ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ്‌വേയിലെ യാത്രക്കാര്‍ക്ക് ഇനി ലൈസന്‍സ് നഷ്ടപ്പെട്ടേക്കാം. അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കാണ് ഇനി എട്ടിന്റെ പണി കിട്ടുക. എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് ശേഷം അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
2023 മാര്‍ച്ചിലായിരുന്നു എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നടന്നത്. അമിതവേഗതയും ട്രാഫിക് നിയന്ത്രണങ്ങളുടെ ലംഘനവും മൂലം 91 അപകട മരണങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 100 കിലോമീറ്റര്‍ വേഗപരിധി കവിഞ്ഞ് പോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ ഇന്റര്‍സെപ്റ്ററുകള്‍ ഘടിപ്പിക്കാനും ജില്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ പദ്ധതിയിടുന്നുണ്ട്.
ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അമിത വേഗതയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമായി പൊലീസ് വിരിച്ച വലയില്‍ നിയമലംഘകര്‍ കുടുങ്ങുമെന്നതില്‍ സംശയമില്ല. കരശന നിയമനടപടികളിലേയ്ക്കാണ് പോലീസ് പോകുന്നത്.
രാമനഗര ജില്ലയിലെ എക്സ്പ്രസ് വേയില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടു. എഡിജിപി (ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി) അലോക് കുമാര്‍ ഇതില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കുന്ന രീതിയില്‍ കര്‍ശന നടപടികളിലേയ്ക്ക് കടന്നത്.
ചെറിയ വാഹനങ്ങള്‍ പോലും അമിത വേഗത്തില്‍ സഞ്ചരിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനുകളിലും എതിരെ വരുന്ന വാഹനങ്ങളിലും ഇടിച്ച് അപകടം ഉണ്ടകുന്നത് പതിവാണ്. ഇത്തരം അശ്രദ്ധമായ ഡ്രൈവിംഗ് റോഡ് സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും എഡിജിപി പറഞ്ഞു.
അപകടങ്ങളുടെ പ്രധാന കാരണമായി വിദഗ്ധര്‍ പറഞ്ഞത്, അമിതവേഗത, റോഡിന്റെ നിര്‍മ്മാണത്തിലുള്ള പിഴവ്, റോഡ് നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ എന്നിവയാണ്. ആ കണ്ടെത്തലിന് ശേഷം അപകടസാധ്യത ലഘൂകരിക്കുന്നതിനായി എക്സ്പ്രസ് വേയില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
മുഴുവന്‍ ഭാഗത്തും വ്യക്തവും ദൃശ്യവുമായ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ റോഡ് സുരക്ഷാ പദ്ധതികള്‍ നടപ്പാക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൈവോക്കുകള്‍ നിര്‍മ്മിക്കുക, അമിതവേഗതയില്‍ വരുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി സ്പീഡ് ഡിറ്റക്റ്റിംഗ് ക്യാമറകള്‍ സ്ഥാപിക്കുക, പ്രധാന പാതയില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക എന്നിവ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നുെവന്നും അദ്ദേഹം പറഞ്ഞു.
എക്സ്പ്രസ് വേയില്‍ അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ജൂണ്‍ 23ന് കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു. മോട്ടോര്‍വേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങളുണ്ടാകാമെന്നും അത് അറിയിക്കുമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
ബെംഗളൂരു-മൈസൂരു യാത്രാ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ നിന്ന് ഏകദേശം 75 മിനിറ്റായി കുറയ്ക്കുന്നതിനാണ് പുതിയ ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ് വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ 9,000 കോടി രൂപ മുതല്‍മുടക്കില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന് കീഴില്‍ രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിനുമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) യുടെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
ആത്മഹത്യയില്‍ നിന്ന് നിറക്കൂട്ടുകളാല്‍ വര്‍ണാഭമായ ജീവിതത്തിലേയ്ക്ക്; പോരാട്ടത്തിന്റെ ഓര്‍മ്മകളില്‍ ക്വീര്‍ മനുഷ്യര്‍
2009ലാണ് ചെന്നൈ ആദ്യമായി പ്രൈഡ് മാര്‍ച്ചിന് സാക്ഷ്യം വഹിച്ചത്. ശേഷം, ഏകദേശം ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍, ഇത്തവണ പ്രൈഡ് മാര്‍ച്ചിന് പ്രാധാന്യം കൈവരുന്നത് വൈവാഹിക ജീവിതത്തില്‍ പങ്കാളികള്‍ക്കുള്ള തുല്യ പ്രാധാന്യത്തെക്കുറിച്ചുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ്.
