പുതുപ്പള്ളിയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെന്ന പ്രചരണം നിഷേധിച്ച് വി.എന്‍ വാസവന്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ അഞ്ചിന് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ നിർത്തുമെന്ന പ്രചരണം നിഷേധിച്ച് മന്ത്രി വി.എന്‍ വാസവന്‍. അങ്ങനെയൊരു സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്നും ജില്ലാ സംസ്ഥാന നേതാക്കളില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് എല്‍ഡിഎഫിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. മണര്‍കാട് പെരുന്നാള്‍ കണക്കിലെടുത്ത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും മന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും വി.എന്‍. വാസവന്‍ വ്യക്തമാക്കി.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപനം കമ്മീഷന്‍ പുന:പരിശോധിക്കണമെന്നാണ് മന്ത്രി വി എൻ വാസവൻ പറഞ്ഞത്. ഒരു ജനപ്രതിനിധി മരിച്ച് ഒരു മാസത്തിനുള്ളിൽതന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെന്നും ഏത് സമയത്തായാലും തിരഞ്ഞെടുപ്പ് നേരിടുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പൂർണസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ആഘോഷങ്ങൾ നടക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും, പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ അസാധാരണത്വം ഉണ്ട്. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. ജനങ്ങളുടെ വോട്ടവകാശം ഉറപ്പാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കുന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ മത്സരമാണ് ഇടതുപക്ഷം മുന്നോട്ട് വെക്കുക, രാഷ്ട്രീയം പറഞ്ഞ് തന്നെയാകും പ്രചരണം നടക്കുക. പുതുപ്പള്ളിയിൽ ഇടതുപക്ഷത്തിന് ശക്തമായ രാഷ്ട്രീയ അടിത്തറയാണുള്ളത്. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയത്തിൽ ഇത്തവണ തർക്കമില്ലാതിരുന്നതിനു കാരണം അദ്ദേഹം ഉമ്മൻചാണ്ടിയുടെ മകനായത് കൊണ്ട് മാത്രമാണ്. ഉമ്മൻചാണ്ടിയുടെ മരണത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും മരണത്തിൽ രാഷ്ട്രീയമില്ലെന്നും, തിരഞ്ഞെടുപ്പിൽ നടക്കേണ്ടത് രാഷ്ട്രീയ മത്സരമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് വെച്ചാകും ചർച്ച നടക്കുക. പുതുപ്പള്ളി മണ്ഡലം വികസന കാര്യത്തിൽ ഏറെ പിന്നിലാണ്. ഈ കാലത്തിനിടയിൽ കുടിവെള്ള പ്രശ്നം പോലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വി എൻ വാസവൻ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ
ബിനീഷ് കോടിയേരി പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ആശ്വാസമായി വിചാരണക്കോടതി നടപടികൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. ബിനീഷിനെതിരായ ഇ.ഡി കേസ് നിലനില്‍ക്കുമോ എന്ന സംശയവും കര്‍ണാടക ഹൈക്കോടതി പ്രകടിപ്പിച്ചു. ബിനീഷിന് ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണിത്.
ലഹരിക്കടത്ത് കേസിൽ പ്രതി അല്ലാത്തതുകൊണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്തിന്റെ നിരീക്ഷണം. അതുകൊണ്ടുതന്നെ ബിനീഷ് സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ അന്തിമവാദം കഴിയുന്നതുവരെ വിചാരണക്കോടതിയിൽ ഹാജരാകേണ്ട ആവശ്യമില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ലഹരിക്കേസിൽ താൻ പ്രതി അല്ലാത്തതിനാൽ ഇഡി അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ് തള്ളിക്കളണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരി ബെംഗളൂരു സിറ്റി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജൂൺ 16ന് ഇത് വിചാരണക്കോടതി തള്ളിക്കളഞ്ഞു. ഇതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
ലഹരിക്കടത്തിന് പിടിയിലായ അനൂപ് മുഹമ്മദുമായി ഒത്തുചേര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചെന്നും, അനധികൃതമായി പണം സമ്പാദിച്ചെന്നുമായിരുന്നു ബിനീഷിനെതിരെയുള്ള ഇ.ഡി.യുടെ കണ്ടെത്തല്‍. 2020 ഒക്ടോബര്‍ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജയിലില്‍വെച്ച് അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്ത സമയത്ത് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷ് കോടിയേരിയെ ഇ.ഡി ആദ്യം ചോദ്യം ചെയ്യുന്നത്. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ആ ചോദ്യം ചെയ്യൽ. ഇരുവരുടെയും മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയെന്നാണ് ഇ.ഡി പറയുന്നത്.
