62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മന്ത്രി വി ശിവന്‍കുട്ടി കൊല്ലത്ത് ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹൈസ്‌കൂളിലാണ് സംഘാടക സമിതി ഓഫീസ്. കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂളും മന്ത്രി പ്രകാശനം ചെയ്തു.വേദികള്‍ക്ക് കൊല്ലത്തെ കലാസാംസ്‌കാരിക നായകരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. വേദികളുടെ പേര് മന്ത്രി പ്രഖ്യാപിച്ചു.
എം നൗഷാദ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, കൊല്ലം ജില്ലാ കളക്ടര്‍ ദേവീദാസ് എന്‍ ഐ.എ.എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് ഐ.എ.എസ്, അഡീഷണല്‍ ഡയറക്ടര്‍ എ സന്തോഷ്, കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ജനുവരി നാലു മുതല്‍ എട്ട് വരെയുള്ള തീയതികളില്‍ എല്ലാ വേദികളിലും കൃത്യസമയത്ത് തന്നെ മത്സരങ്ങള്‍ ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും ഉളള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് പൊതു വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. തുടര്‍ന്ന് മേളയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരുടെ യോഗവും ക്യൂ ഐ പി സംഘടനയുടെ യോഗവും ചേരുകയുണ്ടായി.
അയോധ്യരാമ ക്ഷേത്ര ചടങ്ങില്‍ നിലപാട് വ്യക്തമാക്കാതെ കോണ്‍ഗ്രസ്, നേട്ടം സിപിഎമ്മിനോ?
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയരുകയാണ്. രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമോയെന്ന് ദേശീയ നേതൃത്വം നിലപാട് പ്രഖ്യാപിക്കാത്തതില്‍ കുഴങ്ങിയത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വമാണ്. പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നത് ദേശീയ നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് ചടങ്ങില്‍ സോണിയ ഗാന്ധിയോ പ്രതിനിധികളോ പങ്കെടുക്കും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനം ജനുവരി 22നാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭാരത് ന്യായ് യാത്ര ആരംഭിക്കുന്നത് ജനുവരി 14ന്. പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണമുണ്ടെങ്കിലും രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
അതേസമയം ചടങ്ങില്‍ പങ്കെടുക്കും എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ കേരള ഘടകത്തിന് വലിയ തിരിച്ചടിയാകും. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ ആ ഒരൊറ്റ കാരണം കൊണ്ട് കോണ്‍ഗ്രസിനെ കൈവിട്ടേക്കും. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടില്‍ നേരത്തെ തന്നെ മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. പലപ്പോഴും മുസ്ലീം ലീഗ് അത് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പങ്കെടുത്താല്‍ അല്‍പം കൂടി കര്‍ശനമായ നിലപാട് മുസ്ലീം ലീഗിന് സ്വീകരിക്കേണ്ടി വരും. കാരണം മുസ്ലീം ലീഗിന്റെ നിലനില്‍പ്പിനെ കൂടി ബാധിക്കുന്നതായിരിക്കും അത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷങ്ങള്‍ കൈവിടുന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുമെന്ന് സംശയമില്ല.
സമസ്ത അടക്കമുള്ള സംഘടനകള്‍ കോണ്‍ഗ്രസ് രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കരുത് എന്ന് അറിയിച്ചിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസിന്റെ മേല്‍ ആരോപിക്കുന്ന മൃദുഹിന്ദുത്വ നയം കുറച്ച് കൂടി ഊട്ടിയുറപ്പിക്കുന്നതായി മാറുകയും ചെയ്യും.
അതേസമയം ചടങ്ങിലേക്ക് പോകാതിരുന്നാലും കോണ്‍ഗ്രസിന് തിരിച്ചടിയാകും. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ഹിന്ദുക്കളുടെ പിന്തുണ നഷ്ടപ്പെടാനും ഇത് വഴിവെക്കും. കോണ്‍ഗ്രസ് മുസ്ലീം ലീഗിന് അടിമപ്പെട്ടു എന്ന ആരോപണം ബി ജെ പി ഉയര്‍ത്തും എന്നത് തീര്‍ച്ചയാണ്. ഇത് ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. അതു കൊണ്ട് തന്നെ ദേശീയ നേതൃത്വം തീരുമാനം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളത്തിലെ കോണ്‍ഗ്രസും.
അതേസമയം ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് ഉദ്ഘാടനം ചെയുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നും, ക്ഷണം കോണ്‍ഗ്രസ് പൂര്‍ണമായി നിരാകരിക്കണമെന്നും വിഎം സുധീരന്‍ വ്യക്തമാക്കി.
