രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് രാജ്യത്ത് ചൂടുള്ള ചര്‍ച്ചയായി പുരോഗമിക്കവെ അയോധ്യയില്‍ പുതിയ വിമാനത്താവളം ഉള്‍പ്പെടെ 11,100 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍. പ്രധാന മന്ത്രി നരേന്ദ്രമോദിയാണ് വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ജനുവരി 22ന് പ്രതിഷ്ഠ നടക്കുന്ന രാമക്ഷേത്രം വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലെ സുപ്രധാന വിഷയമായിരിക്കുമെന്ന് വ്യക്തമായ സൂചന നല്‍കുന്ന രീതിയിലുള്ള നീക്കങ്ങളാണ് അയോധ്യ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്.
വിപുലമായ റോഡ് ഷോയുമായാണ് പ്രധാനമന്ത്രി അയോധ്യയിലേക്കെത്തിയത്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പ്രധാനമന്ത്രിയെ അയോധ്യയിലേക്ക് സ്വീകരിച്ചു. തുടര്‍ന്നായിരുന്നു റോഡ് ഷോ.
42 വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി അയോധ്യയില്‍ നിര്‍വഹിക്കുന്നത്. പുതുക്കിപ്പണിത അയോധ്യ റെയില്‍വേ സ്റ്റേഷന്‍, അയോധ്യ നഗരത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ്, മറ്റ് റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനം എന്നിവയാണ് പ്രധാനമന്ത്രിയുടെ പരിപാടികള്‍. എല്ലാ ചടങ്ങുകളും രാമക്ഷേത്രം കേന്ദ്രീകരിച്ചാണ്. അയോധ്യക്ഷേത്രം പ്രതിഷ്ഠയ്ക്ക് മുമ്പ് രാഷ്ട്രീയ ചര്‍ച്ച സജീവമാക്കാനാണ് മോദി ശ്രമിക്കുന്നത്. വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് നരേന്ദമോദി അയോധ്യയിലെത്തിയിരിക്കുന്നത്. ലോക്‌സഭ പ്രചാരണത്തിന് കൂടിയാണ് അയോധ്യയില്‍ തുടക്കമിടുന്നത്.
അയോധ്യയിലെ പുതിയ വിമാനത്താവളമായ മഹര്‍ഷി വാത്മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇതിനൊടൊപ്പം ഉത്തര്‍പ്രദേശിലെ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ടു. ഇതില്‍ 11,000 കോടിയുടെ പദ്ധതികളും അയോധ്യ കേന്ദ്രീകരിച്ചാണെന്നതാണ് പ്രത്യേകത.
ഒപ്പം 2180 കോടി ചെലവില്‍ ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പ്, അയോധ്യ-രാംപഥ്, ഭക്തിപഥ്, ധരംപഥ്, ശ്രീരാമ ജന്മഭൂമി പഥ് എന്നീ നാലു റോഡുകള്‍, രാജര്‍ഷി ദശരഥ് സ്വയംഭരണ സംസ്ഥാന മെഡിക്കല്‍ കോളേജ്, അയോധ്യ ബൈപ്പാസിനും നഗരത്തിനുമുടനീളമുള്ള മനോഹരമാക്കിയ ഒട്ടേറെ റോഡുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കും തുടക്കം കുറിക്കും.
രാജിവെച്ച മന്ത്രിമാരുടെ 27 പേഴ്സണല്‍ സ്റ്റാഫിനും ഇനി ആജീവനാന്ത പെന്‍ഷന്‍, സര്‍ക്കാരിന് അധിക ബാധ്യത
എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് വരാന്‍ പോകുന്നത് വലിയ ബാധ്യത. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലുമാണ് രണ്ടരവര്‍ഷത്തിനു ശേഷം രാജിവെച്ചത്. ഇതോടെ ഇവരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാരിന് വലിയ ബാധ്യതയാണ് വരാന്‍ പോകുന്നത്. രണ്ട് മന്ത്രിമാര്‍ രാജിവച്ചതോടെ രാഷ്ട്രീയ ശുപാര്‍ശയില്‍ ജോലിയില്‍ കയറിയ 37 പഴ്‌സനല്‍ സ്റ്റാഫുകളുടെ പെന്‍ഷനാണ് സര്‍ക്കാരിന് ബാധ്യതയാകുന്നത്. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫില്‍ നിയമനം ലഭിച്ച 37 പേര്‍ക്കും ആജീവനാന്ത പെന്‍ഷന്‍ ലഭിക്കും.
