കെ. മുരളീധരന്റെ വര്‍ക് അറ്റ് ഹോം പരാമര്‍ശത്തിനേതിരേ രൂക്ഷവിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പത്മജ പറഞ്ഞു. ആരോഗ്യ പ്രശ്നമടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിനുവേണ്ടിയാണ്. മൂന്നു നാല് പാര്‍ട്ടി മാറി വന്ന ആളായതുകൊണ്ട് എന്തും പറയാം. കൂടുതല്‍ ഒന്നും പറയുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയില്‍ എത്തുമെന്നും പത്മജ പറഞ്ഞു. ബി.ജെ.പി. അംഗത്വമെടുത്ത് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.
എത്രയോ ആളുകള്‍ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയി. അച്ഛന്‍ വരെ പോയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ച നേതാക്കളെ കുറിച്ച് കൃത്യമായി അറിയാം. പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. സ്വന്തം മണ്ഡലത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കേരളത്തില്‍നിന്ന് പോയാലോ എന്ന് വരെ ചിന്തിച്ചു. കെ.പി.സി.സി. പ്രസിഡന്റിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞുവെന്നും അവര്‍ പറഞ്ഞു.
കെ.കരുണാകരനെ പോലും ചില നേതാക്കള്‍ അപമാനിച്ചു. നേതൃത്വത്തോട് പറഞ്ഞെങ്കിലും നിസ്സാരമായി എടുക്കുകയായിരുന്നു. തന്റെ അമ്മയെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കും. കെ. കരുണാകരന്റെ മകള്‍ അല്ല എന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുല്‍ ടി.വിയില്‍ ഇരുന്ന് നേതാവായ ആളാണ്. അയാള്‍ ജയിലില്‍ കിടന്ന കഥയൊക്കെ അറിയാമെന്നും തന്നെകൊണ്ട് പറയിപ്പിക്കരുതെന്നും പത്മജ വ്യക്തമാക്കി. ഒരു കുടുംബത്തില്‍നിന്ന് മറ്റൊരു കുടുംബത്തില്‍ വന്നതുപോലെയുള്ള വ്യത്യാസമെ ഇപ്പോള്‍ ഉള്ളു. കെ.ജി. മാരാര്‍ എല്ലാ മാസവും അച്ഛനെ കാണാന്‍ വരുമായിരുന്നു. തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നും അവര്‍ പറഞ്ഞു.
സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു
എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. എക്സിലെ കുറിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പങ്കുവെച്ചത്. സുധാ മൂർത്തി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതിൽ ആഹ്ലാദമുണ്ട്. രാജ്യസഭയിലെ അവരുടെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇൻഫോസിസ് കമ്പനി സഹസ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്സണുമാണ് സുധ. 2006-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 2023-ൽ പത്മഭൂഷണും ലഭിച്ചു.
കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ സുധാ മൂർത്തി എഴുതാറുണ്ട്. ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ്മദർ ടു റീഡ്, മഹാശ്വേത, ഡോളർ ബഹു തുടങ്ങിയവയാണ് അവരുടെ പ്രധാന രചനകൾ.
നിരവധി അനാഥാലയങ്ങൾ സുധ സ്ഥാപിക്കുകയും ഗ്രാമീണ മേഖലയുടെ വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത, രോഹൻ മൂർത്തി എന്നിവരാണ് മക്കൾ.
‘ദ് കപിൽ ശർമ്മ ഷോ’യിലാണ് ലണ്ടൻ യാത്രയ്ക്കിടെയുണ്ടായ സംഭവം സുധാ മൂർത്തി ഓർത്തെടുത്തത്. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകൾ അക്ഷത മൂർത്തിയുടെ ഭർത്താവ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ആണ്.
