കരുവന്നൂരില്‍ വല മുറുക്കി ഇഡി: സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റില്‍
കരുവന്നൂര്‍ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ പി.ആര്‍. അരവിന്ദാക്ഷനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തത്. കരുവന്നൂര്‍ കേസില്‍ ഇതാദ്യമായാണ് ഒരു സിപിഎം നേതാവിനെ കസ്റ്റഡിയിലെടുക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ കൈമാറിയ രണ്ടുപേരാണ് പ്രാദേശിക സിപിഎം നേതാവായ പി.ആര്‍. അരവിന്ദാക്ഷനും ഇടനിലക്കാരനായ കെ.എ. ജിജോറും. ഇവരുടെ മൊഴികളുടെയും കൈമാറിയ തെളിവുകളുടെയും ബലത്തിലാണ് ഒന്നാം പ്രതി പി.സതീഷ്‌കുമാര്‍, രണ്ടാം പ്രതി പി.പി. കിരണ്‍ എന്നിവരെ ഇ.ഡി. അറസ്റ്റ് ചെയ്തത്.
വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ അരവിന്ദാക്ഷന്‍ ഇപ്പോള്‍ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയാണ്. വടക്കാഞ്ചേരിയില്‍ എ.സി. മൊയ്തീന്റെ വിശ്വസ്തനാണ് അരവിന്ദാക്ഷന്‍.
ചോദ്യചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് അരവിന്ദാക്ഷന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ മാസം 12നാണ് അരവിന്ദാക്ഷനെ കൊച്ചി ഇ.ഡി ഓഫിസിലേക്കു ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. മുളവടികൊണ്ടു തന്നെ തുടര്‍ച്ചയായി മര്‍ദിച്ചുവെന്നും കുനിച്ചുനിര്‍ത്തി കഴുത്തിലിടിച്ചെന്നുമടക്കം അരവിന്ദാക്ഷന്‍ ആരോപിച്ചു. എന്നാല്‍ ചോദ്യചെയ്യല്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷം നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.
അയ്മനത്ത് വ്യാപാരി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നെന്നു പരാതി
കോട്ടയം:അയ്മനത്ത് വ്യാപാരി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നെന്നു പരാതി. അയ്മനം കുടയംപടി സ്വദേശി കെ.സി. ബിനു (50) ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണു കുടുംബത്തിന്റെ പരാതി. കുടിശികയുടെ പേരില്‍ ബാങ്ക് ജീവനക്കാര്‍ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്റെ കുടുംബം ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് ബിനുവിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹവുമായി ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നാണ് കുടുംബത്തിന്റെ നിലപാട്.
ലോണ്‍ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നല്‍കിയില്ലെന്നും, വീട്ടില്‍വന്ന് അപമാനിക്കരുതെന്ന് അഭ്യര്‍ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്നും ബിനുവിന്റെ ഭാര്യ ആരോപിച്ചു. ബാങ്ക് മാനേജരാണ് ബിനുവിനെ ഭീഷണിപ്പെടുത്തിയതെന്ന് മകളും വെളിപ്പെടുത്തി.
അച്ഛന്‍ കര്‍ണാടക ബാങ്കില്‍നിന്ന് ലോണ്‍ എടുത്തിരുന്നു. മുന്‍പും ഇവിടെനിന്ന് ലോണ്‍ എടുത്തിട്ടുണ്ട്. അതെല്ലാം കൃത്യസമയത്ത് അടച്ചുതീര്‍ത്തിട്ടുമുണ്ട്. കഴിഞ്ഞ രണ്ടു മാസമായി അച്ഛന് പണം തിരിച്ചടയ്ക്കാനായില്ല. ഇതോടെ കുടിശിക വന്നു. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും അച്ഛന്‍ ലോണെല്ലാം കൃത്യമായി അടയ്ക്കുന്നതാണ്. ഞങ്ങള്‍ക്കെല്ലാം അക്കാര്യം അറിയാം.’
