സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പൊലീസ്; ഇനി നോട്ടീസ് അയയ്ക്കില്ല

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പൊലീസ്. ചുമത്തിയ 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമ ദൃഷ്ട്യ കണ്ടെത്തിയെന്നും അതിനാല്‍ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസ് അയക്കില്ലെന്നുമാണ് പൊലീസിന്റെ തീരുമാനം.

പകരം അടുത്ത ബുധനാഴ്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. കേസിലെ കണ്ടെത്തലുകളും കോടതിയെ ബോധ്യപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി ഹാജരായത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ സുരേഷ് ഗോപിയെ സ്വീകരിച്ചിരുന്നു. സ്റ്റേഷന് പുറത്ത് സുരേഷ് ഗോപിയെ കാത്ത് വന്‍ ജനാവലിയാണ് തടിച്ച് കൂടിയത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്റ്റേഷനിലെത്തിയിരുന്നു. കെ സുരേന്ദ്രന് പുറമെ, മറ്റു നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, വി കെസജീവന്‍ എന്നിവര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു.

അതേസമയം,കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സുരേഷ് ഗോപി ഇടപെട്ടതിനെതിരെയുള്ള രാഷ്ട്രീയ വേട്ടയാണ് അദ്ദേഹത്തിനെതിരെ ഇപ്പോള്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് എതിരായ കേസ് നിയമപരമായി ജനങ്ങളെ അണി നിരത്തി നേരിടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രതിഷേധത്തെതുടര്‍ന്ന് കണ്ണൂര്‍ റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നത്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ 15ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു.

അതേസമയം, ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലില്‍ വയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു.

എന്നാല്‍ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചില്‍ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്. തുടര്‍ന്ന് ഒക്ടോബര്‍ 28ന് രാവിലെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്. പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.തുടര്‍ന്നാണ് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്.

50-ാം ദിനവും പുറത്തെത്താനാകാതെ 40 പേര്‍, പനിയടക്കം ആരോഗ്യപ്രശ്‌നങ്ങള്‍; രക്ഷാപ്രവര്‍ത്തനത്തിന് അമേരിക്കന്‍ ആഗര്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അഞ്ചാം ദിവസവും തീവ്രശ്രമം. 96 മണിക്കൂറിലേറെയായി ഇവര്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ട്യൂബുകള്‍ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നത് തുടരുന്നുണ്ട്.

തുരങ്കത്തില്‍ പെട്ടവര്‍ക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനം പരമാവധി ശക്തിപ്പെടുത്തേണ്ടിവരും. കുടുങ്ങിക്കിടക്കുന്നവരുടെ മനസ്സാന്നിധ്യം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളും നടത്തിവരുന്നു.

ഇതിനിടെ യു.എസ്. നിര്‍മിത ഡ്രില്ലിങ് ഉപകരണമായ ‘അമേരിക്കന്‍ ആഗര്‍’ എത്തിയത് രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമാകും. വേഗത്തില്‍ കുഴിയെടുക്കാന്‍ കഴിയുന്നതിലൂടെ ഇത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ സഹായിക്കും. കഴിഞ്ഞദിവസം ചിന്‍യാലിസോര്‍ വിമാനത്താവളം വഴിയാണ് അമേരിക്കന്‍ ആഗര്‍ എത്തിച്ചത്.
4.42 മീറ്റര്‍ നീളവും 2.22 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുള്ള അമേരിക്കന്‍ ആഗറിന്, 25 ടണ്ണോളം ഭാരമുണ്ട്. ചൊവ്വാഴ്ച രാത്രിമുതല്‍ ഉപകരണംവെച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി മൂന്നുമീറ്ററോളം പൈപ്പ് കടത്തിവിട്ടെങ്കിലും യന്ത്രത്തിന് സാങ്കേതികത്തകരാറുണ്ടായത് തിരിച്ചടിയായി.

തുരങ്കത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അകത്തേക്ക് അമേരിക്കന്‍ ആഗര്‍ ഉപയോഗിച്ച് കുഴിയെടുക്കുകയാണ് ആദ്യപടി. തുടര്‍ന്ന് 800-900 മില്ലീമീറ്റര്‍ വ്യാസമുള്ള മൃദുവായ സ്റ്റീല്‍ പൈപ്പുകള്‍ കടത്തിവിടും. അതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഇഴഞ്ഞ് പുറത്തെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ, കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു.