14 വര്‍ഷം മുമ്പ് ചെന്നൈ റെയിന്‍ബോ പ്രൈഡ് മാര്‍ച്ചിന്റെ തുടക്കത്തിന് കാരണമായത് നിരവധി സംഭവങ്ങളായിരുന്നു. വര്‍ധിച്ചു വന്ന ആത്മഹത്യകള്‍, വ്യക്തികള്‍ വല വിധത്തില്‍ നേരിട്ട പീഡനങ്ങള്‍ എന്നിവയെല്ലാം മാര്‍ച്ചിന്റെ ജനനത്തിനുള്ള കാരണങ്ങളായി.
ചെന്നൈയിലെ ക്വീര്‍ കമ്മ്യൂണിറ്റിയുടെ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമാണ് കുടുംബാംഗങ്ങളുടെ പീഡനത്തിനും ആക്രമണത്തിനും ഇരയായ ലെസ്ബിയന്‍ സ്ത്രീകളായ ക്രിസ്റ്റി ജയന്തി മലര്‍, രുക്മിണിയുടെയും ആത്മഹത്യ. ഇരുവരുടെയും മരണം തമിഴ്നാട്ടിലെ LGBTQIA+ അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു നിര്‍ണായക ഏടായി. ഈ സംഭവം, ക്വീര്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റുകളെ ഒരുമിച്ച് കൊണ്ടുവന്ന് സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കാന്‍ ഉത്തേജനമായി. അങ്ങനെ ക്വീര്‍ മാസം LGBTQIA+ കമ്മ്യൂണിറ്റികളുടെ ആഘോഷ മാസമായി.
തമിഴ് എഴുത്തുകാരന്‍ ഗിരീഷാണ് ഇന്ത്യയില്‍ ക്വീര്‍ ഹിസ്റ്ററി മാസമായി ആചരിക്കാനുള്ള ആശയം ആദ്യമായി കൊണ്ടുവന്നത്. ഞങ്ങള്‍ ബ്ലാക്ക് ഹിസ്റ്ററി മാസവും ദളിത് ഹിസ്റ്ററി മാസവും ആചരിക്കുന്നു. ഒപ്പം ജൂണിനെ ക്വീര്‍ ഹിസ്റ്ററി മാസമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഗിരീഷ് വ്യക്തമാക്കി.
വര്‍ഷങ്ങളായി രാജ്യത്ത് പ്രൈഡ് മന്ത് ആഘോഷിക്കുന്നുണ്ടെങ്കിലും, ഈ വര്‍ഷം, ചരിത്രത്തിലെ പ്രധാന വ്യക്തികളെ ഓര്‍മ്മിക്കാനും LGBTQIA + വ്യക്തികളുടെ ചരിത്രങ്ങള്‍ ജനങ്ങളെ അറിയിക്കുവാനും ക്വീര്‍ മാസം സഹായിക്കും.
വിചിത്രമായ ചരിത്രങ്ങള്‍
1970-കളില്‍ അമേരിക്കയില്‍ നടന്ന LGBTQIA+ അവകാശ പ്രസ്ഥാനത്തിലെ ഒരു പ്രമുഖ വ്യക്തിയായിരുന്നു മാര്‍ഷ പി ജോണ്‍സണ്‍. 1969 ജൂണ്‍ 28-ന് സ്റ്റോണ്‍വാള്‍ ഇന്നില്‍ നടന്ന പൊലീസ് റെയ്ഡിനെതിരായ പോരാട്ടത്തില്‍ മാര്‍ഷയും അമേരിക്കന്‍ ബച്ച് ലെസ്ബിയന്‍ സ്ത്രീയായ Stormé DeLarverie-യെപ്പോലുള്ള മറ്റുള്ളവരും ഉണ്ടായിരുന്നു. ഇത് പിന്നീട് സ്റ്റോണ്‍വാള്‍ പ്രക്ഷോഭം എന്നറിയപ്പെട്ടു.
