ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി. ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി വിശ്രമത്തിനുശേഷമാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കോളജ് ഗ്രൗണ്ടില്‍ വന്‍ ജനകൂട്ടമാണ് കാത്തുനിന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി. ഇന്ന് ഗുരുവായൂരില്‍ വിവാഹിതരാകുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ഫോട്ടെയെടുക്കാം.
ക്ഷേത്ര ദര്‍ശനത്തിനു ശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രമുഖര്‍ ഗുരുവായൂരിലെത്തിയിട്ടുണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ കുടുംബസമേതം പങ്കെടുക്കുന്നു. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിട്ടുണ്ട്.
ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തും. തിരികെ കൊച്ചിയിലെത്തിയ ശേഷം ഉച്ചയ്ക്കു 12നു വില്ലിങ്ഡന്‍ ഐലന്‍ഡില്‍ കൊച്ചി രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നിവ ഉദ്ഘാടനം ചെയ്യും. പിന്നീട് മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങും.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്നലെയാണ് കൊച്ചിയിലെത്തിയത്. വൈകിട്ട് 6.50നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തിയശേഷം റോഡ് മാര്‍ഗം എംജി റോഡ് വഴി കെപിസിസി ജംക്ഷനിലെത്തി. അവിടെ നിന്ന് ഹോസ്പിറ്റല്‍ റോഡ്, പാര്‍ക്ക് അവന്യു റോഡ് വഴി ഗവ. ഗെസ്റ്റ്ഹൗസ് വരെ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തി.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ക്ഷേത്രത്തില്‍ ദര്‍ശനവും മീനൂട്ട് വഴിപാടും നടത്തും. വേദപഠനം നടത്തുന്നവരുടെ വേദാര്‍ച്ചനയിലും പങ്കെടുക്കും. ഗുരുവായൂരില്‍ നിന്നും ഹെലികോപ്റ്ററില്‍ വലപ്പാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയ പ്രധാനമന്ത്രി, അവിടെ നിന്നും കാറിലാണ് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. രണ്ടു ഹെലികോപ്റ്ററുകളിലാണ് പ്രധാനമന്ത്രിയും സംഘവും തൃപ്രയാറില്‍ എത്തിയത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിനും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം തൃപ്രയാറിലേക്ക് തിരിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ ശേഷം തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായിരുന്നു.
ആകാശത്ത് വെടിക്കെട്ട് പൂരം, ഭൂമിയിൽ പുഷ്പവൃഷ്ടി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതന്‍
സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിയിൽനിന്നും പുറത്തിറങ്ങി. ബുധനാഴ്ച രാത്രി 09:20-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. ഒന്‍പതുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് രാത്രി വളരെ വൈകിയും വമ്പൻ വരവേല്‍പ്പാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നൽകിയത്.
നാലായിരം കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു
കൊച്ചി : കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നാലായിരം കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനലുമടക്കം പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കമുളളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ത്യപ്രയാര്‍ ക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗമാകാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠക്കു മുന്നോടിയായി തൃപ്രയാറില്‍ രാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. രാജ്യത്തിന്റെ സമുദ്രമേഖലയുടെ വികസനത്തിനാണ് ശ്രമിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ ദക്ഷിണേന്ത്യയുടെ വികസനത്തില്‍ നാഴികക്കല്ലാകും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങള്‍ വലിയ വളര്‍ച്ചയാണ് നേടിയത്. ഗ്ലോബല്‍ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
4000 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മോദിക്ക് നന്ദി മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദിയറിയിച്ചു. രാജ്യത്തിന്റെ പൊതുവായ വികസനത്തിന്റെ ഭാഗമായി കേരളവും മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളിലൂടെ 4000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു. രാജ്യത്തിന്റെ പൊതു വികസനത്തില്‍ കേരളം നല്‍കുന്ന പിന്തുണയുടെ കൂടി ഉദാഹരണമാണിത്. ഐഎസ്ആര്‍ഒയുടെ പല പദ്ധതികളിലും കേരളത്തിലെ സ്ഥാപനങ്ങള്‍ പങ്കാളികളായി. ചന്ദ്രയാന്‍, ആദിത്യ തുടങ്ങിയ പ്രധാന പദ്ധതികളില്‍ കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. ഇന്ത്യയുടെ ശയസ് ഉയര്‍ത്തുന്നതില്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ പങ്കാളികളായി. കൊച്ചി വാട്ടര്‍ മെട്രോയെ തേടി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളുമെത്തുന്നുവെന്നതും ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ
റോഡിലൂടെ നടന്നുപോയ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ . മുടിയ്ക്കൽ കൂനൻ പറമ്പ് വീട്ടിൽ അജാസ് (28) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ പതിനഞ്ചിന് രാവിലെ അല്ലപ്ര തുരുത്തിപ്പിള്ളി റോഡിലൂടെ ജോലിക്ക് നടന്നുപോയ യുവതിയ്ക്ക് നേരെയാണ് സ്ക്കൂട്ടറിലെത്തിയ പ്രതി വാഹനം നിർത്തി നഗ്നതാ പ്രദർശനം നടത്തുകയും ആക്രമിക്കുകയും ചെയ്തത്. തുടർന്ന് യുവതി പെരുമ്പാവൂർ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ അജാസിനെ ബുധനാഴ്ച പിടികൂടുകയായിരുന്നു . ബസ്സിൽ സ്ത്രീയെ ഉപദ്രവിച്ചതിന് കൊച്ചി സിറ്റി ഹാർബർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.
