എറണാകുളം: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട റിയാസ് അബുബക്കറിന് 10 വര്‍ഷം കഠിനതടവ്. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം കഠിന തടവുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി1,25,000 പിഴയും വിധിച്ചിട്ടുണ്ട്. നാലു വര്‍ഷം പ്രതി ജയിലില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ ഇളവു ചെയ്യും.പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് ഐഎസിന്റെ കേരള ഘടകം ഉണ്ടാക്കി ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതി ഇട്ടെന്നായിരുന്നു കേസ്.
പ്രതി സമൂഹത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.ഭീകര സംഘടനയായ ഐഎസിന് വേണ്ടി കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ 2018 ലാണ് റിയാസ് അബൂബക്കര്‍ എന്‍ഐഎയുടെ പിടിയിലായത്. ഇയാള്‍ക്കെതിരെ ചുമത്തിയ യു എ പി എ വകുപ്പുകളും ഗൂഡാലോചനാക്കുറ്റവുമാണ് കോടതിയില്‍ തെളിഞ്ഞിട്ടുള്ളത്. ഇയാള്‍ക്കൊപ്പം പിടിയിലായ രണ്ട് പേരെ കേസില്‍ എന്‍ഐഎ മാപ്പ് സാക്ഷി ആക്കിയിരുന്നു.
ഉത്തരാഖണ്ഡ് വ്യാപക അക്രമണം: 4 പേര്‍ കൊല്ലപ്പെട്ടു, 250 പേര്‍ക്ക് പരിക്ക്
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ അരങ്ങേറിയ വ്യാപക അക്രമ സംഭവങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കേറ്റു. അനധികൃതമായി നിര്‍മിച്ചതെന്ന് അധികൃതര്‍ കണ്ടെത്തിയ മദ്രസയും സമീപത്തെ മോസ്‌കും കോടതിവിധിയെത്തുടര്‍ന്ന് അധികൃതര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയതോടെണ് സംഘര്‍ഷമുണ്ടായത്.
വ്യാഴാഴ്ചതന്നെ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും കലാപാരികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
മദ്രസയും മോസ്‌കും പൊളിച്ചുനീക്കാന്‍ ഉദ്യോഗസ്ഥരും പോലീസും എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. രണ്ട് കെട്ടിടങ്ങളും അനധികൃതമാണെന്ന് നേരത്തെ അധികൃതര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നീക്കം പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 50 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഉദ്യോഗസ്ഥര്‍ക്കും മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമടക്കം പരിക്കേറ്റിട്ടുണ്ട്. പോലീസിനുനേരെ ജനക്കൂട്ടം കല്ലെറിഞ്ഞതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളടക്കം അക്രമികള്‍ അഗ്‌നിക്കിരയാക്കി.
കനത്ത പോലീസ് സുരക്ഷയോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങിയത്. സര്‍ക്കാര്‍ ഭൂമി കൈയേറി മദ്രസയും മോസ്‌കും നിര്‍മിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കെട്ടിടങ്ങള്‍ പൊളിക്കാന്‍ എത്തിയതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രഹ്ളാദ് മീണ മാധ്യമങ്ങളോട് പറഞ്ഞു. അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയതോടെ സ്ത്രീകളടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങി. പോലീസിനുനേരെ ജനക്കൂട്ടം കല്ലേറ് തുടങ്ങിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. 20-ലധികം മോട്ടോര്‍സൈക്കിളുകളും ഒരു ബസും അഗ്‌നിക്കിരയാക്കി.
അതിനിടെ, സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ജനങ്ങളോട് അഭ്യര്‍ഥിച്ചു. ‘സാമൂഹ്യ വിരുദ്ധ ശക്തികളാണ് പോലീസുമായി ഏറ്റുമുട്ടിയത്. ക്രമസമാധാന നില വഷളാകാന്‍ ഇടയാക്കിയത് അതാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ കൂടുതല്‍ പോലീസിനെയും കേന്ദ്ര സേനയേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്- – മുഖ്യമന്ത്രി വ്യക്തമാക്കി.
കെട്ടിടങ്ങള്‍ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജി ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. വിഷയത്തില്‍ ഫെബ്രുവരി 14-ന് കോടതി വീണ്ടും വാദം കേള്‍ക്കുന്നുണ്ട്.
നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം.എസ് സ്വാമിനാഥനും ഭാരതരത്ന
പ്രധാനമന്ത്രിമാരായിരുന്ന പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സി’ലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേര്‍ക്കും മരണാനന്തര ബഹുമതിയായാണ് വിശിഷ്ടപദവി സമ്മാനിച്ചത്. ഇതോടെ ഇക്കുറി ആകെ അഞ്ചു പേര്‍ക്ക് ഭാരതരത്ന പ്രഖ്യാപിച്ചു.
‘നമ്മുടെ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരതരത്‌ന നല്‍കി ആദരിക്കുമെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന നരസിംഹ റാവു ഇന്ത്യയെ വിവിധ തലങ്ങളില്‍ സേവിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാര്‍ലമെന്റ്, നിയമസഭാംഗം എന്നീ നിലകളില്‍ വര്‍ഷങ്ങളോളം ചെയ്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹം സ്മരിക്കപ്പെടുന്നു.
അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ സാമ്പത്തികമായി മുന്നേറുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു, രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും ശക്തമായ അടിത്തറ പാകി. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവ് ഇന്ത്യയെ ആഗോളവിപണിയിലേക്ക് തുറന്നുകൊടുത്ത സുപ്രധാന നടപടികളാല്‍ അടയാളപ്പെടുത്തി. സാമ്പത്തിക വികസനത്തിന്റെ പുതിയൊരു യുഗം അദ്ദേഹം വളര്‍ത്തിയെടുത്തു.’ നരസിംഹ റാവുവിനെ കുറിച്ച് പ്രധാനമന്ത്രി ‘എക്സി’ല്‍ കുറിച്ചു.
കൃഷിയിലും കര്‍ഷകക്ഷേമത്തിലും രാഷ്ട്രത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ മാനിച്ച്, ഡോ. എം.എസ്. സ്വാമിനാഥന് ഭാരതരത്‌ന നല്‍കി ആദരിക്കുന്നത് അത്യന്തം സന്തോഷകരമായ കാര്യമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
‘വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇന്ത്യയെ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ഇന്ത്യന്‍ കാര്‍ഷിക മേഖലയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കിടയില്‍ പഠനത്തിനും ഗവേഷണത്തിനും പ്രോത്സാഹനവും ഉപദേഷ്ടാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അമൂല്യമായ പ്രവര്‍ത്തനത്തെ ഞങ്ങള്‍ തിരിച്ചറിയുന്നു.
ഡോ. സ്വാമിനാഥന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യന്‍ കാര്‍ഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തു. എനിക്ക് അടുത്തറിയാവുന്ന ഒരാളായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍ക്ക് ഞാന്‍ എപ്പോഴും വില കല്പിച്ചിരുന്നു.’ പ്രധാനമന്ത്രി വ്യക്തമാക്കി.
നിര്‍മ്മല സീതാരാമന്റെ അവകാശവാദം തെറ്റ്, നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല അവകശമെന്നും സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിന് കിട്ടിയ കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അവകാശവാദം തെറ്റെന്ന് സംസ്ഥാന സര്‍ക്കാര്‍. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല അവകാശമാണെന്നും നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
നികുതി വിഹിത ശതമാനം കണക്കാക്കിയതില്‍ കേന്ദ്രം കേരളത്തോട് നീതികേട് കാണിച്ചുവെന്ന് കേരള സര്‍ക്കാര്‍ കുറ്റപ്പെടുത്തി. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ഗ്രാന്റ് കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയതാണ്. ജിഎസ്ടി നഷ്ടപരിഹാര തുകയും കേന്ദ്ര ധനമന്ത്രി ഗ്രാന്റില്‍ ഉള്‍പ്പെടുത്തി. ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചു.
യുപിഎ കാലത്തെക്കാള്‍ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിന് മോദി സര്‍ക്കാര്‍ നല്കിയെന്നായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ അവകാശവാദമുന്നയിച്ചത്. കേരളത്തിന് കഴിഞ്ഞ പത്ത് വര്‍ഷം കേന്ദ്രം നല്‍കിയ നികുതി വിഹിതത്തിന്റെയും ധനസഹായത്തിന്റെയും കണക്കെന്ന പേരിലാണ് പാര്‍ലമെന്റില്‍ ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘യുപിഎയുടെ പത്ത് കൊല്ലത്തില്‍ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോള്‍ 2014-2023 കാലത്ത് 1,50,140 കോടി വിഹിതം നല്‍കിയെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായിരുന്നുവെങ്കില്‍ എന്‍ഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വര്‍ധിച്ചെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ കണക്കുകളില്‍ കൃത്യമമുണ്ടെന്നാണ് കേരളം കുറ്റപ്പെടുത്തുന്നത്.