തമിഴ്‌നാട്ടില്‍, 2008 മെയ് 17, LGBTQIA+ വിഭാഗത്തിന്റെ ചരിത്രത്തിലെ തന്നെ ഏറെ പ്രധാനപ്പെട്ട ദിവസമായിരുന്നു. അന്ന് രാവിലെ തിരുവൊട്ടിയൂരിലെ ഒരു വീട്ടില്‍ രണ്ട് സ്ത്രീകളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ച നിലയില്‍ കണ്ടെത്തിയത് ഏവരേയും നടുക്കി. കുടുംബാംഗങ്ങളുടെ പീഡനത്തിനും ആക്രമണത്തിനും ഇരയായ ലെസ്ബിയന്‍ സ്ത്രീകളായ ക്രിസ്റ്റി ജയന്തി മലര്‍ (38), രുക്മിണി (40) എന്നിവരായിരുന്നു അവര്‍. സ്ത്രീകളുടെ മരണം LGBTQIA+ സമൂഹത്തെ തന്നെ സാരമായി തന്നെ ബാധിച്ചു. മുന്നോട്ടുള്ള പാത എത്ര ദുര്‍ഘടമാണെന്ന് അന്നവര്‍ തിരിച്ചറിഞ്ഞു.
മാര്‍ഷ പി ജോണ്‍സണും ക്രിസ്റ്റിയും രുക്മിണിയും ചരിത്രത്തില്‍ ഇടം നേടാനുള്ള കാരണവും ക്വിയര്‍ റൈറ്റ് ആക്ടിവിസത്തില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തികള്‍ക്ക് ശക്തിയായതും ഇവരുടെ ജീവിത കഥയാണ്. കാരണം അവര്‍ സമൂഹത്തില്‍ ഏറെ പ്രശ്‌നങ്ങളും പീഡനങ്ങളും അനുഭവിക്കുന്ന വലിയ വിഭാഗത്തെ ഇവര്‍ പ്രതിനിധീകരിക്കുന്നു എന്നത് തന്നെയാണ്. ഇനിയും ഇത്തരത്തില്‍ കൊല്ലപ്പെട്ടവരും ആത്മഹത്യ ചെയ്തവരും ഉണ്ട് എന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രൈഡ് മാര്‍ച്ച് തന്നെ വര്‍ഷങ്ങള്‍ കൊണ്ട് മാറ്റങ്ങള്‍ക്ക് വിധേയമായി ഇപ്പോഴുള്ള രീതിയില്‍ എത്തിയതാണ്. ആദ്യത്തെ പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പലരും ഭയപ്പെട്ടിരുന്നു. സംരക്ഷണത്തിനായി പൊലീസിനെ വിന്യസിച്ചെങ്കിലും തങ്ങള്‍ ആക്രമിക്കപ്പെടുമോ, എത്രത്തോളം സുരക്ഷിതരാണ് എന്നുള്ള ഭയം അവരില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പ്രൈഡ് മാര്‍ച്ച് അതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. ആയിരങ്ങള്‍ പങ്കെടുത്ത് ആഘോഷിച്ച് കാര്‍ണിവലിന് സമാനമായ ആഘോഷമായിരുന്നു ഇത്തവണ സംഘടിപ്പിച്ചത്.
എന്‍ജിഒ ഗ്രൂപ്പ് പ്രവര്‍ത്തകനായ എല്‍ രാമകൃഷ്ണന്‍ ക്രിസ്റ്റിയുടെയും രുക്മിണിയുടെയും മരണം LGBTQIA+ വിഭാഗത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലേക്ക് വഴിവെച്ചതെങ്ങനെയെന്ന് വ്യക്തമാക്കുന്നുണ്ട്.
”ഒരു പത്ര റിപ്പോര്‍ട്ടിലൂടെയാണ് രണ്ട് സ്ത്രീകളുടെ മരണത്തെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞത്. LGBTQIA+ കമ്മ്യൂണിറ്റിക്ക് ആവശ്യമായ പിന്തുണയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സമയം കൂടിയായിരുന്നു അത്.
ഇരുവരുടെയും മരണത്തെത്തുടര്‍ന്ന് കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകള്‍ അന്ന് ഒത്തുകൂടി അനുശോചന യോഗം നടത്തി. യോഗത്തില്‍ മാനസികാരോഗ്യ വിദഗ്ധരുമുണ്ടായിരുന്നു. ആത്മഹത്യയെ പ്രതിരോധിക്കാനും ജീവിതത്തിലേയ്ക്ക് കമ്മ്യൂണിറ്റിയിലുള്ളവരെ തിരികെ കൊണ്ടുവരാനും നിരവധി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നി. സംഘടനകളിലും കൂട്ടായ്മകളിലുമുള്ള ഒട്ടനവധി ആളുകളെ ഒരുമിപ്പിച്ച സംഭവമായിരുന്നു ഇത്. ആ കൂടിക്കാഴ്ചയില്‍ ക്രിസ്റ്റിക്കും രുക്മിണിക്കും വേണ്ടി നിരവധി പേര്‍ കവിതകളും നല്ലവാക്കുകളും പങ്കുവച്ചതായും രാമകൃഷ്ണന്‍ പറയുന്നു.”
‘അക്കാലത്ത്, ധാരാളം ഗ്രൂപ്പുകള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലും എച്ച്‌ഐവി / എയ്ഡ്‌സ് രോഗമുള്ള ആളുകളെ പിന്തുണയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ക്രിസ്റ്റിയുടെയും രുക്മിണിയുടെയും മരണശേഷം, അവര്‍ക്ക് ലഭിക്കേണ്ട സാമൂഹിക പിന്തുണ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു,”അദ്ദേഹം പറയുന്നു.
ക്രിസ്റ്റി-രുക്മിണി സംഭവത്തിന് ശേഷം ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും,സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ആത്മഹത്യ തടയാനും മാനസികാരോഗ്യ പിന്തുണ നല്‍കുന്നതുമായ ഗ്രൂപ്പുകള്‍ ഇപ്പോള്‍ സജീവമാണെന്ന് രാമകൃഷ്ണന്‍ പറയുന്നു. തോഴി, സഹോദരന്‍, ഒരിനം, നിറങ്ങള്‍ തുടങ്ങി നിരവധി ഗ്രൂപ്പുകള്‍ സജീവമാണ്. ഈ ഗ്രൂപ്പുകള്‍ക്കെല്ലാം പ്രത്യേകം ഹെല്‍പ്പ് ലൈനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
”അന്ന് സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ക്കും ട്രാന്‍സ് സ്ത്രീകള്‍ക്കും കൂടുതല്‍ പരിഗണന ലഭിച്ചിരുന്നു. ഭൂരിഭാഗവും എച്ച്‌ഐവി/എയ്ഡ്‌സ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള സഹായങ്ങള്‍ ഉള്‍പ്പെടുന്നതാണ്. എന്നാല്‍, ലെസ്ബിയന്‍സ് രോഗം വരാനുള്ള സാധ്യത കുറവുള്ള ഗ്രൂപ്പായിരുന്നു. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഇവര്‍ക്ക് വലിയ പരിഗണന ലഭിച്ചിരുന്നില്ലെന്ന് 2008ല്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ അസിസ്റ്റന്റ് റസിഡന്റ് എഡിറ്ററായ മാധ്യമപ്രവര്‍ത്തക രഞ്ജിത ഗുണശേഖരന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രിസ്റ്റിയുടെയും രുക്മണിയുടെയും മരണം വാര്‍ത്തയായതിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നത്.
വീടുവിട്ടിറങ്ങുന്ന LGBTQIA+ വിഭാഗത്തിലുള്ളവരെ പ്രത്യേകിച്ച് സ്ത്രീകളുടെ മേല്‍ തട്ടിക്കൊണ്ടുപോകലിന് സമാനമായ വകുപ്പ് ചുമത്തി കേസെടുക്കുക പതിവായിരുന്നു. പൊലീസ് കണ്ടെത്തി തിരികെ എത്തിക്കുന്ന ഇവര്‍ക്ക് വീട്ടിലും സമൂഹത്തിലും അനുഭവിക്കേണ്ടിവരുന്നത് ക്രൂര പീഡനമാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുവദിക്കാതെ മാനസികമായി തളര്‍ത്തുന്ന പ്രവണത ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരം കേസുകള്‍ ഇന്നും തമിഴ്‌നാട്ടില്‍ റജിസ്റ്റര്‍ ചെയ്യാറുണ്ട്.
ക്രിസ്റ്റിയുടെയും രുക്മിണിയുടെയും മരണത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് ആദ്യത്തെ പ്രൈഡ് മാര്‍ച്ച് നടന്നതെങ്കിലും, ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങളില്‍ ഇത് അതിനു മുന്‍പേ തന്നെ നടന്നിരുന്നു. ”തമിഴില്‍ അഭിമാനത്തെ പെരുമൈ എന്നാണ് വിളിച്ചിരുന്നത്. 2015-ല്‍, ഒരു പ്രൈഡ് പ്ലാനിംഗ് മീറ്റിംഗ് ഉണ്ടായിരുന്നു, അവിടെ പെരുമൈ എന്നതിനുപകരം സുയമരിയത്തൈ (ആത്മഭിമാനം എന്നര്‍ത്ഥം) എന്ന പദം ഉപയോഗിക്കാനും പ്രൈഡ് മാര്‍ച്ചിനെ ‘ചെന്നൈ റെയിന്‍ബോ സെല്‍ഫ്-റെസ്‌പെക്ട് മാര്‍ച്ച്’ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
കാനഡയിലെ തീപിടുത്തം: പുകയില്‍ പെട്ട് അമേരിക്കന്‍ നഗരങ്ങള്‍
കാനഡയിലുണ്ടായ കാട്ടുതീ അമേരിക്കയില്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ചെറുതല്ല. പുക കൊണ്ടും വായു മലിനീകരണം കൊണ്ടും ശ്വാസംമുട്ടുകയാണ് അമേരിക്കയിലെ ജനങ്ങള്‍. 19.5 ദശലക്ഷത്തിലധികം ഏക്കര്‍ പ്രദേശം കാട്ടുതീ ഇതിനോടകം വിഴുങ്ങിക്കഴിഞ്ഞു. ഇപ്പോഴും തീ പടരുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കനേഡിയന്‍ ഫോറസ്റ്റ് ഫയര്‍ സെന്റര്‍ പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്തുടനീളം 500 ഓളം കാട്ടുതീകള്‍ ഉണ്ട്, 250 ലധികം എണ്ണം നിയന്ത്രണാതീതമായി കണക്കാക്കപ്പെടുന്നു. ഒരു മാസത്തിലേറെയായി അമേരിക്കയിലേക്ക് പുക പടരുകയാണ്.
കാനഡയില്‍ നിന്നുള്ള കാട്ടുതീ മൂലമുള്ള പുക അമേരിക്കയിലെ അയോവ മുതല്‍ പടിഞ്ഞാറന്‍ പെന്‍സില്‍വാനിയ വരെയും നോര്‍ത്ത് കരോലിന വരെയും പടര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ മിനിയാപൊളിസ്, ചിക്കാഗോ, ഇന്‍ഡ്യാന പൊളിസ്, അറ്റ്‌ലാന്റ, പിറ്റ്‌സ്ബര്‍ഗ് എന്നിവിടങ്ങളില്‍ പുക പടലം നിറഞ്ഞ സ്ഥിതിയാണ്.എന്നാല്‍ ഉച്ചയോടെ, അത് ഡെട്രോയിറ്റില്‍ നിന്ന് അറ്റ്‌ലാന്റ വരെയും കിഴക്ക് വാഷിംഗ്ടണ്‍, ഡിസി, ഫിലാഡല്‍ഫിയ വരെയും പടരും.
കാട്ടുതീ മൂലം ഉയരുന്ന പുക അമേരിക്കയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തിന് ഭീഷണിയാണ്. കാട്ടുതീയില്‍ നിന്നുണ്ടാകുന്ന സള്‍ഫര്‍ ഡയോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍ തുടങ്ങിയ രാസവസ്തുക്കളുടെ സങ്കീര്‍ണ്ണമായ പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തില്‍ വിഷവാതകം രൂപംകൊള്ളുന്നു. പവര്‍ പ്ലാന്റുകള്‍, വ്യവസായശാലകള്‍,വാഹനങ്ങള്‍ എന്നിവയില്‍ നിന്ന് പുറന്തള്ളുന്ന പുകയോടൊപ്പം കാട്ടുതീ മൂലം ഉണ്ടായ പുകയും കൂടിച്ചേരുമ്പോള്‍ അന്തരീക്ഷ മലിനീകരണം ഇരട്ടിയാകും. 2021-ല്‍ കാലിഫോര്‍ണിയയില്‍ നടത്തിയ ഒരു പഠനമനുസരിച്ച്, കാട്ടുതീയില്‍ PM2.5 അടങ്ങിയിട്ടുണ്ട്. ഇത് ജ്വലന പ്രവര്‍ത്തനത്തില്‍ നിന്ന് വരുന്ന അതേ തരത്തിലുള്ള വായു മലിനീകരണത്തേക്കാള്‍ 10 മടങ്ങ് കൂടുതല്‍ ദോഷകരമാണ്.