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് മുന്‍ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരനും പ്രതികരിച്ചിരുന്നു. ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോയെന്നതില്‍ ഇതുവരെ നിലപാട് എടുത്തില്ല. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനിക്കും. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഒരിക്കലും പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെ.സിയെ അറിയിച്ചത്. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ സിപിഎമ്മിന്റേത് പോലെ കോണ്‍ഗ്രസിന് നിലപാട് എടുക്കാന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ വെളിപ്പെടുത്തി.ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാല്‍ നിലപാട് അറിയിക്കുമെന്നും കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം നിലപാടെന്ന കെ മുരളീധരന്റെ അഭിപ്രായം എന്തിന്റെ അടിസ്ഥാനത്തിലെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
അതേസമയം വിഷയത്തില്‍ ശശി തരൂര്‍ കൈക്കൊണ്ട നിലപാടും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകണമോ എന്നതു വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടു ക്ഷണം ലഭിച്ചവര്‍തന്നെ പോകണോ വേണ്ടയോ എന്ന തീരുമാനമെടുക്കുന്നതാകും ഉചിതം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്‍പു താന്‍ രാമക്ഷേത്രം സന്ദര്‍ശിക്കില്ല. അങ്ങനെ ചെയ്താല്‍ ആളുകള്‍ ചിലപ്പോള്‍ അതു തെറ്റായ രീതിയിലെടുക്കുമെന്നാണ് ശശിതരൂര്‍ പറഞ്ഞത്. ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്നും മതവിശ്വാസമില്ലാത്ത സി പി എമ്മിന് എളുപ്പത്തില്‍ തീരുമാനമെടുക്കാം എന്നും തരൂര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കാനാണ് ബി ജെ പി. ശ്രമം എന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. ബി ജെപിക്ക് തങ്ങളെ കെണിയില്‍പ്പെടുത്താന്‍ കഴിയില്ല എന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.
അതേസമയം വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ച സി പി എമ്മിന്റെ നയമാണ് കേരളത്തില്‍ കൈയടി ഉയരുന്നത്. ഇത് സി പി എമ്മിന് രാഷ്ട്രീയമായ ഒരു മേധാവിത്വം നല്‍കി എന്നതും സത്യമാണ്. കോണ്‍ഗ്രസ് ഇനി എന്ത് നിലപാട് സ്വീകരിച്ചാലും സി പി എമ്മിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയ്യക്കും നിലപാടിനും കൈയടി നേടുന്നു എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാമക്ഷേത്ര ട്രസ്റ്റ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പങ്കെടുക്കില്ല എന്ന മറുപടിയാണ് യെച്ചൂരി നല്‍കിയത്. ഇത് സി പി എമ്മിന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ കൂടി സ്വീകാര്യത നേടിയിട്ടുണ്ട്. രാമക്ഷേത്ര ചടങ്ങിലേക്ക് തങ്ങള്‍ ഇല്ല എന്ന് വ്യക്തമാക്കുന്നതിലൂടെ അത് അരക്കിട്ടുറപ്പിക്കാന്‍ സി പി എമ്മിന് സാധിച്ചിട്ടുണ്ട്. ഇനി കോണ്‍ഗ്രസ് ചടങ്ങില്‍ പങ്കെടുക്കുകയാണെങ്കില്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി പി എമ്മിനും ഇടത് മുന്നണിക്കും നേട്ടമായിരിക്കും.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് സമസ്തയുടെ മുഖപത്രത്തിലെ എഡിറ്റോറിയലില്‍. ‘പള്ളി പൊളിച്ചിടത്ത് കാലു വയ്ക്കുമോ കോണ്‍ഗ്രസ്’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന ഇടതുപാര്‍ട്ടികളുടെ നിലപാട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് പുനര്‍ചിന്തനം ഉണ്ടായില്ലെങ്കില്‍ 2024ലും ബിജെപി തന്നെ രാജ്യം ഭരിക്കുമെന്നും സമസ്തയുടെ മുഖപത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യെച്ചൂരിയും ഡി.രാജയും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കി. ആ ആര്‍ജവവും സ്ഥൈര്യവുമാണ് സോണിയഗാന്ധി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നതെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. മൃദു ഹിന്ദുത്വ നിലപാടാണ് മൂന്നു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്. മതേതര ജനാധിപത്യകക്ഷികളെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള നിലപാടിലേക്ക് ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം തിരിച്ചുപോകണം. കടുംപിടിത്തങ്ങള്‍ക്കു പകരം ‘ഇന്ത്യ’ സഖ്യത്തിലെ ഇതര പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നതിനൊപ്പം വിട്ടുവീഴ്ചകള്‍ക്കും കോണ്‍ഗ്രസ് സന്നദ്ധമാവണം.
