മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. വിശദമായ ആത്മഹത്യാക്കുറിപ്പ് പൊലീസ് ഫ്‌ലാറ്റില്‍നിന്നും കണ്ടെത്തി. അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചാണ് യുവ ഡോക്ടര്‍ ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്‌ലാറ്റ് മുറിയില്‍ അബോധാവസ്ഥയില്‍ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹ്നയെ കണ്ടെത്തിയത്.
സഹപാഠികളാണ് അബോധവസ്ഥയില്‍ ഷഹ്ന കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനുപിന്നാലെയാണ് ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കുറിപ്പ് കണ്ടെത്തിയത്.
വെഞ്ഞാറമൂട് സ്വദേശിയായ ഷഹ്ന സര്‍ജറി വിഭാഗത്തില്‍ പി ജി ചെയ്യുകയായിരുന്നു. വാപ്പയായിരുന്നു എല്ലാമെന്നും ആശ്രയമായ വാപ്പ മരിച്ചുവെന്നും ഇനി സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലെന്നുമാണ് കുറിപ്പില്‍ പറയുന്നത്. എല്ലാവര്‍ക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അനസ്‌തേഷ്യ മരുന്ന് കൂടുതലായി കുത്തിവച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇനി സഹോദരന്‍ മാത്രമാണുള്ളതെന്നും വിവാഹത്തിന് ഉള്‍പ്പെടെ പണം ആവശ്യമാണെന്നും ഇനി ആര് നല്‍കാനാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം, ഒപ്പം പഠിക്കുന്ന സുഹൃത്തുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്നും ഇവര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ ആ വിവാഹം മുടുങ്ങുന്ന സാഹചര്യമുണ്ടാക്കിയത് ഷെഹ്നയെ വിഷമിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ആത്മഹത്യയില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു.
നവകേരള സദസില്‍ ആളുകളെത്താന്‍ സ്‌കൂളിന്റെ ചുറ്റുമതില്‍ പൊളിച്ചു
പെരുമ്പാവൂരില്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് വഴിയൊരുക്കാനാണ് മതില്‍ പൊള്ളിച്ചത് . പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാന്‍ സ്‌കൂള്‍ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് മതില്‍ പൊളിച്ചത്.
അതേസമയം തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്സ് നടക്കുക. തൃശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം നടക്കും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.
ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശൂര്‍ ജില്ലയ്ക്ക് ശേഷം എറണാകുളത്താണ് നവകേരള സദസ് നടക്കുന്നത്.
ജോലി വാഗ്ദാനം: പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കോട്ടയം ഗവ. ജനറല്‍ ആശുപത്രിയില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ആശുപത്രിയില്‍ ജോലിനല്‍കാമെന്നു പറഞ്ഞ് 50,000 രൂപ കൈപ്പറ്റി വ്യാജ നിയമന ഉത്തരവ് നല്‍കിയായിരുന്നു തട്ടിപ്പ്. മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവിന് കൂടി പങ്കെന്നും സയം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലി നെയാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റുചെയ്തത്.
എം.പി. ക്വാട്ടയില്‍ റിസപ്ഷനിസ്റ്റ് നിയമനം നല്‍കാമെന്നായിരുന്നു കരുനാഗപ്പള്ളി സ്വദേശിയായ യുവതിക്ക് അരവിന്ദ് നല്‍കിയ വാഗ്ദാനം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയിലാണ് അരവിന്ദിനെ അറസ്റ്റു ചെയ്തത്. ജനുവരി 17-ന് ജോലിക്കു ഹാജരാകണമെന്നു കാണിച്ച് കത്തും കൈമാറി.
