെയര്‍പേഴ്സണ്‍: രാഹുലിനെ നിര്‍ദേശിച്ച് നിതീഷ്; നിരസിച്ച് രാഹുല്‍, നറുക്ക് ഖാര്‍ഗെയ്ക്ക, വിസമ്മതിച്ച് മമത
ഇന്ത്യ മുന്നണിയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ജെ.ഡി.യു. അധ്യക്ഷന്‍ നിതീഷ് കുമാര്‍ നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയെ എന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തനിക്ക് താഴെത്തട്ടില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് പറഞ്ഞ് രാഹുല്‍ ഒഴിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നിയമിക്കാന്‍ ധാരണയാകുന്നത്.
സഖ്യത്തിലെ പ്രമുഖ പാര്‍ട്ടികള്‍ ശനിയാഴ്ച ഓണ്‍ലൈനായി യോഗംചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. കണ്‍വീനര്‍ സ്ഥാനത്തേക്ക് നിതീഷ് കുമാറിന്റെ പേര് യോഗത്തില്‍ ഉയര്‍ന്നെങ്കിലും അന്തിമതീരുമാനം മാറ്റി. യോഗത്തില്‍ പങ്കെടുക്കാതിരുന്ന ചില കക്ഷികളുടെകൂടി അംഗീകാരം നേടിയശേഷം ഇക്കാര്യം തീരുമാനിച്ചാല്‍ മതിയെന്നാണ് ധാരണ. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ശിവസേന-ഉദ്ധവ് വിഭാഗം എന്നീ കക്ഷികളാണ് യോഗത്തില്‍നിന്ന് വിട്ടുനിന്നത്.
അതിനിടെ, തന്നേക്കാള്‍ മുതിര്‍ന്ന നേതാവായ ലാലു പ്രസാദ് യാദവിനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.
ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന് തൊട്ടുതാഴെയുള്ള പദവിയാണ് കണ്‍വീനര്‍. അതേസമയം, കണ്‍വീനറെ നിയമിക്കുന്ന കാര്യത്തില്‍ ഇന്ത്യാ മുന്നണിയില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ശനിയാഴ്ച പ്രതികരിച്ചിരുന്നു. വിവിധ പാര്‍ട്ടികള്‍ ഒരുമിച്ചുനില്‍ക്കുന്നുവെന്നത് നല്ല ലക്ഷണമാണ്. എന്നാല്‍, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുതേടുന്നതിന് ആരേയും ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും ഫലം വന്നശേഷം നേതാവിനെ തീരുമാനിക്കാമെന്നും പവാര്‍ വ്യക്തമാക്കി.
മിലിന്ദ് ദേവ്റ പാര്‍ട്ടി വിട്ടതില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പുമായി ബി.ജെ.പി.
മുന്‍ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദേവ്റ പാര്‍ട്ടി വിട്ടതില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പുമായി ബി.ജെ.പി. രാഹുല്‍ ഗാന്ധി ആദ്യം സ്വന്തം പാര്‍ട്ടിയിലെ നേതാക്കളോട് ‘ന്യായം’ ചെയ്യൂ എന്ന് ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ന്യായ് യാത്ര അതിനുശേഷമാകാം എന്നും അമിത് മാളവ്യ ട്വീറ്റില്‍ പറയുന്നു. ‘ഭാരത് ജോഡോ ന്യായ് യാത്ര’ ഇന്ന് മണിപ്പുരില്‍ നിന്ന് ആരംഭിക്കാനിരിക്കെയാണ് യാത്രയുടെ പേര് തന്നെ ഉപയോഗിച്ച് ബി.ജെ.പി. രാഹുലിനെ വിമര്‍ശിച്ചിരിക്കുന്നത്.
