ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്‌സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെയും ഭരണ സംവിധാനങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും പണക്കൊഴുപ്പിന്റയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങള്‍ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വര്‍ഗീയതയും വിഭാഗീയതയും ഉയര്‍ത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യന്‍ ജനത തകര്‍ത്തത്.
കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കും. എവിടെയാണ് പോരായ്മ സംഭവിച്ചതെന്തെന്ന് കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും.
തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടില്‍ ബിജെപി ആദ്യമായി ലോക്‌സഭ മണ്ഡലം വിജയിച്ചത് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്ടതാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചും മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു പോകും.
ജനങ്ങളെ ചേര്‍ത്തു നിര്‍ത്തി നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി അടിയുറച്ച നിലപാടുകളുമായി മുന്നേറുന്നതിനുള്ള സമഗ്രവും സൂക്ഷ്മതലത്തിലുള്ളതുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടില്‍ ബിജെപിക്കെതിരെ വോട്ടുചെയ്ത രാജ്യത്താകെയുള്ള സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി; കാവല്‍ മന്ത്രിസഭ തുടരാന്‍ രാഷ്ട്രപതി നിര്‍ദ്ദേശം
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവല്‍ മന്ത്രിസഭ തുടരാന്‍ രാഷ്ട്രപതി നിര്‍ദ്ദേശം നല്‍കി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. ഇന്ന് രാവിലെ തന്റെ വസതിയില്‍ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിക്കത്ത് നല്‍കാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്. ഇന്ന് വൈകിട്ട് നാല് മണിക്ക് എന്‍ഡിഎ മുന്നണി യോഗം ചേര്‍ന്ന ശേഷം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തും. ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടിയും ബിഹാറിലെ ജെഡിയുവും എന്‍ഡിഎക്കൊപ്പമുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തില്‍ ഇരുപാര്‍ട്ടികളെയും പ്രതിനിധീകരിച്ച് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കും.
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ ഡി എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് തുടക്കം.തുടങ്ങിയതായി റിപ്പോര്‍ട്ട്. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350-ാം വാര്‍ഷികം വരുന്ന എട്ടിനായിരിക്കും ചടങ്ങുകള്‍ എന്നാണ് സൂചന. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം മൂന്നാം തവണയും തുടര്‍ച്ചയായി അധികാരത്തിലേറുന്ന പ്രധാനമന്ത്രിയാണ് മോദി.
ഹാട്രിക് വിജയം ആഘോഷമാക്കുമ്പോഴും തനിച്ച് ഭൂരിപക്ഷമില്ലെന്നത് ബി ജെ പി കേന്ദ്രങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 2019 ല്‍ 303 സീറ്റുകള്‍ നേടിയായിരുന്നു മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിച്ചത്. 2014 ല്‍ തനിച്ച് 282 സീറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ആകെ ലഭിച്ചത് വെറും 240 സീറ്റുകളാണ്. ഇതോടെ ഭരിക്കണമെങ്കില്‍ സഖ്യകക്ഷികളുടെ പിന്തുണ ബി ജെ പിക്ക് ആവശ്യമായി വന്നിരിക്കുകയാണ്. എന്‍ ഡി എയില്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്താക്കിയ തെലുങ്ക് ദേശം പാര്‍ട്ടിയുടേയും നിതീഷ് കുമാറിന്റെ ജെ ഡി യുവിന്റേയും നിലപാട് ഈ ഘട്ടത്തില്‍ നിര്‍ണായകമാകും. ഇരുപാര്‍ട്ടികളും ചേര്‍ന്ന് 28 സീറ്റാണ് ഉള്ളത്. ഫലം വന്നതിന് പിന്നാലെ തന്നെ ഇരുവരുടേയും പിന്തുണ തേടി അമിത് ഷാ ബന്ധപ്പെട്ടിരുന്നു.
അതേസമയം സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ ഇന്ത്യ സഖ്യവും തേടുന്നുണ്ട്. പ്രതിപക്ഷ സഖ്യവും ഇരുപാര്‍ട്ടികളേയും ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാവായ ശരദ് പവാര്‍ ഇരുവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ടി ഡി പിയേയും ജെ ഡി യുവിനേയും കൂടെ നിര്‍ത്താനുള്ള തീവ്രശ്രമങ്ങളാണ് എന്‍ ഡി എ നടത്തുന്നത്.