അരവിന്ദ് പറഞ്ഞതു പ്രകാരം ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്. സംഭവത്തില്‍ യുവതി പരാതി നല്‍കിയിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് കൈമാറിയ കത്തിന്റെ പകര്‍പ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പരാതി നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് നടത്തിയ നിയമനത്തട്ടിപ്പ്: കൂടുതല്‍ പേര്‍ക്ക് പണം നഷ്ടമായെന്ന് വിവരം
ആരോഗ്യവകുപ്പിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നടത്തിയ നിയമനത്തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പണം നഷ്ടമായെന്ന് വിവരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരേയാണ് കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇയാള്‍ ഉള്‍പ്പെട്ട തട്ടിപ്പ് സംഘത്തിനെതിരേ അഞ്ചുപേര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ഇവരില്‍നിന്ന് 50,000 രൂപ മുതല്‍ 1.60 ലക്ഷം രൂപ വരെ തട്ടിയെടുത്തെന്നും മൊഴികളിലുണ്ട്. കോട്ടയം ഗവ. ജനറല്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണം തട്ടിയ സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. എം.പി. ക്വാട്ടയില്‍ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് തസ്തികയില്‍ ജോലി തരപ്പെടുത്തിനല്‍കാമെന്ന് പറഞ്ഞ് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയില്‍നിന്ന് 50,000 രൂപയാണ് ഇയാള്‍ കൈക്കലാക്കിയത്.
ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവും കൈമാറി. തുടര്‍ന്ന് ഈ ഉത്തരവുമായി യുവതി ആശുപത്രിയില്‍ ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടത്. എന്നാല്‍, യുവതി സംഭവത്തില്‍ പരാതി നല്‍കിയിരുന്നില്ല. അതിനിടെ, അരവിന്ദ് വെട്ടിക്കല്‍ കൈമാറിയ വ്യാജ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യവകുപ്പാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വ്യാജ ഉത്തരവ് നിര്‍മിച്ചത് അരവിന്ദ് വെട്ടിക്കലാണെന്ന് കണ്ടെത്തിയ പോലീസ് സംഘം പത്തനംതിട്ടയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇല്ലാത്ത തസ്തികയുടെ പേരിലാണ് അരവിന്ദ് വെട്ടിക്കല്‍ പണം തട്ടിയതെന്നും ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ ഉത്തരവും വ്യാജസീലും ഇയാള്‍ നിര്‍മിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ കൂടുതല്‍പേരുണ്ടെന്നും മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവിനുകൂടി പങ്കുള്ളതായും സംശയിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ സ്മാര്‍ട്ട് റവന്യൂ ഓഫീസുകളുടെ നിര്‍മാണം/ നവീകരണം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ധനകാര്യവകുപ്പ് തുക അനുവദിച്ചത്. കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രമാണ് പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി.
പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയാണ് നിര്‍മിതി കേന്ദ്രത്തിന് ചുമതല നല്‍കിയിരിക്കുന്നത്. കളക്ടര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരമൊരുമാറ്റമെന്ന് റവന്യു വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ബംഗ്ലാവ് നവീകരണത്തിന്റെ നിര്‍വ്വഹന എജന്‍സിയായി പൊതുമരാമത്ത് വകുപ്പിനെ തിരഞ്ഞെടുത്തുകൊണ്ട് സെപ്തംബര്‍ എട്ടിന് റവന്യൂവകുപ്പ് ഉത്തരവിറക്കിയിരുന്നു.
എന്നാല്‍, നവംബര്‍ 15-ന് നിര്‍മിതി കേന്ദ്രത്തിന് നിര്‍മാണചുമതല കൊടുക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രി കെ. രാജന് കളക്ടര്‍ വി.വിഘ്‌നേശ്വരി കത്തയച്ചു. കളക്ടറുടെ ആവശ്യം പരിഗണിച്ചാണ് പൊതുമരാമത്ത് വകുപ്പിനെ നിര്‍മാണ ചുമതലയില്‍നിന്ന് മന്ത്രി കെ. രാജന്‍ ഒഴിവാക്കിയത്. തുടര്‍ന്ന് നിര്‍മിതി കേന്ദ്രയെ നിര്‍മാണചുമതല ഏല്‍പിച്ച് ഡിസംബര്‍ ഒന്നിന് റവന്യുവകുപ്പ് ഉത്തരവും ഇറക്കി.
