സംസ്ഥാനത്തെ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാന്‍ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണെന്നും അബ്കാരി ചട്ടം ഭേദഗതി വരുത്താമെന്ന ഉറപ്പിലാണ് പണപ്പിരിവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ 130 ബാറിന് അനുമതി കൊടുത്തു. ബാര്‍ കൂടി, പക്ഷെ ടേണ്‍ ഓവര്‍ ടാക്‌സ് കുറയുന്നു. ബാറുകളില്‍ ഒരു പരിശോധനയും നടക്കുന്നില്ല. മദ്യവര്‍ജനത്തിന് മുന്നില്‍ നില്‍ക്കുമെന്ന എല്‍ഡി ഫിന്റെ ഉറപ്പ് പ്രഹസനമായി. എക്‌സൈസ് മന്ത്രി രാജി വെയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
നോട്ടെണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ്?.മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്‌സൈസ് മന്ത്രിയുടെ വീട്ടിലാണോയെന്ന് അദ്ദേഹം പരിഹസിച്ചു. മന്ത്രി മാറി നിന്ന് അന്വേഷണം നടത്തണം. പണപ്പിരിവ് നടക്കുന്നു എന്ന് വ്യക്തമാണ്. പണം കിട്ടിയാല്‍ അനുകൂലമായ മദ്യനയം, അതാണ് ഓഫര്‍. കാലം എല്‍ഡിഎഫിനോട് കണക്ക് ചോദിക്കുന്നു. മാണിക്കെതിരെ ഒരു കോടി ആരോപണം ഉന്നയിച്ചവര്‍ക്ക് എതിരെ 20 കോടിയുടെ ആരോപണമെന്നും വിഡിസതീശന്‍ പറഞ്ഞു.
ഐ ടി പാര്‍ക്കുകളില്‍ ബാറുകള്‍ വരുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി കൂടിയാലോചന നടന്നിട്ടില്ല.അനിമോനെതിരെയുള്ള ബാറുടമകളുടെ സംഘടന നടപടി വെള്ള പൂശാന്‍ മാത്രമാണ്. എക്‌സൈസ് മന്ത്രി രാജി വെച്ചില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊന്‍പതാം പിറന്നാള്‍
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊന്‍പതാം പിറന്നാള്‍. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടാകില്ല. പിണറായിക്ക് ആശംസകള്‍ നേര്‍ന്ന് തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
കേരളത്തിന്റെ ശക്തനായ നേതാവിന് ഊഷ്മളമായ ജന്മദിനാശംസകള്‍. കേരളത്തിലെ ജനങ്ങളോടുള്ള നിങ്ങളുടെ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും സംസ്ഥാനത്തെ ഉന്നതിയിലെത്തിക്കും. തങ്കളുടെ മുന്നോട്ടുള്ള യാത്രയില്‍ വിജയവും സമൃദ്ധിയും ആശംസിക്കുന്നുവെന്നാണ് പിറന്നാള്‍ സന്ദേശത്തില്‍ കമല്‍ പറയുന്നത്.
അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാവിലെ പതിവ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും. പിറന്നാള്‍ ദിനം ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വീട്ടുകാര്‍ പായസം നല്‍കുന്ന പതിവുണ്ട്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തലേദിവസമാണ് 72 വര്‍ഷമായി വെളിപ്പെടുത്താതിരുന്ന ജന്മദിന രഹസ്യം മുഖ്യമന്ത്രി പരസ്യമാക്കിയത്. ഔദ്യോഗിക രേഖകള്‍ പ്രകാരം മാര്‍ച്ച് 21നാണ് ജനനത്തീയതി എങ്കിലും യഥാര്‍ത്ഥ ജന്മദിനം മേയ് 24നാണെന്നാണ് മുഖ്യമന്ത്രി അന്ന് അറിയിക്കുകയായിരുന്നു.
മുണ്ടയില്‍ കോരന്‍ – കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് കണ്ണൂരിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു പിറന്നാള്‍ ദിനത്തിലെ സസ്‌പെന്‍സ് പിണറായി അവസാനിപ്പിച്ചത്. പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ എട്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്.
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, രണ്ടാം പ്രതിയുടെ ഹര്‍ജി തള്ളി
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വര്‍ഷം പരോള്‍ ഇല്ലാതെ ഒന്നാം പ്രതി നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഇത്തരവില്‍ വ്യക്തമാക്കി. രണ്ടാം പ്രതി അനുശാന്തി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു.