രണ്ടു മാസത്തെ കുടിശിക വന്നതോടെ ബാങ്കിലെ മാനേജര്‍ അച്ഛനെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. കടയില്‍നിന്ന് സാധനങ്ങള്‍ എടുത്തുകൊണ്ടു പോകുമെന്നു പറഞ്ഞും ഭീഷണിപ്പെടുത്തി. രണ്ടു ദിവസം കഴിഞ്ഞ് ഇയാള്‍ ബാങ്കിലെ ജീവനക്കാരനെ കടയിലേക്കു പറഞ്ഞുവിട്ടു. വൈകുന്നേരത്തോടെയാണ് അയാള്‍ കടയില്‍വന്നു പോയത്.
അന്ന് ഭയന്നുപോയ അച്ഛന്‍ കടയില്‍നിന്ന് ഇറങ്ങി. കുറച്ചുകഴിഞ്ഞ് അമ്മയുടെ ഫോണിലേക്ക് വിളിച്ചു. ബാങ്കുകാരുടെ പേരുപറഞ്ഞ് ആത്മഹത്യ ചെയ്യുമെന്ന് അച്ഛന്‍ അമ്മയോടു പറഞ്ഞു. അവര്‍ ലോണിന്റെ പേരില്‍ സമാധാനം തരുന്നില്ലെന്നും രണ്ടു ദിവസത്തെ സാവകാശം കിട്ടിയാല്‍ അടയ്ക്കാവുന്നതല്ലേ ഉള്ളൂവെന്നും പറഞ്ഞു.
എന്നോടു ബാങ്കിലേക്ക് വിളിക്കാന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ വിളിച്ചെങ്കിലും, അവര്‍ ഫോണെടുത്തില്ല. അച്ഛന്റെ ഫോണില്‍നിന്ന് വിളിച്ചാല്‍ അവര്‍ എടുക്കും. ഞങ്ങള്‍ വിളിച്ചിട്ട് എടുത്തില്ല. പിറ്റേന്ന് വൈകുന്നേരം ബാങ്ക് മാനേജര്‍ വീണ്ടും കടയില്‍ ചെന്നു. അന്നും അയാള്‍ അച്ഛനെ ഭീഷണിപ്പെടുത്തി.
അച്ഛനെ തളര്‍ത്തുന്ന രീതിയിലായിരുന്നു സംസാരം. അയാള്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ് അയച്ചുതരാമെന്ന് അച്ഛന്‍ എന്നോടു പറഞ്ഞെങ്കിലും, പിറ്റേന്ന് ഭയന്ന് ഡിലീറ്റ് ചെയ്തു.
ഈ ബാങ്ക് മാനേജര്‍ വിളിക്കുമ്പോള്‍ മാത്രമാണ് അച്ഛന് ഇത്രയ്ക്കു പേടി. പിന്നീട് അവര്‍ പറഞ്ഞ ദിവസം തന്നെ കുടിശിക ഞങ്ങള്‍ അടച്ചുതീര്‍ത്തു. പിന്നീട് ഈ മാസത്തെ കുടിശിക 24-ാം തീയതിക്കു മുന്‍പ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഭീഷണിയായി.
രണ്ടു മാസത്തെ തുക അടച്ചുതീര്‍ത്ത സ്ഥിതിക്ക് ഈ മാസത്തെ അടയ്ക്കാന്‍ കുറച്ചുകൂടി സാവകാശം തന്നുകൂടേ? ഞങ്ങള്‍ ഇതുവരെ അടയ്ക്കാതിരുന്നിട്ടില്ല. ഒരു വലിയ തുക അടച്ചതിന്റെ തൊട്ടുപിന്നാലെ അടുത്ത തുക കൂടി അടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ ഇവരൊന്നും മനുഷ്യരല്ലേ?
രണ്ടു ദിവസം മുന്‍പ് ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനായി അമ്മ അച്ഛനെ വിളിച്ചു. പക്ഷേ, അക്കൗണ്ടിലുണ്ടായിരുന്ന പണം മാനേജര്‍ എടുത്തെന്ന് അച്ഛന്‍ പറഞ്ഞു. ഇതും അച്ഛനു വലിയ ബുദ്ധിമുട്ടായി. – മകള്‍ പറഞ്ഞു.