എന്‍ ഡി എയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നാണ് ടി ഡി പി നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ സ്പീക്കര്‍ പദവി അടക്കം നല്‍കണെന്ന ആവശ്യത്തിലാണ് പാര്‍ട്ടി. ബുധനാഴ്ച വൈകീട്ട് ചേരുന്ന എന്‍ ഡി എ യോഗത്തില്‍ ചന്ദ്രബാബു നായിഡു ഈ ആവശ്യം മുന്നോട്ട് വെച്ചേക്കുമെന്നാണ് വിവരം. അതേസമയം ബി ജെ പി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ജെ ഡി യു നിലപാടെടുത്തിട്ടില്ല. ബുധനാഴ്ച വൈകീട്ട് ചേരുന്ന എന്‍ ഡി എ യോഗത്തില്‍ നിതീഷ് കുമാറും നായിഡുവും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അധികാരം നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി വിട്ടുവീഴ്ചകള്‍ക്ക് എന്‍ ഡി എ തയ്യാറായേക്കും.
അതേസമയം, എന്‍.ഡി.എ. സര്‍ക്കാര്‍ രൂപവത്കരണത്തിന് ഓരോ പാര്‍ട്ടികളേയും ഒപ്പംനിര്‍ത്തേണ്ടത് നിര്‍ണായകമാണെന്നിരിക്കെ, ബിജെപിയുമായി വിലപേശല്‍ ആരംഭിച്ച് സഖ്യകക്ഷികള്‍. ബുധനാഴ്ച നടക്കാനിരിക്കുന്ന എന്‍.ഡി.എ. യോഗത്തില്‍ ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് കക്ഷികളുടെ നീക്കം.
സ്പീക്കര്‍ സ്ഥാനത്തിന് പുറമേ മൂന്ന് ക്യാബിനറ്റ് സ്ഥാനവും ഒരുസഹമന്ത്രിസ്ഥാനവും ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കൃഷി, ജല്‍ശക്തി, ഐ.ടി. വകുപ്പുകളില്‍ കേന്ദ്രമന്ത്രിസ്ഥാനത്തിന് പുറമേ ധനകാര്യ സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടേക്കും. അതേസമയം, അഞ്ചുമുതല്‍ ആറുവരെ വകുപ്പുകളും ടി.ഡി.പി. ആവശ്യപ്പെടുന്നുണ്ടെന്ന് സൂചനയുണ്ട്.
എന്‍.ഡി.എ. യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിജയവാഡയില്‍നിന്ന് തിരിക്കുംമുമ്പ് നായിഡു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളും ഈ ദിശയിലാണ് സൂചനകള്‍ നല്കുന്നത്. രാഷ്ട്രീയത്തില്‍ താന്‍ വളരെ പരിചയസമ്പന്നനാണെന്നും രാജ്യത്ത് പല രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തങ്ങള്‍ എന്‍.ഡി.എയ്ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏക്നാഥ് ഷിന്ദേയുടെ ശിവസേനയും എല്‍.ജെ.പി. അധ്യക്ഷന്‍ ചിരാഗ് പസ്വാനും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും കുമാരസ്വാമിയുടെ ജെ.ഡി.എസും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ജൂണ്‍ എട്ട് ശനിയാഴ് പുതിയ നരേന്ദ്രമോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്ന് സ്ഥാനമേറ്റെടുത്തേക്കും. ലോക്സഭ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി.
യുപിയില്‍ 80 സീറ്റില്‍ മത്സരിച്ചിട്ട് 80ലും തോറ്റ് ബിഎസ്പി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയ്ക്ക് മുസ്ലീം സമുദായത്തില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയ്ക്ക് കടുത്ത അതൃപ്തി. തെരഞ്ഞെടുപ്പില്‍ മുസ്ലീം വിഭാഗത്തിലുള്ളവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയിട്ടും ബിഎസ്പിയെ വേണ്ടവിധത്തില്‍ മനസിലാക്കാന്‍ മുസ്ലീം സമുദായത്തിന് സാധിച്ചില്ലെന്നാണ് മായാവതിയുടെ വിമര്‍ശനം. രാജ്യത്തുടനീളം 424 സീറ്റുകളിലും ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളിലും മത്സരിച്ച ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാനായില്ല. 35 മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. കടുത്ത പരാജയത്തിന് പിന്നാലെയായിരുന്നു മായാവതിയുടെ പ്രതികരണം.
കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലായി കടുത്ത പരാജയമാണ് മായാവതിയുടെ പാര്‍ട്ടി നേരിടുന്നത്. എങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് പത്ത് സീറ്റുകളുണ്ടായിരുന്നു. ഇപ്പോഴത് പൂജ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി കൂടി കണക്കിലെടുത്ത് വളരെ ആലോചിച്ച് മാത്രമേ ഇനി വരും നാളുകളില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി നല്‍കുന്ന അവസരങ്ങളെക്കുറിച്ച് തീരുമാനമെടുക്കൂ എന്നും മായാവതി ഇന്ന് പറഞ്ഞു.
ഭൂരിപക്ഷം ദളിതരും, പ്രത്യേകിച്ച് യാദവ് സമുദായം ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ലോക്സഭാ ഫലങ്ങളെ പാര്‍ട്ടി എല്ലാ തലത്തിലും വിശകലനം ചെയ്യുമെന്നും ബഹുജന്‍ പ്രസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി നടപടികള്‍ സ്വീകരിക്കുമെന്നും മായാവതി പറഞ്ഞു.
നിതിഷും നായിഡുവും പഴയ കാര്യങ്ങള്‍ മറക്കരുത്: ഉദ്ദവ് പക്ഷം
സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ തേടുകയാണ് എന്‍ഡിഎ. ഈ സമയത്ത് പലരുടെയും വാക്കുകള്‍ ശ്രദ്ധേയമാണ്. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെയും ജെഡിയുവിന്റെ നിതീഷ് കുമാറിനെയും പഴയ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുവാണ് ശിവ സേന ഉദ്ദവ് താക്കറെ പക്ഷം. ബിജെപി എങ്ങനെയാണ് നിങ്ങളോട് പെരുമാറിയതെന്ന് ഓര്‍ക്കണമെന്നാണ് ഓര്‍മ്മപ്പെടുത്തിയത്.
ഒരു ‘സ്വേച്ഛാധിപതി’യോട് കൈകോര്‍ക്കണോയെന്ന് ഒരു നിമിഷം ചിന്തിക്കണമെന്നും ഉദ്ദവ് താക്കറെ പക്ഷം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ അടുത്ത എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിന് ഈ രണ്ട് നേതാക്കളുടെ പിന്തുണ പ്രധാനമാണ്.”ബിജെപി തന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് ചന്ദ്രബാബു നായിഡു ഓര്‍ക്കണം. നിതീഷ് കുമാറും പഴയ കാര്യങ്ങള്‍ മറക്കരുത്. അമരാവതി തലസ്ഥാനമായി വികസിപ്പിക്കാന്‍ ആഗ്രഹിച്ച ചന്ദ്രബാബു നായിഡുവിന് ബിജെപി ഒരു പൈസ പോലും നല്‍കിയില്ല. ഞങ്ങള്‍ പ്രതീക്ഷയിലാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാവരും ശ്രമിക്കണം. എന്താണ് തെറ്റ്? അവര്‍ ബിജെപി ഒറ്റയ്ക്ക് 400 സീറ്റ് നേടുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അവര്‍ പറയുന്നത് എന്‍ഡിഎയെക്കുറിച്ചാണ്. അവരുടെ ഭാഷ മാറി. ആവശ്യമെങ്കില്‍ ഉദ്ദവ് താക്കറെയും ദില്ലിയില്‍ എത്തും” – ശിവ സേന ഉദ്ദവ് താക്കറെ പക്ഷംനേതാവ് അരവിന്ദ് സാവന്ത് പറഞ്ഞു.
അതേസമയം, ഉദ്ദവ് താക്കറെ ഇന്ത്യ സഖ്യ യോഗത്തിനെത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ശിവസേന നേതാവ് സുഷമ ആന്ധരെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനിടെ ജെഡിയു നേതാവ് നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തില്‍ ദില്ലിയിലേക്ക് എത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.
ഒരാള്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാനാണെങ്കില്‍ മറ്റേയാള്‍ ഇന്ത്യാ സഖ്യ യോഗത്തില്‍ പങ്കെടുക്കാനാണ് ദില്ലിയിലേക്ക് തിരിച്ചത്. എന്നാല്‍ നിതീഷിനെ മറുകണ്ടം ചാടിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ രണ്ട് ചേരികളിലായി വീറോടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയവരുടെ ഒരുമിച്ചുള്ള ദില്ലി യാത്ര രാഷ്ട്രീയ കൗതുകമായി മാറിയിട്ടുണ്ട്.