തന്റെ സഹോദരിയുമായുള്ള യാത്രയ്ക്കിടെ ലണ്ടനിൽ എത്തിയപ്പോഴായിരുന്നു എവിടെയാണ് താമസമെന്നത് വ്യക്തമാക്കണമെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞത്. മകൾ അക്ഷതാ മൂർത്തിക്ക് പുറമെ മകനും ലണ്ടനിലാണ് താമസം. എന്നാൽ വിലാസം പൂർണമായി അറിയാത്തതിനാൽ അവർ തന്നെ ഫോമിൽ നമ്പർ ’10 ഡൗണിങ് സ്ട്രീറ്റ്’ എന്ന് പൂരിപ്പിച്ച് നൽകി. എന്നാൽ ‘നിങ്ങളെന്താ തമാശ പറയുകയാണോ’ എന്നായിരുന്നു മറുപടി. താൻ പറഞ്ഞത് സത്യമെന്നത് വിശ്വസിക്കാൻ ഉദ്യോഗസ്ഥന് സമയമെടുത്തുവെന്നും സുധാ മൂർത്തി ഓർത്തെടുക്കുന്നു.
‘എന്റെ മരുമകൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണെന്നത് പറഞ്ഞാൽ പലപ്പോഴും വിശ്വസിക്കാൻ പാടാണ്. തന്റെത് ലളിതമായ രീതി ആയതിനാൽ തെറ്റിധരിപ്പിക്കുക ആണെന്നാണ് പലരുടേയും വിചാരം. ലളിതമായി കഴിയുന്ന എഴുപത്തിരണ്ടുകാരിയായ ഞാൻ, മരുമകൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണെന്ന് പറഞ്ഞാൽ എങ്ങനെ മറ്റുള്ളവർ വിശ്വസിക്കും’- സുധ
പത്മജയെ ബി.ജെ.പിയിലെത്തിച്ചത് റിട്ട ഐപിസ് ഉദ്യോഗസ്ഥന്‍, ചെയ്തത് പിണറായിക്കു വേണ്ടിയെന്ന് വി.ഡി. സതീശന്‍
പത്മജാ വേണുഗോപാലിനെ ബി.ജെ.പിയില്‍ എത്തിച്ചത് വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇടനില വഹിച്ച ഉദ്യോഗസ്ഥന്‍ കേരളത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയാണ് ഇക്കാര്യം ചെയ്തതെന്നും സതീശന്‍ ആരോപിച്ചു. ബെഹ്റയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്വേഷിച്ച് കണ്ടെത്താന്‍ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ. മുരളീധരന്‍ എം.പിയുടെ സഹോദരിയുമായ പത്മജ, വ്യാഴാഴ്ചയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍നിന്ന് നേരിട്ട അവഗണനമൂലമാണ് പാര്‍ട്ടിവിട്ടത് എന്നായിരുന്നു പത്മജ പറഞ്ഞത്. ഇന്ന് (വെള്ളിയാഴ്ച) ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ പത്മജയ്ക്ക് വലിയ സ്വീകരണമായിരുന്നു ബി.ജെ.പി. പ്രവര്‍ത്തകര്‍ ഒരുക്കിയത്.
നില്‍ക്കണോ പോകണോ?; സി.പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രനായി വലവീശി ബി.ജെ.പി
ദേവികുളം മണ്ഡലത്തിലെ സി.പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രനായി വലവീശി ബി.ജെ.പി. മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച രാജേന്ദ്രന്‍, പക്ഷേ ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്ത നിഷേധിച്ചു.
രാജേന്ദ്രനെ പാളയത്തിലെത്തിക്കാനുള്ള നീക്കം കുറച്ചുകാലമായി ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട് എന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് ഒരുമാസം മുന്‍പ്, കെ. സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഇടുക്കിയിലെത്തിയപ്പോള്‍ രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയത്.