പ്രതിഷേധം ആളുന്നു; ആഞ്ഞടിച്ച് കന്നഡ അനുകൂല, കര്‍ഷക സംഘടനകള്‍
കാവേരി പ്രശ്‌നത്തില്‍ ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ കന്നഡ അനുകൂല, കര്‍ഷക സംഘടനകള്‍ നടത്തുന്ന ബെംഗളൂരു ബന്ദില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള ബസുകള്‍ വ്യാപകമായി തടഞ്ഞു. തമിഴ്നാട്ടില്‍ നിന്നുള്ള നിരവധി ബസുകള്‍ കൃഷ്ണഗിരി ജില്ലയിലെ സുസുവാഡിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ബസ് സര്‍വീസ് മുടങ്ങിയത് ഐടി ജീവനക്കാരെ ഉള്‍പ്പെടെ ബാധിച്ചു. കേരളത്തില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ വൈകിട്ട് ആറുവരെ എല്ലാ സര്‍വീസുകളും റദ്ദാക്കി.
ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) സര്‍വീസ് മുടങ്ങില്ലെന്ന് അധികൃതര്‍ അറിയിച്ചു. മെട്രോ സര്‍വീസുകളും മുടങ്ങില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടഞ്ഞുകിടക്കുകയാണ്. നഗരത്തില്‍ ഇന്നലെ രാത്രി തന്നെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതു ലംഘിച്ച 50 പേരെ കസ്റ്റഡിയിലെടുത്തു. കര്‍ണാടക സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ രാമനഗരിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മുഖചിത്രത്തില്‍ പൂമാല അര്‍പ്പിച്ച് പ്രതിഷേധിച്ചു.
ഇന്നു കൂടാതെ 29ന് കര്‍ണാടക ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാടിന് കാവേരി ജലം വീണ്ടും വിട്ടുകൊടുത്ത കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബന്ദിനുള്ള ആഹ്വാനം. കന്നഡ ചലുവലി വാട്ടാല്‍ പക്ഷയാണ് സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനു പുറമേ ദേശീയ ഹൈവേകളില്‍ ഉള്‍പ്പെടെ ഗതാഗതം സ്തംഭിപ്പിക്കുമെന്നും ചലുവലി നേതാവ് വാട്ടാല്‍ നാഗരാജ് വ്യക്തമാക്കി.
അതേസമയം ഇന്നു നടക്കുന്ന ബെംഗളൂരു ബന്ദിന് ഓല, ഊബര്‍ വെബ് ടാക്‌സി ഡ്രൈവര്‍മാരുടെയും റസ്റ്ററന്റ് ഉടമകളുടെയും അസോസിയേഷനുകള്‍ നേരത്തേ നല്‍കിയ പിന്തുണ പിന്‍വലിച്ചു. 29ന് സംസ്ഥാന ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അതിനെ പിന്തുണയ്ക്കാനായാണിത്. വിവിധ ട്രേഡ് യൂണിയനുകളും സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ണാടക ആര്‍ടിസി, ബിഎംടിസി സര്‍വീസുകള്‍ക്കു പുറമേ സ്വകാര്യ ടാക്‌സി, ഓട്ടോ സര്‍വീസുകളും വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും പ്രവര്‍ത്തിക്കാനിടയില്ല. മിക്ക സ്വകാര്യ സ്‌കൂളുകളും കോളജുകളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മെട്രോ പതിവ് പോലെ സര്‍വീസ് നടത്തും. ഫ്രീഡം പാര്‍ക്കില്‍ ഇന്നു വലിയ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവും കാവേരി ജല സംരക്ഷണ സമിതി പ്രസിഡന്റുമായ കുറുബാര ശാന്തകമാര്‍ പറഞ്ഞു. ബിജെപിയും ജനതാദള്‍ എസും ആംആദ്മി പാര്‍ട്ടിയും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. പൊലീസിനെ ഉപയോഗിച്ചു പ്രതിഷേധക്കാരെ തടയില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്.