അബിഗേല്‍ കേസ്: ആയിരം പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു
ഓയൂര്‍ മരുതമണ്‍പള്ളി കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (കോടതി രണ്ട്) എസ്.സൂരജ് മുമ്പാകെയാണ് വ്യാഴാഴ്ച ഡിവൈ.എസ്.പി. എം.എം.ജോസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍ (51) ഒന്നാം പ്രതിയും ഭാര്യ അനിത(39)യും മകള്‍ അനുപമ(21)യും രണ്ടും മൂന്നും പ്രതികളുമാണ്. കടബാധ്യത തീര്‍ക്കാന്‍വേണ്ടി മൂന്നുപേരും ചേര്‍ന്ന് ആസൂത്രണം ചെയ്തു നടപ്പാക്കിയ കുറ്റം എന്നാണ് ആരോപിച്ചിരിക്കുന്നത്. ജീവപര്യന്തംമുതല്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മരണഭയം ഉളവാക്കി മോചനദ്രവ്യം തട്ടാന്‍ ശ്രമിച്ചെന്നതും മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമവും പ്രധാന കുറ്റങ്ങളാണ്. കുട്ടിയുടെയും സഹോദരന്റെയും മൊഴി, സി.സി.ടി.വി. ദൃശ്യങ്ങള്‍, ഫോണ്‍വിളിയുടെ ശബ്ദരേഖ, കൈയക്ഷര പരിശോധനാ ഫലം തുടങ്ങിയവയാണ് കേസിലെ പ്രധാന തെളിവുകള്‍.
ശബ്ദസാമ്പിള്‍ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പ്രതികളുടെ കുറ്റം തെളിയിക്കാന്‍ പര്യാപ്തമാണെന്ന് ഡിവൈ.എസ്.പി. എം.എം.ജോസ് പറഞ്ഞു. കൈയക്ഷര പരിശോധനാ ഫലം ലാബില്‍നിന്ന് നേരിട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഏഴുപതുദിവസമായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ഇതുവരെ ജാമ്യഹര്‍ജി നല്‍കിയിട്ടില്ല.
കഴിഞ്ഞ നവംബര്‍ 27-ന് വൈകീട്ടാണ് ട്യൂഷനു പോകുകയായിരുന്ന ആറുവയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനെ തട്ടിമാറ്റിയിട്ടാണ് കൊണ്ടുപോയത്. പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും പോലീസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ അടുത്തദിവസം കൊല്ലം ആശ്രാമത്ത് കുട്ടിയെ ഉപേക്ഷിക്കുകയുമായിരുന്നു. ഡിസംബര്‍ ഒന്നിന് തമിഴ്‌നാട്ടിലെ പുളിയറയില്‍നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.
കടമുള്ളത് 5 കോടി…
പദ്മകുമാറിനും കുടുംബത്തിനും അഞ്ചുകോടിയോളം രൂപയുടെ കടമുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വീട്, ഫാം എന്നിവ നിര്‍മിച്ചവകയിലാണ് കടമുണ്ടായത്. ബാങ്ക് വായ്പകള്‍, വ്യക്തികളില്‍നിന്നുള്ള വായ്പകള്‍ എന്നിവ കൂടാതെ ഓണ്‍ലൈന്‍ വായ്പകളും എടുത്തിരുന്നു. ഒരേപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മൂന്നുപേരും ബുദ്ധിപരമായ നീക്കമെന്ന നിലയിലാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. വിജയിച്ചാല്‍ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാനായിരുന്നു നീക്കം. അനുപമയുടെ നോട്ട്ബുക്കില്‍നിന്നാണ് തെളിവുകള്‍ ലഭിച്ചത്.
