പാര്‍ലമെന്റ് അതിക്രമ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരന്‍ ലളിത് ഝാ. മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സാങ്കേതിക തെളിവ് ശേഖരണത്തില്‍ ഇത് പൊലീസിന് വെല്ലുവിളിയാകും. രാജസ്ഥാനില്‍വച്ച് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചുവെന്നാണ് ഇയാളുടെ മൊഴി. അതേ സമയം മൊബൈല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞുവെന്ന മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുക്കത്ത നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ മഹേഷിനെയും കൈലാഷിനെയും തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതിന് പ്രതിചേര്‍ക്കാന്‍ സാധ്യതയുണ്ട്.
പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഇന്നലെയാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കര്‍ഥ്യവ് പഥ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി മാറ്റി. കേസില്‍ ആറു പേരാണ് ഉള്ളതെന്നാണ് ദില്ലി പൊലീസ് പറഞ്ഞിരുന്നത്. ഇയാള്‍ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായതായി പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം, പാര്‍ലമെന്റിലെ സുരക്ഷ വീഴ്ചയില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. സംഭവത്തില്‍ അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനം ശക്തിപ്പെടുന്നതിനിടയിലാണ് അമിത്ഷായുടെ പ്രതികരണം വന്നത്. എന്നാല്‍ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് സ്പീക്കര്‍ അറിയിച്ചത്.
നവകേരള സദസ്സില്‍ പങ്കെടുത്തില്ലെന്ന തെറ്റിദ്ധാരണ;സി.ഐ.ടി.യു. അംഗമായ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം
നവകേരള സദസ്സില്‍ പങ്കെടുത്തില്ലെന്ന തെറ്റിദ്ധാരണയില്‍ സി.ഐ.ടി.യു. അംഗമായ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം. കുമരകം ചന്തക്കവല ഓട്ടോറിക്ഷ സ്റ്റാന്‍ഡിലാണ് സംഭവം. കുമരകം കൈതത്തറ കെ.പി. പ്രമോദിനാണ് (36) മര്‍ദനം ഏറ്റത്. ഏഴുവര്‍ഷമായി സി.ഐ.ടി.യു. ഓട്ടോറിക്ഷ തൊഴിലാളിയൂണിയന്‍ അംഗമാണ്.
ഇതേ സ്റ്റാന്‍ഡിലെ സി.ഐ.ടി.യു. പ്രവര്‍ത്തകരായ കുട്ടച്ചന്‍, ഷിജോ, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് പ്രമോദ് കുമരകം പോലീസില്‍ പരാതി നല്‍കി. ബുധനാഴ്ച വൈകീട്ട് 3.30-ഓടെയാണ് സംഭവം. ഏറ്റുമാനൂരിലെ നവകേരളസദസ്സില്‍ പങ്കെടുത്തശേഷം സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കാന്‍ എത്തിയ പ്രമോദിനോട് നവകേരള സദസ്സില്‍ പങ്കെടുക്കാത്തത് എന്താണെന്ന് ഷിജോ ചോദിച്ചു. താന്‍ സമ്മേളനത്തിന് പോയെന്നും കാണേണ്ടവരെ ബോധിപ്പിച്ചെന്നും പ്രമോദ് മറുപടി പറഞ്ഞു.
വിശ്വസിക്കാതെ മൂവരും ചേര്‍ന്ന് തന്നെ ഓട്ടോറിക്ഷയിലും പിന്നീട് റോഡിലും സമീപത്തെ കടത്തിണ്ണയിലുമിട്ട് മര്‍ദിച്ചെന്ന് പ്രമോദ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി തിരികെ എത്തിയപ്പോള്‍ ഓട്ടോറിക്ഷ നശിപ്പിച്ചനിലയിലായിരുന്നു. ഓട്ടോ സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള മൊബൈല്‍ ഷോപ്പിലെ ജീവനക്കാരന്‍, തന്നെ തല്ലുന്ന വീഡിയോ എടുക്കാന്‍ ശ്രമിച്ചതിന് അയാളെയും ഇവര്‍ മര്‍ദിക്കാന്‍ ഓടിച്ചെന്നും പ്രമോദ് പറയുന്നു. പ്രമോദിന്റെ പരാതിയില്‍ പ്രതികളെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടതായി കുമരകം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.എസ്. അന്‍സില്‍ പറഞ്ഞു.