ഹിമാലയന്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മണ്ണിടിച്ചിലും മണ്ണുവീഴ്ചയുമെല്ലാം രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മൃദുവായ പാറകളാണ് ഹിമാലയന്‍ മേഖലകളുടെ പ്രത്യേകത. പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ നിരവധി വെല്ലുവിളികളെ നേരിടേണ്ടതായി വരുമെന്നാണ് നഗര വികസന മന്ത്രാലയം മുന്‍ സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണ വ്യക്തമാക്കുന്നത്.

ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തില്‍ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാര്‍ധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. യാഥാര്‍ഥ്യമായാല്‍ ഉത്തരകാശിയില്‍നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയില്‍ 26 കിലോമീറ്റര്‍ ദൂരം കുറയും.

ടൈറ്റാനിയം അഴിമതി കേസ്: വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; 6 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ ഇരുപത് വര്‍ഷം പഴക്കമുള്ള കേസ് ഫയലുകളാണ് സിബിഐക്ക് വീണ്ടും തുറക്കേണ്ടി വരുന്നത്. തിരക്കും ആള്‍ക്ഷാമവും ചൂണ്ടിക്കാട്ടി കേസ് കൈയ്യൊഴിയാന്‍ സിബിഐ ശ്രമിച്ചെങ്കിലും വിഷയത്തിന്റെ രാജ്യാന്തര തലം കണക്കിലെടുത്ത് കേന്ദ്ര ഏജന്‍സി തന്നെ വേണമെന്ന് ഹൈക്കോടതി കര്‍ശന ഉത്തരവിറക്കുകയായിരുന്നു. ആറ് മാസത്തിനകം കേസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന ഉത്തരവ് പാലിച്ചില്ലെങ്കില്‍ ഹര്‍ജിക്കാരന് കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ വീണ്ടും സമീപിക്കാം.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡില്‍ മാലിന്യ നിയന്ത്രണ പ്ലാന്റിന് വിദേശത്ത് നിന്ന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപിച്ചാണ് കേസ്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി മുന്‍ ജീവനക്കാരനും യൂണിയന്‍ നേതാവുമായിരുന്ന എസ് ജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വാദം കേട്ട കോടതി രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാട് അന്വേഷിക്കുന്നതില്‍ സംസ്ഥാന ഏജന്‍സിക്ക് പരിമിതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടത്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസന്റെ തിരക്കിലാണ് ഉദ്യോഗസ്ഥരും സംവിധാനങ്ങളുമെന്ന് പറഞ്ഞ സിബിഐ ഇരുപത് വര്‍ഷം മുന്‍പ് നടന്ന ഇടപാടിന്റെ രേഖകള്‍ ശേഖരിക്കുന്നത് പ്രായോഗികം അല്ലെന്നും കോടതിയെ അറിയിച്ചിരുന്നു. ഈ വാദം തള്ളിയാണ് കേസ് അന്വേഷണത്തിനുള്ള വഴികളടക്കുന്നതും നീതി നിഷേധമാണെന്ന് വ്യക്തമാക്കി ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയാണ് 120 കോടി രൂപയുടെ അഴിമതി ആരോപണം.

മീക്കോണ്‍ എന്ന കണ്‍സള്‍ടന്‍സി സ്ഥാപനം ഇടനില നിന്ന് ഫിന്‍ലന്‍ഡ്, യുകെ കമ്പനികളില്‍ നിന്ന് ഉപകരണങ്ങള്‍ ഇറക്കിയതില്‍ ഗൂഢാലോചന നടന്നതായാണ് കേസ് അന്വേഷിച്ച വിജിലന്‍സിന്റെ കണ്ടെത്തല്‍. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ചട്ടങ്ങള്‍ മറി കടന്നാണ് ഇടനില നിന്ന സ്ഥാപനം കരാര്‍ നടപ്പാക്കിയതെന്നും വിജിലന്‍സ് പറയുന്നു.

എന്നാല്‍ എത്ര കോടി രൂപയുടെ ഇടപാടാണ് വിദേശ കന്പനിയുമായി നടന്നതെന്ന് പോലും വിജിലന്‍സിന് കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സിബിഐ ക്ക് കേസ് കൈമാറുന്നതില്‍ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. സിബിഐ അന്വേഷണം ഉറപ്പായതോടെ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള രാഷ്ട്രീയപ്രാധാന്യമുള്ള കേസ് വീണ്ടും സജീവചര്‍ച്ചയിലേക്ക് വരികയാണ്.

