ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്

വേനല്‍ച്ചൂടില്‍ കേരളം കത്തുകയാണ് അതിനൊടൊപ്പം തിരഞ്ഞെടുപ്പ് ചൂടും. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രണ്ടാംഘട്ടത്തിലെത്തിയപ്പോള്‍പ്രചാരണത്തിന് ദേശീയ നേതാക്കളുടെ വമ്പന്‍നിരയാണ് കേരളത്തിലേക്കെത്തുന്നത്. മൂന്ന് പ്രമുഖ പാര്‍ട്ടികളും അവരുടെ ദേശീയ നേതാക്കളെ കളത്തിലിറക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും 15ന് പ്രചാരണത്തിനെത്തും. അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയില്‍ പങ്കെടുത്ത് രാഹുല്‍ പ്രചാരണത്തിന് തുടക്കമിടും. ആറ്റിങ്ങല്‍, ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലെ പ്രചാരണത്തിന് നരേന്ദ്ര മോദിയുമെത്തും. പിന്നാലെ മറ്റ് നേതാക്കളും കേരളത്തിലെത്തും.

വിഷു കഴിയുന്നതോടെ ദേശീയനേതാക്കള്‍ യു.ഡി.എഫ്. പ്രചാരണത്തിനായി വടകരയിലെത്തും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സംസ്ഥാനത്തെത്തും. 16ന് തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണത്തിനാണ് ഡി കെ ശിവകുമാറെത്തുന്നത്. ഉച്ചയ്ക്ക് ശേഷം കണ്ണൂരിലും അദ്ദേഹം പ്രചാരണത്തിനിറങ്ങും. 18ന് കനയ്യ കുമാറും സംസ്ഥാനത്തെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിന്‍ പൈലറ്റ് എന്നിവരും പിന്നാലെയെത്തും. 20-നുള്ളില്‍ പ്രിയങ്കാ ഗാന്ധിയും എത്തുമെന്നാണ് നേതൃത്വത്തിന് ലഭിച്ച വിവരം.

എന്‍ഡിഎയ്ക്കായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പ്രമോദ് സാവന്ത്, അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ കോഴിക്കോട്ടും പുരുഷോത്തം രൂപാല, ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ ആലപ്പുഴയിലും, മീനാക്ഷി ലേഖി വയനാട്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലും തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലും പ്രസംഗിക്കും. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരും എത്തുന്നുണ്ട്. എന്‍.ഡി.എ. പ്രചാരണത്തിനായി വടകരയില്‍ പ്രധാനമായും എത്തുന്നത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങായിരിക്കുമെന്നാണ് സൂചന. 18-ന് വടകരയില്‍ എത്തുമെന്നാണ് വിവരം.

എല്‍ഡിഎഫിനായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 16 മുതല്‍ 21 വരെ കേരളത്തില്‍ പ്രചാരണം നടത്തും. കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, ചാലക്കുടി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിലാകും യെച്ചൂരി പ്രസംഗിക്കുക. 15 മുതല്‍ 22 വരെയുള്ള പരിപാടികളില്‍ പി ബി അംഗം പ്രകാശ് കാരാട്ട്, സുഭാഷിണി അലി എന്നിവര്‍ പങ്കെടുക്കും. ബൃന്ദാ കാരാട്ടിന്റെ പരിപാടി കണ്ണൂരില്‍ 15ന് ആരംഭിച്ച് 22ന് പത്തനംതിട്ടയില്‍ സമാപിക്കും. 16, 17, 18 തീയതികളില്‍ തപന്‍ സെന്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജു കൃഷ്ണന്‍ എന്നിവരും പ്രചാരണത്തിനെത്തും. ഇതിനൊടൊപ്പം 19ന് കോഴിക്കോട് നടക്കുന്ന പ്രചരണപരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്.

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് ആശ്വാസം, വിജയം ശരിവച്ച് ഹൈക്കോടതി

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് പിജി അജിത് കുമാറിന്റേതാണ് വിധി.

വിധിയില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. ജനകീയ കോടതി വിധി മാനിക്കാത്ത സിപിഎം, കോടതി വിധിയെങ്കിലും മാനിക്കാന്‍ തയ്യാറാകണമെന്നും ബാബു പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് ഈ വിധി ആവേശമാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അയ്യപ്പന്റെ ചിത്രം വെച്ചിട്ടുള്ള സ്ലിപ്പ് അച്ചടിച്ചിട്ടില്ല. കൃത്രിമമായിട്ടാണ് ഈ തെളിവുകളെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും ബാബു ആരോപിച്ചു.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വീറും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു മണ്ഡലത്തില്‍ നടന്നത്. കെ ബാബ മൂന്ന് വട്ടം എംഎല്‍എയായിരുന്നു മണ്ഡലം 2017 ലായിരുന്നു എം സ്വരാജ് പിടിച്ചെടുത്തത്. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു കെ ബാബു 2021 ല്‍ മത്സരത്തിനിറങ്ങിയത്.

ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയമായതിനാല്‍ തന്നെ പ്രചരണത്തില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിച്ചതും ഇത് തന്നെയായിരുന്നു. ഫലം വന്നപ്പോള്‍ മണ്ഡലത്തില്‍ കനത്ത തിരിച്ചടിയായിരുന്നു സ്വരാജ് നേരിട്ടത്. 992 വോട്ടിന് കെ ബാബു തൃപ്പൂണിത്തുറയില്‍ വിജയിക്കുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സ്വരാജ് ബാബുവിന്റെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് കൊണ്ട് കോടതിയെ സമീപിച്ചത്.

മതചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ബാബു വോട്ട് പിടിച്ചതെന്നും 2021ല്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.ശബരിമല വിഷയം എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മണ്ഡലത്തില്‍ കെ ബാബു പ്രചരണം നടത്തിയതെന്നായിരുന്നു സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. അയ്യപ്പന് ഒരു വോട്ട് എന്ന അച്ചടിച്ച തിരഞ്ഞെടുപ്പ് സ്ലിപ്പുകള്‍ കെ ബാബുവിന് വേണ്ടി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നുവെന്നും ചുവരെഴുത്തുകളിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി സ്വരാജ് കോടതിയില്‍ സമര്‍പ്പിച്ചു തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പന് ദൈവകോപം ഉണ്ടാകുമെന്നും തന്റെ പരാജയം അയ്യപ്പന്റെ പരാജയമാണെന്നും പറഞ്ഞ് കെ ബാബു വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നും ഹര്‍ജിയില്‍ സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു.

ചൂടില്‍ ആശ്വാസമായി മഴയെത്തും; ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ് ഇങ്ങനെ

സംസ്ഥാനത്ത് ചൂട് തുടരുന്നതിനിടെ മഴയ്ക്ക് സാധ്യത പ്രവചിച്ച് മുന്നറിയിപ്പ്. ഏപ്രില്‍ 11 മുതല്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ഏറ്റവും അധികം ചൂട് അനുഭവപ്പെട്ട പാലക്കാട് താപനില കുറയുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.
ശ്യാമാംബരത്തിലെ കഥാപാത്രത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശനം, മോശം കമന്റുകള്‍; മറുപടിയുമായി ഹരിത
കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 15 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം.

 

തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്താന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പവുമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളില്‍ ഒഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവ്ശത വകുപ്പ് പറഞ്ഞു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത ആശയ വിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലയി നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍താര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ സ്വീകരിക്കണം. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തപം മുകരുതലുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടങ്ങളില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമിപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

 

സുല്‍ത്താന്‍ ബത്തേരിയല്ല സര്‍ എന്ന് കെ സുരേന്ദ്രന്‍; ഗണപതി വട്ടത്തിന് മുമ്പ് മറ്റൊരു പേരെന്ന് വിമര്‍ശനം

വയനാട് ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രന്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിരെയായിരുന്നു ആദ്യ പ്രതികരണം. ഇന്ത്യ സഖ്യത്തിലെ നേതാക്കളായ രാഹുല്‍ ഗാന്ധിയും ആനി രാജയും എതിരേ മല്‍സരിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ദിവസങ്ങള്‍ കഴിയുമ്പോള്‍ സുരേന്ദ്രന്‍ ഉയര്‍ത്തുന്നത് മറ്റൊരു കാര്യമാണ്. അതാകട്ടെ, കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.

വയനാട് മണ്ഡലത്തില്‍പ്പെട്ട സുല്‍ത്താന്‍ ബത്തേരി സംബന്ധിച്ചാണ് സുരേന്ദ്രന്റെ പുതിയ പ്രതികരണം. ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലത്തിന് സുല്‍ത്താന്‍ ബത്തേരി എന്ന് പേര് വന്നത്. ബ്രിട്ടീഷുകാരാണ് ഇങ്ങനെ വിളിച്ചതെന്നും പറയപ്പെടുന്നു. ഈ വേളയില്‍ സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേര് എന്താണ് എന്ന ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. സുരേന്ദ്രന്‍ പറയുന്നതല്ല ശരിയായ പേര് എന്നാണ് സാഹിത്യകാരന്‍ ഒകെ ജോണി പറയുന്നത്.

ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെടുത്തി സ്ഥലത്തിന് പേരിടുന്നതിലെ എതിര്‍പ്പാണ് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നത്. ആ സ്ഥലത്തിന്റെ പേര് സുല്‍ത്താന്‍ ബാറ്ററി അല്ല സര്‍, ഗണപതി വട്ടമാണ് എന്ന് സുരേന്ദ്രന്‍ ഇന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സുല്‍ത്താന്‍ വന്നിട്ട് എത്ര കാലമായി. അതിന് മുമ്പ് ആ സ്ഥലമുണ്ടായിരുന്നില്ലേ. ഇക്കാര്യം 1984ല്‍ പ്രമോദ് മഹാജന്‍ പറഞ്ഞതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ആ സ്ഥലം ഗണപതി വട്ടമാണ്. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും ആ സ്ഥലം സുല്‍ത്താന്‍ ബത്തേരി എന്ന് പറയുന്നതാണ് താല്‍പ്പര്യം. അക്രമിയായ വ്യക്തിയുടെ പേരില്‍ എന്തിന് ആ സ്ഥലം അറിയപ്പെടുന്നു. ഞങ്ങള്‍ അതിനെ ഗണപതി വട്ടം എന്നാണ് വിളിക്കുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു. അതേസമയം, സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു.

സ്ഥലത്തിന്റെ പേര് മാറ്റുന്നത് ലഘുവായ കാര്യമാണെന്ന് തോന്നുമെങ്കിലും ചരിത്രം മാറ്റി എഴുതുക എന്ന സംഘപരിവാര അജണ്ടയുടെ ഭാഗം തന്നെയാണിതെന്ന് സാഹിത്യകാരന്‍ ഒകെ ജോണി ഏഷ്യാനെറ്റിനോട് പറഞ്ഞു. പിറകോട്ട് പോയാല്‍ നമ്മള്‍ എവിടെ എത്തും. വാസ്തവത്തില്‍ ഭാരതം എന്നാണോ ഇന്ത്യയുടെ പേര്. ബുദ്ധന്റെയും മഹാവീരന്റെയും കാലത്ത് ഇന്ത്യ ഉള്‍പ്പെടുന്ന വിശാല ഭൂപ്രദേശത്തിന്റെ പേര് ജംബുദീപം എന്നാണ്….

ഗണപതി വട്ടം എന്നത് വളരെ ചെറിയ സ്ഥലമാണ്. 600 വര്‍ഷം മുമ്പാണ് ഈ പേര് വന്നത്. കോട്ടയം രാജാക്കന്മാര്‍ എത്തിയപ്പോള്‍ സ്ഥാപിച്ച ക്ഷേത്രത്തെ മുന്‍ നിര്‍ത്തിയുള്ള പേരാണ്. രാജഭരണ കാലത്താണ് ആ പേര് വന്നത്. സുല്‍ത്താന്‍ ബത്തേരി എന്ന പേര് 200 വര്‍ഷം മുമ്പ് വന്നതാണ്. ടിപ്പു സുല്‍ത്താന്റെ സൈനിക ക്യാംപ് പിടിച്ചെടുത്ത ബ്രിട്ടീഷുകാര്‍ അടയാളമെന്നോണം ഇട്ട പേരാണ് സുല്‍ത്താന്‍ ബാറ്ററി എന്നത്….

ഈ ഗണപതി വട്ടം എന്ന് പറയുന്ന സ്ഥലത്തിന്റെ പേര് മറ്റൊന്നായിരുന്നു. 12 തെരുവുകളെ സൂചിപ്പിക്കുന്ന കന്നഡ പേരായിരുന്നു അത് എന്നും ഒകെ ജോണി വിശദീകരിച്ചു. സുല്‍ത്താന്‍ ബത്തേരി ചരിത്രവുമായി ചേര്‍ന്ന് നില്‍ക്കുന്ന പേരാണെന്നും അത് മാറ്റാന്‍ പാടില്ലെന്നും കവി കല്‍പ്പറ്റ നാരായണന്‍ പ്രതികരിച്ചു. അതിന്റെ പേര് മാറ്റാന്‍ ആര്‍ക്കും അര്‍ഹതയില്ല. ജനങ്ങള്‍ അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. അപഹാസ്യമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎം നേതാവ് സികെ ശശീന്ദ്രന്‍ പറഞ്ഞു. തീരെ ജയസാധ്യതയില്ലാത്ത സുരേന്ദ്രന് എന്തും പറയാണെന്നും ചട്ടവിരുദ്ധമായ കാര്യങ്ങളാണെങ്കിലും സുരേന്ദ്രനാണ് പറഞ്ഞത് എന്നതുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് പ്രതികരിച്ചു.