2014 ലാണ് കേസിന് ആസ്പദമായ സംഭവം. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു നിനോ മാത്യുവും അനുശാന്തിയും. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ നേരത്തെ വിവാഹിതയായിരുന്ന അനുശാന്തിക്ക് ഈ ബന്ധത്തില്‍ നാല് വയസ് പ്രായമുണ്ടായിരുന്ന കുഞ്ഞുണ്ടായിരുന്നു. സ്വാസ്തികയെന്ന ഈ കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മ ഓമനയെയും കൊലപ്പെടുത്തിയ കേസിലാണ് ഇവരെ കോടതി ശിക്ഷിച്ചത്. നിനോ മാത്യുവാണ് കൊലപാതകങ്ങള്‍ നടത്തിയത്.
അനുശാന്തി നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നല്‍കിയ വീടിന്റെ ചിത്രങ്ങളും, വഴിയുമടക്കമുള്ള ഡിജിറ്റില്‍ തെളിവുകള്‍ നിര്‍ണ്ണായകമായ കേസില്‍ 2016 ഏപ്രിലിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. നിനോ മാത്യുവിനെ വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തം തടവിനുമായിരുന്നു കോടതി ശിക്ഷിച്ചത്. കാമ പൂര്‍ത്തീകരണത്തിനാണ് പ്രതികള്‍ പിഞ്ച് കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയതെന്നും സൗദി അറേബ്യയില്‍ ലഭിക്കുന്ന മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുര്‍ഗന്ധം മാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രിയതമയുമൊത്തുള്ള ചിത്രം പങ്കുവെച്ച് രമേശ് ചെന്നിത്തല
സൗദി അറേബ്യയിലെ ദമ്മാമില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിതല ഭാര്യ അനിതയോടൊപ്പമുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. 24ന് നടക്കുന്ന ജുബൈല്‍ ഒഐസിസി ഏരിയാ കമ്മറ്റി ജുബൈലില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രമേശ് ചെന്നിത്തല എത്തിയത് . മൂന്നുദിവസം ദമാമില്‍ തങ്ങുന്ന രമേശ് ചെന്നിത്തല 26 ന് ദുബായ് വഴി നാട്ടിലേക്ക് മടങ്ങും.
കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത കനി കുസൃതിയ്ക്കും ദിവ്യപ്രഭയ്ക്കും അഭിനന്ദനമര്‍പ്പിച്ച് മന്ത്രി ആര്‍ ബിന്ദു
കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത കനി കുസൃതിയ്ക്കും ദിവ്യപ്രഭയ്ക്കും അഭിനന്ദനമര്‍പ്പിച്ച് മന്ത്രി ആര്‍ ബിന്ദു.ആണ്‍നോട്ടത്തിന്റെ അമിതാതിപ്രസരം ശക്തമായി അനുഭവപ്പെടുന്ന ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് നിന്ന് ഈ വനിതാക്കൂട്ടായ്മ അന്താരാഷ്ട്ര വേദിയില്‍ വിജയവൈജയന്തിക പാറിക്കാന്‍ തയ്യാറെടുക്കുന്നു എന്നത് ഏറെ ആവേശകരമെന്നും മന്ത്രി വ്യക്തമാക്കി.
കാന്‍ ഫെസ്റ്റിവലില്‍ മലയാളത്തിന്റെ അഭിമാനസാന്നിദ്ധ്യമായി കനി കുസൃതിയും ദിവ്യ പ്രഭയും. .. കേരളത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ ദിശാവ്യക്തത വിളിച്ചോതിക്കൊണ്ട് പലസ്തീന്‍ പതാകയുടെ നിറങ്ങളിലുള്ള തണ്ണിമത്തന്‍ ഹാന്‍ഡ് ബാഗ് ഉയര്‍ത്തി പിടിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കനി. …
പായല്‍ കപാഡിയയുടെ ”ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്” എന്ന സിനിമയിലെ അഭിനേതാക്കള്‍ എന്ന നിലയില്‍ ആണ് നടിമാര്‍ കാനില്‍ എത്തിയത്. മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ക്യാന്‍ ഫെസ്റ്റിവലിലെത്തുന്ന ഇന്ത്യന്‍ ചലച്ചചിത്രമാണിത്. ഫെസ്റ്റിവലിലെ ഏറ്റവും വലിയ അംഗീകാരമായ ഗോള്‍ഡന്‍ പാം അവര്‍ഡിനാണ് ചിത്രം പരിഗണിക്കപ്പെടുന്നത്. …
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂണ്‍ എന്നിവരെ ചേര്‍ത്തുപിടിച്ചാണ് സംവിധായിക പായല്‍ കപാഡിയ സന്തോഷം പ്രകടിപ്പിച്ചത്
ആണ്‍നോട്ടത്തിന്റെ (male gaze ) അമിതാതിപ്രസരം ശക്തമായി അനുഭവപ്പെടുന്ന ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് നിന്ന് ഈ വനിതാക്കൂട്ടായ്മ അന്താരാഷ്ട്ര വേദിയില്‍ വിജയവൈജയന്തിക പാറിക്കാന്‍ തയ്യാറെടുക്കുന്നു എന്നത് ഏറെ ആവേശകരം. …
രാഷ്ട്രീയ നിലപാട് ശക്തമായി പ്രകടിപ്പിച്ച കനിക്കും സഹനടി ദിവ്യപ്രഭക്കും പായല്‍ കപാഡിയക്കും ടീമിനും അഭിനന്ദനങ്ങള്‍. … ബെസ്റ്റ് വിഷസ്..