ഇൻസ്പെക്ടർ ആർ രഞ്ജിത്ത്, എസ്.ഐ റിൻസ് എം തോമസ്, എ.എസ്.ഐമാരായ പി.എ അബ്ദുൽമനാഫ്, എ.കെ സലിം, ദീപാ മോൾ ,സി.പി. ഒ കെ.എ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
അയോധ്യയിലെ ഹോട്ടല്‍ മുറികള്‍ക്ക് തീപിടിച്ച വില
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നഗരത്തിലെ ഹോട്ടല്‍ റൂമുകള്‍ക്ക് തീവില. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് പല ഹോട്ടലുകളുടേയും നിരക്ക് അഞ്ചിരട്ടിയലധികം വര്‍ധിച്ചു. ജനുവരി 22-ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ രാജ്യത്തിന് അകത്തും പുറത്തുംനിന്നുള്ള പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
അയോധ്യയിലെ ഹോട്ടലുകളിലെ ശരാശരി ദിവസ വാടക 75,000 രൂപയോളമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അയോധ്യയിലെ ഒരു സാധാരണ ഹോട്ടലിലെ ആറ് കിടക്കകളുള്ള മുറിക്ക് 147,500 രൂപയാണ് ഹോട്ടല്‍ ബുക്കിങ് സൈറ്റുകളിലെ നിരക്ക്. ഇതില്‍ കൂടിയും കുറഞ്ഞുമാണ് മറ്റു പല ഹോട്ടലുകളിലെയും നിരക്ക്. സാധാരണയായി രണ്ടായിരത്തില്‍ താഴെ മാത്രം നിരക്ക് ഈടാക്കിയിരുന്ന ഹോട്ടലുകളാണ് ഇവയില്‍ പലതും.
ഗോവ, നൈനിറ്റാള്‍ തുടങ്ങി രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേതിനേക്കാള്‍ ഏഴുപത് ശതമാനത്തിലധികം ഹോട്ടല്‍ ബുക്കിങ് ആണ് അയോധ്യയില്‍ ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്ന് ഒയോ സി.ഇ.ഒ റിതേഷ് അഗര്‍വാള്‍ വ്യക്തമാക്കി. അയോധ്യയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വര്‍ധനയാണ് ഹോട്ടല്‍ ബുക്കിങിലുണ്ടായിരിക്കുന്നതെന്ന് മെയ്ക്ക് മൈ ട്രിപ്പ് സി.ഇ.ഒ. രാജേഷ് മഗോവും ചൂണ്ടിക്കാട്ടുന്നു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയേത്തുടര്‍ന്ന് സമീപ നഗരങ്ങളിലെയും ഹോട്ടല്‍നിരക്കില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഉദ്ഘാടനതീയതിക്ക് വളരെ മുന്നേതന്നെ അയോധ്യാ നഗരത്തിലെ വലിയ പല ഹോട്ടലുകളിലെയും മുറികള്‍ പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സമീപത്തെ മറ്റു നഗരങ്ങളിലെ ഹോട്ടലുകളിലും നിരക്ക് വര്‍ധനയുണ്ടായത്. പ്രധാനമായും ലഖ്‌നൗ, പ്രയാഗ് രാജ്, ഗോരഖ്പുര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍ നിരക്കാണ് പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് കുതിച്ചുയര്‍ന്നിരിക്കുന്നത്.
അയോധ്യയിലെ റെയില്‍വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും അടുത്തിടെ നവീകരിച്ചിരുന്നു. ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യമാസങ്ങളില്‍ പ്രതിദിനം മൂന്ന് ലക്ഷത്തോളം വിനോദസഞ്ചാരികളെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ആരംഭിച്ചത്. എഴുപതര ഏക്കറാണ് ക്ഷേത്രം പണിതുയരുന്ന പ്രദേശത്തിന്റെ മൊത്തം വിസ്തൃതി.
സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയില്‍ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ്
സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയില്‍ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ്. യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകര്‍ക്കുമെന്ന് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് നിരസിക്കും. അടുത്ത യുഡിഫ് യോഗം വിഷയം ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവും ഉപനേതാവും സര്‍ക്കാരിനെ തീരുമാനം അറിയിക്കും.
