മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ ചോദ്യംചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടക്കാവ് സ്റ്റേഷനില്‍ ഹാജരായി. അഭിഭാഷകനൊപ്പമാണ് അദ്ദേഹം സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യംചെയ്തുകൊണ്ടാണ് സുരേഷ്‌ഗോപി സ്റ്റേഷനുള്ളിലേക്ക് കയറിയത്. പ്രതിഷേധം മൂലം കണ്ണൂര്‍ റോഡില്‍ വലിയ ഗതാഗത തടസ്സമുണ്ടായതോടെ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യവുമായി മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സ്റ്റേഷന്‍ പരിസരത്തെത്തിയിരുന്നു. സുരേഷ് ഗോപി സ്റ്റേഷനിലേക്ക് എത്തുന്നതിന് മുന്നോടിയായി ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ റാലി സ്റ്റേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ‘കോഴിക്കോട് എസ്.ജിയ്ക്കൊപ്പം’ എന്ന പ്ലക്കാര്‍ഡുമായി ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 500-ഓളം പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്.സുരേഷ് ഗോപി നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് മുന്നില്‍നിന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കൊപ്പം പദയാത്രയായി നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പദയാത്രക്ക് സുരേഷ് ഗോപി എത്തിയില്ല. രാവിലെ പത്തോടെ തന്നെ പ്രവര്‍ത്തകര്‍ ഇവിടേക്ക് ഒഴുകിയെത്തി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ തുടങ്ങിയ നേതാക്കളെല്ലാവരും പദയാത്രയില്‍ പങ്കെടുക്കാനെത്തിയിരുന്നു. രാവിലെ 10.30-ന് സ്റ്റേഷനില്‍ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പോലീസ് നല്‍കിയ നിര്‍ദേശം.
സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നതിനായി സിറ്റി പൊലീസ് കമ്മീഷണര്‍ രാവിലെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. സ്റ്റേഷന്‍ പരിസരത്ത് കനത്തസുരക്ഷയാണ് പോലീസ് ഒരുക്കിയത്.
ഇംഗ്ലീഷ് പള്ളി മുതല്‍ നടക്കാവ് സ്റ്റേഷന്‍ വരെ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പദയാത്ര നടക്കാവ് സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. ഇത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. ഇതിനുശേഷമാണ് സുരേഷ് ഗോപി വാഹനത്തില്‍ സ്റ്റേഷന് മുന്നിലെത്തിയത്. സുരേഷ് ഗോപിയെത്തിയപ്പോഴും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികള്‍ തുടര്‍ന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തശേഷം നേതാക്കള്‍ക്കൊപ്പം സുരേഷ് ഗോപി സ്റ്റേഷകത്തേക്ക് പോവുകയായിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സുരേഷ് ഗോപി ഇടപെട്ടതിനെതിരെയുള്ള രാഷ്ട്രീയ വേട്ടയാണ് അദ്ദേഹത്തിനെതിരെ ഇപ്പോള്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് എതിരായ കേസ് നിയമപരമായി ജനങ്ങളെ അണി നിരത്തി നേരിടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രതിഷേധത്തെതുടര്‍ന്ന് കണ്ണൂര്‍ റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നത്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ 15ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു.
അതേസമയം, ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു.മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലില്‍ വയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചില്‍ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.
തുടര്‍ന്ന് ഒക്ടോബര്‍ 28ന് രാവിലെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്. പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.തുടര്‍ന്നാണ് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.
നവകേരള സദസ്സിന് അനുവദിച്ച പണം പിന്‍വലിച്ച് പ്രമേയം പാസാക്കി ശ്രീകണഠപുരം നഗരസഭ
ശ്രീകണഠപുരം: നവകേരള സദസ്സിന് അനുവദിച്ച പണം പിന്‍വലിച്ച് പ്രമേയം പാസാക്കി ശ്രീകണഠപുരം നഗരസഭ. യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ബഹിഷ്‌കരിച്ച നവകേരള സദസ്സിന് ശ്രീകണ്ഠപുരം നഗരസഭ പണം അനുവദിച്ചത് വിവാദമായതിനു പിന്നാലെയാണ് ഇന്നുചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ തുക നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചത്.