പെന്‍ഷനു പുറമേ മറ്റു ആനുകൂല്യങ്ങളും നല്‍കേണ്ടിവരും. പുതുതായി നിയമിച്ച രണ്ടു മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ബാധ്യതയും സര്‍ക്കാരിലേക്കെത്തും. കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതുതായി അധികാരമേറ്റ മന്ത്രിമാര്‍. ഇവരുടെ സ്റ്റാഫില്‍ പുതുതായി എത്തുവരുടെ ബാധ്യതയും സര്‍ക്കാരിനാണ്. 3450 രൂപ മുതല്‍ 6000 രൂപ വരെയാണ് പെന്‍ഷന്‍. ഇതിന് പുറമെ ഡിഎ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും.
അതേസമയം, മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ക്കു പെന്‍ഷന്‍ നല്‍കാനായി ഒരു മാസം ചെലവഴിക്കുന്നത് 73 ലക്ഷംരൂപയാണ്. 1340 പേരാണ് നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നത്. പരമാവധി അടിസ്ഥാന പെന്‍ഷന്‍ എണ്‍പത്തിമൂവായിരത്തി നാനൂറ് രൂപയാണ്. ജോലി ചെയ്ത തസ്തിക അനുസരിച്ച് 3350 രൂപ മുതല്‍ എഴുപതിനായിരം രൂപവരെ പെന്‍ഷന്‍ വാങ്ങുന്നവരുണ്ട്. മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിലുള്ള സി.എം.രവീന്ദ്രനാണ് ഉയര്‍ന്ന അടിസ്ഥാന പെന്‍ഷന് അര്‍ഹത അറുപത്തൊന്‍പതിനായിരത്തി തൊള്ളായിരത്ത് എഴുപത് രൂപ. സ്റ്റാഫിലുള്ളതിനാല്‍ നിലവില്‍ പെന്‍ഷന്‍ ലഭിക്കില്ല. 63 പേരാണ് പതിനായിരം രൂപയ്ക്കു മുകളില്‍ പെന്‍ഷന്‍ വാങ്ങുന്നത്.
എല്‍ഡിഎഫിലെ ധാരണയനുസരിച്ച് രണ്ടരവര്‍ഷത്തിനുശേഷം രാജിവച്ച തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍കോവിലിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത് 25 പേര്‍. 7 പേര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍. 18 പേര്‍ രാഷ്ട്രീയനിയമനം. അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ 3. ഇതില്‍ 2 പേര്‍ രാഷ്ട്രീയ നിയമനം. 4 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരില്‍ 2 പേര്‍ രാഷ്ട്രീയ നിയമനം ലഭിച്ചവര്‍. ഒരു പിഎ, ഒരു അഡിഷനല്‍ പിഎ, 4 ക്ലര്‍ക്കുമാര്‍, 5 പ്യൂണ്‍മാര്‍, 2 ഡ്രൈവര്‍മാര്‍, 1 പാചകക്കാരന്‍. ഇവരെല്ലാം രാഷ്ട്രീയ നിയമനം. 21 പേരാണ് ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജുവിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത്. 19 പേരും രാഷ്ട്രീയ നിയമനമായിരുന്നു. 1 അഡിഷനല്‍ സെക്രട്ടറിയും 1 ക്ലര്‍ക്കും ഡപ്യൂട്ടേഷനിലെത്തി. 2 അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി, 4 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, 1 അഡിഷനല്‍ പിഎ, 1 അസിസ്റ്റന്റ്, 4 ക്ലര്‍ക്ക്, 4 ഓഫിസ് അസിസ്റ്റന്റ്, 2 ഡ്രൈവര്‍മാര്‍, 1 പാചകക്കാരന്‍.
പെന്‍ഷന്‍ ലഭിക്കാനുള്ള മാനദണ്ഡം….