ഞായറാഴ്ച രാവിലെയാണ് മിലിന്ദ് ദേവ്റ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചതായി അറിയിച്ചത്. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മിലിന്ദ് ദേവ്റയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു അമിത് മാളവ്യ രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ 67 ദിവസം കൊണ്ട് 6713 കിലോമീറ്റര്‍ സഞ്ചരിക്കുന്ന തരത്തിലാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ന്യായ് യാത്ര കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഫ്ളാഗ് ഓഫ് ചെയ്യുക. ഇന്ന് ആരംഭിക്കുന്ന യാത്ര മാര്‍ച്ച് 20-ന് മുംബൈയില്‍ സമാപിക്കും.
അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്ര ആരംഭിക്കുന്ന വേദിയില്‍ മാറ്റമുണ്ട്. മണിപ്പുരിലെ തൗബാല്‍ ജില്ലയിലെ ഖോങ്ജോം ഗ്രൗണ്ടില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വേദി മാറ്റിയെങ്കിലും യാത്രാമാര്‍ഗം പഴയത് തന്നെയായിരിക്കും.
നേരത്തേ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുന്നോടിയായി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച പൗരസമൂഹസംഘടനകളുടെയും ജനകീയപ്രസ്ഥാനങ്ങളുടെയും പ്രതിനിധികളുമായി ചര്‍ച്ചനടത്തിയിരുന്നു.
ദളിതുകള്‍, ആദിവാസികള്‍, മറ്റു പിന്നാക്കവിഭാഗക്കാര്‍, സ്ത്രീകള്‍, തൊഴില്‍രഹിതര്‍, അസംഘടിത തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ നേരിടുന്ന അനീതിയാണ് പ്രധാനമായും ചര്‍ച്ചാവിഷയമായത്. ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍നിന്ന് നിര്‍ദേശങ്ങളെ സ്വാഗതംചെയ്ത രാഹുല്‍, യാത്രയിലൂടെ നീതിക്കായി പോരാടാനുള്ള തന്റെ ദൃഢനിശ്ചയം പ്രകടിപ്പിച്ചു.
മിലിന്ദ് ദേവ്‌റയ്ക്ക് പാര്‍ട്ടിയില്‍നിന്ന് രാജി പ്രഖ്യാപിക്കാനുള്ള സമയം തീരുമാനിച്ചത് നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ്
മിലിന്ദ് ദേവ്‌റയ്ക്ക് പാര്‍ട്ടിയില്‍നിന്ന് രാജി പ്രഖ്യാപിക്കാനുള്ള സമയം തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ന്യായ് യാത്ര തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നതിനെ പ്രതിരോധിക്കാനാണ് ഇതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ന് (ഞായറാഴ്ച) രാഹുലിന്റെ ന്യായ് യാത്ര ആരംഭിക്കാനിരിക്കെയാണ് മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മിലിന്ദ് രാജിവെക്കുന്നതായി എക്‌സിലൂടെ അറിയിച്ചത്.
ദക്ഷിണ മുംബൈ ലോക്‌സഭാ സീറ്റില്‍ ശിവസേന ഉദ്ധവ് താക്കറെ പക്ഷം അവകാശവാദം ഉന്നയിക്കുന്നതില്‍ ആശങ്കയുണ്ടെന്നും രാഹുല്‍ ഗാന്ധിയുമായി ഈ കാര്യം സംസാരിക്കണമെന്നും വെള്ളിയാഴ്ച ദേവ്‌റ ഫോണിലൂടെതന്നോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
‘വെള്ളിയാഴ്ച രാവിലെ 8.52 നാണ് ആദ്ദേഹം എനിക്ക് മെസേജ് അയക്കുന്നത്. ഉച്ചയ്ക്ക് 2.47ന് പാര്‍ട്ടി മാറാന്‍ ആലോചിക്കുന്നുണ്ടോയെന്ന് ചോദിച്ച് ഞാന്‍ മറുപടി അയച്ചു. നിങ്ങളോട് സംസാരിക്കാന്‍ സാധിക്കുമോയെന്ന്‌ചോദിച്ച് അദ്ദേഹം 2.48ന് മറ്റൊരു സന്ദേശം അയച്ചു. വിളിക്കാമെന്നു പറഞ്ഞ ഞാന്‍ 3.40 ന് അദ്ദേഹത്തോട് വിളിച്ചു സംസാരിച്ചു’, ജയറാം രമേശ് പറഞ്ഞു.