വണ്ടിപ്പെരിയാര്‍ കേസ്: വിധി കുറ്റമറ്റതോ എന്ന് പരിശോധിക്കും, അപ്പീലിന് കുടുംബത്തെ സഹായിക്കും- മന്ത്രി
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസില്‍ വിധി കുറ്റമറ്റതാണോയെന്ന് പരിശോധിക്കുമെന്നും അപ്പീല്‍ നല്‍കുന്നതില്‍ കുടുംബത്തെ സഹായിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്.
ഇത്തരം കേസുകളില്‍ കര്‍ക്കശമായ ശിക്ഷ ലഭിക്കണമെന്ന സമീപനമാണ് സര്‍ക്കാര്‍ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. നിയമസംവിധാനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി നോക്കി അപ്പീല്‍ പോകുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കേസില്‍ പ്രതിയായ അര്‍ജുനെ(24) കോടതി വ്യാഴാഴ്ച വെറുതെ വിട്ടിരുന്നു.
2021 ജൂണ്‍ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും സമീപവാസികൂടിയായ അര്‍ജുനെ പിടികൂടുകയുമായിരുന്നു.
‘ഹാദിയ നിയമവിരുദ്ധ തടങ്കലില്‍ അല്ല’; അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി
ഹാദിയയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിന്‍മേലുള്ള നടപടികള്‍ അവസാനിപ്പിച്ചതായി ഹൈക്കോടതി. ഹാദിയ നിയമവിരുദ്ധ തടങ്കലില്‍ അല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ഹാദിയ പുനര്‍വിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്കലില്‍ പാര്‍പ്പിച്ചതല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഏതാനും ആഴ്ചകളായി മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവര്‍ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണിച്ചാണ് ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് ഹര്‍ജിയില്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ ഇസ്ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നിയപ്രശ്‌നത്തിലേക്ക് നീണ്ടത്. പിന്നീട് സുപ്രീം കോടതിയാണ് ഇരുവരുടെയും വിവാഹം ശരിവെച്ചത്.
‘സംഘിസം സര്‍വകലാശാലയില്‍ വേണ്ട’; കാലടിയില്‍ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് എസ്എഫ് ഐയുടെ ബാനര്‍
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്.എഫ്.ഐയുടെ ബാനര്‍. ‘ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറെ’ എന്നാണ് ബാനറിലെ വാചകം.
ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം കടുപ്പിക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ ബാനര്‍ ഉയര്‍ന്നത്. സംസ്ഥാനത്തെ സര്‍വകലാശാല കാമ്പസുകളില്‍ ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് എസ്എഫ്ഐയുടെ വെല്ലുവിളി.
അതിനിടെ, ശനിയാഴ്ച കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണറുടെ പരിപാടി നടക്കാനിരിക്കുകയാണ്. ഇവിടെ ഗവര്‍ണര്‍ ആദ്യം താമസിക്കാന്‍ നിശ്ചയിച്ചിരുന്ന സ്ഥലം മാറ്റുകയും സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഇരുവിഭാവും വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് കാലടിയില്‍ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിക്കുന്ന ബാനര്‍ ഉയര്‍ന്നത്.
കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ. നേതാക്കളുടെ പ്രസ്താവന തനിക്കെതിരേയുള്ള നീക്കമാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടയുമെന്ന പ്രസ്താവന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ചട്ടങ്ങള്‍പ്രകാരം പോലീസ് മേധാവി നേരിട്ട് കൈകാര്യംചെയ്യണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. പ്രസ്താവന ഗവര്‍ണറെ ഭയപ്പെടുത്താനും ശാരീരികമായി കൈകാര്യംചെയ്യുകയെന്നത് ലക്ഷ്യംവെച്ചുള്ളതാണെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്. അതിനിടെയാണ് ഗവര്‍ണറെ വീണ്ടും വെല്ലുവിളിച്ചുകൊണ്ടുള്ള എസ്.എഫ്.ഐയുടെ ബാനര്‍.