ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്കു നയിച്ച പ്രതിഭ എം.എസ്.സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്ന എം.എസ്.സ്വാമിനാഥന്‍ ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്.
ബോര്‍ലോഗിന്റെ ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തുടര്‍ച്ച നല്‍കിയ അദ്ദേഹം, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഭാര്യ: മീന ഭൂതലിംഗം. മക്കള്‍: ഡോ. സൗമ്യ, മധുര, നിത്യ.
ടൈം മാഗസിന്‍ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയില്‍നിന്ന് 20 പേരില്‍ ഉള്‍പ്പെട്ടിരുന്നത്. സ്ഥിരം ഭക്ഷ്യസുരക്ഷയ്ക്ക് ഉതകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാര്‍ശ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
1972 മുതല്‍ 79 വരെ അദ്ദേഹം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായിരുന്നു. ഇന്ത്യന്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍, ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ ദ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് പ്രസിഡന്റ്, ദേശീയ കര്‍ഷക കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങി ഒട്ടേറെ നിലകളില്‍ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്.
1943ലെ ബംഗാള്‍ മഹാക്ഷാമകാലത്ത് ലക്ഷക്കണക്കിനു മനുഷ്യര്‍ പട്ടിണിമൂലം മരിക്കുന്നതിനു സാക്ഷിയാകേണ്ടിവന്ന അദ്ദേഹം, ലോകത്തെ വിശപ്പ് നിര്‍മാര്‍ജനം ചെയ്യുന്നതിനായി ജീവിതം അര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ആയി മാറിയ പഴയ മഹാരാജാസ് കോളജില്‍നിന്നു ജന്തുശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ജനറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ്ങില്‍ തുടര്‍പഠനം നടത്തി ലോകത്തെ അറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രജ്ഞനായി വളരുകയായിരുന്നു. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, റമണ്‍ മാഗ്സസെ അവാര്‍ഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോര്‍ലോഗ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
മധ്യപ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് രക്ഷകനായത് ബാഗ്‌നഗര്‍ റോഡിലെ ആശ്രമത്തിലെ പുരോഹിതന്‍
മധ്യപ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് രക്ഷകനായത് ബാഗ്‌നഗര്‍ റോഡിലെ ആശ്രമത്തിലെ പുരോഹിതന്‍. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ ആശ്രമത്തില്‍നിന്നു പുറത്തേക്ക് പോകുമ്പോള്‍ ഗെയ്റ്റിന്റെ പരിസരത്താണ് അര്‍ധനഗ്‌നയായി രക്തമൊലിപ്പിച്ച് പെണ്‍കുട്ടിയെ കണ്ടതെന്ന് പുരോഹിതനായ രാഹുല്‍ ശര്‍മ പറഞ്ഞു.
”പെണ്‍കുട്ടിയെ കാണുപ്പോള്‍ അര്‍ധനഗ്‌നയായി രക്തമൊലിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അവള്‍ക്ക് വസ്ത്രം നല്‍കുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. 20 മിനിറ്റിനുശേഷമാണ് പൊലീസ് എത്തിയത്. സുരക്ഷിതമായ സ്ഥലത്താണെന്നു പറഞ്ഞിട്ടും അവള്‍ക്ക് ഒന്നും സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. വേറെ ചിലര്‍ വന്ന് പെണ്‍കുട്ടിയോടു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ പിന്നില്‍ ഒളിക്കുകയാണുണ്ടായത്. തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ തന്റെ ഒപ്പമാണു സ്റ്റേഷനിലേക്കു വരാന്‍ കൂട്ടാക്കിയത്. കുട്ടിയുടെ സ്ഥലം എവിടെയാണെന്നുള്ള ചോദ്യത്തിന് ആദ്യം മറുപടി നല്‍കിയിരുന്നില്ല. പിന്നീട് ചില സ്ഥലങ്ങളുടെ പേര് പറഞ്ഞെങ്കിലും തിരിച്ചറിയാന്‍ സാധിച്ചില്ല” മിശ്ര പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ കുഴപ്പമില്ലെന്നും ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. ഉത്തര്‍പ്രദേശില്‍നിന്നു വന്നതാണ് പെണ്‍കുട്ടിയെന്നാണ് പ്രാഥമിക വിവരം.
മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും സഹായിക്കാതെ നാട്ടുകാര്‍ ആട്ടിപ്പായിച്ചത് വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരിയെയാണു സഹായം അഭ്യര്‍ഥിച്ച് എത്തിയപ്പോള്‍ നാട്ടുകാര്‍ ആട്ടിപ്പായിച്ചത്. പെണ്‍കുട്ടി അര്‍ധനഗ്‌നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലില്‍ മുട്ടുന്ന ചിത്രം പുറത്തുവന്നിരുന്നു.മധ്യപ്രദേശിലെ ഉജ്ജയിനില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ ബാഗ്‌നഗര്‍ റോഡിലെ സിസിടിവിയിലാണ് നിന്നാണ് ദൃശ്യം ലഭിച്ചത്.
ഹരിദാസന്റെ മൊഴി നാളെ രേഖപ്പെടുത്തും; നടപടി അഖില്‍ മാത്യുവിന്റെ പരാതിയില്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗം അഖില്‍ പി.മാത്യു മെഡിക്കല്‍ ഓഫിസര്‍ നിയമനത്തിനായി കോഴ വാങ്ങിയെന്നു പരാതി നല്‍കിയ മലപ്പുറം സ്വദേശി ഹരിദാസന്റെ മൊഴി കന്റോണ്‍മെന്റ് പൊലീസ് നാളെ രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. അഖില്‍ മാത്യുവിന്റെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ കേസെടുത്തത്. ആരെയും പ്രതി ചേര്‍ത്തിട്ടില്ല. വഞ്ചനാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പരാതി നല്‍കിയിട്ടും മന്ത്രിയുടെഓഫിസ് യഥാസമയം പ്രതികരിച്ചില്ലെന്നു പരാതിക്കാര്‍ ആരോപിക്കുന്നു. ഓഗസ്റ്റ് 17ന് പരാതിക്കാരന്റെ അഭിഭാഷകന്‍ മന്ത്രിയുടെ ഓഫിസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ 23നാണ് മന്ത്രിയുടെ ഓഫിസ് പരാതി പൊലീസിനു കൈമാറിയത്. മന്ത്രിയുടെ ഓഫിസില്‍ എത്തിയ ദിവസം അഭിഭാഷകന്‍ അഖില്‍ മാത്യുവിന് അയച്ച സന്ദേശവും പരാതിക്കാരന്‍ പുറത്തു വിട്ടു. താന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോടു കാര്യങ്ങള്‍ പറയാന്‍ പോകുന്നു എന്നാണ് അഭിഭാഷകന്റെ സന്ദേശത്തിലുള്ളത്. ഇതിനോട് അഖില്‍ മാത്യു പ്രതികരിച്ചിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. അഖില്‍ മാത്യുവും പരാതിക്കാരനും തമ്മില്‍ ആശയവിനിമയം നടന്നിരുന്നോ? ഓട്ടോ സ്റ്റാന്‍ഡില്‍വച്ച് ഒരു ലക്ഷം രൂപ കൈമാറിയോ? ഏതു രീതിയിലാണ് പണം കൈമാറിയത്? അഖില്‍ മാത്യുവും പത്തനംതിട്ട സ്വദേശി അഖില്‍ സജീവും ഗൂഢാലോചന നടത്തിയോ? നിയമനത്തിനായി വ്യാജരേഖ ചമച്ചോ? സര്‍ക്കാരില്‍ മറ്റാര്‍ക്കെങ്കിലും തട്ടിപ്പില്‍ പങ്കുണ്ടോ? ഫോണ്‍ രേഖകളും ബാങ്കിടപാടുകളും പരിശോധിച്ചാല്‍ പൊലീസിന് ഈ ചോദ്യങ്ങളില്‍ പലതിനു ഉത്തരം ലഭിക്കും.
സെക്രട്ടേറിയറ്റ് അനക്‌സിനു മുന്നിലും പരിസരത്തും സിസിടിവികളുണ്ട്. അഖില്‍ ഓഫിസില്‍നിന്നു പുറത്തുപോയതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ശേഖരിക്കാനാകും. ഹരിദാസന്റെ മകന്റെ ഭാര്യ മെഡിക്കല്‍ ഓഫിസര്‍ തസ്‌കികയിലേക്ക് അപേക്ഷിച്ച വിവരം അഖില്‍ സജീവ് കൃത്യമായി അറിഞ്ഞതിലും കൃത്രിമ മെയില്‍ ഐഡി സൃഷ്ടിച്ചതിലും അന്വേഷണം നടക്കേണ്ടതുണ്ട്.
ആരോഗ്യവകുപ്പില്‍നിന്ന് ആരുടെയെങ്കിലും സഹായമില്ലാതെ വിവരങ്ങള്‍ ലഭിക്കില്ലെന്ന് പൊലീസ് കരുതുന്നു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി നേരത്തെ പുറത്താക്കിയ അഖില്‍ സജീവിന് മന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുണ്ടായിരുന്നോ എന്ന കാര്യവും വ്യക്തമാകേണ്ടതുണ്ട്.
സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎമ്മിനും മുഖ്യമന്ത്രിക്കും നേരെ കടുത്ത ആരോപണങ്ങളുമായി ബിജെപി നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്
സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും നേരെ കടുത്ത ആരോപണങ്ങളുമായി ബിജെപി നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. സംസ്ഥാനത്തെ നിരവധി ബാങ്കുകളില്‍ ക്രമക്കേടുണ്ടെന്നും നടന്നത് 5000 കോടിയുടെ കുംഭകോണമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
സഹകരണ മെഗാ കുംഭകോണത്തിന് പാര്‍ട്ടിയുടെ അനുമതിയും അനുവാദവും ഉള്ളതിനാല്‍ കള്ളന്മാരെ സിപിഎം സംരക്ഷിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. കട്ടവരോട് ഇത്രയധികം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു ലജ്ജാകരമാണന്നും കൃഷ്ണദാസ് തുറന്നടിച്ചു.
”മുഖ്യമന്ത്രി പറഞ്ഞത് ഒരു കറുത്ത വറ്റെന്നാണ്. എന്നാല്‍ കലം മുഴുവന്‍ കറുത്തിരിക്കുകയാണ്. ഭൂതക്കണ്ണാടി വച്ചു നോക്കിയാലും വെളുപ്പ് കാണാനില്ല. കലം മുഴുവന്‍ കരിഞ്ഞിരിക്കുന്നതിനാലാണ് വെളുത്ത വറ്റൊന്നും കാണാത്തത്. മുഖ്യമന്ത്രി അതു മനസ്സിലാക്കണം. 399 സഹകരണ സ്ഥാപനങ്ങളില്‍ ക്രമക്കേടു നടന്നതായി കണ്ടെത്തിയെന്നു വകുപ്പു മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ അന്വേഷണം നടക്കുന്നില്ല.
ഒരു വര്‍ഷം മുന്‍പ് പറഞ്ഞ കാര്യമാണിത്. 600ലേറെ സ്ഥാപനങ്ങളില്‍ തട്ടിപ്പു നടന്നതായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. ഇത്രയധികം തട്ടിപ്പു നടന്നെന്നു മന്ത്രി സമ്മതിക്കുമ്പോള്‍, മുഖ്യമന്ത്രി പറയണം ഇത് ഒരു കറുത്ത വറ്റ് മാത്രമാണോ എന്ന്. മുഖ്യമന്ത്രിയും ഇക്കാര്യം അറിയേണ്ടതല്ലേ.
5000 കോടിയുടെ കുംഭകോണമാണ് നടന്നിട്ടുള്ളത്. കട്ടവരോട് ഇത്രയധികം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ലജ്ജാകരമാണ്. മടിയില്‍ കനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും വാക്കാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞുകൊടുക്കേണ്ടത് ഒറ്റരുത് എന്നല്ല, കക്കരുത് എന്നായിരുന്നു. ഈ കുംഭകോണത്തില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന നേതൃത്വത്തിനുവരെ പങ്കുണ്ട്. ആര്‍ക്കെങ്കിലുമെതിരെ തെളിവു നല്‍കുന്നുണ്ടെങ്കില്‍ അതു നശിപ്പിക്കണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നു. പാര്‍ട്ടിയുടെ അനുമതിയും അനുവാദവും ഈ സഹകരണ മെഗാ കുംഭകോണത്തിന് ഉള്ളതിനാല്‍, സിപിഎം കള്ളന്മാരെ ഭയപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുകയാണ്.
ഇതിനെതിരെ ഞങ്ങള്‍ സംസ്ഥാന വ്യാപകമായി സഹകരണ അദാലത്ത് നടത്തും. തട്ടിപ്പും കുംഭകോണവും നടന്ന ബാങ്കുകളിലെ സഹകാരികളെയും നിക്ഷേപകരെയും സംഘടിപ്പിച്ചുകൊണ്ടാണ് അദാലത്ത് നടത്തുക. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും സൗജന്യമായി ബിജെപി നല്‍കും.
ഇതു പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രക്ഷോഭത്തിന്റെ ആദ്യ പടിയെന്ന നിലയില്‍ നമ്മുടെ പ്രിയപ്പെട്ട നടന്‍ കൂടിയായ സുരേഷ് ഗോപി, ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് തൃശൂര്‍ സഹകരണ ബാങ്കിലേക്ക് ഒരു യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
സ്വാഭാവികമായും കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധ ഈ യാത്രയ്ക്കുണ്ടാകും. അതിനുശേഷം ബിജെപിയും എന്‍ഡിഎയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തനിനിറം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുന്നതിനു സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. കേരളത്തിലാകെ 5,000 കോടി രൂപയുടെ മെഗാ സഹകരണ കുംഭകോണമാണ് നടന്നത്. കരുവന്നൂരില്‍ 300 കോടിയെന്നത് 400 കോടിയിലേക്ക് ഉയര്‍ന്നാല്‍ അദ്ഭുതപ്പെടാനില്ല.’