‘ശിവസേനയുടെ സിറ്റിങ് സീറ്റ് ആണെന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നും രാഹുല്‍ ഗാന്ധിയെ നേരില്‍കണ്ട് സീറ്റിന്റെ കാര്യം വിശദീകരിക്കണമെന്നും ഞാനും ഈ കാര്യം രാഹുലിനോട് പറയണമെന്നുമായിരുന്നു ദേവ്‌റ എന്നോട് പറഞ്ഞത്; ജയറാം രമേശ് വ്യക്തമാക്കി.’ഇതെല്ലാം വെറും പ്രഹസനമായിരുന്നു. ആ സമയത്തെല്ലാം പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയിരുന്നു. ഇക്കാര്യം പ്രഖ്യാപിക്കാനുള്ള സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിശ്ചയിച്ചത്’, ജയറാം രമേശ് ആരോപിച്ചു.
ഇതിനിടെ മിലിന്ദ് ദേവ്‌റയുടെ പിതാവും ഏഴുതവണ കോണ്‍ഗ്രസ് എം.പിയുമായിരുന്ന മുരളി ദേവ്‌റയുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകളും ജയറാം രമേശ് എക്‌സിലൂടെ പങ്കുവെച്ചു. ‘എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു. പക്ഷേ തന്റേടമുള്ള കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ അദ്ദേഹം എല്ലായ്‌പ്പോഴും, നല്ല സമയത്തും മോശം സമയത്തും, കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം നിന്നിരുന്നു.’, ജയറാം രമേശ് കുറിച്ചു.
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച രാവിലെയാണ് പാര്‍ട്ടിയില്‍നിന്ന് രാജി വെക്കുകയാണെന്നും തന്റെ കുടുംബത്തിന്റെ 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും മിലിന്ദ് ദേവ്‌റ പ്രഖ്യാപിച്ചത്.
മോദി തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയേക്കും
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയേക്കുമെന്ന് വിവരം. ക്ഷേത്രത്തില്‍ പോലീസ് പരിശോധന നടത്തി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനൊപ്പം തൃപ്രയാറിലും മോദി സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. ഇതില്‍ പങ്കെടുക്കാന്‍ രാവിലെ 7.15-ന് കൊച്ചിയില്‍ നിന്ന് ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി 7.45 ഓടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും. ഇതിന് ശേഷം സുരേഷ് ഗോവപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. ഒപ്പം, മറ്റൊരു സമൂഹ വിവാഹത്തിലും മോദി പങ്കെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 8.45 ഓടെ മടങ്ങിപ്പോകുന്ന വിധത്തിലാണ് നിലവില്‍ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍, ഇതിനിടെ, തൃശ്ശൂരിലെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം ദര്‍ശനം നടത്താനുള്ള ആലോചനകള്‍ നടക്കുന്നതായാണ് വിവരം. പ്രധാനമന്ത്രിയുടെ ഓഫീസ് മുന്‍കൈ എടുത്താണ് ഇത്തരത്തില്‍ ഒരു ആലോചന നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ ഭാഗമായുള്ള പരിശോധനയും സുരക്ഷാ ക്രമീകരണങ്ങളും ഇതിനോടകം നടന്നുവരുന്നതായാണ് ബി.ജെ.പി. കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി എറണാകുളത്ത് എത്തുക. വൈകുന്നേരം തന്നെ മോദിയുടെ റോഡ് ഷോയും എറണാകുളത്ത് ഉണ്ടാകും. ഇതിന് ശേഷം പിറ്റേദിവസം രാവിലെയോടെ ആയിരിക്കും തൃശ്ശൂരിലേക്ക് തിരിക്കുക.