ഗുരുവായൂരപ്പന് സ്വർണക്കിരീടം സമർപ്പിച്ച് എം.കെ സ്റ്റാലിന്റെ ഭാര്യ ദുർഗ
വഴിപാടായി ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യ ദുർഗ . ഏകദേശം പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന 32 പവൻ തൂക്കം വരുന്ന സ്വർണ കിരീടമാണ് ഗുരുവായൂരപ്പന് സമർപ്പിച്ചിട്ടുള്ളത്. കോയമ്പത്തൂർ സ്വദേശിയായ ഒരു വ്യവസായിയാണ് സ്വർണക്കിരീടം നൽകുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. കിരീടത്തിനുള്ള അളവും മറ്റും ക്ഷേത്രത്തിൽനിന്ന് നേരത്തെതന്നെ വാങ്ങിയിരുന്നു.
വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ എത്തിയ ദുർഗ സ്റ്റാലിൻ ഉച്ചയോടെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. സ്വർണക്കിരീടം കൂടാതെ അരച്ചുകഴിഞ്ഞ ചന്ദനമുട്ടികളുടെ ബാക്കിവരുന്ന ചെറിയ കഷണങ്ങൾ അരയ്ക്കാനുള്ള ഒരു യന്ത്രവും ദുർഗ ക്ഷേത്രത്തിന് സമർപ്പിച്ചിട്ടുണ്ട്. ഏകദേശം രണ്ട് ലക്ഷം രൂപയ്ക്കും മുകളിലാണ് ദുർഘ നൽകിയ ഈ യന്ത്രത്തിന്റെ വില വരുന്നത്. ആർ.എം എഞ്ചിനീയറിങ് ഉടമയും തൃശൂർ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ചന്ദനമുട്ടികൾ അരയ്ക്കാനുള്ള ഈ മെഷീൻ തയ്യാറാക്കിയിട്ടുള്ളത്. ഇതിനു മുൻപും ദുർഗ്ഗ സ്റ്റാലിൻ പലതവണ ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി മാറി ജക്കാർത്ത
ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി മാറി ഇൻഡോനേഷ്യൻ തലസ്ഥാനമായ ജക്കാർത്ത. അന്തരീക്ഷ മലിനീകരണം കാരണം പ്രതിവർഷം ഏഴ് ദശലക്ഷത്തോളം മരണങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്. ഈ സാഹചര്യത്തെ ഏറ്റവും വലിയ പരിസ്ഥിതി ആരോഗ്യ അപകടമായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ജക്കാർത്തനഗരത്തിൽ പതിവായി മലിനീകരണത്തിന്റെ അളവായ പിഎം 2.5 ആണ് തുർച്ചയായി രേഘപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.
മലിനീകരണതോത് കുറയ്ക്കുന്നതിനായി ജക്കാർത്തയിലുടനീളം ആസൂത്രണം ചെയ്ത മെട്രോ ട്രെയിൻ ശൃംഖല പൂർത്തിയാക്കണമെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. വ്യാവസായിക സ്ഥലങ്ങളിൽനിന്ന് വരുന്ന പുക, ഗതാഗതക്കുരുക്ക്, കൽക്കരി പ്ലാന്റുകൾ എന്നിവ മൂലമുണ്ടാകുന്ന മലിനീകരണം തങ്ങളുടെ ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുന്നതായി പ്രദേശവാസികളും പരാതിപ്പെടുന്നുണ്ട്.
