ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നമ്മുടെയിടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണമെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സമുദായത്തിനറിയാമെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂരിലെ ചെമ്പേരിയില്‍ കെസിവൈഎം യുവജന സംഗമത്തില്‍ സംസാരിക്കവേയാണ് പാംപ്ലാനിയുടെ പ്രതികരണം.
നമ്മുടെ ഇടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണം. യുവജനങ്ങള്‍ സങ്കുചിതരായി തീര്‍ന്നാല്‍ ഒരു നാട് മുഴുവനും സങ്കുചിതത്വത്തിന്റെ അന്ധകാരത്തില്‍ പെട്ടുപോകുമെന്നുള്ള സത്യം മനസില്‍ സൂക്ഷിക്കുക, പാംപ്ലാനി പറഞ്ഞു
ഇന്ന് നമ്മുടെ പെണ്‍കുട്ടികളുടെ രക്ഷകരായി പലരും രംഗപ്രവേശം ചെയ്യുന്നുണ്ട്. നിങ്ങള്‍ ആത്മാഭിമാനമുള്ള മക്കളാണ്. തലശ്ശേരിയിലെ ഒരൊറ്റ പെണ്‍കുട്ടിയെ പോലും ആര്‍ക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാവാത്ത വിധം നട്ടെല്ലുള്ള പെണ്‍കുഞ്ഞുങ്ങളാണ് തലശ്ശേരിക്കുള്ളതെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ തക്കവിധത്തില്‍ ഇവിടത്തെ യുവജനങ്ങള്‍ പ്രബുദ്ധരാവേണ്ടതുണ്ട്, പാപ്ലാനി പറഞ്ഞു.
നമ്മുടെ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ല. മറിച്ച്, നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാം. നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വിലപറയാന്‍ ഇനി ഒരാളെ പോലും നമ്മള്‍ അനുവദിക്കുകയുമില്ല, പാംപ്ലാനി പറഞ്ഞു.
വയനാട് സീറ്റിൽ ജയിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിനെ ഉപയോഗിച്ചു- കർണാടകയിൽ മോദി
വയനാട് സീറ്റിൽ ജയിക്കാൻ കോൺഗ്രസ് തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കൂട്ടുപിടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടിനായി കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിനെ ഉപയോഗിച്ചെന്നും ഭീകരവാദത്തിന് തണലൊരുക്കുന്ന രാജ്യവിരുദ്ധ സംഘടനയായ പി.എഫ്.ഐയെ സർക്കാർ നിരോധിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലെ ബലഗാവിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.
വോട്ടിനായി കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിനെ ഉപയോഗിച്ചു. ഭീകരവാദത്തിന് തണലൊരുക്കുന്ന രാജ്യവിരുദ്ധ സംഘടനയാണത്. പി.എഫ്.ഐ യെ സർക്കാർ നിരോധിച്ചതാണ്. വയനാട് സീറ്റ് ജയിക്കാനായി പി.എഫ്.ഐയ്ക്ക് കോൺഗ്രസ് പ്രതിരോധം തീർക്കുകയാണ്, മോദി ആരോപിച്ചു.
രാജഭരണത്തിൽ അവർക്ക് എന്തും ചെയ്യാമെന്നും മറ്റൊരാളുടെ ഭൂമിയടക്കം പിടിച്ചെടുക്കാമെന്നും രാജ്യത്തെ ജനങ്ങൾക്കൊപ്പം കോൺഗ്രസാണ് സ്വാതന്ത്ര്യം നേടി ജനാധിപത്യം കൊണ്ടുവന്നതെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മോദി മറുപടി നൽകി.
വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനാണ് രാഹുലിന്റെ പ്രസ്താവനയെന്നും നവാബുമാർ, നിസാമുകൾ, സുൽത്താൻമാർ എന്നിവർ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് അദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും മോദി പറഞ്ഞു. ആയിരത്തോളം ക്ഷേത്രങ്ങൾ തകർത്ത ഔറംഗസേബിന്റെ അതിക്രമങ്ങളെ കോൺഗ്രസ് ഓർക്കുന്നില്ല. ഔറംഗസേബിനെ പ്രകീർത്തിക്കുന്ന പാർട്ടികളുമായാണ് കോൺഗ്രസ് രാഷ്ട്രീയസഖ്യമുണ്ടാക്കുന്നത്.