ഗുജറാത്തില്‍ സ്വീകരിച്ച് പരാജയപ്പെട്ട മൃദുഹിന്ദുത്വ സിദ്ധാന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ വിവേകവും കോണ്‍ഗ്രസ് നേതൃത്വം കാണിക്കണം. അതോടൊപ്പം രാജ്യത്തെ മതവല്‍ക്കരിക്കാനുള്ള ബിജെപിയുടെ കെണികളില്‍ വീഴാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത കൈവിടുകയും അരുത്. അതല്ലെങ്കില്‍ ആ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച ലക്ഷക്കണക്കിന് ദലിതരും മതന്യൂനപക്ഷങ്ങളും അവര്‍ക്ക് അഭയമേകുന്ന, അവരുടെ ജീവനും വിശ്വാസങ്ങളും സംരക്ഷിക്കുമെന്നുറപ്പുള്ള രാഷ്ട്രീയ ബദലുകളിലേക്കു ചേക്കേറുമെന്നും സമസ്തയുടെ മുഖപത്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്.
സമസ്തയുടെ നിലപാട് എന്തായാലും സിപിഎമ്മിന് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് രാഷ്ടട്രീയ നീരിക്ഷകരും പറയുന്നു. വ്യക്തമായ നിലപാടും രാഷ്ട്രീയവും സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും ഇതുവരെയും തീരുമാനം അറിയിക്കാന്‍ കോണ്‍ഗ്രസിന് എന്തിനാണ് മൗനം എന്നാണ് ചോദ്യമുയരുന്നത്.
ഇന്ത്യക്കാരടക്കം 72 പേര്‍ കൊല്ലപ്പെട്ട നേപ്പാള്‍ വിമാന അപകടത്തിന് പിന്നില്‍ മനുഷ്യ പിഴവ്,കണ്ടെത്തല്‍
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയില്‍ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യെതി എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത് മനുഷ്യ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. അഞ്ചംഗ അന്വേഷണ കമ്മീഷന്‍ വ്യാഴാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിമാനം തകര്‍ന്നത് മനുഷ്യ പിഴവ് മൂലമാണെന്ന് വ്യക്തമാക്കിയതായി നേപ്പാളിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിമാനാപകടം നടന്ന ദിവസം തന്നെ സര്‍ക്കാര്‍ അഞ്ചംഗ അന്വേഷണ കമ്മീഷനെ രൂപീകരിച്ചിരുന്നു. മുന്‍ സെക്രട്ടറി നാഗേന്ദ്ര പ്രസാദ് ഗിമിറെയുടെ ഏകോപനത്തില്‍ രൂപീകരിച്ച കമ്മീഷന്‍ സാംസ്‌കാരിക, ടൂറിസം, വ്യോമയാന മന്ത്രി സുഡാന്‍ കിരാതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് എട്ട് മാസവും മൂന്ന് ദിവസവും എടുത്തു. അന്വേഷണ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മന്ത്രി കിരാതി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.
നേപ്പാളി ആര്‍മിയുടെ വിരമിച്ച ക്യാപ്റ്റന്‍ ദീപക് പ്രകാശ് ബസ്‌തോല, റിട്ടയേര്‍ഡ് ക്യാപ്റ്റന്‍ സുനില്‍ ഥാപ്പ, എയ്റോനോട്ടിക്കല്‍ എഞ്ചിനീയര്‍ എക്രാജ് ജംഗ് ഥാപ്പ, സാംസ്‌കാരിക, ടൂറിസം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ബുദ്ധി സാഗര്‍ ലാമിച്ചനെ എന്നിവരാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങള്‍.
ജനുവരി 15-നാണ് ജീവനക്കാരടക്കം 72 പേരുടെ മരണത്തിനിടയായ വിമാന അപകടം നേപ്പാളില്‍ നടന്നത്. പൊഖാറയില്‍ ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് യെതി എയര്‍ലൈന്‍സിന്റെ 9ചഅചഇ അഠഞ72 വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്ന് വീഴുകയായിരുന്നു. ദുരന്തത്തില്‍ മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നു.
അഭിഷേക് കുശ്വാഹ (25), ബിഷാല്‍ ശര്‍മ (22), അനില്‍ കുമാര്‍ രാജ്ഭാര്‍ (27) സോനു ജെയ്സ്വാള്‍ (35), സഞ്ജയ ജയ്സ്വാള്‍ (26) എന്നീ ഇന്ത്യക്കാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.