ഖാനൂൻ ചുഴലിക്കാറ്റ് ദക്ഷിണ കൊറിയയിൽ ; 330ലധികം വിമാനങ്ങൾ റദ്ദാക്കി
ഖാനൂൻ ചുഴലിക്കാറ്റ് ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ തീരത്തെത്തി. ദക്ഷിണ ജപ്പാനിലുടനീളം വീശിയടിച്ചതിന് ശേഷം ദക്ഷിണ കൊറിയയിലെത്തിയ ചുഴലിക്കാറ്റിനെകുറിച്ച് കൃത്യമായ മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് 330 ലധികം വിമാനങ്ങൾ റദ്ദാക്കുകയും പതിനായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
കിഴക്കൻ തീരത്ത് മണിക്കൂറിൽ 60 മില്ലിമീറ്ററോളം വരെ മഴയ്ക്ക് കാരണമായ കൊടുങ്കാറ്റ്, ജിയോങ്‌സാങ് പ്രവിശ്യയുടെയും ജെജു ദ്വീപിന്റെയും ചില ഭാഗങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വീശുമെന്നാണ് ദക്ഷിണ കൊറിയൻ കാലാവസ്ഥാ ഏജൻസി അറിയിച്ചിരിക്കുന്നത്.
ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ദ്വീപായ ക്യുഷുവിനും കൊറിയൻ പെനിൻസുലയ്ക്കും ഇടയിലൂടെയാണ് കാറ്റ് കടന്നുപോകുന്നത്. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ വടക്കോട്ട് നീങ്ങുമ്പോൾ കാറ്റിന് ചെറിയതോതിൽ വേഗത കൂടുമെന്നാണ് റിപ്പോർട്ടുകൾ.
ഈ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ ഈർപ്പമുള്ള വായു കാരണം ഇപ്പോഴും പടിഞ്ഞാറൻ ജപ്പാനിലെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്‌ച ചില പ്രദേശങ്ങളിൽ സാധാരണയുള്ളതിനേക്കാൾ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ വരെ മാത്രം ജപ്പാനിലെ ഒരു പട്ടണത്തിൽ 985 മില്ലിമീറ്ററോളം മഴ ലഭിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് കാരണം നിരവധി സ്‌കൂളുകളുടെ പ്രവർത്തന സമയം മാറ്റിവെയ്ക്കുകയും അവധി പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ മാസം പെയ്ത ശക്തമായ മൺസൂൺ മഴയിൽ നിന്നും ഇപ്പോഴും ദക്ഷിണ കൊറിയ പൂർണമായും കരകയറിയില്ല.
ഈ സാഹചര്യത്തിൽ ഉത്തര കൊറിയയും കൊടുങ്കാറ്റിനെ നേരിടാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ പ്യോങ്‌യാങ്ങിലൂടെ കാറ്റ് വീശിയടിക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് പ്രകൃതിദുർബല പ്രദേശങ്ങളിൽ മണൽ ചാക്കുകളും പമ്പുകളും തയ്യാറാക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
ടോക്കിയോയിൽ നിന്ന് ഏകദേശം ആയിരത്തോളം കിലോമീറ്റർ തെക്ക് ഭാഗത്തുള്ള ഒഗസവാര ദ്വീപുകൾക്ക് സമീപത്തുകൂടെ കടന്നുപോയ മറ്റൊരു കൊടുങ്കാറ്റായ ലാൻ ടൈഫൂൺ, വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലാണ് വീശിയത്. കൊടുങ്കാറ്റിന്റെ ദിശയെകുറിച്ച് കൃത്യമായ ധാരണയില്ലെങ്കിലും വാരാന്ത്യത്തോടെ ഇത് ടോക്കിയോ നഗരത്തെ ബാധിക്കുമെന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചിട്ടുള്ളത്.