പൊതുമരാമത്ത് വകുപ്പിനെ വിശ്വാസമില്ലാത്ത കളക്ടറുടെ നടപടിയില്‍ മന്ത്രി മുഹമ്മദ് റിയാസ് അതൃപ്തനാണെന്നാണ് വിവരം.
അതേസമയം, 21 ലൈഫ് മിഷന്‍ വീടുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ തുകക്ക് ആനുപാതികമാണ് കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിനായി അനുവദിച്ച 85ലക്ഷം രൂപയെന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ലൈഫ് മിഷന്‍ നിര്‍മാണം നിലച്ചതോടെ ഒമ്പത് ലക്ഷം പേരാണ് വീടിനായി ക്യൂവില്‍ നില്‍ക്കുന്നത്. 717 കോടി രൂപ ബജറ്റില്‍ ലൈഫ് മിഷന് വകയിരുത്തിയെങ്കിലും വീട് നിര്‍മാണത്തിന് കൊടുത്തത് മൂന്നുശതമാനം മാത്രമാണ്.
‘50,000 തന്നാല്‍ ഒന്നും രണ്ടും സ്ഥാനം തരാം’; സബ് ജില്ല കലോത്സവത്തിന് കോഴ ചോദിച്ചതായി പരാതി
കണിയാപുരം സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനത്തിനായി കോഴ ആവശ്യപ്പെട്ടെന്ന് പരാതി. കേരളനടനം, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിൽ 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടു. ഇടനിലക്കാർ കുട്ടികളുടെ അധ്യാപകരെ വിളിച്ചാണ് കോഴ ആവശ്യപ്പെട്ടത്. കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു.
ജില്ല കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നൃത്താധ്യാപകരെ വിളിച്ച് 50,000 രൂപയാണ് ഇടനിലക്കാർ കോഴ ആവശ്യപ്പെട്ടത്. 40,000 രൂപ കൊടുത്താൽ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് ഇടനിലക്കാർ പറഞ്ഞതായി നൃത്താധ്യാപിക സ്മിതശ്രീ പ്രതികരിച്ചു. നൃത്താധ്യാപകൻ വിഷ്ണു, മേക്കപ്പ് ആർട്ടിസ്റ്റ് ശരത് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് ശബ്ദരേഖയിൽ പറയുന്നു.
സിപിഎം മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി
കോഴിക്കോട്: സിപിഎം മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. ഹിന്ദു മുസ്ലിം വിവാഹം നടന്നാല്‍ മതേതരത്വം ആയെന്ന് സിപിഎം കരുതുന്നുവെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നാസര്‍ ഫൈസി പറഞ്ഞു. എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിലാണ് പരാമര്‍ശം ഉണ്ടായത്.
കോഴിക്കോട് കൊയിലാണ്ടിയിലാണ് പരിപാടി നടന്നത്. പരിപാടിയില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് പങ്കെടുക്കുന്നത്. ഇവരെ അഭിസംബോധന ചെയ്യുമ്പോഴാണ് നാസര്‍ഫൈസിയുടെ പരാമര്‍ശം. ഈ പരിപാടിയില്‍ എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐയ്ക്കുമെതിരെ ഗുരുതര ആരോപണമാണ് നാസര്‍ഫൈസി ഉന്നയിക്കുന്നത്.