കേരളത്തില്‍ ഇത്രയും വലിയ കുംഭകോണം നടന്നിട്ടും കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷം മൗനം പാലിക്കുകയാണ്. നമ്മുടെ പ്രതിപക്ഷ നേതാവ് മൗനവ്രതത്തിലാണോ എന്നു സംശയിക്കുകയാണ്. പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ രണ്ട് ഘടകകക്ഷികള്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തുന്ന അഴിമതിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് ബുദ്ധിമുട്ടു കാണും. ഈ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് സത്യസന്ധമായ ഒരു പ്രക്ഷോഭം പ്രതീക്ഷിക്കാനാവില്ല.
സിപിഎമ്മും സര്‍ക്കാരും കട്ടവര്‍ക്കൊപ്പമാണെന്ന് ഇതിനകം ബോധ്യമായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഇരകള്‍ക്കൊപ്പം നിന്നുകൊണ്ട് പോരാട്ടം നടത്തുകയാണ്. ഈ പോരാട്ടത്തിനു കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സഹായവും സഹകരണവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
നിലവില്‍ കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ നടക്കുന്ന ഇഡി അന്വേഷണം മറ്റു സഹകരണ ബാങ്കുകളിലേക്കും വ്യാപിക്കാന്‍ പോവുകയാണ്. ഇത് സിപിഎമ്മും സര്‍ക്കാരും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് അന്വേഷണം കരുവന്നൂരില്‍ ഒതുക്കിനിര്‍ത്താനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. ബാക്കി ഒരു ബാങ്കിലേക്കും ഇഡി പോകാന്‍ പാടില്ല. അതിനാണ് ഈ പ്രതിഷേധവും പ്രതിരോധവും പ്രക്ഷോഭവുമെല്ലാം സംഘടിപ്പിക്കുന്നത്” കൃഷ്ണദാസ് പറഞ്ഞു.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി; രാഷ്ട്രീയ പ്രവര്‍ത്തനം തുടരും
കൊല്‍ക്കത്ത സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ചുമതലയേല്‍ക്കുമെന്ന് നടനും രാജ്യസഭാ മുന്‍ എംപിയുമായ സുരേഷ് ഗോപി. സമൂഹമാധ്യമത്തിലെ കുറപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ചയാണ് സുരേഷ് ഗോപിയെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചത്.
നിയമനം നടത്തും മുന്‍പ് അറിയിക്കാത്തതില്‍ അതൃപ്തിയുള്ളതിനാല്‍ ഉടന്‍ ചുമതലയേല്‍ക്കില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് ചുമതലയേല്‍ക്കുമെന്ന് താരം തന്നെ അറിയിച്ചത്. ഇതു ശമ്പളമുള്ള ജോലിയല്ലെന്നും പൂര്‍ണമായും രാഷ്ട്രീയക്കാരനായി തുടരാന്‍ സാധിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ ഉറപ്പു നല്‍കിയതിനാലാണ് ചുമതലയേറ്റെടുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അദ്ദേഹം വീണ്ടും സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ നിയമനം.
സുരേഷ് ഗോപിയുടെ കുറിപ്പ്:
കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യന്‍ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്റെ സുഹൃത്തായ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ എന്നിവര്‍ക്ക് നന്ദി.
100% ഇത് വരുമാനമുള്ള പദവിയല്ലെന്നും ശമ്പളമുള്ള ജോലിയല്ലെന്നും എല്ലാ രീതിയിലും രാഷ്ട്രീയക്കാരനായി തുടരാന്‍ സാധിക്കുമെന്നുള്ള മന്ത്രിയുടെ ഉറപ്പും ഉള്ളതുകൊണ്ടാണ് ഞാന്‍ ചുമതല ഏറ്റെടുക്കുന്നത്. അതിനാല്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദ്ദേശിച്ച തീയതിയിലും സമയത്തും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഞാന്‍ ചെയര്‍മാനായി ചുമതലയേല്‍ക്കും. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കൂ, അതുവഴി ലോകപ്രശസ്തനായ ഇന്ത്യന്‍ സിനിമകളിലെ ഷേക്‌സ്പിയറുടെ പേരിന് സര്‍ഗാത്മതയിലൂടെ ഞാന്‍ തിളക്കം നല്‍കും.
P.s: കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള ഗാന്ധിജയന്തി റാലിക്ക് ഒരു തടസ്സവും ഉണ്ടാകില്ല. പ്രതിഷേധ മാര്‍ച്ചിനൊപ്പം ഞാനും പോകും.