രാജേന്ദ്രന്റെ മൂന്നാറിലെ വീട്ടിലെത്തി മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ ചര്‍ച്ച നടത്തി. ഇതിന് പുറമേ പി.കെ. കൃഷ്ണദാസ് അദ്ദേഹവുമായി ഫോണിലും ചര്‍ച്ച നടത്തിയെന്നാണ് വിവരം. തമിഴ്നാട്ടില്‍നിന്നുള്ള ബി.ജെ.പിയുടെ ഒരു ദേശീയനേതാവു കൂടി രാജേന്ദ്രനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഈ വാര്‍ത്തകളൊന്നും ബി.ജെ.പി. വൃത്തങ്ങള്‍ നിഷേധിച്ചിട്ടില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സി.പി.എം. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ഇടപെടലുകള്‍ പലഘട്ടത്തിലും നടന്നിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, രാജേന്ദ്രനുമായി ചര്‍ച്ച നടത്തി.
ആ സമയത്താണ് ബി.ജെ.പി. നേതാക്കള്‍ തന്നെ സമീപിച്ച കാര്യം രാജേന്ദ്രന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല. അതേസമയം താന്‍ ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത എസ്. രാജേന്ദ്രന്‍ നിഷേധിച്ചു. ബി.ജെ.പിയെ കൂടാതെ ചില തമിഴ് രാഷ്ട്രീയ സംഘടനകളും രാജേന്ദ്രനെ സമീപിച്ചിരുന്നു.
പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ തൃശ്ശൂരില്‍ കെ.മുരളീധരനായി ചുവരെഴുത്തിനിറങ്ങി ടി.എന്‍.പ്രതാപന്‍
കോണ്‍ഗ്രസ് സ്ഥനാര്‍ഥി പട്ടിക പുറത്ത് വരാനിരിക്കെ തൃശ്ശൂരില്‍ കെ.മുരളീധരന് വേണ്ടി ചുവരെഴുതി സിറ്റിങ് എം.പി. ടി.എന്‍.പ്രതാപന്‍. വടകര എംപിയായിരുന്ന മുരളീധരന്‍ തൃശ്ശൂരിലേക്ക് മാറുമെന്ന് ഉറപ്പിച്ചതോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രതാപന്‍ മുരളീധരന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം ഇരുകൈയോടെയും സ്വീകരിക്കുമെന്ന് പ്രതാപന്‍ വ്യക്തമാക്കുകയും ചെയ്തു.
തൃശ്ശൂരിലെ സിറ്റിങ് എംപിയായ പ്രതാപന്‍ വീണ്ടും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രതാപന്‍ തൃശ്ശൂരില്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു. 150 ഓളം സ്ഥലങ്ങളില്‍ പ്രതാപന് വേണ്ടി ചുവരെഴുത്തുകള്‍ നടത്തുകയും ആയിരക്കണക്കിന് പോസ്റ്ററുകള്‍ ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സെന്‍ട്രല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നാടകീയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തൃശ്ശൂര്‍ ഡിസിസി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതാപനെ നിയമസഭയിലേക്ക് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയതായാണ് വിവരം. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പായി കോണ്‍ഗ്രസ് നേതൃത്വം തന്നോട് ആശയവിനിമയം നടത്തിയിരുന്നതായി പ്രതാപന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തൃശ്ശൂരിലെ സ്ഥാനാര്‍ഥി മാറ്റം എന്നതും ശ്രദ്ധേയമാണ്. കെ.കരുണാകരന്റെ തട്ടകമായിരുന്ന തൃശ്ശൂരില്‍ അദ്ദേഹത്തിന്റെ മകളിലൂടെ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് കെ.മുരളീധരനിലൂടെ മറുപടി നല്‍കാനാണ് കോണ്‍ഗ്രസിന്റെ തയ്യാറെടുപ്പ്.
കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥിപ്പട്ടിക രാത്രിയോടെ പ്രഖ്യാപിക്കും
കോൺഗ്രസിന്റെ ലോക്‌സഭാ സ്ഥാനാർത്ഥിപ്പട്ടിക രാത്രിയോടെ പ്രഖ്യാപിച്ചേക്കും. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലും ധാരണയായെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും ഇന്നലെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ആലപ്പുഴ സീറ്റിലെ കെ.സിയുടെ സ്ഥാനാർത്ഥിത്വത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായതായാണ് വിവരം.
രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും ഒരു സംസ്ഥാനത്ത് മത്സരിക്കുന്നത് വേണോ എന്നാണ് ഐസിസിസി വിലയിരുത്തുന്നത്. ആലപ്പുഴയിൽ കെസി അല്ലെങ്കിൽ മറ്റാര് എന്നതും ചർച്ച ചെയ്യുന്നുണ്ട്. മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനേയും പരിഗണിക്കുന്നതായാണ് വിവരം. വടകരയിലും തൃശൂരിലുമുളള ധാരണയിൽ മാറ്റമുണ്ടാകില്ല.
പത്മജാ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്റെ തട്ടകത്തിൽ പരിഹരിക്കുകയാണ് കോൺഗ്രസ്. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന തൃശ്ശൂർ മണ്ഡലത്തിൽ, നേരിട്ടുള്ള മത്സരത്തിനാണ് മുരളീധരൻ ഒരുങ്ങുന്നത്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം, തൃശ്ശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
മുരളി ഒഴിയുന്ന വടകരയിൽ കെ കെ ശൈലജയെ നേരിടാൻ ഷാഫി പറമ്പിലെത്തും. സാമുദായിക പരിഗണ കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്ന് ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ മത്സരിപ്പിക്കുന്നത്. ടി സിദ്ദിഖിന്റെ പേരും അവസാനഘട്ടം വരെ പരിഗണിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി തുടരും. കണ്ണൂരിൽ കെ സുധാകരനും വീണ്ടും മത്സരിക്കും. ഈഴവ-മുസ്ലിം പ്രാധാന്യം ഉറപ്പായതോടെ ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കാനാണ് നിലവിലെ ധാരണയെങ്കിലും രാഹുലും കെസിയും കേരളത്തിൽ മത്സരിക്കുന്നത് വേണോ എന്നാണ് എഐസിസി ചിന്തിക്കുന്നത്. ബാക്കി സിറ്റിംഗ് എംപിമാർ എല്ലാവരും തുടരും.
തിരുവനന്തപുരത്ത് ശശി തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, പത്തനംതിട്ടയിൽ ആന്റോ ആന്റണി, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡൻ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ചാലക്കുടിയിൽ ബെന്നി ബഹനാൻ, പാലക്കാട് വികെ ശ്രീകണ്ഠൻ, ആലത്തൂരിൽ രമ്യ ഹരിദാസ്, കോഴിക്കോട് എംകെ രാഘവൻ, കാസർകോട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എന്നീ സിറ്റിംഗ് എംപിമാർ വീണ്ടും മത്സരിക്കും.
പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഗുണം ചെയ്യില്ലെന്ന നേതൃത്വത്തിൽ ചിന്തയാണ് സർപ്രൈസ് സ്ഥാനാർത്ഥത്തിന് കാരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് കെ മുരളീധരനെ തൃശ്ശൂരിലേക്ക് നിർദ്ദേശിച്ചത്. ടി എൻ പ്രതാപന് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകും.
വനിതകള്‍ക്ക് സമ്മാനം: എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച് കേന്ദ്രം
വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാന്‍ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാചകവാതകത്തെ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുക വഴി കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്, മോദി പറഞ്ഞു. വനിതാശാക്തീകരണവും സ്ത്രീകളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 100 രൂപ കുറയുന്നതോടെ നിലവില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയില്‍ നിന്ന് 810 ആയിമാറും.
അതേസമയം, ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്‌സിഡി ഒരുവര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. 14.2 കിലോഗ്രാം എല്‍.പി.ജി. സിലിണ്ടറിനുള്ള 300 രൂപ സബ്‌സിഡിയാണ് 2025 മാര്‍ച്ച് വരെ നീട്ടാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് പാവപ്പെട്ടവര്‍ക്കായുള്ള ഉജ്ജ്വല യോജന പ്രകാരമുള്ള സിലിണ്ടറുകളുടെ സബ്‌സിഡി 300 രൂപയാക്കിയത്. പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന് 12,000 കോടി രൂപ അധികമായി ചെലവാകും. 10 കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.