പഴ്‌സനല്‍ സ്റ്റാഫില്‍ മിനിമം പെന്‍ഷന്‍ ലഭിക്കാന്‍ മൂന്നു വര്‍ഷമാണ് സേവനം വേണ്ടത്. 2021 മാര്‍ച്ച് 31 മുതല്‍ മിനിമം പെന്‍ഷന്‍ 3,350 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. പഴ്‌സനല്‍ സ്റ്റാഫായി രണ്ടു വര്‍ഷവും ഒരു ദിവസവും സേവനം അനുഷ്ഠിച്ചാല്‍ മൂന്നു വര്‍ഷമായി കണക്കാക്കി പെന്‍ഷന്‍ ലഭിക്കും. 30 വര്‍ഷമാണ് പെന്‍ഷന് യോഗ്യമായ പരമാവധി കാലയളവ്. അവസാന പത്തു മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതിയെ 30 കൊണ്ട് ഹരിച്ച് സര്‍വീസ് കാലയളവ് കൊണ്ട് ഗുണിച്ചാണ് പെന്‍ഷന്‍ നിശ്ചയിക്കുന്നത്. അടിസ്ഥാന ശമ്പളം 31,100 രൂപയാണെങ്കില്‍ 30 വര്‍ഷത്തേക്കു പകുതി തുകയായ 15,550രൂപ പെന്‍ഷന്‍ ലഭിക്കും. പഴ്‌സനല്‍ സ്റ്റാഫില്‍ മൂന്നു വര്‍ഷമാണ് സേവനമെങ്കില്‍ അവസാന പത്തു മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതിയെ 30 കൊണ്ട് ഹരിച്ച് സര്‍വീസ് കാലയളവ് കൊണ്ട് ഗുണിക്കണം.
പരമാവധി 30 പഴ്‌സനല്‍ സ്റ്റാഫുകളെയാണു നിയമിക്കാന്‍ കഴിയുന്നത്. 25 സ്റ്റാഫുകളെന്നതാണ് എല്‍ഡിഎഫ് നയം. എന്നാല്‍, മന്ത്രിമാരില്‍ 25ല്‍ കുറവ് സ്റ്റാഫുകളുള്ളവരും 25ല്‍ കൂടുതലുള്ളവരുമുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചവര്‍ പഴ്‌സനല്‍ സ്റ്റാഫിലേക്കു വന്നാല്‍ അവര്‍ക്കു ലഭിക്കുന്ന പെന്‍ഷന്‍ തുക കുറച്ചുള്ള ശമ്പളം മാത്രമേ ലഭിക്കൂ. പഴ്‌സനല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ പെന്‍ഷന്‍ നഷ്ടമാകും. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പഴ്‌സനല്‍ സ്റ്റാഫിലേക്കു ഡപ്യൂട്ടേഷനില്‍ വരുന്നവര്‍ക്കു മാതൃവകുപ്പില്‍ ലഭിക്കുന്ന ശമ്പളമാകും ലഭിക്കുക.ശമ്പള പരിഷ്‌ക്കരണം വരുമ്പോള്‍ പിരിഞ്ഞുപോയവര്‍ക്കം പ്രസ്തുത ആനുകൂല്യം ഉറപ്പാണ്.
ആഡംബരവും ധൂര്‍ത്തും ഒഴിവാക്കണമെന്ന് പറയുന്നുണ്ടെങ്കിലുംഎല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭയിലെ കയറിക്കൂടീയാല്‍ ആജീവനാന്ത പെന്‍ഷന്‍ ലഭിക്കും. മന്ത്രി ഓഫീസില്‍ നിന്ന് പടിയിറങ്ങിയാലും 15 ദിവസത്ത ശമ്പളത്തിന് കൂടി പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് അര്‍ഹതയുണ്ട്.
അയോധ്യയിലെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി ഗൃഹനാഥ; ചായകുടിച്ച് കുശലം പറഞ്ഞ് മോദി
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഉജ്ജ്വല്‍ യോജന പദ്ധതിയുടെ ഗുണഭോക്താവായ സ്ത്രീയുടെ വീട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രി അയോധ്യയില്‍ എത്തിയത്. ഇതിനിടെയാണ് അപ്രതീക്ഷിത ഗൃഹസന്ദര്‍ശനം.