ചരക്ക് കപ്പലുകൾക്ക് കരിങ്കടലിലേക്ക് കടക്കാൻ മാനുഷിക ഇടനാഴി പ്രഖ്യാപിച്ച് ഉക്രെയ്ൻ
കഴിഞ്ഞ വർഷം യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം തുറമുഖങ്ങളിൽ കുടുങ്ങിക്കിടന്ന നിരവധി ചരക്ക് കപ്പലുകളെ കരിങ്കടലിലേക്ക് കടക്കാൻ അനുവധിച്ച് ഉക്രെയ്ൻ. ഇതിനായി വ്യാഴാഴ്ച ഒരു മാനുഷിക ഇടനാഴിയും പ്രഖ്യാപിച്ചു. ധാന്യ കയറ്റുമതി അനുവദിക്കുന്നതിനായുള്ള കരാർ റഷ്യ ഉപേക്ഷിച്ചതുകൊണ്ട് ഷിപ്പിംഗ് റൂട്ടുകൾ ഇപ്പോഴും സൂക്ഷ്മപരിശോധനയിലാണ്. ഫെബ്രുവരി 2022ലെ അധിനിവേശത്തിനു ശേഷം ഉക്രേനിയൻ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കണ്ടെയ്‌നർ കപ്പലുകൾ പോലുള്ള കപ്പലുകൾക്കാണ് ഇടനാഴി ആദ്യം ബാധകമാകുക എന്നാണ് സൂചന.
ഇന്ന് പുതിയൊരു താൽക്കാലിക മാനുഷിക ഇടനാഴി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഉക്രെയ്‌ൻ നാവികസേനയുടെ വക്താവ് ഒലെ ചാലിക് റോയിട്ടേഴ്‌സുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞു. ഇടനാഴി വളരെ സുതാര്യമായിരിക്കും, കപ്പലുകളിൽ ക്യാമറകൾ സ്ഥാപിക്കും, ഇത് തികച്ചും ഒരു മാനുഷിക ദൗത്യമാണെന്നും സൈനിക ലക്ഷ്യമൊന്നുമില്ലെന്ന് കാണിക്കാൻ ഒരു സംപ്രേക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കാരെ കൂട്ടുപിടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം നരേന്ദ്രമോദി
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സർക്കാരിനല്ല, പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവിശ്വാസ പ്രമേയം എൻ.ഡി.എയ്ക്ക് ഗുണകരമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവിശ്വാസ പ്രമേയ ചർച്ചയിൽ ലോക്‌സഭയിൽ മറുപടി പറയവെയാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം. ലോക്സഭയിൽ ജനക്ഷേമ പദ്ധതികൾ പാസാക്കാനുള്ള വിലപ്പെട്ട സമയമാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ ചർച്ചകളിലൂടെ പാഴാക്കിയതെന്നും അഴിമതിക്കാരെ കൂട്ടുപിടിക്കാനുള്ള അവിശ്വാസമാണ് ഈ ചർച്ചയെന്നും മോദി കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ഭാവിയെക്കുറിച്ചല്ല മറിച്ച് സ്വന്തം രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ് പ്രതിപക്ഷത്തിന് ആശങ്കയെന്നും രാജ്യത്തെക്കാൾ പാർട്ടിക്ക് പ്രധാന്യം നൽകുന്നവരാണ് പ്രതിപക്ഷമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കൂടാതെ പ്രധാനപ്പെട്ട ചില ബില്ലുകളുടെ കാര്യത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചുവെന്നും അവിശ്വാസ പ്രമേയത്തിന്റെ മറവിലൂടെ പ്രതിപക്ഷം ജനങ്ങളുടെ ആത്മവിശ്വാസമാണ് തകർക്കാൻ ശ്രമിച്ചതെന്നും രാജ്യം നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം മറന്നുപോകരുതെന്നും പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
തനിക്കെതിരേ ഇതു രണ്ടാം തവണയാണ് പരാജയപ്പെടുമെന്നുറപ്പുണ്ടായിട്ടും പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ ജനം പ്രതിപക്ഷത്തോട് അവിശ്വാസം കാണിച്ചിരുന്നു. അതുകൊണ്ട് എല്ലാ റെക്കോർഡുകളും തകർത്ത് അടുത്ത തവണയും എൻഡിഎ തന്നെ അധികാരത്തിൽ വരുമെന്നും 2028ൽ പ്രതിപക്ഷം വീണ്ടും തങ്ങൾക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും മോദി പരിഹാസത്തോടെ പറഞ്ഞു.
