മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ച പ്രമുഖ രാഷ്ട്രീയ നേതാവ് പൊലീസ് കസ്റ്റഡിയില്‍. അബ്ദുള്‍ നാസര്‍ മഅ്ദനിക്കൊപ്പം കൊച്ചിയിലെത്തിയ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണ്. നിസാര്‍ മേത്തറിനെതിരെ മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിരുന്നു. അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് അടക്കം പൊലീസില്‍ ഹാജരാക്കിയായിരുന്നു പരാതി നല്‍കിയത്. ഇന്ന് ഉച്ചയോടെയായിരുന്നു നിസാറിനെ അറസ്റ്റ് ചെയ്തത്. കടവന്ത്ര പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
ജയിലില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനെ കാണാന്‍ കൊച്ചിയില്‍ എത്തിയ മഅ്ദനിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കായി മാധ്യമപ്രവര്‍ത്തക നിസാര്‍ മേത്തറിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തുടര്‍ച്ചയായ അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അയച്ചത്.
അര്‍ധരാത്രിയിലും പകലും നിരന്തരമായ ലൈംഗീക ചുവയോടെയുള്ള മെസ്സേജുകള്‍ നിസാര്‍ മേത്തര്‍ തനിക്ക് അയച്ചതായി മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നിസാര്‍ മേത്തര്‍ അയച്ച അശ്ലീല വാട്സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
‘അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യ വിവരങ്ങള്‍ അറിയുന്നതിനും അത് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ എന്നയാളുമായി മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ ബന്ധപ്പെടുകയുണ്ടായി. എന്നാല്‍ ഇതിന് പിന്നാലെ ഇയാള്‍ വാട്സാപ്പില്‍ എനിക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 27ന് അര്‍ദ്ധരാത്രിയില്‍ 2.35നും 3.02നും സമാനമായ സന്ദേശങ്ങള്‍ അയച്ചു. എനിക്ക് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഈ പരാതിക്കൊപ്പം അയക്കുന്നു.’ എന്നാണ് മാധ്യമപ്രവര്‍ത്തക തന്റെ പരാതിയില്‍ വ്യക്തമാക്കിയത്.
നിരന്തരമായ അശ്ലീല സന്ദേശങ്ങള്‍ തുടര്‍ച്ചയായി വന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തക പിഡിപി നേതാവിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്നാണ് കടവന്ത്ര പൊലീസ് നിസാറിനെ കസ്റ്റഡിയിലെടുത്തത്. പരാതി നല്‍കിയിട്ടും പാര്‍ട്ടി നേതൃത്വം ഇയാള്‍ക്കെതിരെ നടപടി എടുത്തില്ലെന്ന ആക്ഷേപവും ഉണ്ട്.