യോജിച്ചുള്ള സമരം വേണ്ടെന്ന് കോണ്‍ഗ്രസിലും ധാരണയായിട്ടുണ്ട്. കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ അടുത്ത മാസം 8 നാണ് ഇടതുമുന്നണി സമരം. ഡല്‍ഹിയിലെ സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും സമരത്തിന്റെ ഭാഗമാകും. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവന്‍ സംസ്ഥാനങ്ങളെയും ക്ഷണിക്കും. കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കാനും ഇടതു മുന്നണി നേതൃയോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് ഇടതു മുന്നണി തയാറെടുത്തിരിക്കുന്നത്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയതുപോലെ രാജ്യതലസ്ഥാനത്തെത്തി സമരം നടത്തുകയാണ് മുന്നണി. ഡല്‍ഹി സമരം നടക്കുന്ന അതേ ദിവസം കേരളത്തില്‍ ബൂത്ത് തലത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും.
ലൈംഗിക പീഡന കേസ്; മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി ജി മനു സുപ്രീം കോടതിയില്‍; തടസ്സഹര്‍ജിയുമായി അതിജീവിത
ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കി. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് അതിജീവിതയുടെ ഹര്‍ജി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പി ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്.
നേരത്തെ കേസില്‍ കീഴടങ്ങാന്‍ പിജി മനുവിന് പത്തു ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിരുന്നു.സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിലായിരുന്നു ഹൈക്കോടതി നേരത്തെ കീഴടങ്ങാന്‍ സമയം അനുവദിച്ചിരുന്നത്. ഇതിനിടെയാണ് സുപ്രീം കോടതിയില്‍ ഹൈക്കോടതി ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്. പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ഗോപിനാഥ് നേരത്തെ തള്ളിയിരുന്നു. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
പി ജി മനുവിനെ അന്വേഷിച്ച് എത്തിയ പൊലീസ് സഹോദരങ്ങളെ ഉപദ്രവിച്ചതായി ആരോപിച്ച് മറ്റൊരു ഹര്‍ജിയും ഹൈക്കോടതി പരിഗണനയിലുണ്ട്.
നേരത്തെ, പിജി മനുവിനെതിരായ ബലാത്സംഗ കേസില്‍ പൊലീസ് നടപടി വൈകുന്നതിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചിരുന്നു. ചോറ്റാനിക്കര പൊലീസ് അഭിഭാഷകനെ സഹായിക്കുകയാണെന്നും മരണഭയത്തോടെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അറസ്റ്റ് വൈകിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആശങ്ക അറിയിച്ചിരുന്നു.ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനെ മര്‍ദിച്ച് വിദ്യാര്‍ത്ഥി
എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനെ മര്‍ദിച്ച് വിദ്യാര്‍ത്ഥി.മൂന്നാം വര്‍ഷ ബിഎ അറബിക് വിദ്യാര്‍ത്ഥിയാണ് ഇതേ ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകനെ മര്‍ദിച്ചത്.കോളേജിലെ അധ്യാപകന്‍ നിസാമുദ്ദീനുനേരെയാണ് അതിക്രമം ഉണ്ടായത്.പിറകില്‍നിന്ന് കയ്യേറ്റം ചെയ്തശേഷം മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്നാണ് അതിക്രമത്തിനിരയായ അധ്യാപകന്‍ പറയുന്നത്.കയ്യേറ്റം ചെയ്ത വിദ്യാര്‍ത്ഥിയുടെ രണ്ടാം വര്‍ഷം ക്ലാസിലെ അധ്യാപകനായിരുന്നു നിസാമുദ്ദീന്‍.ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമായിരിക്കും അതിക്രമത്തിന് കാരണമെന്നും അധ്യാപകന്‍ നിസാമുദീന്‍ പറഞ്ഞു.ഹാജര്‍ കുറവായതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കം ഉണ്ടായിരുന്നതായും അധ്യാപകന്‍ പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ അധ്യാപകനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എല്ലാ കേസുകളിലും ജാമ്യം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തേക്ക്
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രതിഷേധ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചതോടെ അറസ്റ്റിലായി ഒന്‍പതാം ദിവസം രാഹുലിന് പുറത്തിറങ്ങാന്‍ വഴിതെളിഞ്ഞു.
പൊതുമുതല്‍ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടാണ് രാഹുല്‍ അറസ്റ്റിലായിരുന്നത്. അമ്പതിനായിരം രൂപയുടെ ബോണ്ട് അല്ലെങ്കില്‍ രണ്ടുപേരുടെ ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളില്‍ എല്ലാ തിങ്കളാഴ്ചകളിലും പോലീസ് ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മറ്റുരണ്ടുകേസില്‍ കോടതി രാഹുലിന് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. കന്റോണ്‍മെന്റ് പോലീസെടുത്ത രണ്ടുകേസുകളിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്.
സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് മൂന്നും ഡി.ജി.പി. ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്. ജില്ലാജയിലില്‍വെച്ച് കന്റോണ്‍മെന്റ് പോലീസ് രണ്ടുകേസുകളിലും മ്യൂസിയം പോലീസ് ഒരുകേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.