ഞങ്ങളുടെ തീർഥാടനകേന്ദ്രങ്ങൾ തകർത്തവരെക്കുറിച്ചും കൊള്ളയടിച്ചവരെകുറിച്ചും ജനങ്ങളെ കൊലപ്പെടുത്തിയവരെക്കുറിച്ചും അവർ സംസാരിക്കുന്നില്ലെന്നും മോദി പറഞ്ഞു.
അടുത്തിടെ കർണാടകയിലെ കോൺഗ്രസ് കൗൺസിലറുടെ മകൾ നേഹ കൊല്ലപ്പെട്ട സംഭവത്തിലും മോദി കോൺഗ്രസിനെ കുറ്റപ്പെടുത്തി. കോൺഗ്രസ് സർക്കാർ പ്രീണനത്തിനാണ് മുൻഗണന കൊടുക്കുന്നത്. അവരെ സംബന്ധിച്ച് നേഹയേപ്പോലുള്ള മക്കളുടെ ജീവന് യാതൊരു വിലയുമില്ല. വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം, മോദി ആരോപിച്ചു.
പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ്(90) മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് തിരിച്ചറിഞ്ഞത്.
ശനിയാഴ്ച വൈകീട്ട് ലക്ഷ്മിയെ കനാലില്‍ വീണുകിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിച്ചു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നെങ്കിലും മരണകാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ചൂടു കൂടിയ സാഹചര്യത്തില്‍ പാലക്കാട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരുന്നു. 28, 29 തീയതികളില്‍ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നും പ്രവചനമുണ്ട്.
മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റം
മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റം. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാത്തതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ശനിയാഴ്ച രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചാണ് സംഭവം.
വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി ബസ് തടയുകയായിരുന്നു. മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറെ ചോദ്യംചെയ്യാന്‍ ആരംഭിച്ചതോടെ വാക്കുതര്‍ക്കമായി. ശമ്പളം തന്നിട്ട് സംസാരിക്കെന്ന് ഡ്രൈവര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തങ്ങള്‍ക്കെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന് മേയര്‍ ആരോപണം ഉന്നയിച്ചു. മേയര്‍ക്കൊപ്പം ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയും വാഹനത്തിലുണ്ടായിരുന്നു.
കെ.എസ്.ആര്‍.ടി. സി ബസ് അമിതവേഗത്തിലെത്തി മേയറുടേയും മറ്റൊരു വാഹനത്തില്‍ തട്ടുന്നതിന് സമാനമായ സാഹചര്യത്തില്‍ കടന്നുപോയതായും പറയുന്നുണ്ട്. ഇതിനിടെ, ആര്യയ്ക്കുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് ആരോപണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.
ശനിയാഴ്ച രാത്രിതന്നെ മേയര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെതിരെയാണ് പരാതി. മേയര്‍ക്കും എം.എല്‍.എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ യദുവിനെതെിരെ പോലീസ് കേസെടുത്തു. അതേസമയം, ട്രിപ്പ് മുടക്കിയെന്ന് ചൂണ്ടിക്കാട്ടി മേയര്‍ക്കെതിരെ ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കെസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി; സംഘര്‍ഷം രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്കു മുന്നില്‍
പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവച്ച ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലിയുടെ വീടിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആസിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള വിഭാഗവും ലവ്ലിക്കൊപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമാണ് വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തത്.
ഭിന്നതയെ തുടർന്ന് രാജിവച്ച ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലിയുടെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മുൻ കോൺഗ്രസ് എംഎൽഎ ആസിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള വിഭാഗവും ലവ്ലിക്കൊപ്പമുള്ള പാർട്ടി പ്രവർത്തകരുമാണ് വാഗ്വാദത്തിൽ ഏർപ്പെടുകയും പിന്നീട് അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്.
രാജിവയ്ക്കാനുള്ള തീരുമാനം മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനു മുൻപ് ലവ്ലി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ കാണണമായിരുന്നു എന്ന് ആസിഫ് മുഹമ്മദ് പറഞ്ഞു. ഇതോടെ അരവിന്ദറിനൊപ്പമുള്ള പ്രവർത്തകർ ആസിഫിനോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് ഇടയാക്കിയത്. പ്രവർത്തകരിൽ ഒരാൾ ആസിഫിനെ പിന്നിലേക്ക് തള്ളിയതോടെ ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
കോൺഗ്രസ് ഡൽഹിയിൽ എഎപിയുമായി സഖ്യമുണ്ടാക്കിയതിലെ അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് ലവ്ലി അധ്യക്ഷ സ്ഥാനം രാജിവച്ചത്. കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ ഉന്നയിച്ച പാർട്ടിക്കൊപ്പമുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് യൂണിറ്റ് എതിരായിരുന്നുവെന്ന് ലവ്ലി പറഞ്ഞു. എന്നാൽ, ഈ എതിർപ്പ് അവഗണിച്ച് കോൺഗ്രസ് പാർട്ടി സഖ്യവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. 2023 ഓഗസ്റ്റിലാണ് ലവ്ലി പിസിസി അധ്യക്ഷനായത്.