കാവേരി അണക്കെട്ടുകളിലെ കരുതല്‍ ജലസ്ഥിതി പരിശോധിക്കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര ജല മന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദള്‍ ദേശീയ അധ്യക്ഷന്‍ ദേവെഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഇക്കുറി കാലവര്‍ഷം മോശമായതിനാല്‍ കാവേരിയിലെ 4 അണക്കെട്ടുകളിലും ജലം കുറവാണ്. കര്‍ണാടകയുടെ ജലസേചന, ശുദ്ധജല ആവശ്യങ്ങള്‍ക്കായി 112 ടിഎംസി (ശതകോടി ഘനയടി ) ജലം ആവശ്യമായ സ്ഥാനത്ത് 51 ടിഎംസി ജലമാണ് നിലവില്‍ അണക്കെട്ടുകളിലുള്ളത്. കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള ജലം പങ്കിടുന്നതിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ദേവെഗൗഡ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടില്‍:മാത്യു കുഴല്‍നാടന്‍ എംഎല്‍എ
കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടിലായതോടെ, മറ്റു മന്ത്രിമാര്‍ അതിനെ അഴിമതി നടത്താനുള്ള അവസരമായി കാണുന്നുവെന്ന വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മന്ത്രിമാര്‍ അഴിമതി നടത്തിയാല്‍ ചോദ്യം ചെയ്യേണ്ട മുഖ്യമന്ത്രിക്ക് അതിനുള്ള ത്രാണിയോ ധാര്‍മികതയോ ഇല്ല. ഇടയ്ക്ക് മുക്കുകയും മുരളുകയും ചെയ്യുന്ന സിപിഐയ്ക്ക് എന്തു സംഭവിച്ചുവെന്ന് മനസിലാകുന്നില്ല. ചില സിപിഐ നേതാക്കളും കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈവച്ച് സിപിഎം അവരെ വരുതിക്കു നിര്‍ത്തിയിരിക്കുകയാണെന്ന് പിന്നാമ്പുറ കഥകളുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു.
”മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും അഴിമതിയുടെ വലിയ ചെളിക്കുണ്ടില്‍ വീഴുകയും ആ വിവരം പുറത്തുവരികയും ചെയ്തതോടെ, മന്ത്രിമാര്‍ അതൊരു അവസരമായി കാണുകയാണ്. സാധാരണ ഗതിയില്‍ മന്ത്രിമാര്‍ അഴിമതി നടത്തിയാല്‍ ചോദിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പക്ഷേ, മുഖ്യമന്ത്രിക്ക് അഴിമതിയേക്കുറിച്ച് മിണ്ടാനുള്ള ധാര്‍മികത നഷ്ടമായതോടെ സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും അഴിമതി അര്‍ബുദം പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യാനുള്ള ത്രാണിയും ധാര്‍മികതയും മുഖ്യമന്ത്രിക്കില്ലാതായി. സിപിഎം എന്ന പാര്‍ട്ടിയാകട്ടെ, അഴിമതിക്കു സംരക്ഷണം കൊടുക്കുന്ന നിലയിലേക്കും മാറി.’
‘ഇടക്കാലത്ത് ഇതിനെയെല്ലാം എതിര്‍ത്തിരുന്ന സിപിഐയും ഇപ്പോള്‍ മിണ്ടാത്ത അവസ്ഥയിലാണ്. എന്തുകൊണ്ടോ, സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും അഴിമതി ചോദ്യം ചെയ്യാനാകാത്ത അവസ്ഥയിലേക്ക് ഇടതുമുന്നണി പൂര്‍ണമായും അധഃപതിച്ചിരിക്കുന്നു. ഒരു തിരുത്തല്‍ ശക്തിയെന്നു പറയാനാകില്ലെങ്കിലും, ചില കാര്യങ്ങളിലെങ്കിലും ഇടയ്ക്ക് മുക്കുകയും മുരളുകയും ചെയ്തിരുന്ന സിപിഐയ്ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല.’
‘സിപിഐയുടെ നേതാക്കളും കുടുംബവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സിപിഎം കൈവശം വച്ച് അവരെ വരുതിയില്‍ നിര്‍ത്തിയിരിക്കുന്നു എന്നാണ് കേള്‍ക്കുന്ന ചില പിന്നാമ്പുറ കഥകള്‍. അത് ശരിയാണോയെന്നു പറയേണ്ടത് സിപിഐ നേതാക്കളാണ്. അല്ലെങ്കില്‍ എന്തുകൊണ്ട് സിപിഐ പോലും ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് സാധാരണക്കാരായ കമ്യൂണിസ്റ്റുകാര്‍ ചോദിക്കുന്നുണ്ട്.’ കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.