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം
കൊട്ടാരക്കര: രണ്ടുദിവസം കേരളത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കേസ് മുമ്പുണ്ടായിട്ടില്ല. ആറുവയസ്സുകാരിയെ ഓയൂര്‍ കാറ്റാടിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ നവംബര്‍ 27-ന് വൈകീട്ട് നാലുമുതല്‍ അടുത്തദിവസം ഉച്ചയ്ക്ക് ആശ്രാമം മൈതാനിയില്‍ ബഞ്ചിലിരിക്കുന്ന കുട്ടിയെ കണ്ടെത്തുംവരെ പ്രാര്‍ഥനകളോടെ കേരളമൊന്നാകെ കാത്തിരുന്നു. രാത്രിയില്‍ തിരച്ചിലിനു പോലീസിനൊപ്പം നാട്ടുകാരും കൂടി.
കാറ്റാടിമുതല്‍ ചാത്തന്നൂര്‍വരെയും കൊല്ലം പട്ടണത്തിലും കുട്ടിയുമായി കാറില്‍ കറങ്ങിയ സംഘത്തെ കണ്ടെത്താന്‍ കഴിയാത്തതിനു പോലീസ് കേട്ടപഴി ചെറുതായിരുന്നില്ല. കുട്ടിയെ നഷ്ടപ്പെട്ട ആശങ്കയില്‍ കഴിയുന്ന വീട്ടിലേക്ക് പത്തുലക്ഷം രൂപ ആവശ്യപ്പെട്ടുള്ള ഫോണ്‍വിളിയെത്തിയത് കേരളം തത്സമയം കണ്ടു. നാടകീയ നിമിഷങ്ങളാണ് തുടര്‍ന്നും ഉണ്ടായത്. തലങ്ങും വിലങ്ങും പോലീസ് വാഹനങ്ങള്‍ പായുമ്പോഴായിരുന്നു കൊല്ലത്ത് ആശ്രാമം മൈതാനിയില്‍ ഓട്ടോറിക്ഷയിലെത്തി കുട്ടിയെ ബഞ്ചിലിരുത്തി കുറ്റവാളികള്‍ നടന്നു മറഞ്ഞത്. കുട്ടിയെ കണ്ടെത്തിയെന്ന വാര്‍ത്തയെത്തിയതോടെയാണ് കേരളം ആശ്വാസംകൊണ്ടത്. ഫോണ്‍വിളിയിലൂടെ ശബ്ദം തിരിച്ചറിഞ്ഞും കുട്ടി നല്‍കിയ സൂചനകളിലൂടെ തയ്യാറാക്കിയ രേഖാചിത്രത്തിലൂടെയും പ്രതികളിലേക്കെത്തിയ പോലീസ് വേഗത്തില്‍ വലമുറുക്കി. അതുവരെ സംശയത്തിന്റെ നിഴലില്‍നിന്ന കുട്ടിയുടെ രക്ഷിതാക്കള്‍ക്കും ശ്വാസംകിട്ടി. തമിഴ്‌നാട്ടിലേക്കു കടന്ന പ്രതികളെ സിറ്റി സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുമ്പോഴാണ് അച്ഛനും അമ്മയും മകളുമടങ്ങിയ കുടുംബമാണ് കുറ്റവാളികളെന്നു തിരിച്ചറിഞ്ഞത്. പഴയകാല സിനിമാമാതൃകയില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കിട്ടുന്ന പണംകൊണ്ട് കടം തീര്‍ക്കാമെന്ന വ്യാമോഹമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് കുറ്റപത്രം വെളിപ്പെടുത്തുന്നു.
‘ഹൃദ്യമായ സംഭാഷണം നടത്തി’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. ഹൃദ്യമായ സംഭാഷണം നടന്നെന്ന് ബിഷപ്പ് റാഫേല്‍ തട്ടില്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചയായില്ല. സൗഹൃദപരമായ കൂടിക്കാഴ്ചയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ വിഭാഗത്തിന്റെ ഏത് വിഷയത്തിലും കേന്ദ്രസര്‍ക്കാര്‍ പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിഷപ്പ് റാഫേല്‍ തട്ടില്‍ പറഞ്ഞു. മണിപ്പൂര്‍ വിഷയമോ ലോക്സഭാ തെരഞ്ഞെടുപ്പോ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ല. ബിഷപ്പ് റാഫേല്‍ തട്ടിലിനൊപ്പം ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയും ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി ചുമതലയേറ്റതിന് ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ജനുവരി 11നാണ് മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റത്. മേജര്‍ ആര്‍ച്ച് ബിഷപ് ആയിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.