ശിവനും പാപിയും പരാമര്‍ശം സ്വാഗതാര്‍ഹം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഇപി ജയരാജന്‍
ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആവര്‍ത്തിക്കുകയാണ് ഇ പി ജയരാജന്‍. ബിജെപി നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. കാര്യങ്ങള്‍ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേര്‍ന്നുവെന്നും ഇപി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ‘ശിവനും പാപിയും’ പരാമര്‍ശം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് എല്ലാവര്‍ക്കുമുള്ള ഉപദേശമാണ്. തെറ്റുപറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞ ഇ പി ജയരാജന്‍, ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്നും തൃശ്ശൂരിലോ ദില്ലിയിലോ വെച്ച് ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫില്‍ വെച്ച് ബിജെപിയുമായി ചര്‍ച്ച നടത്തിയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്നത്. താന്‍ ഗള്‍ഫില്‍ പോയിട്ട് വര്‍ഷങ്ങളായി എന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്ത് തെളിവുണ്ടായിട്ടാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
‘ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല, ഗുരുതര വീഴ്ചകള്‍’; അന്വേഷണം വേണമെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേര്‍ മടങ്ങിയ സംഭവങ്ങളുണ്ടായി. ആറു മണിക്ക് മുന്‍പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി.
സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, വടകരയില്‍ രാത്രി വൈകിയും നീണ്ട പോളിങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പരാതി നല്‍കാനൊരുങ്ങുകയാണ് യുഡിഎഫ്. യുഡിഎഫ് അനുകൂല ബൂത്തുകളില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂര്‍വം അട്ടിമറി നടത്താന്‍ ശ്രമിച്ചു എന്നാണ് യുഡിഎഫ് ആക്ഷേപം. എന്നാല്‍, വൈകീട്ട് കൂടുതല്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്തിയതാണ് പോളിങ് നീളാന്‍ കാരണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സഞ്ജയ് കൗള്‍ അറിയിച്ചിരുന്നു.
കേരളം ഉറ്റുനോക്കുന്നൊരു മണ്ഡലമാണ് വടകര. ഇഞ്ചോടിഞ്ച് പോരാട്ടമാണ് വടകരയില്‍ നടക്കുന്നത്. യുഡിഎഫിന് വേണ്ടി ഷാഫി പറമ്പില്‍ എല്‍ ഡി എഫിന് വേണ്ടി കെകെ ശൈലജ എന്നിവരാണ് മത്സരിക്കുന്നത്. ഇവര്‍ തമ്മില്‍ തന്നെയാണ് മത്സരം. പ്രഫുല്‍ കൃഷ്ണനാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി.
മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചു; റോഡിനരികില്‍ നിന്നവര്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി
ആലപ്പുഴ: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിമുട്ടി. ശനിയാഴ്ച വൈകീട്ട് ആറരയ്ക്ക് കെ പി റോഡിലെ കരിമുളയ്ക്കല്‍ ജങ്ഷനിലാണ് അപകടം. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
പുനലൂരില്‍ നിന്നു കായംകുളത്തേക്കു പോയ കെഎസ്ആര്‍ടിസി ബസ്സും അടൂരില്‍ നിന്നു കായംകുളത്തേക്കു പോയ അനീഷാ മോള്‍ എന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിമുട്ടിയത്. കരിമുളയ്ക്കല്‍ ജങ്ഷനില്‍ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്ത കെഎസ്ആര്‍ടിസി ബസ്സില്‍ പിന്നാലെ വന്ന സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ വശത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. ഹൈവേ പൊലീസ് എത്തി റോഡില്‍ നിന്നു ബസ്സുകള്‍ മാറ്റിയിടീച്ചു. കെ പി റോഡില്‍ മത്സര ഓട്ടവും അപകടങ്ങളും പതിവായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു.