തിരുപ്പതി ക്ഷേത്ര പരിസരത്ത് നയന്‍താര ചെരുപ്പ് ധരിച്ച് പ്രവേശിച്ചത് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ജനക്കൂട്ടം…പ്രതിഷേധം കടുത്തതോടെ ഭക്തരോട് ക്ഷമ ചോദിച്ച് വിഘ്‌നേഷ് ശിവനും രംഗത്ത്…

തിരുപ്പതി ക്ഷേത്ര പരിസരത്ത് നയന്‍താര ചെരുപ്പ് ധരിച്ച് പ്രവേശിച്ചത് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ജനക്കൂട്ടം. ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പം തിരുപ്പതി ക്ഷേത്രത്തിലെത്തിയ നയന്‍താര ചെരുപ്പ് ധരിച്ച് ക്ഷേത്ര പരിസരത്തുള്ള റോഡില്‍ വെച്ച് ഫോട്ടോയെടുത്തതിന് പിന്നാലെയാണ് ക്ഷേത്രത്തിലെത്തിയവര്‍ പ്രതിഷേധിച്ചത്.

വെള്ളിയാഴ്ചയായിരുന്നു ഇരുവരും തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചത്. ചെരുപ്പ് ധരിക്കാതെയായിരുന്നു വിഘ്‌നേഷ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. താരദമ്പദികളെ കണ്ടതോടെ ഫോട്ടോയെടുക്കാന്‍ ആരാധകരും തിങ്ങിക്കൂടി. ഫോട്ടോ എടുത്തവരുടെ കൂട്ടത്തിലും ചെരുപ്പണിഞ്ഞവരുണ്ടായിരുന്നു. ഇതിനിടയില്‍ നയന്‍താരയുടെ കാലില്‍ ചെരുപ്പ് കണ്ട് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി വരുകയായിരുന്നു.

പിന്നാലെ ചെരുപ്പിടാന്‍ അനുവാദമുള്ള വഴിയിലൂടെയാണ് നയന്‍താരയും വിഘ്‌നേഷും വന്നതെന്ന വിശദീകരണവുമായി അധികൃതരും എത്തി. എന്നാല്‍ സംഭവം വിവാദമായതോടെ ക്ഷേത്രത്തിന്റെ അധികാരമുള്ള ട്രസ്റ്റ് നയന്‍താരക്ക് വിശദീകരണം ആവശ്യപ്പെട്ടുള്ള ലീഗല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.പ്രതിഷേധം കടുത്തതോടെ ഭക്തരോട് ക്ഷമ ചോദിച്ച് വിഘ്‌നേഷ് ശിവനും രംഗത്തെത്തി. ആള്‍ക്കൂട്ടം കാരണം ചെരുപ്പിട്ട് തന്നെ ക്ഷേത്രപരിസരത്തേക്ക് കയറാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും തിരക്ക് മൂലം കാലില്‍ ചെരുപ്പുള്ള കാര്യം ഓര്‍മ വന്നില്ലെന്നും വിഘ്‌നേഷ് പറഞ്ഞു. തങ്ങളും ഭക്തിയുള്ളവരാണെന്നും എന്നാല്‍ തങ്ങളുടെ പ്രവൃത്തി കൊണ്ട് ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്നും വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു..

കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേയും വിവാഹം മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നടന്നത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന വിവാഹത്തില്‍ തെന്നിന്ത്യയിലേയും ബോളിവുഡിലേയും താരങ്ങളും പങ്കെടുത്തിരുന്നു.

Leave a Comment