ലോക്സഭയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെ സഭയിൽ ചില നാടീകയ സംഭവങ്ങളും അരങ്ങേറിയിരന്നു. പ്രതിപക്ഷത്തിനു നേരെയുള്ള മോദിയുടെ വിമർശനങ്ങളെ മോദി മോദി എന്നുറക്കെ പറഞ്ഞ് ഡെസ്‌ക്കിലടിച്ച് ഭരണപക്ഷം പ്രോത്സാഹിപ്പിച്ച സമയത്ത് പ്രതിപക്ഷം ഇന്ത്യ, ഇന്ത്യ എന്നും മുദ്രാവാക്യം മുഴക്കിയിരുന്നു. അതേസമയം ഇതിന് മറുപടിയായി കോൺഗ്രസ് ക്വിറ്റ് ഇന്ത്യ എന്ന് ഭരണപക്ഷ എംപിമാരും മുദ്രാവാക്യം മുഴക്കി. ഈ ബഹളം തുടർന്നതോടെ നിശബ്ദത പാലിക്കാൻ അംഗങ്ങളോട് സ്പീക്കർ നിർദേശിച്ചു. പിന്നീട്മ ണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയുന്നില്ലെന്ന് പറഞ്ഞും പ്രതിപക്ഷം പ്രതിഷേധിച്ചു.
ഇമ്രാൻ ഖാനെ അറ്റോക്കിലെ ജയിലിലേക്കു മാറ്റാനുള്ള തീരുമാനം ആരുടേത്; ഇസ്‌ലാമാബാദ് ഹൈക്കോടതി
പ്രധാനമന്ത്രിയായിരിക്കുമ്പോൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിച്ചാൽ അവ സർക്കാരിന്റെ തോഷഖാന വകുപ്പിലേക്ക് കൈമാറണമെന്നതാണ് പാക് നിയമം. എന്നാൽ നിയമം ലംഘിച്ച് അവ വിറ്റ് പണമാക്കിയെന്ന കേസിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഈ കേസിൽ അറസ്റ്റ്ചെയ്യപ്പെട്ട ഇമ്രാൻ ഖാനെ അറ്റോക്കിലെ ജയിലിലേക്കു മാറ്റാനുള്ള തീരുമാനം ആരുടേതായിരുന്നെന്നാണ് ഇസ്‌ലാമാബാദ് ഹൈക്കോടതി ഇപ്പോൾ ചോദിച്ചിരിക്കുന്നത്. ഇമ്രാൻ ഖാനെ അദിയാല ജയിലിൽ പാർപ്പിക്കാനുള്ള സെഷൻസ് കോടതിയുടെ ഉത്തരവ് അട്ടിമറിച്ചാണ് അറ്റോക്കിലെ ജയിലിലേക്കു മാറ്റാനുള്ള തീരുമാനം ഉണ്ടായത്. തടവുപുള്ളികളുടെ ജയിൽമാറ്റം സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള അധികാരം ഏത് ഉദ്യോഗസ്ഥർക്കാണെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയായിരുന്നപ്പോൾ ലഭിച്ച ഔദ്യോഗിക പാരിതോഷികങ്ങൾ സ്വന്തമാക്കി സാമ്പത്തിക അഴിമതി നടത്തിയെന്ന കേസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഇമ്രാൻ ഖാൻ അറസ്റ്റ് ചെയ്യപ്പെട്ടത്. എ ക്ലാസ് സൗകര്യങ്ങളുള്ള അദിയാലയിലെ ജയിലിലേക്ക് മാറ്റം ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണു ഇന്ന് കോടതി വാദം കേട്ടത്. സി ക്ലാസ് സൗകര്യം മാത്രമുള്ള അറ്റോക്കിലെ ജയിലിന്റെ അവസ്ഥ വളരെ മോശമാണെന്നും ചോർച്ചയും പ്രാണിശല്യവും ഉൾപ്പെടെ നിരവധി പ്രശ്നങ്ങളുണ്ടെന്നും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി അധ്യക്ഷനായ ഇമ്രാന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.