കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാര്‍ ഇന്ന് ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാവും. കേസില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറും. കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനേയും, ഐ ജി ജി ലക്ഷ്മണിനേയും മുന്‍ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ.സുധാകരന്‍ ഇടപെട്ടെന്നും,ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസുള്ളത്.
കേസില്‍ ചൊവ്വാഴ്ച വിയ്യൂര്‍ ജയിലില്‍ എത്തി മോന്‍സണെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. 23ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കെ.സുധാകരന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്.
അതേസമയം, 17കാരിയെ മോന്‍സന്‍ പീഡിപ്പിച്ചപ്പോള്‍ ആ വീട്ടില്‍ സുധാകരന്‍ ഉണ്ടായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍ ആരോപിച്ചിരുന്നു. ഒരു പത്രത്തില്‍ വാര്‍ത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണം കെ സുധാകരന്‍ പൂര്‍ണമായും തള്ളി. മനസാ വാചാ തനിക്ക് പോക്‌സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകില്‍ സിപിഎം ആണെന്നുമാണ് സുധാകരന്‍ തിരിച്ചടിച്ചത്. ഇര നല്‍കാത്ത മൊഴി സിപിഐഎമ്മിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം,മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒത്തുതീര്‍പ്പിനായി ഇടപെട്ടിട്ടില്ലെന്ന് കെ സുധാകരന് വേണ്ടി പരാതിക്കാരെ കണ്ടെന്ന് ആരോപണം നേരിട്ട എബിന്‍ എബ്രഹാം വ്യക്തമാക്കി. ഒത്തുതീര്‍പ്പിനായി അല്ല പരാതിക്കാരനെ കണ്ടത്. കെ സുധാകരന്‍ മോന്‍സണെ കണ്ടത് ചികിത്സക്കാണെന്നും സുധാകരനെ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്നും എബിന്‍ എബ്രഹാം പറഞ്ഞു.
മുന്‍പ് പുറത്തുവന്ന ദൃശ്യങ്ങളാണ് ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ മറുപടി കൊടുത്തിരുന്നുവെന്നും എബിന്‍ എബ്രഹാം പറഞ്ഞു. മാധ്യമങ്ങളും ഇതെല്ലാം നേരത്തെ ചര്‍ച്ച ചെയ്തതാണ്. ആദ്യത്തെ കൂടിക്കാഴ്ച അല്ല ഇത്. തങ്ങള്‍ അഞ്ചുതവണയോളം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഒരു ഹോട്ടലിന്റെ ലോബിയിലിരുന്ന് പരസ്യമായിട്ടാണോ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് പോകുന്നതെന്നും എബിന്‍ എബ്രഹാം ചോദിച്ചു.
തട്ടിപ്പില്‍ കെ സുധാകരനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാം പരാതിക്കാരോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരാതിക്കാരും സാക്ഷി അജിത്തും ദൃശ്യങ്ങളിലുണ്ട്. കെ സുധാകരന്‍ മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ തന്നെ, ഒത്തുതീര്‍പ്പിന് തങ്ങളുമായി സമീപിച്ചുവെന്ന് പരാതിക്കാരായ അനൂപും യാക്കൂബും പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.
കൊച്ചി വൈറ്റിലയിലെ ഒരു ഹോട്ടലില്‍ വച്ച് 2021 ഒക്ടോബറിലാണ് കൂടിക്കാഴ്ച നടന്നത്. ഈ ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പ്രധാന മൊഴികളും നേരത്തെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഈ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
കെ സുധാകരന്റെ അറസ്റ്റിന് 21 വരെ കോടതി വിലക്കുണ്ടെങ്കിലും കേസിലെ മറ്റ് നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മുന്നോട്ടു പോകുകയാണ്. തിങ്കളാഴ്ച ഹാജരാകാന്‍ പരാതിക്കാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഇതിന് ശേഷമാകും ഒന്നാം പ്രതി മോന്‍സണെ ചോദ്യം ചെയ്യുക. ജയിലിലെത്തി മോന്‍സണെ ചോദ്യം ചെയ്യാന്‍ എറണാകുളം പോക്‌സോ കോടതി അനുമതി നല്‍കിയിട്ടുണ്ട്.