തല്ലും തലോടലും ഒരുമിച്ചു പോകില്ല; ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.ബി.സി.
ബി.ജെ.പിയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.സി.ബി.സി. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് വിമര്‍ശനം. തല്ലും തലോടലും ഒരുമിച്ചു പോകില്ല എന്ന തലക്കെട്ടോട് കൂടി എഡിറ്റോറിയല്‍ പേജിലാണ് ബി.ജെ.പിയുടെ ക്രൈസ്തവവിരുദ്ധ നയങ്ങള്‍ക്കെതിരേ കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയുടെ ലേഖനം. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെ ഉള്‍പ്പെടെ വിമര്‍ശിച്ചാണ് ലേഖനം.
ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വ്യാപകമായി നടക്കുന്നത് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആര്‍.എസ്.എസ്. പ്രസിദ്ധീകരണമായ ഓര്‍ഗനൈസറില്‍ ക്രൈസ്തവ വിദ്വേഷം ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കുമ്പോള്‍ ഓര്‍ഗനൈസറില്‍ ക്രിസ്മസ് അവഹേളിക്കപ്പെടുകയായിരുന്നു. കേരളത്തില്‍നിന്നുള്ള ആര്‍.എസ്.എസ്. പ്രസിദ്ധീകരണമായ കേസരി ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കവും വ്യത്യസ്തമല്ല. ഈ വൈരുധ്യങ്ങളൊന്നും തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഈ നാട്ടിലെ ജനങ്ങളെന്ന് ആരും കരുതേണ്ടതില്ലെന്നും ലേഖനത്തില്‍ പറയുന്നു.
ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരായുള്ള നീക്കങ്ങള്‍ക്കു ദേശീയ ബാലാവകാശ കമ്മിഷന്‍ നേതൃത്വം നല്കുകയാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ക്രൈസ്തവ സ്ഥാപനങ്ങളെയും സന്യസ്തരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഗോത്രകലാപത്തിന്റെ മറപിടിച്ച് ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് മണിപ്പുരില്‍ നടപ്പിലാക്കിയത്. ബില്‍ക്കിസ് ബാനു കേസ് സംഘപരിവാര്‍ സംഘടനകളുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നു. സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങള്‍ പതിവായി ക്രൈസ്തവ, അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നത് ഇത്തരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഒരു പ്രധാന കാരണമായി മാറുന്നുവെന്നും ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ലേഖനത്തിലൂടെ വിമര്‍ശിക്കുന്നു.
ബി.ജെ.പി. ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും നേരിടുന്ന ഭീഷണികള്‍ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം സാധാരണ ജനങ്ങള്‍ക്ക് ഇല്ലാതാവുന്നതും സ്ഥാപനങ്ങള്‍ക്കും സമുദായ നേതൃത്വങ്ങള്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതും വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളുടെ ഫലമായി ആള്‍ക്കൂട്ട അക്രമങ്ങള്‍ ഉണ്ടാകുന്നതും ഒട്ടേറെ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
ബി.ജെ.പിക്ക് കാര്യമായ രാഷ്ട്രീയനേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കേരളത്തില്‍ ക്രൈസ്തവ നേതൃത്വങ്ങളുമായി സമവായത്തിലെത്താന്‍ പാര്‍ട്ടി തലത്തില്‍ ശ്രമങ്ങളുണ്ട്. വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നു. ഒരുവശത്ത് അന്യ മതസ്ഥരുമായി സൗഹൃദത്തില്‍ എത്താന്‍ ശ്രമം നടത്തുമ്പോഴും മറുവശത്ത് ശത്രുവിനെ പോലെയാണ് ബി.ജെ.പി. പ്രവര്‍ത്തിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.