തൊഴിലില്ലായ്മ: കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്, ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 31.8 %
രാജ്യം നേരിടുന്ന ഏറ്റവും കടുത്ത സാമൂഹിക, സാമ്പത്തിക പ്രതിസന്ധിയാണ് തൊഴിലില്ലായ്മ. രാജ്യത്തെ തൊഴിലായ്മ രാജ്യത്തിന്റെ വികസനത്തിനെയും സ്വപ്‌നത്തെയും കരിനിഴല്‍ നിഴല്‍ വീഴ്ത്തുന്നുണ്ട്.
യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കില്‍ ദേശീയ തലത്തില്‍ കേരളം ഒന്നാംസ്ഥാനത്തെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. 15-29 പ്രായക്കാര്‍ക്കിടയിലെ നിരക്ക് അതിഭീകരമായ അവസ്ഥയിലാണെന്നാണ് പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേയില്‍ വ്യക്തമാക്കുന്നത്.
ഈ വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനമാണ്. ഈ കാലത്തെ കണക്കനുസരിച്ച് ദേശീയ ശരാശരി 17 ശതമാനമാണ്. ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോള്‍ കേരളം അപകടനിലയ്ക്കു മുകളിലാണെന്നത് ആശങ്കയേറ്റുന്ന കണക്കാണ്. ദേശീയ തലത്തില്‍ തൊട്ടുമുമ്പത്തെ സമാന പാദത്തേക്കാള്‍ 0.3 ശതമാനം നിരക്ക് കുറഞ്ഞുവെന്നത് ആശ്വാസം പകരുന്നുണ്ട് എന്നിരുന്നാലും ഒക്ടോബര്‍ നവംബര്‍ പാദത്തിലെ 16.5 ശതമാനത്തേക്കാള്‍ കൂടിയെന്നത് നേരിയ ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്.
പുരുഷന്മാരുടെ വിഭാഗത്തില്‍ കേരളത്തിനു പിന്നില്‍ രണ്ടാംസ്ഥാനത്തുള്ളത് ജമ്മു കാശ്മീരാണ്, 28.2 ശതമാനമാണുള്ളത്. എന്നാല്‍ ഇവിടെ തൊഴിലില്ലായ്മ നിരക്കില്‍ ഓരോ പാദത്തിലും കുറവുണ്ടാകുന്നുവെന്നത്് എടുത്തു പറയേണ്ട കാര്യമാണ്. തെലങ്കാന (26.1), രാജസ്ഥാന്‍ (24), ഒഡീഷ (23.3) എന്നിങ്ങനെയാണ് തൊഴിലില്ലായ്മ നിരക്ക് കൂടിയ സംസ്ഥാനങ്ങളിലുള്ള ലിസ്റ്റിലുള്ളത്.
ഡല്‍ഹിയിലാണ് തൊഴിലില്ലാത്തവരുടെ എണ്ണം തീരെ കുറവ്. 3.1 ശതമാനം മാത്രമാണ് രാജ്യതലസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. ഗുജറാത്ത് (9 ശതമാനം), ഹരിയാന (9), കര്‍ണാടക (11.5), മധ്യപ്രദേശ് (12.1) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.