നവകേരള സദസ്സിന് നയാപൈസപോലും നല്‍കില്ലെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി. ഫിലോമിന അറിയിച്ചു. പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ഇടതുപക്ഷത്തിന്റെ ഒരംഗം പോലും പങ്കെടുത്തില്ല.
യു.ഡി.എഫ് ഭരിക്കുന്ന നഗരസഭകളോ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ നവകേരള സദസ്സിന് ഒരു തുകയും നല്‍കേണ്ടതില്ലന്ന് നേരത്തെ മുന്നണി തീരുമാനിച്ചിരുന്നു. ഇത് മറികടന്നായിരുന്നു നഗരസഭയുടെ തീരുമാനം. ഇതോടെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.
എന്നാല്‍, തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യു.ഡി.എഫ് സര്‍ക്കുലര്‍ വൈകിയാണ് ലഭിച്ചതെന്നും ഇതു സംബന്ധിച്ചുള്ള മുന്നണി തീരുമാനം നടപ്പാക്കുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചിരുന്നു.
അതേസമയം, തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസില്‍ പോകുമ്പോള്‍ അത്രയും ചെലവ് കുറയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നവകേരള സദസ്സിന്റെ ആവശ്യത്തിനായി ഒരുക്കിയിരിക്കുന്നത് സാധാരണ ബെന്‍സ് വാഹനമാണെന്നും മന്ത്രി. ട്രഷറി നിയന്ത്രണം മറികടന്ന് മന്ത്രിമാര്‍ക്ക് യാത്രചെയ്യാനുള്ള ബസ്സിനായി 1.05 കോടി രൂപ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
25 സീറ്റുകളുള്ള ബെന്‍സ് ബസ്സാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാരും ഇതിലായിരിക്കും യാത്രചെയ്യുന്നത്. ബസ്സില്‍ ശുചിമുറി സൗകര്യമുണ്ട്. അതല്ലാതെ, മറ്റ് ആര്‍ഭാടങ്ങളൊന്നുമില്ലെന്നും മന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാര്‍ ചേര്‍ന്ന് നടത്തുന്ന യാത്രയാണ്. ഈ യാത്രയ്ക്ക് 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്‌കോട്ടും മറ്റ് സംവിധാനങ്ങളുമായി 75 വാഹനങ്ങള്‍ പോയാലുള്ള ചെലവെത്രയാണ്. ഒന്നരമാസക്കാലം കാസര്‍കോട് നിന്ന് ഇവിടെവരെ ഇത്രയും വാഹനം ഓടിക്കുമ്പോള്‍ ചെലവ് വളരെ വലുതായിരിക്കും. ബസില്‍ യാത്രചെയ്യുമ്പോള്‍ വാസ്തവത്തില്‍ ചെലവ് കുറയുകയാണ്.
കെ.എസ്.ആര്‍.ടി.സി ഇതിനേക്കാള്‍ വില കൂടിയ ബസ്സുകളുണ്ട്. 1.38 കോടിയുടെ എട്ട് വോള്‍വോ ബസ് കെ.എസ്.ആര്‍.ടി.സി ലാഭകരമായി ഓടിക്കുന്നുണ്ട്. വേറെയും ബെന്‍സ് ബസ്സുകള്‍ അല്ലാതെയും കെ.എസ്.ആര്‍.ടി.സിക്കുണ്ട്. ആവശ്യം കഴിഞ്ഞതിന് ശേഷം ഈ ബസ് ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.
ബെംഗളൂരുവില്‍ നിന്നാണ് പുതിയ ബസ് വരുന്നുവെന്ന ആരോപണംതന്നെ തെറ്റാണ്. ഇതിനകത്ത് ഒരു രഹസ്യവുമില്ല. ബസ് കാസര്‍കോട് നിന്ന് 8-ാം തീയതി പുറപ്പെടും. അത്രയും കാര്യങ്ങള്‍ ഇപ്പോള്‍ അറിഞ്ഞാല്‍ മതിയല്ലോ. നിലവില്‍ ബസ് എന്തായാലും ബെംഗളൂരുവിലല്ല, മന്ത്രി പറഞ്ഞു.
