ട്വിറ്റര്‍ മേധാവിയും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്കിലെത്തിയെന്നും അമേരിക്കയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും യോഗ ദിന പരിപാടികള്‍ക്കായി കാത്തിരിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിന് പിന്നാലെയാണ് ഇലോണ്‍ മസ്‌കുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം മോദി പങ്കുവെച്ചത്.
മറ്റേതൊരു വലിയ രാജ്യത്തേക്കാളും ഇന്ത്യയില്‍ കൂടുതല്‍ മികച്ച പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുമെന്നും ഇന്ത്യയുടെ ഭാവിയേക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്നും ഇലേണ്‍ മസ്‌ക് പറഞ്ഞു.
നോബല്‍ സമ്മാന ജേതാവ് പോള്‍ റോമര്‍, ജ്യോതിശാസ്ത്രജ്ഞന്‍ നീല്‍ ഡിഗ്രാസ് ടൈസണ്‍ തുടങ്ങിയ പ്രമുഖ വ്യക്തികളുമായും മോദി കൂടിക്കാഴ്ച നടത്തി. കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വിദഗ്ധരുമായി സംവാദങ്ങളും നടത്തി.ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ യുഎന്‍ ആസ്ഥാനത്ത് മോദിയുടെ യോഗ പഠന ക്ലാസ് നടന്നു.
ന്യൂയോര്‍ക്കിലെത്തിയ മോദിയെ യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.
മറ്റേതൊരു വലിയ രാജ്യത്തേക്കാളും ഇന്ത്യക്ക് കൂടുതല്‍ വാഗ്ദാനങ്ങള്‍ ഇലോണ്‍ മസ്‌ക് നല്‍കിയതായി നരേന്ദ്ര മോദി പറഞ്ഞു.
ടെസ്ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമോ എന്ന ചോദ്യത്തിന്, അടുത്ത വര്‍ഷം രാജ്യം സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി മസ്‌ക് പറഞ്ഞതായി മോദി വ്യക്തമാക്കി. ടെസ്ല ഇന്ത്യയില്‍ പുതിയ കാല്‍വയ്പ്പുകള്‍ നടത്തുമെന്നും മോദി പറഞ്ഞു.
അമേരിക്കയെപ്പോലെ ഇന്ത്യയും ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തുടരുമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയ്കക് ശേഷം വൈറ്റ് ഹൗസ് വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം പ്രതിരോധം, നിര്‍ണായക സാങ്കേതിക വിദ്യകള്‍ എന്നീ മേഖലയിലെ അമേരിക്കയുടെ സഹകരണത്തിനായുള്ള കരാറുകള്‍ ഒപ്പുവയ്ക്കാനാണെന്നാണ് വിലയിരുന്നപ്പെടുന്നത്.
2014 മുതല്‍ ആറ് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിച്ചത്. ബരാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, ജോ ബൈഡന്‍ എന്നീ മൂന്ന് പ്രസിഡന്റുമാരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.വൈറ്റ്ഹൗസില്‍ എത്തുന്ന മോദിയെ കാണാന്‍ ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ എത്തിയിരുന്നു.
ജൂണ്‍ 22 ന് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം, ജനപ്രതിനിധി സഭയിലെ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയും സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമറും ഉള്‍പ്പെടെയുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണപ്രകാരം മോദി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഇസ്രായേല്‍ കഴിഞ്ഞാല്‍ രണ്ട് തവണ ഇത്തരമൊരു പ്രസംഗം നടത്തുന്ന മൂന്നാമത്തെ ലോകനേതാവായിരിക്കും നരേന്ദ്ര മോദി. 2016ല്‍ ഒബാമയുടെ ഭരണകാലത്ത് അദ്ദേഹം യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു.
ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ജൂണ്‍ 22 ന് മോദിയെ സല്‍ക്കരിക്കും.നൂറുകണക്കിന് അതിഥികള്‍, അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, നയതന്ത്രജ്ഞര്‍, സെലിബ്രിറ്റികള്‍ എന്നിവരെല്ലാം അത്താഴ വിരുന്നില്‍ ഉണ്ടാകും.മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലായിരിക്കും ഉച്ചഭക്ഷണം. തുടര്‍ന്ന് സിഇഒമാരുടെ കൂടിക്കാഴ്ച, ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള മെഗാ ഇവന്റ് എന്നിവയില്‍ മോദി പങ്കെടുക്കും. ജൂണ്‍ 23-ന് പ്രധാനമന്ത്രിയെ വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സല്‍ക്കരിക്കും. സിഇഒമാര്‍, പ്രൊഫഷണലുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
അന്താരാഷ്ട്ര യോഗ ദിനം, ഇത് ലോകമെമ്പാടും ഇന്ത്യയുടെ അഭിമാനമായി യോഗ
ജൂണ്‍ 21 എല്ലാ വര്‍ഷവും അന്താരാഷ്ട്ര യോഗ ദിനമായി വര്‍ഷം തോറും ജൂണ്‍ 21 ന് ആഘോഷിക്കുന്നു. 2014-ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗ ദിനാഘോഷത്തെ കുറിച്ച് ആദ്യമായി നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശത്തിന് യുഎന്‍ അംഗരാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്രതലത്തില്‍ നിന്നും വലിയ പിന്തുണ ലഭിച്ചു. 2014 ഡിസംബര്‍ 11-ന് യോഗ ദിനം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
യോഗ പരിശീലിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുകയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം.
ശാരീരികവും മാനസികവും ആത്മീയവുമായ പരിശീലനമെന്ന രീതിയിലാണ് യോഗ ഇന്ത്യയില്‍ ഉത്ഭവിച്ചത്. ശാരീരിക ശക്തി, മെയ് വഴക്കം, മാനസികവും വൈകാരികവുമായ നിലകളെ നിയന്ത്രിയ്ക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത ആസനങ്ങള്‍, പ്രാണായാമം, ധ്യാനം എന്നീ യോഗ മാര്‍ഗ്ഗങ്ങളെ
സംയോജിപ്പിക്കുകയാണ് ഇതിലൂടെ.
അന്താരാഷ്ട്ര യോഗ ദിനത്തില്‍, ലോകമെമ്പാടുമുള്ള ആളുകള്‍ യോഗയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. യോഗ സെഷനുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍, സാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും യോഗ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം.
അന്താരാഷ്ട്ര യോഗ ദിനം ആഗോളതലത്തില്‍ വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. വിവിധ സംഘടനകള്‍, യോഗ സ്‌കൂളുകള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ എന്നിവയുടെ പിന്തുണയോടെ നിരവധി രാജ്യങ്ങളില്‍ ഇത് ആഘോഷിക്കപ്പെടുന്നു. ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളും ഈ ദിനത്തെ അനുസ്മരിക്കാനും ഐക്യവും ക്ഷേമവും വളര്‍ത്തുന്നതില്‍ യോഗയുടെ പ്രാധാന്യം എടുത്തുകാട്ടാനും പരിപാടികളും സംഘടിപ്പിക്കുന്നു. പല കാരണങ്ങളാല്‍ അന്താരാഷ്ട്ര യോഗ ദിനം ഇന്ത്യയുടെ നേട്ടമായി കണക്കാക്കപ്പെടുന്നു.
ആഗോള അംഗീകാരം: അന്താരാഷ്ട്ര യോഗാ ദിനം മോദി നിര്‍ദ്ദേശിച്ചതും ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളില്‍ നിന്ന് ഏകകണ്ഠമായ പിന്തുണ ലഭിച്ചതും രാജ്യത്തിന്റെ തന്നെ സുപ്രധാന നേട്ടമാണ്. ക്ഷേമത്തിനായുള്ള ഒരു സമഗ്ര പരിശീലനമായി യോഗയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയുടെ സ്വാധീനവും നേതൃത്വവും ഇത് എടുത്തുകാണിക്കുന്നു.
സാംസ്‌കാരിക കയറ്റുമതി: യോഗ ഇന്ത്യയില്‍ ഉത്ഭവിച്ചതും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതുമായ ഒരു പുരാതന സമ്പ്രദായമാണ്. അന്താരാഷ്ട്ര യോഗ ദിനം ഇന്ത്യയ്ക്ക് അതിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഒരു വേദി നല്‍കുന്നു. ഇന്ത്യന്‍ പാരമ്പര്യങ്ങളും തത്ത്വചിന്തയും കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമായി ഇത് പ്രവര്‍ത്തിക്കുന്നു.
ആരോഗ്യവും ക്ഷേമ പ്രവര്‍ത്തനവും: ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തെ ഉള്‍ക്കൊള്ളുന്ന, ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള സമഗ്രമായ സമീപനമായി യോഗ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം സ്ഥാപിക്കുന്നതിലൂടെ, ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിലും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിലും യോഗയുടെ പ്രാധാന്യം വലുതാണ്. മാനസിക ക്ഷേമത്തിനായുള്ള ഒരു പതിവ് പരിശീലനമായി യോഗ സ്വീകരിക്കാന്‍ ലോകമെമ്പാടുമുള്ള ആളുകളെ ബോധവല്‍ക്കരിക്കാനും പ്രോത്സാഹിപ്പിക്കാനും ഇത് സഹായിച്ചിട്ടുണ്ട്.