ന്യൂസ് ക്ലിക്ക് കേസ്; അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘത്തെ ഇഡി ചോദ്യം ചെയ്യും

ദില്ലി: ന്യൂസ് ക്ലിക്ക് കേസില്‍ അമേരിക്കന്‍ വ്യവസായി നെവില്‍ റോയി സിംഘത്തെ ചോദ്യം ചെയ്യാന്‍ ഇഡി. സിംഘത്തെ ചോദ്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം വഴി ഇഡി നോട്ടിസ് അയച്ചു. ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള സിംഘാം ന്യൂസ് ക്ലിക്കിന് പണം നല്‍കി എന്ന വാര്‍ത്തക്ക് പിന്നാലെയാണ് കേസ് തുടങ്ങുന്നത്. ഷാങ്ഹായ് കേന്ദ്രീകരിച്ചാണ് നെവില്‍ റോയ് സിംഘാം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിദേശകാര്യമന്ത്രാലയം വഴി ചൈനീസ് സര്‍ക്കാരിലേക്കാണ് ഇഡിയുടെ നോട്ടീസ് എത്തിയിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സിംഘത്തെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. ഈ കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്കിന്റെ എഡിറ്ററടക്കം രണ്ട് പേര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

 

അതേ സമയം, ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നിഷേധിച്ച് അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘാം രംഗത്തെത്തിയിരുന്നു. താന്‍ ചൈനീസ് ഏജന്റല്ലെന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നോ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്നും ആയിരുന്നു സിംഘത്തിന്റെ വിശദീകരണം. സ്വന്തം കമ്പനികളിലൂടെയാണ് വരുമാനമുണ്ടാക്കുന്നത്. ഒരു നിരോധിത സംഘടനയുമായും തനിക്ക് ബന്ധമില്ല. 2000 മുതല്‍ ഇന്ത്യയുമായി ബിസിനസ് ആവശ്യങ്ങള്‍ക്കായി ബന്ധം പുലര്‍ത്തുന്നുണ്ട്. ബിസിനസുകാരനായ തനിക്ക് സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുമായി ബന്ധമുണ്ടാകുമെന്നും നെവില്‍ റോയ് സിംഘം പറഞ്ഞു.

ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്നാണ് ദില്ലി പൊലീസ് എഫ്.ഐ.ആര്‍. ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചുവെന്നാണ് പറയുന്നത്. രണ്ട് സ്ഥാപനങ്ങള്‍ അമേരിക്കന്‍ വ്യവസായി നിവില്‍ റോയി സിംഘമിന്റെയും ഒന്ന് ഭാര്യയുടെയും ഉടമസ്ഥതയിലുള്ളതെന്നുമാണ് പൊലീസ് പറയുന്നത്. ഈ സ്ഥാപനങ്ങളില്‍നിന്ന് 2018 മുതല്‍ ഫണ്ടുകള്‍ കൈപ്പറ്റിയെന്നും പറയുന്നു. ആക്ടിവിസ്റ്റ് ഗൗതം നവ് ലാഖെക്ക് ന്യൂസ് ക്ലിക്കില്‍ ഓഹരിയുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

നിമിഷപ്രിയക്ക് തിരിച്ചടി: വധശിക്ഷക്കെതിരായ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തളളിയതായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: വധശിക്ഷയ്ക്കെതിരെ മലയാളി യുവതി നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. യമനിലേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം തേടി നിമിഷയുടെ അമ്മ നല്‍കുന്ന അപേക്ഷയില്‍ ഒരാഴ്ച്ചയ്ക്കം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അപ്പീല്‍ തള്ളിയത് അപ്രതീക്ഷിതമെന്ന് നിമിഷയുടെ അമ്മ പ്രതികരിച്ചു

നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചത്. വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നല്കിയ ഹര്‍ജി ഈ മാസം 13ന് യെമന്‍ സുപ്രീംകോടതിയും തള്ളിയെന്ന് വിദേശകാര്യമന്ത്രാലയത്തിന് കിട്ടിയ വിവരമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ അമ്മയുടെ അപേക്ഷ കിട്ടിയാല്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ദില്ലി ഹൈക്കോടതി നിര്‍ദേശിച്ചു. മകളെ കാണാനാകുമെന്നാണ് വിശ്വാസമെന്നും യമന്‍ ഹൈക്കോടതി നടപടി അപ്രതീക്ഷിതമെന്നും നിമിഷയുടെ അമ്മ പറഞ്ഞു.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ കാത്ത് യെമന്‍ ജയിലില്‍ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Comment Jouer À 1xbet Pour Les Débutants Au Maro

Comment Jouer À 1xbet Pour Les Débutants Au MarocInstaller...

“1xbet Maroc Apk Télécharger L’application Mobile En Déambulant Androi

"1xbet Maroc Apk Télécharger L'application Mobile En Déambulant AndroidBookmaker...

How many Lung Capillaries Are There?

When it pertains to understanding the human makeup, the...

What is the BRAT Diet plan?

The BRAT diet plan is a well-known dietary method...