മുതിര്‍ന്ന സി.പി.എം നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു
ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിക്കെ ബുധനാഴ്ച രാവിലെയാണ് അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ചുവര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
1964-ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സിപിഎമ്മിന് രൂപം നല്‍കിയവരിലൊരാളായിരുന്നു ശങ്കരയ്യ. 1967, 1977, 1980 വര്‍ഷങ്ങളില്‍ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലേക്കെത്തി. ഓള്‍ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സി.പി.എം. തമിഴ്നാട് സംസ്ഥാന സെക്രട്ടറി, രണ്ടു ദശാബ്ദത്തിലധികം സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1921 ജൂലായ് 15-ന് മധുരയിലാണ് ജനനം. അഞ്ചാംക്‌ളാസുവരെ പഠനം തൂത്തുക്കുടിയില്‍. പിന്നീട് മധുരയിലെ സെയ്ന്റ് മേരീസ് സ്‌കൂളില്‍. മധുരയിലെ അമേരിക്കന്‍ കോളേജില്‍ ബി.എ.യ്ക്ക് ചേര്‍ന്നെങ്കിലും അവസാനപരീക്ഷയ്ക്ക് 15 ദിവസം ബാക്കിയിരിക്കെ ജയിലിലായി.
ഭഗത് സിങ്ങിന്റെ ത്യാഗത്തില്‍ ആവേശംകൊണ്ടാണ് ഒമ്പതാംവയസ്സില്‍ താന്‍ തെരുവിലേക്കിറങ്ങി മുദ്രാവാക്യം മുഴക്കിയതെന്ന് ശങ്കരയ്യ പറഞ്ഞിട്ടുണ്ട്. ഭഗത് സിങ്ങിന്റെ വധശിക്ഷ സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ തമിഴ്നാട്ടിലും വൈകാരികതയുയര്‍ത്തി. ഒമ്പതാംവയസ്സില്‍ മനസ്സിലുദിച്ച ചിന്തകളുടെ സ്ഫുരണങ്ങളായിരിക്കാം പിന്നീട് അദ്ദേഹത്തെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്.
പതിനേഴാംവയസ്സിലാണ് അദ്ദേഹം സി.പി.ഐ. അംഗമാകുന്നത്. തുടര്‍ന്ന് പാര്‍ട്ടിക്കുവേണ്ടിയായിരുന്നു ജീവിതം. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. കയ്യൂര്‍ സഖാക്കളെ കാണാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ശങ്കരയ്യയും സഹതടവുകാരും ജയിലില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ശങ്കരയ്യയുടെയും മറ്റും മുദ്രാവാക്യങ്ങള്‍ക്കുനടുവിലൂടെയായിരുന്നു കയ്യൂര്‍ സഖാക്കളുടെ തൂക്കുമരയാത്ര.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശങ്കരയ്യ പലതവണ ജയിലിലായി. അത്രതന്നെ ഒളിവിലുംപോയി. 1962-ല്‍ ഇന്ത്യ-ചൈന യുദ്ധസമയത്ത് ജയിലിലടയ്ക്കപ്പെട്ട കമ്യൂണിസ്റ്റുകാരുടെ കൂട്ടത്തിലും അദ്ദേഹമുണ്ട്. 1965-ല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ശ്രമമുണ്ടായപ്പോള്‍ പതിനേഴുമാസം ജയിലില്‍ കിടന്നു.
ജയില്‍വാസങ്ങളെയൊന്നും അദ്ദേഹം വ്യക്തിപരമായി കണ്ടില്ല. അതൊക്കെ രാഷ്ട്രീയപോരാട്ടങ്ങളായിരുന്നു. 1946-ല്‍ സി.പി.ഐ. ജനറല്‍ സെക്രട്ടറി പി.സി.ജോഷി മധുരയില്‍ വന്നപ്പോള്‍ സമ്മേളനത്തില്‍ ഒരുലക്ഷം ജനങ്ങളെ പങ്കെടുപ്പിക്കാനായത് ശങ്കരയ്യയുടെ മിടുക്കായിരുന്നു. തമിഴ്നാട് നിയമസഭയില്‍ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്തായിരുന്നുവെന്നും ശങ്കരയ്യ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. 1952-ലായിരുന്നു അത്. അതുവരെ നിയമസഭയില്‍ തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.
സൈനബ നാടുകാണിച്ചുരത്തില്‍ കൊന്നുതള്ളിയ കേസില്‍ കൂട്ടുപ്രതി ഗൂഡല്ലൂര്‍ എല്ലാമല സ്വദേശി സുലൈമാന്‍ അറസ്റ്റില്‍
കോഴിക്കോട്: വെള്ളിപറമ്പ് വടക്കേവെരപൊയില്‍ വീട്ടില്‍ സൈനബ(57)യെ നാടുകാണിച്ചുരത്തില്‍ കൊന്നുതള്ളിയ കേസില്‍ കൂട്ടുപ്രതി ഗൂഡല്ലൂര്‍ എല്ലാമല സ്വദേശി സുലൈമാന്‍ അറസ്റ്റില്‍. സേലത്തുവെച്ച് കസബ പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മലപ്പുറം സ്വദേശി കുന്നുംപുറം പള്ളിവീട്ടില്‍ സമദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കസബ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.ബി. കൈലാസ്‌നാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സുലൈമാനെ തേടി ചൊവ്വാഴ്ച കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സുലൈമാന്‍, സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. സൈബര്‍ സെല്ലിന്റെയും സേലം പോലീസിന്റെയും സഹായത്തോടെയാണ് സുലൈമാനെ പോലീസ് പിടികൂടിയത്. പ്രതിയെ കോഴിക്കോട്ടേക്ക് എത്തിക്കും.
പണാപഹരണക്കേസില്‍ ഉള്‍പ്പെട്ടയാളാണ് സുലൈമാനെന്നും അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും ഇന്‍സ്പെക്ടര്‍ കൈലാസ്‌നാഥ് പറഞ്ഞു. ലോറിഡ്രൈവറായ സുലൈമാന്‍ ഗൂഡല്ലൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചത്.
സ്വര്‍ണാഭരണങ്ങളും പണവും ലക്ഷ്യമിട്ടായിരുന്നു കൊല. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനടുത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി യാത്രാമധ്യേ മുക്കം എത്തുംമുമ്പുള്ള സ്ഥലത്തുവെച്ച് ഇരുവരുംചേര്‍ന്ന് സൈനബയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ബന്ധുവീടുകളിലും അടുത്ത സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും സുലൈമാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
സൈനബയെ കൊലപ്പെടുത്തുന്നതിനായി വാടകയ്ക്കെടുത്ത കാര്‍ ഓടിച്ചിരുന്നത് സുലൈമാനാണെന്ന് പിടിയിലായ പ്രതി താനൂര്‍ കുന്നുംപുറം പള്ളിവീട്ടില്‍ പി.കെ. സമദ് പോലീസിന് മൊഴിനല്‍കിയിരുന്നു. ടാക്സി ഡ്രൈവറായിരുന്ന ഇയാള്‍ മുമ്പും ഗൂഡല്ലൂര്‍, ബാര്‍വുഡ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒരുവര്‍ഷംമുമ്പ് ബാര്‍വുഡ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍നിന്ന് കുടുംബപ്രശ്നത്തെത്തുടര്‍ന്ന് അകന്ന പ്രതി ഗൂഡല്ലൂരില്‍ വാടകമുറിയില്‍ താമസിക്കുകയാണെന്ന് സമീപവാസികള്‍ പറഞ്ഞു. സുലൈമാനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത്
വിനോദസഞ്ചാരവകു പ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച് പാര്‍ക്കിലാണ് കേന്ദ്രം. ഇതിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ആദ്യ വിവാഹം നവംബര്‍ 30ന് നടക്കും. ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേന്ദ്രം ഉദ്ഘാടനം ചെയ്യും. അതിഥികള്‍ക്ക് താമസസൗകര്യം, കടല്‍ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉള്‍പ്പെടുത്തി മെനു എന്നിവയുണ്ടാകും. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല.
ഇതോടൊപ്പം ശംഖുമുഖം ബീച്ചും പരിസരവും മനോഹരമാക്കാനും പദ്ധതിയുണ്ട്. ബീച്ച് കേന്ദ്രീകരിച്ച് നൈറ്റ്ലൈഫ് കേന്ദ്രവും ഒരുക്കുന്നുണ്ട്. നവംബറില്‍ നിര്‍മാണം ആരംഭിച്ച് അടുത്ത ജനുവരിയില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കനകക്കുന്നിനും മാനവീയം വീഥിക്കും പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമാകും ശംഖുമുഖം.