പാര്‍ട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാര്‍ട്ടി നേതാക്കന്‍മാരുടെ പിന്‍ബലത്തില്‍ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്ന് നാസര്‍ ഫൈസി കൂടത്തായി പറയുന്നു. സിപിഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഹിന്ദു മുസ്ലിം വിവാഹ നടന്നാല്‍ മതേതരത്വം ആയെന്നാണ് അവര്‍ കരുതുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തു. അതേസമയം, പരിപാടി ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
‘ഗോമൂത്ര സംസ്ഥാനങ്ങള്‍’; പരാമര്‍ശം പിന്‍വലിച്ച് സെന്തില്‍കുമാര്‍,പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ചു
ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങള്‍ക്കെതിരായ ‘ഗോമൂത്ര സംസ്ഥാനങ്ങള്‍’ പരാമര്‍ശം പിന്‍വലിച്ച് ഡി.എം.കെ. എം.പി. ഡി.എന്‍.വി. സെന്തില്‍കുമാര്‍. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ പരാമര്‍ശം മനഃപൂര്‍വ്വമല്ലെന്ന് പറഞ്ഞ സെന്തില്‍കുമാര്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു.
‘ഇന്നലെ ഞാന്‍ നടത്തിയ പരാമര്‍ശം മനഃപൂര്‍വ്വമായിരുന്നില്ല. എന്റെ പരാമര്‍ശം ഏതെങ്കിലും ലോക്സഭാംഗങ്ങളെയോ ജനവിഭാഗങ്ങളെയോ വേദനിപ്പിച്ചെങ്കില്‍ ഞാനത് പിന്‍വലിക്കുന്നു. എന്റെ വാക്കുകള്‍ നീക്കം ചെയ്യണെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.’ -സെന്തില്‍കുമാര്‍ പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ ചൊവ്വാഴ്ച വൈകീട്ട് തന്നെ സെന്തില്‍കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു. അനുചിതമായ രീതിയിലൊരു വാക്ക് ഉപയോഗിച്ചുവെന്നും അതില്‍ തനിക്ക് ദുരുദ്ദേശം ഇല്ലായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്റെ പരാമര്‍ശം തെറ്റായ അര്‍ത്ഥത്തില്‍ പ്രചരിക്കാനിടയായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചിരുന്നു.
സെന്തില്‍കുമാറിന്റെ പരാമര്‍ശം ശരിയായില്ലെന്ന് ഡി.എം.കെ. എം.പി. ടി.ആര്‍. ബാലു ലോക്സഭയില്‍ പറഞ്ഞു. ഡി.എം.കെ. അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ സെന്തില്‍കുമാറിന് താക്കീത് നല്‍കിയെന്നും അദ്ദേഹം സഭയെ അറിയിച്ചു. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി.ജെ.പി. വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമാണ് ഇന്നലെ സെന്തില്‍ കുമാര്‍ പറഞ്ഞത്.
പിന്നാലെ സെന്തില്‍ കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി. രംഗത്തുവന്നു. രാജ്യത്തെ ജനങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡി.എം.കെയ്ക്ക് നന്നായി അറിയാമെന്നായിരുന്നു കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞത്. ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡി.എം.കെയ്ക്ക് ഉടന്‍ മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.
സെന്തില്‍കുമാറിന്റെ പരാമര്‍ശം തള്ളി കോണ്‍ഗ്രസ് നേരത്തേ രംഗത്തെത്തിയിരുന്നു. സെന്തില്‍കുമാറിന്റെ വാക്കുകള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പ്രതികരിച്ചത്.
എന്റെ ധാര്‍മിക മൂല്യങ്ങള്‍ അവരുടെ പ്രശ്നം, ഞാന്‍ അപമാനിതനാണ്: ഫാറൂഖ് കോളേജിനെതിരെ വിമര്‍ശനവുമായി ജിയോ ബേബി
സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ജിയോ ബേബി. കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ തന്നെ വിളിച്ചറിയിക്കുന്നതെന്ന് ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ജിയോബേബി ഇക്കാര്യം പറഞ്ഞത്…
തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണെന്ന കാരണത്താല്‍ സ്റ്റുഡന്റ് യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചതെന്നും താന്‍ അപമാനിതനായെന്നും ജിയോ ബേബി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിദ്യാഭ്യാസ്ഥാപനങ്ങളും അല്ലെങ്കില്‍ വിദ്യാര്‍ഥി യൂണിയനുകള്‍ എന്തുതരം ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ജിയോ ബേബി സൂചിപ്പിച്ചു.