ആഗോള നയതന്ത്രം: അന്താരാഷ്ട്ര യോഗ ദിനം ആഗോള നയതന്ത്രത്തിനും സഹകരണത്തിനുമുള്ള അവസരമായി മാറിയിരിക്കുന്നു. ഈ ദിവസം, വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ യോഗ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ ഒത്തുചേരുന്നു. ഇത് സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുകയും ധാരണ വളര്‍ത്തുകയും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു, അങ്ങനെ അന്താരാഷ്ട്ര സമൂഹവുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം വര്‍ധിപ്പിക്കുന്നു.
വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വ്: അന്താരാഷ്ട്ര യോഗാ ദിനം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതോടെ, ഇന്ത്യയിലെ യോഗ ടൂറിസത്തില്‍ വര്‍ധനയുണ്ടായി. ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ യോഗ പഠിക്കാന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നു. വിനോദസഞ്ചാരികളുടെ ഈ കുത്തൊഴുക്ക് രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് സംഭാവന നല്‍കുകയും സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുകയും ഇന്ത്യയെ വെല്‍നസ് ടൂറിസത്തിന്റെ ലക്ഷ്യസ്ഥാനമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍, ആഗോളതലത്തില്‍ കയ്യൊപ്പ് പതിപ്പിക്കാന്‍ അന്താരാഷ്ട്ര യോഗ ദിനം ഇന്ത്യക്ക് ഒരു അതുല്യമായ അവസരം നല്‍കി. ഇത് ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തെ ശക്തിപ്പെടുത്തുകയും, യോഗയുടെയും ആരോഗ്യത്തിന്റെയും മേഖലയില്‍ ഒരു ആഗോള പ്രാതിനിധ്യം ഉറപ്പിക്കാനും സഹായിച്ചു.
അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് തുടക്കം കുറിച്ച് നരേന്ദ്രമോദി
ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് 9-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ‘ഒരു ലോകം-ഒരു കുടുംബം’ എന്ന സന്ദേശം നല്‍കി യോഗ ദിനം ‘വസുധൈവ കുടുംബത്തിന് യോഗ’ എന്ന ടാഗ്ലൈനോടെയാണ് ആഘോഷിച്ചത്.
അന്താരാഷ്ട്ര യോഗ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്…
യോഗ ആന്തരിക ദര്‍ശനത്തെ വികസിപ്പിക്കുന്നു. അത് ജീവജാലങ്ങളോടുള്ള സ്‌നേഹത്തെ ബലപ്പെടുത്തുന്നു. ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരതം’ എന്ന ആശയം ലോകത്തിന് മാതൃകയായി അവതരിപ്പിക്കണം.
ഇന്ത്യ പണ്ട് മുതല്‍ സ്വീകരിക്കുകയും ചെയ്യുന്ന പാരമ്പര്യങ്ങളെ യോഗയിലൂടെ പരിപോഷിപ്പിക്കണം.ഇന്ത്യയ്ക്ക് പിന്നാലെ 180-ലധികം രാജ്യങ്ങള്‍ യോഗയ്ക്കായി ഒത്തുചേരുന്നത് ചരിത്രമാണ്. നമ്മെ ഒന്നിപ്പിക്കുന്നത് യോഗയാണ്. ലോകം മുഴുവന്‍ ഒരു കുടുംബമെന്ന ആശയത്തിന്റെ വിപുലീകരണമായിരുന്നു യോഗയുടെ പ്രചരണം.
അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രങ്ങളിലെ ഗവേഷകരും ആഘോഷങ്ങളില്‍ പങ്കെടുത്തതും ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിന സവിശേഷതയാണ്. യോഗ എന്ന ആശയവും സമുദ്രത്തിന്റെ വിസ്തൃതിയും തമ്മിലുള്ള പരസ്പര ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ഓഷ്യന്‍ റിംഗ് ഓഫ് യോഗ’ എന്ന ആശയം.
യോഗയുടെ ആദ്യ അന്താരാഷ്ട്ര ദിനം 2015 ലാണ് ലോകമെമ്പാടും ആഘോഷിച്ചത്. അതിനുശേഷം യുഎന്‍, ടൈംസ് സ്‌ക്വയര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ യോഗയുടെ നേട്ടങ്ങളും സാര്‍വത്രിക ആകര്‍ഷണവും ഉയര്‍ത്തിക്കാട്ടുന്ന നിരവധി സെഷനുകളും ഇവന്റുകളും നടത്തപ്പെടുകയാണ്.