കൈകള്‍ ബന്ധിച്ചുപുറത്ത് പിഎഫ്‌ഐ രേഖപ്പെടുത്തിയെന്ന് സൈനികന്റെ പരാതി: ഒടുവില്‍ പരാതി വ്യാജം
വായ് മൂടിയ ശേഷം മര്‍ദിച്ച് മുതുകത്ത് പിഎഫ്‌ഐ (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്നു രേഖപ്പെടുത്തിയെന്ന സൈനികന്റെ പരാതിയില്‍ വന്‍ ട്വിസ്റ്റ്. സൈനികന്റെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. രാജസ്ഥാനില്‍നിന്ന് അവധിക്ക് നാട്ടില്‍ എത്തിയ കടയ്ക്കല്‍ തുടയന്നൂര്‍ ചാണപ്പാറ ബി.എസ്.ഭവനില്‍ ഷൈന്‍ (35) ആണ് വ്യാജപരാതി നല്‍കിയത്. പ്രശസ്തനാകണമെന്ന ഷൈനിന്റെ ആഗ്രഹമാണ് പരാതിക്കു പിന്നിലെന്ന് സുഹൃത്താണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഷൈന്‍ കുമാറിന്റെ സുഹൃത്ത് ജോഷിയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
സംഭവത്തില്‍ ഷൈന്‍ കുമാറും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്. പുറത്ത് എഴുതാന്‍ ഉപയോഗിച്ച പെയിന്റ് പൊലീസ് കണ്ടെടുത്തു. ഇരുവരെയും കടയ്ക്കല്‍ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ആക്രമിച്ചതായി പരാതി ലഭിച്ചതുമുതല്‍ പൊലീസിനു ചില സംശയങ്ങളുണ്ടായിരുന്നു. ഒന്നാമതായി, ആക്രമിച്ചുവെന്ന് പറയുന്ന വിജനമായ സ്ഥലത്ത് അതിന്റെ യാതൊരു ലക്ഷണവുമുണ്ടായിരുന്നില്ല. തുടര്‍ന്ന് കരുതലോടെയായിരുന്നു പൊലീസിന്റെ നീക്കം.
സൈനികന്റെ പരാതിപ്രകാരം കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പ്രാഥമികമായി കേസെടുത്തെങ്കിലും ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് ഷൈന്‍ നല്‍കിയത്. ഇന്നലെ രാത്രി 11 മണി വരെ ചോദ്യം ചെയ്തശേഷം ഇന്നു രാവിലെയും ചോദ്യം ചെയ്തു. സുഹൃത്തായ ജോഷിക്ക് പണം നല്‍കി മടങ്ങുമ്പോഴാണ് ആക്രമണമെന്ന് ആദ്യഘട്ടത്തില്‍ ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ജോഷിയെയും ചോദ്യം ചെയ്തപ്പോഴാണ് കള്ളം പൊളിഞ്ഞത്.
പുറത്ത് ഡിഎഫ്‌ഐ എന്ന് എഴുതാന്‍ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്. അതുകൊണ്ട് ഞാന്‍ അങ്ങനെ എഴുതി. അതുകഴിഞ്ഞ് എന്താണ് എഴുതിയതെന്നു ചോദിച്ചു. ഡിഎഫ്‌ഐ എന്നു പറഞ്ഞപ്പോള്‍, അങ്ങനെയല്ല, ആദ്യത്തെ അക്ഷരം പി എന്ന് എഴുതാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ രണ്ടാമത് പി എന്ന് എഴുതി. പിന്നീട് ടീഷര്‍ട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചു.