ജിയോ ബേബിയുടെ വാക്കുകള്‍…
‘നമസ്‌കാരം, ഞാന്‍ ജിയോ ബേബി, എനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാനിവിടെ വന്നത്. ഡിസംബര്‍ അഞ്ചിന് ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന സബ്ടില്‍ പൊളിറ്റിക്‌സ് ഓഫ് പ്രസന്റ് ഡേ മലയാള സിനിമ എന്ന വിഷയവുമായി ബന്ധപ്പെട്ട് എന്നെ അവര്‍ ക്ഷണിച്ചിരുന്നു. അതനുസരിച്ച് അഞ്ചാം തിയതി രാവിലെ ഞാന്‍ കോഴിക്കോടെത്തി. കോഴിക്കോട് എത്തിയതിന് ശേഷമാണ് ഞാന്‍ അറിയുന്നത്, ഈ പരിപാടി അവര്‍ റദ്ദാക്കിയെന്ന്. ഇത് കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. അവര്‍ക്കും വളരെ വേദനയുണ്ടായി. പക്ഷേ എന്താണ് കാരണം എന്നു ചോദിക്കുമ്പോള്‍ വ്യക്തമായൊരു ഉത്തരവും അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ വരെ റിലീസ് ചെയ്ത ഈ പരിപാടി പെട്ടെന്ന് മാറ്റിവയ്ക്കാന്‍ കാരണമെന്തെന്ന് അറിയാന്‍ കോളജ് പ്രിന്‍സിപ്പാളിന് ഞാനൊരു മെയില്‍ അയച്ചു. എന്താണ് എന്നെ മാറ്റി നിര്‍ത്തുവാനുള്ള കാരണമെന്ന്. വാട്ട്‌സാപ്പിലും ബന്ധപ്പെട്ടു. പക്ഷേ ഇതുവരെ മറുപടിയില്ല. അതിന് ശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട് ശേഷം ഫാറൂഖ് കോളജിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ ഒരു കത്ത് ഈ എനിക്ക് ലഭിക്കുകയുണ്ടായി. അത് ഫോര്‍വേര്‍ഡ് ചെയ്ത് എനിക്ക് കിട്ടിയതാണ്.
ഫാറൂഖ് കോളജില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നാളെ 5.12.2023-ന് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂണിയന്‍ സഹകരിക്കുന്നതല്ല. എന്റെ ധാര്‍മിക മൂല്യങ്ങളാണ് പ്രശ്‌നമെന്നാണ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പറയുന്നത്. മാനേജ്‌മെന്റ് എന്തുകൊണ്ട് ആ പരിപാടി കാന്‍സല്‍ ചെയ്തതെന്ന് കൂടി എനിക്കിനി അറിയേണ്ടതുണ്ട്. കോഴിക്കോട് വരെ യാത്ര ചെയ്ത് തിരിച്ചുവരണമെങ്കില്‍ ഒരു ദിവസം വേണം. ഇത്രയും ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. അതിനേക്കാളൊക്കെ ഉപരിയായി ഞാന്‍ അപമാനിതനായിട്ടുണ്ട്.
അതിനൊക്കെയുള്ള ഉത്തരം എനിക്ക് കിട്ടണം. അതേപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയും ഞാന്‍ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ഒരു പ്രതിഷേധം ചെയ്തില്ലെങ്കില്‍ അത് ശരിയല്ല. എനിക്ക് മാത്രമല്ല നാളെ ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ഞാന്‍ പ്രതിഷേധിക്കുന്നത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ വിദ്യാര്‍ഥി യൂണിയനുകള്‍ എന്തുതരം ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും എനിക്ക് അറിയേണ്ടതുണ്ട്’- ജിയോ ബേബി പറഞ്ഞു.