 

കാട്ടിലേക്ക് കയറാതെ കാട്ടാനകള്‍; ആറളംഫാമില്‍ വീണ്ടും വനംവകുപ്പ് തുരത്തല്‍ തുടങ്ങി

കാട്ടാനശല്യം രൂക്ഷമായി തുടരവേ ആറളം ഫാമില്‍ നിന്നും കാട്ടാനകളെ കാട്ടിലേക്ക് തുരത്തല്‍ ദൗത്യമായ ഓപറേഷന്‍ എലിഫന്റ് പദ്ധതി വീണ്ടും പുനരാരംഭിച്ചു. കഴിഞ്ഞമാസം പലഘട്ടങ്ങളിലായി നിരവധി ആനകളെ കാടുകയറ്റാന്‍ കഴിഞ്ഞെങ്കിലും നിരവധി ആനകള്‍ ഫാമിന്റെ കൃഷിയിടങ്ങളിലും പുരധിവാസ മേഖലയിലുമായി ഇപ്പോഴുംതമ്പടിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും കാട്ടിലേക്ക് തുരത്തല്‍ പ്രക്രിയ വനംവകുപ്പ് പുനരാരംഭിച്ചത്.

ആറളം ഫാം സ്‌കൂള്‍ കുട്ടികളുടെ സുരക്ഷയും എസ് എസ് എല്‍ സി പരീക്ഷയും കണക്കിലെടുത്ത് താല്ക്കാലികമായി അന്ന് തുരത്തല്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഫാമിന്റെ കാര്‍ഷിക മേഖലകളില്‍ നിന്നും നിരവധി ആനകളെ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിന്നും തുരത്തുകയും ഇവയെ ആളൊഴിഞ്ഞ പറമ്പുകളില്‍ കയറ്റി നിരീക്ഷണത്തില്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇത്തരം ആനകളെയാണ് വീണ്ടുംകാടുകയറ്റാനുള്ള ശ്രമം നടത്തിയത്.

ആദ്യദിവാസം തന്നെ കുട്ടിയാനകളടക്കം പത്തോളം ആനളെ വന്യജീവിസങ്കേതത്തിലേക്കു കയറ്റിവിടാന്‍ കഴിഞ്ഞെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. ഏകദേശം പതിനെട്ടോളം എണ്ണത്തെ ഇവിടെ കണ്ടെത്താനായിട്ടുണ്ടെന്നും ഇവയെക്കൂടി അടുത്ത ദിവസങ്ങളില്‍ വനം കയറ്റുമെന്നുമാണ് ഇവര്‍ പറഞ്ഞത്. ഫാമിന്റെ വനാതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ ആനമതില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മതില്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശത്തെ പഴയ മതില്‍ പൊളിച്ചു നീക്കിയിരിക്കുന്നതിനാല്‍ തുരത്തി വിട്ട ആനകള്‍ ഇത്തരം ഭാഗങ്ങളിലൂടെ വീണ്ടും ഫാമിലേക്കു പ്രവേശിക്കുന്ന അവസ്ഥയുമുണ്ട്.

ആനകള്‍ തിരികേ പ്രവേശിക്കാതിരിക്കാനുള്ള പരിശോധനയും നിരീക്ഷണവും മേഖലയില്‍ ശക്തമാക്കിയിട്ടുമുണ്ട്. കൊട്ടിയൂര്‍ റെയിഞ്ചര്‍ സുധീര്‍ നേരോത്തിന്റെ നേതൃത്വത്തില്‍ കീഴ്പ്പളളി, മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന് കീഴിലെ വനപാലകള്‍, വാച്ചര്‍മാര്‍ എന്നിവരും വനം വകുപ്പ് ആര്‍ ആര്‍ ടി ഉള്‍പ്പെടെയുള്ള സംഘമാണ് ആനകളെ തുരത്തല്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. പുനരധിവാസ മേഖല ബ്ലോക്ക് പത്തിലെ കോട്ടപ്പാറ വഴിയാണ് തുരത്തിയത്. തുരത്തലിന് മുന്നോടിയായി പുരധിവാസ മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീൽഡിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കോവിഡ് 19 വന്നപ്പോള്‍ വാക്‌സിനെടുക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. കുറഞ്ഞത് ഒരു വാക്‌സിനെങ്കിലും എടുത്തവരുണ്ട്....

മെയ് ദിനം ചരിത്രവും പ്രാധാന്യവും അറിയാം

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ലോകമെങ്ങും മെയ് ദിനം ആചരിക്കുന്നത്....

ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരില്‍ വര്‍ഗീയത വിതയ്ക്കാന്‍ അനുവദിക്കില്ല, രക്ഷകരായി ആരും വരേണ്ട- മാര്‍ പാംപ്ലാനി

ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍...

‘വന്നത് എംപിയാകാൻ,5 വകുപ്പുമന്ത്രിമാരെ ചൊൽപ്പടിക്ക് വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടു’: സുരേഷ് ഗോപി

ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തൃശൂരിൽ ജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് നടനും എൻ...