മീര മഞ്ജരി എന്ന യുവതിയുടെ വീട്ടിലേക്കായിരുന്നു പ്രധാനമന്ത്രി അപ്രതീക്ഷിതമായി കയറിച്ചെന്നത്. പ്രധാനമന്ത്രി തന്റെ വീട്ടിലേക്ക് വരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മീര ദേശീയ മാധ്യമത്തോട് പറഞ്ഞു.
‘പ്രധാനമന്ത്രിയാണ് വീട്ടിലേക്ക് വരുന്നത് എന്ന കാര്യം അറിയില്ലായിരുന്നു. ഏതോ രാഷ്ട്രീയ നേതാവാണ് വീട്ടിലെത്തുന്നത് എന്ന് മാത്രമായിരുന്നു അറിഞ്ഞിരുന്നത്. അദ്ദേഹം വീട്ടിലെത്തി എന്നോടും കുടുംബത്തോടൊപ്പം ചെലവഴിച്ചു. ഉജ്ജ്വല്‍ യോജ സ്‌കീമുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ചോദിച്ചു. എന്താണ് പാചകം ചെയ്തിട്ടുള്ളതെന്ന് ചോദിച്ചു. ചോറും ദാളും പച്ചക്കറികളുമാണെന്ന് മറുപടി നല്‍കി. പിന്നീട് അദ്ദേഹം എന്നോട് ചായ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെട്ടു’- മീര പറഞ്ഞു.
പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ മീര ഈ വീട് ആവാസ് പദ്ധതിപ്രകാരമുള്ളതാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചെന്നും കൂട്ടിച്ചേര്‍ത്തു.
മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, മീര മഞ്ജരി ഉജ്ജ്വല്‍ യോജനയുടെ ഗുണഭോക്താവാണെന്ന് എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചത്. മോദി വീട് സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങളും എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് മഞ്ജരിയേയും കുടുംബത്തേയും ക്ഷണിച്ചിട്ടുണ്ട്.
കാന്തപുരം വിഭാഗത്തിനെതിരെ സമസ്ത; പുറത്തുപോയവര്‍ നടത്തുന്ന പരിപാടിയുമായി ബന്ധമില്ല- ജിഫ്രി തങ്ങള്‍
സമസ്തയുടെ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കാന്തപുരം എ.പി വിഭാഗം നടത്തുന്ന പരിപാടിയുമായി സമസ്തയ്ക്ക് ബന്ധമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. 1980-ല്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി പുറത്തുപോയ ചിലര്‍ പുതിയ സംഘടനയുണ്ടാക്കി സമാന്തര പ്രവര്‍ത്തനം നടത്തി വരികയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പുറത്തുപോയവര്‍ നൂറാം വാര്‍ഷികം എന്ന പേരില്‍ നടത്തുന്ന പരിപാടിയുമായി സമസ്തയ്ക്ക് ബന്ധമില്ല. അതിന്റെ യാഥാര്‍ഥ്യം പ്രവര്‍ത്തകര്‍ എല്ലാവരും മനസ്സിലാക്കണം. ഇത്തരം പരിപാടികളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് സുപ്രഭാതം ലേഖനം സമസ്തയുടെ നിലപാടല്ല. ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും ഓരോ നയമുണ്ടാകും. സമസ്തയ്ക്ക് അതില്‍ അഭിപ്രായം പറയേണ്ടതില്ല. സമസ്തയുടെ നിലപാട് താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കോണ്‍ഗ്രസ് നിലപാടിനെതിരെ സുപ്രഭാതം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പള്ളി പൊളിച്ചിടത്ത് കോണ്‍ഗ്രസ് കാലുവയ്ക്കുമോ എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. വിഷയത്തില്‍ സിപിഎമ്മെടുത്ത നിലപാടിനെ വനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.
പുതുവത്സരാഘോഷം: തിരുവനന്തപുരത്ത് കനത്ത സുരക്ഷ, ഡി.ജെ പാര്‍ട്ടികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ഡി.സി.പി സി.എച്ച് നാഗരാജു. നഗരത്തിലെ ഹോട്ടലുകള്‍, മാളുകള്‍, ബീച്ചുകള്‍, ക്ലബ്ബുകള്‍ തുടങ്ങീ എല്ലായിടങ്ങളിലും വലിയ തിരക്ക് പ്രതീക്ഷിക്കുന്നതായും ഇതുനിയന്ത്രിക്കാനുള്ള നടപടികള്‍ പോലീസ് കൈക്കൊണ്ടതായും അദ്ദേഹം അറിയിച്ചു.
ഡിജെ പാര്‍ട്ടികള്‍ നടത്തുന്നവര്‍ പോലീസില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. മയക്കുമരുന്ന് ഉപയോഗം, കൈവശംവെക്കല്‍, വില്‍പന എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാവും. ഇവരുടെ വീടുകളില്‍ റെയ്ഡും വാഹനങ്ങള്‍ കണ്ടുകെട്ടി ലൈസന്‍സ് റദ്ദാക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പരിപാടികള്‍ കാണാന്‍ പോകുന്നവര്‍ ഫോണ്‍ നമ്പര്‍ വാഹനത്തിനുമേല്‍ പ്രദര്‍ശിപ്പിക്കണം എന്നതുള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളാണ് തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരങ്ങളിലുള്ളത്.
മാനവീയംവീഥിയില്‍ 12.30 വരെമാത്രമാവും ആഘോഷങ്ങള്‍ക്ക് അനുമതി. ഇവിടെ മഫ്തിയില്‍ പോലീസുണ്ടാവും. മാനവീയത്തിനായി ഒരുപ്രത്യേക നിയമവും നിര്‍മിച്ചിട്ടില്ലെന്നും മാനവീയം ഇന്ത്യക്കുപുറത്തല്ലായെന്നും ഡി.സി.പി പറഞ്ഞു.
യുഎസില്‍ ഇന്ത്യന്‍വംശജരായ ദമ്പതിമാരും മകളും മരിച്ചനിലയില്‍; സാമ്പത്തികബാധ്യതയുള്ളതായി സൂചന
ഇന്ത്യന്‍ വംശജരായ ദമ്പതിമാരേയും മകളേയും യുഎസ് മസാച്ചുസെറ്റ്‌സിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാകേഷ് കമല്‍ (57), ഭാര്യ ടീന(54), മകള്‍ അരിയാന(18) എന്നിവരെ ബോസ്റ്റണ് സമീപത്തുള്ള വസതിയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് നോര്‍ഫോക് ജില്ലാ അറ്റോര്‍ണി മൈക്കല്‍ മോറിസെ അറിയിച്ചു.
ഗാര്‍ഹികപീഡന സാധ്യത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും രാകേഷിന്റെ മൃതദേഹത്തിനരികെ തോക്ക് കണ്ടെത്തിയതായും ജില്ലാ അറ്റോര്‍ണി പറഞ്ഞു. അതേസമയം, വെടിയേറ്റാണോ മൂവരും മരിച്ചതെന്ന കാര്യം മോറിസെ വ്യക്തമാക്കിയില്ലെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മരണകാരണം വ്യക്തമാകണമെങ്കില്‍ മെഡിക്കല്‍ പരിശോധനാഫലം പുറത്തുവരേണ്ടതുണ്ട്. രണ്ട് ദിവസമായി രാകേഷിന്റേയോ കുടംടുംബത്തിന്റേയോ വിവരമൊന്നുമില്ലാത്തതിനാല്‍ തിരക്കിയെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ടീനയും ഭര്‍ത്താവും എജ്യുനോവ എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്നു. 2016ല്‍ ആരംഭിച്ച സ്ഥാപനം 2021 ഡിസംബറില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ദമ്പതിമാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണെന്ന് മോറിസെ അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
11 കിടപ്പുമുറികളുമുള്ള 5.45 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മാളികയിലാണ് ഇവര്‍ താമസിച്ചിരുന്നത്. 2019-ല്‍ നാല് മില്യണ്‍ ഡോളറിനാണ് ഇവര്‍ മാളിക വാങ്ങിയത്. സമ്പന്നര്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ സുരക്ഷ ശക്തമാണെന്നും പുറമേ നിന്നുള്ള ആക്രമണത്തിന് സാധ്യതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി….