എന്റെ ജീവന് ഭീഷണിയുണ്ട് .എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ ഓരോരുത്തരും അറിയണം അതിന്റെ പിന്നില്‍ മരം മുറിയുടെ കൈകളാണെന്ന് റിപ്പോര്‍ട്ടര്‍ സൂര്യ സുജി. മരം മുറി ചാനലിലെ ഏഴുമാസത്തെ അനുഭവങ്ങള്‍ക്ക് ശേഷം വാര്‍ത്തകളെ വില്‍ക്കാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ട് താന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് രാജിവെച്ചതായി കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു സൂര്യ സുജി.
സോഷ്യല്‍മീഡിയയില്‍ കുറിച്ചത്….
പല ഓണ്‍ലൈന്‍ മീഡിയകളും വാര്‍ത്തകള്‍ വീണ്ടും വളച്ചൊടിക്കുന്നു. സംഘപരിവാറിനെ വെളുപ്പിക്കാനുള്ള അവരുടെ നീക്കങ്ങള്‍ തുടരട്ടെ…
സത്യം നിങ്ങള്‍ക്കും അറിയാം വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും ഒക്കെ അറിയാം. ഇത് റിപ്പോര്‍ട്ടര്‍ ചാനലിനെ കുറിച്ചും അവിടുത്തെ എഡിറ്റോറിയലിനെക്കുറിച്ചുമുള്ള എന്റെ അവസാനത്തെ പോസ്റ്റാണ്. സംഭവങ്ങള്‍ തുടങ്ങുന്നത് സുരേഷ് ഗോപി വിഷയത്തെ തുടര്‍ന്നാണ്. ആ സംഭവത്തിന് ശേഷം തൃശ്ശൂരില്‍ തുടരാന്‍ വ്യക്തിപരമായി എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. റിപ്പോര്‍ട്ടിങ്ങില്‍ നിന്നും മാറി നില്‍ക്കണമെന്നും എനിക്ക് ഡെസ്‌ക്കിലേക്ക് പോകണമെന്നും ഞാന്‍ എച്ച് ആറിനെ നെ വിളിച്ച് സംസാരിച്ചു. പെട്ടെന്ന് തൃശ്ശൂര്‍ വിട്ടുപോയാല്‍ അത് പണിഷ്‌മെന്റ് ട്രാന്‍സ്ഫറായി മറ്റുള്ളവര്‍ കാണുമെന്നും കുറച്ചുകാലം കൂടി തൃശ്ശൂരില്‍ നില്‍ക്കാനും ആണ് അവര്‍ എനിക്ക് നിര്‍ദേശം നല്‍കിയത്.
മാനസികമായി എനിക്ക് അവിടെ തുടരാന്‍ സാധിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ എന്നെ കൊച്ചി ബ്യൂറോയിലേക്ക് മാറ്റി. എനിക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കി എന്ന് മറുനാടന്‍ അടക്കമുള്ള സംഘിച്ചാനലുകള്‍ പറയുന്ന വീഡിയോ തുടര്‍ച്ചയായി പലരും അയച്ച് തന്നത് കൊണ്ട് മാത്രമാണ് ഈ പോസ്റ്റ്. കൊച്ചിയില്‍ വന്നശേഷം മൂന്നുതവണയാണ് എഡിറ്റോറിയലുമായി എന്റെ മീറ്റിംഗ് ഉണ്ടായത്…
രണ്ടാഴ്ചകള്‍ക്ക് മുന്‍പായിരുന്നു ആദ്യമീറ്റിങ്. സൈബര്‍ സഖാക്കള്‍ ബിജിഎം ഇട്ട് വാഴ്ത്തി പാടുന്ന അരുണ്‍കുമാര്‍ എന്ന നിലപാട് ഇല്ലാത്ത മനുഷ്യനെ ഇനിയെങ്കിലും നിങ്ങള്‍ മനസിലാക്കണം. മുഖ്യമന്ത്രിയുടെ പ്രീതിപറ്റാന്‍ വേണ്ടി മാത്രം നവ കേരള സദസ്സിനോടൊപ്പം യാത്ര ചെയ്തയാള്‍, പക്ഷേ മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടല്ലോ ഈ നടത്തുന്ന പിത്തലാട്ടത്തിന്റെ ഒക്കെ പിന്നിലെന്താണ് എന്ന്. അത് കൊണ്ടാണ് അന്ന് അരുണ്‍കുമാര്‍ സമര്‍പ്പിച്ച നിവേദനം തുറന്ന് പോലുംനോക്കാന്‍ അദ്ദേഹം തയ്യാറാകാതിരുന്നത്. ആദ്യമീറ്റിങില്‍ അരുണ്‍ കുമാര്‍ എനിക്ക് ചില ഉപദേശങ്ങള്‍ തന്നു . സൂര്യ കുറച്ചുകൂടി ഡിസിപ്ലിനാകണം, ആളുകളോട് അധികം കയര്‍ത്തു സംസാരിക്കരുത് തുടങ്ങിയവയായിരുന്നു ആ കാര്യങ്ങള്‍ . ഇത് പറയുന്നത് മറ്റൊന്നിലുമല്ല സുരേഷ് ഗോപി വിഷയത്തില്‍ ഞാന്‍ എടുത്ത നിലപാടിനെക്കുറിച്ചുള്ള ശ്രീ അരുണ്‍കുമാറിന്റെ എന്നോടുള്ള ഉപദേശം ആയിരുന്നു ഇത്. അത് കൊണ്ടും കഴിഞ്ഞില്ല,വേണമെങ്കില്‍ ഇഷ്ടമില്ലാത്ത ആളുകള്‍ക്ക് മുന്‍പില്‍ ചിരിച്ചു കാണിച്ചു അഭിനയിച്ചോളൂ എന്ന് കൂടി എന്നോട് അദ്ദേഹം പറഞ്ഞു. എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ഞാന്‍ കൃത്യമായി പറഞ്ഞു.
ക്യാമറാമാന്‍ മാരോട് ഞാന്‍ സഹകരിക്കുന്നില്ല എന്നതായിരുന്നു അടുത്ത എഡിറ്ററുടെ പരാതി .പരാതി പറഞ്ഞ ക്യാമറാമാന്മാരെയും ഒരുമിച്ച് വിളിക്കു, ഒരുമിച്ച് നമുക്ക് ഈ വിഷയം സംസാരിക്കാം എന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ഒഴിഞ്ഞ് മാറി. രണ്ടാം തവണ കൊച്ചി ബ്യൂറോയിലെ എല്ലാ റിപ്പോര്‍ട്ടര്‍മാരെയും വിളിപ്പിച്ചു. അതില്‍ ഞാനുമുണ്ടായി. ബ്രേക്കിംഗ് കുറവാണ് എന്ന കാര്യം പറയാനായിരുന്നു ചര്‍ച്ച. പിന്നെ വിളിപ്പിച്ചത് ഇന്നലെയാണ് എന്നെ മാത്രമായി മൂന്നാം തവണ. റിപ്പോര്‍ട്ടര്‍ ചാനലിലെ സിഇഒ അനില്‍ അയിരൂരും എച്ച് ആറും ആണ് ആ ചര്‍ച്ചയില്‍ ഉണ്ടായത്. വിഷയം ഇതായിരുന്നു 10 ദിവസം മുന്‍പേ ഞാന്‍ സഞ്ചരിച്ച കാര്‍ ആക്‌സിഡന്റ് ആയി. രാത്രി പത്തരക്ക് ഷൂട്ട് കഴിഞ്ഞ് വരുന്ന വഴി ഒരു ബൈക്ക് ഞങ്ങളുടെ കാറില്‍ വന്നിടിക്കുകയായിരുന്നു. എനിക്കൊപ്പം ക്യാമറാമാനും വണ്ടിയോടിച്ച ഡ്രൈവറും ഉണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഡ്രൈവറുടെ തലവന്‍ വണ്ടിയോടിച്ച ഡ്രൈവറോട് ഈ വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ പറയുന്നു. ആക്‌സിഡന്റ് ആയ വിവരവും ഫോട്ടോ സഹിതം ഞാന്‍ ബ്യൂറോ ചീഫിനെ കാര്യങ്ങള്‍ അറിയിക്കുന്നു. തുടര്‍ന്ന് 10 ദിവസങ്ങള്‍ക്കിപ്പുറം എന്നെ വിളിച്ച് പറഞ്ഞു ,
സൂര്യ അന്ന് അങ്ങനെ ഒരു ആക്‌സിഡന്റ് നടന്നിട്ടില്ല സൂര്യ ആക്‌സിഡന്റ് വാര്‍ത്ത സൃഷ്ടിച്ചതാണ്, ഞാന്‍ പറഞ്ഞു എനിക്ക് കാറോടിക്കാന്‍ അറിയില്ല എന്തിനാണ് ഞാന്‍ കള്ളം പറയുന്നത്. വീണ്ടും അവര്‍ ആവര്‍ത്തിച്ചു , ഉടന്‍തന്നെ ഞാന്‍ കൂടെയുണ്ടായിരുന്ന ക്യാമറാമാനെ ഫോണില്‍ വിളിച്ച് സ്പീക്കറില്‍ ഇട്ട് സംസാരിച്ചു. ക്യാമറാമാന്‍ ഉണ്ടായ സംഭവങ്ങള്‍ വിശദീകരിച്ചു. ആ ഫോണ്‍ കട്ട് ചെയ്ത ശേഷം വീണ്ടും എന്നോട് അനില്‍ ആവര്‍ത്തിച്ചു സൂര്യ ഇതില്‍ കള്ളം പറയുന്നു എന്ന്. ഉടന്‍ ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് വേണ്ടത് രാജിയല്ലോ ഞാന്‍ തരാം. സുരേഷ്‌ഗോപി വിഷയത്തിന് ശേഷമുള്ള പ്രതികാരനടപടികളുടെ ഭാഗമാണിതെന്ന് എനിക്ക് വ്യക്തമായിരുന്നു. സംഘപരിവാറിനെതിരെ ശബ്ദമുയര്‍ത്തിയത് കൊണ്ടല്ലേ നിങ്ങള്‍ എന്നോട് ഇങ്ങനെ സംസാരിക്കുന്നത്. അത് നല്ല രീതിയില്‍ എനിക്കറിയാം. കാരണം ചര്‍ച്ചകളില്‍ നമ്മള്‍ കാണുന്ന സംഘപരിവാറിന്റെ മുഖം അവിടുത്തെ വെറും പേപ്പര്‍ സ്റ്റാമ്പ് ആണ് , ശരിക്കുമുള്ള ആര്‍എസ്എസ് വക്താവ് ഇതിന്റെ സി ഇ ഒ ആയ അനില്‍ അയിരൂര്‍ ആണ്. അയാളുടെ ചരിത്രം നോക്കിയാല്‍ തട്ടിപ്പുകളുടെ ഒരു കൂമ്പാരം തന്നെ കാണാം. പിന്നെ അനില്‍ അയിരൂര്‍ എന്നോട് പറഞ്ഞു സൂര്യ ഈ നാവും വെച്ച് മാധ്യമപ്രവര്‍ത്തനം നടത്തിയാല്‍ ശരിയാവില്ല, നിലപാട്പറയുന്ന പെണ്ണ് അഹങ്കാരി എന്ന പാട്രിയാര്‍ക്കല്‍ പുരുഷ സ്വരം പലതവണ ഇയാളില്‍ നിന്ന് ഉയര്‍ന്ന് കേട്ടിട്ടുണ്ട്. വേറെ വല്ല കോഴ്‌സും പഠിച്ച് മറ്റേതെങ്കിലും ജോലിയില്‍ പോകു എന്നാക്രോശിക്കുകയായിരുന്നു അയാള്‍. നിങ്ങളല്ലല്ലോ എനിക്ക് ജേര്‍ണലിസം ബിരുദം തന്നതെന്നും നിങ്ങള്‍ എന്നെ ഈ തരത്തില്‍ ഉപദേശിക്കാന്‍ വരേണ്ടതില്ല എന്നും പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി നേരെ എച്ച ആറിന്റെ മുറിയില്‍ ചെന്ന് രാജിക്കത്ത് നല്‍കി. കൂടാതെ ഔദ്യോഗിക സിം തിരികെ ഏല്‍പ്പിച്ചു. മറ്റൊരു സംഭവം കൂടി പറയാം. കൊല്ലത്തുണ്ടായ വ്യാജവാര്‍ത്തയില്‍ പ്രതിഷേധിച്ച് ഒരു റിപ്പോര്‍ട്ടര്‍ എഡിറ്റോറിയലിനോട് ഈ കാര്യങ്ങള്‍ അറിയിക്കുന്നു. പരാതി പറഞ്ഞ റിപ്പോര്‍ട്ടറെ അനില്‍ നേരിട്ട് വിളിച്ച് അധിക്ഷേപിക്കുന്നു..
