ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നാളെ കേരളത്തിലേക്ക്.ബിജെപി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നാളെ ജനുവരി 3ന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ തൃശൂര്‍ നഗരം ഒരുങ്ങി. നാളെ വൈകിട്ടു സ്വരാജ് റൗണ്ടില്‍ റോഡ് ഷോയും തുടര്‍ന്നു തേക്കിന്‍കാട് മൈതാനിയില്‍ മഹിളാ സമ്മേളനവുമാണു പ്രധാനമന്ത്രിയുടെ പൊതു പരിപാടികള്‍. ഉച്ചയോടെ കുട്ടനെല്ലൂര്‍ സി.അച്യുതമേനോന്‍ ഗവ.കോളജിലെ ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡു മാര്‍ഗം സ്വരാജ് റൗണ്ടിലെ ജില്ലാ ജനറല്‍ ആശുപത്രി പരിസരത്തെത്തും.
കുട്ടനെല്ലൂരിലും ജില്ലാ ജനറല്‍ ആശുപത്രിക്കു സമീപവും പ്രധാനമന്ത്രിക്കു ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കും. ഇതിനു ശേഷം ജില്ലാ ജനറല്‍ ആശുപത്രി മുതല്‍ നായ്ക്കനാല്‍ വരെയാണു സ്വരാജ് റൗണ്ടില്‍ റോഡ് ഷോ. തുടര്‍ന്നു വൈകിട്ടു 3നു തേക്കിന്‍കാട് മൈതാനിയില്‍ നായ്ക്കനാലിനു സമീപം ഒരുങ്ങുന്ന കൂറ്റന്‍ വേദിയില്‍ നടക്കുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 2 ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും. പൊതുസമ്മേളന വേദിയിലേക്കു പുരുഷന്മാര്‍ക്കു പ്രവേശനം ഉണ്ടാകില്ലെന്നാണു സൂചന. പ്രധാനമന്ത്രിയായ ശേഷം ഇതു മൂന്നാം തവണയാണു നരേന്ദ്രമോദി തൃശൂരിലെത്തുന്നത്.
നേരത്തെ 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായും പിന്നീടു ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായും പ്രധാനമന്ത്രി എത്തിയിരുന്നു. വിവിധ കേന്ദ്ര മന്ത്രിമാരും ബിജെപിയുടെയും എന്‍ഡിഎയുടെയും ദേശീയസംസ്ഥാന നേതൃത്വവും ഇത്തവണ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ കൊച്ചിയില്‍ സംഘടിപ്പിച്ച യുവം പരിപാടി പോലെയാകും തൃശ്ശൂരിലെ പരിപാടി. നേരത്തെ ജനുവരി രണ്ടിന് പരിപാടി നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് പ്രധാനമന്ത്രിയുടെ സൗകര്യാര്‍ഥം മൂന്നിലേക്ക് മാറ്റിയത്.
പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രണ്ട് മണിക്കൂറോളം ആണ് അദ്ദേഹം തൃശൂരില്‍ ഉണ്ടാവുക. ഇതിന്റെ ഭാഗമായി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എസ് പി ജി ഉദ്യോഗസ്ഥര്‍, കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ നടക്കുന്നത്. നാളെ രാവിലെ മുതല്‍ നഗരത്തിലും പരിസര പ്രദേശത്തും ഗതാഗത നിയന്ത്രണം ഉണ്ടാവും. സുരക്ഷ മുന്‍നിര്‍ത്തി രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും സമീപത്തെ റോഡുകളിലും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.
പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെയാണ് മോദി കേരളത്തിലേക്കെത്തുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥികളെയും ബിജെപി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൃശൂരില്‍ സുരേഷ് ഗോപിയ്ക്കാണ് മുന്‍ഗണനയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ബിജെപി പ്രവര്‍ത്തകകര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പേ പ്രചാരണം തുടങ്ങിയിട്ടുമുണ്ട്. അതിന് മുന്നോടിയായി തൃശൂരില്‍ ചുവരെഴുത്തുകളും സജീവമാക്കീയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ തൃശൂരില്‍ ബിജെപി കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് നീരീക്ഷകരും പറയുന്നത്. പ്രധാനമന്ത്രിയുടെ വരവോടെ സുരേഷ്‌ഗോപിയ്ക്ക് തൃശൂരില്‍ പിന്തുണയുമുണ്ടാകും. കാരണം തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ കഴിഞ്ഞ തവണ മികച്ച മത്സരം കാഴ്ച വെയ്ക്കാന്‍ സുരേഷ് ഗോപിയക്ക് കഴിഞ്ഞിട്ടുമുണ്ട്. അതു കൊണ്ട് തന്നൊണ് ഈ തവണയും സുരേഷ് ഗോപിയുടെ പേര് ഒരു സംശയത്തിന് പോലും ഇടവരുത്താതെ ബിജെപി പാളയത്തില്‍ ഉയര്‍ന്നുവന്നത് തന്നെ. നരേന്ദ്രമോദിയുടെ വരവ് ഒരു തരത്തില്‍ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരികമായ തുടക്കം കുറിക്കല്‍ കൂടിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ, 2019-നേക്കാള്‍ വലിയ വിജയം ലക്ഷ്യംവെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ നീക്കം. മൂന്ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സമീപകാല വിജയങ്ങളെത്തുടര്‍ന്ന്, 2024 മെയ് മാസത്തിന് മുമ്പ് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേന്ദ്ര തലത്തില്‍ മൂന്നമത് വിജയം നേടാനാണ് എന്‍ഡിഎയുടെ നീക്കം. ബിജെപിക്ക് കേന്ദ്രത്തില്‍ തുടര്‍ഭരണം ഉറപ്പെന്ന് പ്രധാന മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്‍ഡിഎ ഗവണ്‍മെന്റിന് ഉറച്ച വിശ്വാസമുണ്ട് വീണ്ടും അധികാരത്തിലെത്തുമെന്ന്. നാളത്തെ തൃശൂര്‍ റോഡ് ഷോ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ടു കൊണ്ട് തന്നെയാണ് ഉറപ്പിച്ചു പറയാം. നാളത്തെ റോഡ്‌ഷോയും പ്രധാനമന്ത്രിയുടെ പ്രസംഗവും വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയക്ക് ഒരു അക്കൗണ്ട് തുറക്കാന്‍ തുറക്കാന്‍ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.