അതിനു മുന്‍പ് എന്റെ അടുത്തു വന്ന് ഒന്ന് ഇടിക്കാന്‍ പറഞ്ഞു. ആ അവസ്ഥയില്‍ എനിക്ക് ഇടിക്കാനാകുമായിരുന്നില്ല. ഞാന്‍ നല്ലതുപോലെ കഴിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഇടിച്ചില്ല. എന്നെക്കൊണ്ടു പറ്റില്ലെന്നു തന്നെ പറഞ്ഞു. അങ്ങനെയെങ്കില്‍ നിലത്തു കിടക്കാം, ഒന്നു വലിച്ചിഴയ്ക്കാന്‍ പറഞ്ഞു. അതും പറഞ്ഞ് ഷൈന്‍ നിലത്തു കിടന്നു. അയാള്‍ക്ക് നല്ല ഭാരമുണ്ടായിരുന്നു. പിന്നെ എനിക്ക് അങ്ങനെ വലിച്ചിഴയ്ക്കാവുന്ന അവസ്ഥയുമല്ലായിരുന്നു. അതും നടന്നില്ല.
അങ്ങനെ അവന്‍ സ്വയം വായില്‍ ടേപ്പ് ഒട്ടിച്ചു. അതുകഴിഞ്ഞ് കയ്യില്‍ ടേപ്പ് ഒട്ടിച്ചുകൊടുക്കാന്‍ പറഞ്ഞു. അതുകഴിഞ്ഞ് എന്നെ പറഞ്ഞുവിട്ടു. ഇനി കുഴപ്പമില്ല, ബാക്കി നോക്കിക്കോളാമെന്നും പറഞ്ഞു. ജോലിപരമായ എന്തെങ്കിലും കാര്യത്തിന് ഉപകരിക്കുമെന്ന് കരുതിയായിരിക്കാം അങ്ങനെ ചെയ്തത്.’ ജോഷി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പരാതിയുമായി സൈനികന്‍ സ്റ്റേഷനില്‍ എത്തിയത്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്കു പ്രഥമ ചികിത്സ നല്‍കി വിട്ടയച്ചിരുന്നു. ചാണപ്പാറ മുക്കടയിലാണ് സംഭവം നടന്നതെന്നായിരുന്നു പരാതി. അവധി കഴിഞ്ഞ് ഇന്നലെ ജോലി സ്ഥലത്തേക്കു പോകാനിരിക്കെയായിരുന്നു സംഭവമെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
കടം വാങ്ങിയ പണം സുഹൃത്തിനു നല്‍കാനായി രാത്രി ബൈക്കില്‍ പോകുമ്പോള്‍ റോഡില്‍ വിജനമായ സ്ഥലത്തു ചിലര്‍ നില്‍ക്കുന്നത് കണ്ടു. എന്താണെന്നു ചോദിച്ചു. ആരോ വീണു കിടക്കുകയാണെന്നും ഇറങ്ങി പരിചയമുണ്ടോയെന്നു നോക്കാനും അവര്‍ പറഞ്ഞു. സംഘത്തില്‍ നാലു പേര്‍ ഉണ്ടായിരുന്നു. ബൈക്കില്‍ നിന്ന് ഇറങ്ങിയ ഷൈനിനെ ഒരാള്‍ ചവിട്ടി വീഴ്ത്തിയെന്നും തുടര്‍ന്ന് മറ്റുള്ളവര്‍ ചേര്‍ന്ന് മര്‍ദിക്കുകയും ബ്ലേഡ് കൊണ്ടു ഷര്‍ട്ട് കീറി പുറത്ത് പിഎഫ്‌ഐ എന്ന് എഴുതിയെന്നുമായിരുന്നു പരാതി. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി. വിജയകുമാര്‍, കടയ്ക്കല്‍ ഇന്‍സ്‌പെക്ടര്‍ പി.വി.രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി കേസെടുത്തത്. ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനു ശേഷമേ വ്യക്തമായ വിവരം ലഭ്യമാകുവെന്നായിരുന്നു പൊലീസ് ഭാഷ്യം.
അതേസമയം, ഷൈനിനെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ഊര്‍ജിത അന്വേഷണം വേണമെന്നു സിപിഐ മണ്ഡലം സെക്രട്ടറി ജെ.സി. അനിലും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ്, സൈനികന്റെ പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.