2014ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി മോദി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം അവതരിപ്പിച്ചത്. അതിനുശേഷം യോഗ ലോകമെമ്പാടും വന്‍ ജനപ്രീതി നേടിയിട്ടുണ്ട്.അതിന്റെ സാര്‍വത്രികതയെ അംഗീകരിച്ചുകൊണ്ട്, 2014 ഡിസംബറില്‍, യുഎന്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള പ്രശസ്തരായ വ്യക്തികള്‍ മോദിയെ പ്രശംസിക്കുന്നു: അനുരാഗ് താക്കൂര്‍
ഇലോണ്‍ മസ്‌ക് ഇന്ത്യയുടെ നേതൃത്വത്തെയും പ്രധാനമന്ത്രിയെയും കുറിച്ച് ഒരുപാട് നല്ല കാര്യങ്ങള്‍ വ്യക്തമാക്കിയെന്നും ലോകമെമ്പാടുമുള്ള പ്രശസ്തരായ വ്യക്തികള്‍ അടക്കം പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്നുവെന്നും അനുരാഗ് താക്കൂര്‍.
”പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനം ആരംഭിച്ചിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ നടക്കാന്‍ പോകുന്നു. ഇത് ഒരു ചരിത്ര നിമിഷമായിരിക്കും. ചരിത്രപരമായ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ വെച്ച് എലോണ്‍ മസ്‌കിനെ കണ്ടു.
യുഎസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, എലോണ്‍ മസ്‌ക് പറഞ്ഞു, ‘ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാന്‍ അവിശ്വസനീയമാംവിധം ആവേശഭരിതനാണ്. ലോകത്തിലെ ഏത് വലിയ രാജ്യത്തേക്കാളും ഇന്ത്യക്ക് കൂടുതല്‍ വാഗ്ദാനങ്ങളുണ്ട്.’അനുരാഗ് താക്കൂര്‍ പറഞ്ഞു.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂന്നിയ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വപരമായ പങ്കിനെക്കുറിച്ച് സംസാരിച്ച മസ്‌ക് പറഞ്ഞത് ഇങ്ങനെയാണ്,
മോദി ശരിക്കും ഇന്ത്യയ്ക്കായി ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് പറയാന്‍ കഴിയും. അദ്ദേഹം പുതിയ കമ്പനികളെ പിന്തുണയ്്ക്കുന്ന വ്യക്തികൂടിയാണ്. ഇലോണ്‍ മസ്‌കുമായുള്ള കൂടിക്കാഴ്ച ഇന്ത്യയ്ക്ക് നേട്ടങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മോദി ആഗോള നേതാവ്’: അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഗോള നേതാവ് എന്ന് വിശേഷിപ്പിച്ച് അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ചൈനയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമുള്ള വലിയ വെല്ലുവിളി.
പ്രധാനമന്ത്രി മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു. ഇരു നേതാക്കളും തമ്മില്‍ സുപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് വിശ്വാസമെന്നും
ബോള്‍ട്ടണ്‍ പറഞ്ഞു.
ഇന്ത്യയുടെ ഒരു നേതാവെന്ന നിലയില്‍, മോദി തീര്‍ച്ചയായും ഒരു ആഗോള നേതാവാണ്. അദ്ദേഹത്തിന് ധാരാളം വിഷയങ്ങളില്‍ ശക്തമായ അഭിപ്രായമുണ്ട്. ഇവിടെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഞാന്‍ കരുതുന്ന വിഷയങ്ങളിലൊന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളായിരിക്കും.ഇന്ത്യയുടെ സംയോജനം ഡബ്ല്യുടിഒ പശ്ചാത്തലത്തില്‍ മാത്രമല്ല, സാമ്പത്തിക കാര്യങ്ങളിലും കൂടുതല്‍ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഈ കൂടിക്കാഴ്ച ഉപകാരപ്പെടുമെന്നും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുത്ത സഹകരണം ഇരുരാജ്യങ്ങള്‍ക്കും കാര്യമായ നേട്ടങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് അമേരിക്കയില്‍ ധാരാളം അവസരങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് നല്‍കുന്നത്. അതിനാല്‍ ഇന്ത്യയും യുഎസും തമ്മില്‍ തീര്‍ച്ചയായും കൂടുതല്‍ സഹകരണത്തിന്റെ ആവശ്യകത ഉണ്ടെന്നും ഇരു രാജ്യങ്ങള്‍ക്കും വലിയ നേട്ടങ്ങള്‍ ഇതുവഴി ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.