കണ്ട മേത്തന്മാര്‍ ഒന്നും വാര്‍ത്തകളില്‍ ഇടപെടേണ്ട എന്നതായിരുന്നു ആ റിപ്പോര്‍ട്ടറോട് അയാള്‍ കൃത്യമായി പറഞ്ഞത്…
അതായത് നമ്മള്‍ വ്യാജവാര്‍ത്ത ചെയ്യും, അതില്‍ നിങ്ങള്‍ ഇടപെടേണ്ട. ബിജെപിയുടെ സാമ്പത്തിക തട്ടിപ്പിന്റെ വാര്‍ത്ത കൊച്ചി പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ വാര്‍ത്ത ഒരു റിപ്പോര്‍ട്ടര്‍ ഡെസ്‌കിനെ അറിയിച്ചിട്ടും വാര്‍ത്ത എയര്‍ ചെയ്യാന്‍ റിപ്പോര്‍ട്ടറിലെ എഡിറ്റോറിയല്‍ ടീം തയ്യാറായില്ല. കാരണം അനില്‍ ഉള്‍പ്പെടെ ഉള്ളവരെ സംബന്ധിച്ചിടത്തോളം സിപിഐഎമ്മുകാര്‍ പണം പറ്റിച്ച വാര്‍ത്ത മാത്രമേ അത് മാര്‍ക്കറ്റ് ചെയ്യപ്പെടുള്ളുവത്രേ. മാധ്യമരംഗത്തെ പുലികള്‍ എന്നും , ഇടത് പുരോഗമന സിംഹങ്ങള്‍ എന്നുമൊക്കെ പറയുന്ന വിഗ്രഹങ്ങളുടെ കൂടെ ജോലി ചെയ്യാം എന്നുള്ളത് കൊണ്ട് മാത്രമാണ് ആ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. എന്നാല്‍ ആ വിഗ്രഹങ്ങള്‍ എല്ലാം തന്നെ ഉടഞ്ഞു പോയി. കോണ്‍ഗ്രസ് റിപ്പോര്‍ട്ടര്‍ ചാനലിനെ ബഹിഷ്‌കരിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിക്കെതിരെ മരം മുറി മുതലാളി നടത്തിയ പ്രസ്താവനയെ തുടര്‍ന്ന്. തുടര്‍ന്ന് കോണ്‍ഗ്രസ് വക്താക്കള്‍ക്ക് നിരന്തരം എഡിറ്റോറിയല്‍ അംഗങ്ങള്‍ മാപ്പ് എഴുതി കൊടുത്തതിന്റെ തെളിവുകള്‍ ഉണ്ട്. ഇടതുപക്ഷവും ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായം..
കാരണം മന്ത്രി വീണാ ജോര്‍ജിനെതിരെ വാര്‍ത്തകള്‍ പടച്ചുവിടാന്‍ റിപ്പോര്‍ട്ടര്‍ കാണിച്ച ഉത്സാഹം മറന്നു പോകരുത്,
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയെ വിളിച്ചിരുത്തി അധിക്ഷേപിച്ചത് മറക്കരുത്. എന്തിനാണ് അരുണ്‍കുമാര്‍ ഇടതുപക്ഷത്തെ ഇത്രത്തോളം പുകഴ്ത്തുന്നത്, കാരണം അയാള്‍ക്കറിയാം സൈബര്‍ സഖാക്കള്‍ അയാള്‍ പറയുന്ന ഓരോ വാചകങ്ങളും ബിജിഎം ഇട്ട് പരസ്യപ്പെടുത്തുമെന്ന്. സംഘപരിവാര്‍ അജണ്ട മാത്രമാണ് അവിടെ നടക്കുന്നത്. ഒരു കാര്യം കൂടി, റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് ഈ ഏഴു മാസക്കാലത്തില്‍ ആദ്യമായി പുറത്തിറങ്ങിയ റിപ്പോര്‍ട്ടര്‍ ഞാനല്ല , ഒരുപാട് പേര്‍ പലതും സഹിച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങിയിട്ടുണ്ട് ,
വ്യക്തിപരമായി അവരെല്ലാവരോടും ഞാന്‍ സംസാരിച്ചതാണ്. പല കാരണങ്ങള്‍ കൊണ്ട് ബാധ്യതകള്‍ കൊണ്ട് ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്നുപറയാന്‍ അവര്‍ക്ക് പരിമിതികള്‍ ഉണ്ട്. ഈ തുറന്നു പറചലിനു ശേഷം എനിക്ക് വന്ന സൈബര്‍ അറ്റാക്കുകളും നിരവധി ആണ്..
എന്റെ ജീവന് ഭീഷണിയുണ്ട് . എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ ഓരോരുത്തരും അറിയണം അതിന്റെ പിന്നില്‍ മരം മുറിയുടെ കൈകളാണ് എന്ന്.
സൂര്യ സുജി