15-29 പ്രായമുള്ള വിഭാഗത്തിലെ വനിതകളിലും കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന തലത്തിലാണ്. 46.6 ശതമാനവുമായി പട്ടികയില്‍ രണ്ടാംസ്ഥാനമാണ് കേരളത്തിന്. 48.6 ശതമാനവുമായി ജമ്മുകാശ്മീര്‍ ആണ് ഒന്നാമത്. ജമ്മു കാശ്മീരില്‍ വനിതകളിലെ തൊഴിലില്ലായ്മ നിരക്ക് ശ്രദ്ധേയമായ രീതിയില്‍ കുറയുന്നുണ്ടെന്നതും എടുത്തുപറയേണ്ട കാര്യമാണ്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 51.4 ശതമാനത്തില്‍ നിന്ന് 4 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.
ഡല്‍ഹിയാണ് വനിതാവിഭാഗത്തിലും മികച്ച പ്രകടനം നടത്തുന്നത്. 5.7 ശതമാനമാണ് ഇവിടുത്തെ തൊഴില്ലായ്മ നിരക്ക്. ഗുജറാത്ത് (10.9), മധ്യപ്രദേശ് (13.5), ഹരിയാന (13.9), കര്‍ണാടക (15) എന്നിങ്ങനെയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലെ അവസ്ഥ. ദേശീയ തലത്തില്‍ വനിതകളില്‍ തൊഴിലില്ലായ്മ തോത് നാമമാത്രമായി കൂടിയിട്ടുണ്ട്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 22.5 ശതമാനമായിരുന്നത് 22.7 ശതമാനമായിട്ടാണ് ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേപാദത്തിലെ 22.9 ശതമാനത്തില്‍ നിന്ന് ചെറിയ ആശ്വാസവുമുണ്ട്.
പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേയില്‍ ഒരാള്‍ തൊഴിലില്ലാത്തയാളായി പരിഗണിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. കറന്റ് വീക്കിലി സ്റ്റാറ്റസ് (സി.ഡബ്ല്യു.എസ്) അടിസ്ഥാനമാക്കിയാണ് തൊഴിലില്ലായ്മയെ നിര്‍വചിക്കുന്നത്. തൊഴിലെടുക്കാന്‍ സന്നദ്ധനായ ഒരാള്‍ക്ക് ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ജോലി ചെയ്യാന്‍ അവസരം കിട്ടിയില്ലെങ്കില്‍ ഈ വിഭാഗത്തില്‍ പെടുത്തും.
മഴയില്‍ ഒഴുകിയെത്തുന്നത് മലിനജലം; കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ വെള്ളക്കെട്ട് മാറില്ലെന്നും അതിന് കൂട്ടായ പരിശ്രമം വേണമെന്നും ഹൈക്കോടതി പറഞ്ഞു.കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മഴയത്ത് ഒഴുകിയെത്തുന്നത് മുഴുവന്‍ മലിനജലമാണെന്നും ഓടകളില്‍ മുഴുവന്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് കാരണമെന്താണെന്ന് കണ്ടെത്താന്‍ കോര്‍പ്പറേഷന് കോടതി നിര്‍ദേശം നല്‍കി. ഓടകള്‍ നിറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഉടന്‍ വൃത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വെള്ളക്കെട്ടിന് കാരണമായ ഹോട്ട്‌സ്‌പോട്ടുകളായ കാനകള്‍ ശുചീകരിച്ചെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മുല്ലശ്ശേരിക്കനാലിലെ ജലത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും നഗരത്തിലെ മാലിന്യങ്ങള്‍ നീക്കാന്‍ ജനങ്ങളുടെ സഹായം കൂടി വേണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി ജില്ലാ കളക്ടറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും അമിക്യസ് ക്യൂറിയും നിരീക്ഷിച്ചെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇവരുടെ ഇടപെടലിനെയും ഹൈക്കോടതി അഭിനന്ദിച്ചു.
കൊച്ചിയില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.കളമശേരിയില്‍ ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ആലുവയില്‍ വീടുകളിലും കടകളിലും വെള്ളം കയറി. എറണാകുളം കാക്കനാട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത ശക്തമായ മഴയില്‍ കൊച്ചി നഗരത്തിന്റെ പലഭാഗങ്ങളിലും ഇന്നും വെള്ളം കയറി. ഉച്ചയോടെ മഴ മാറി നിന്നിട്ടും കലൂര്‍ സ്റ്റേഡിയം റോഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഇടപ്പള്ളി സിഗ്‌നല്‍ എന്നിവിടങ്ങളില്‍ വെള്ളം പൂര്‍ണ്ണമായും ഇറങ്ങിയിട്ടില്ല. കളമശ്ശേരി നഗരസഭ വാര്‍ഡ് 25ല്‍ 15ലധികം വീടുകളില്‍ വെള്ളം കയറി. ആലുവ പുളിഞ്ചോട്ടില്‍ ദേശീയപാതയില്‍ വെള്ളം കയറിയത് ഗതാഗതം ദുസ്സഹമാക്കി. മേഖലയിലെ കടകളിലും വീടുകളിലും വരെ വെള്ളം ഇരച്ചെത്തി.കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന കാക്കനാട് അത്താണി കീരേലിമല കോളനിയിലെ 9 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാര്‍ട്ടിയല്ല സിപിഎം: ബാര്‍ കോഴ ആരോപണം തള്ളി എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ബാര്‍ ഉടമകളില്‍ നിന്ന് പണ പിരിവ് നടത്തുന്നുവെന്ന് വ്യാജ പ്രചരണം നടത്തകയാണ്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിനുശേഷവും ഇത്തരം പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു. യുഡിഎഫിന്റെ സമയത്തെ ആവര്‍ത്തനമല്ല എല്‍ഡിഎഫിന്റേത്.
സമ്പന്നരുടെ താല്‍പര്യമല്ല സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. 22 ലക്ഷമായിരുന്ന ബാര്‍ ലൈസന്‍സ് ഫീസ് 35 ലക്ഷമാക്കി വര്‍ധിപ്പിച്ചു. മദ്യ ഉപഭോഗം സംസ്ഥാനത്ത് കുറയുകയാണ് ചെയ്യുന്നത്. ആരോപണങ്ങളില്‍ അടിസ്ഥാനമില്ല. എക്‌സൈസ് മന്ത്രി രാജിവെക്കേണ്ട കാര്യമില്ല. ഡ്രൈ ഡേ ഒഴിവാക്കുന്നതില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. മാധ്യമങ്ങള്‍ പറഞ്ഞത് കൊണ്ട് ഡ്രൈ ഡേ ഒഴിവാക്കുകയോ ഒഴിവാക്കാതിരിക്കുകയോ ചെയ്യില്ല. ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മഴക്കെടുതി നേരിടുന്നതിനുള്ള യോഗം വിളിച്ചു ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. പ്രധാന പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുകയും ജനകീയ പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുകയാണ്. വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജക്കെതിരെ അശ്ലീല പ്രചാരവേല സംഘടിപ്പിക്കാന്‍ ഒരു ടീം പ്രവര്‍ത്തിച്ചു. യുഡിഎഫുകാരാണ് അറസ്റ്റിലായത്. തെരെഞ്ഞെടുപ്പ് ഫലത്തിന് ശേഷവും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം. വടകരയില്‍ ഒരു വിധ പ്രശ്‌നങ്ങളും ഉണ്ടാകരുതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
മദ്യനയത്തിലെ ഇളവിന് കോടികളുടെ അഴിമതി; സമഗ്ര അന്വേഷണം വേണം: പി എം എ സലാം
സംസ്ഥാനത്തെ ബാറുടമകളില്‍നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയതായി തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ആവശ്യപ്പെട്ടു. ഡ്രൈ ഡേ ഒഴിവാക്കിയും ബാര്‍ സമയം 11 ല്‍നിന്ന് 12 വരെ ആക്കിയും ഐ ടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ അനുവദിച്ചും ഡോര്‍ ഡെലിവറി ഏര്‍പ്പെടുത്തിയും കേരളത്തെ മദ്യത്തില്‍ മുക്കുകയാണ് ഇടത് സര്‍ക്കാര്‍.
അഴിമതിപ്പണം കണ്ട് കണ്ണ് മഞ്ഞളിച്ചത് കൊണ്ടാണ് ഈ കൊടും പാതകം ചെയ്യുന്നത്. മദ്യനയത്തിലെ ഇളവിന് പകരമായി ഓരോ ബാറുടമകളും രണ്ടര ലക്ഷം വീതം നല്‍കണമെന്നാണ് പുറത്തായ ശബ്ദരേഖയില്‍ പറയുന്നത്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടക്കുന്നത്. മദ്യലഭ്യത വര്‍ദ്ധിപ്പിച്ച് കേരളത്തെ ഒന്നടങ്കം ലഹരിയില്‍ മുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ബാര്‍ കോഴ സംബന്ധിച്ച പുതിയ ആരോപണങ്ങളില്‍ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണം. ഇടത് ഭരണത്തില്‍ സംസ്ഥാനം ലഹരിമാഫിയ കയ്യടക്കുന്ന സ്ഥിതിയാണുള്ളതെന്നും പി എം എ സലാം ആരോപിച്ചു.