തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം; സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻ
പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ഡൽഹിയിൽ വെച്ച് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കു ശേഷമാണ് യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം നടന്നത്. ഒപ്പം കെ സി വേണുഗോപാലും മാധ്യമങ്ങളോട് സംസാരിക്കുകയുണ്ടായി. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ചാണ്ടി ഉമ്മനെക്കാളും കൂടുതൽ മറ്റൊരു സ്ഥാനാർത്ഥിയെ കോൺഗ്രസിന് അവതരിപ്പിക്കാനില്ലെന്നും അതുകൊണ്ടാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഏകകണ്ഠമായി ചാണ്ടി ഉമ്മാന്റെ പേര് നിർദേശിച്ചതെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു .എഐസിസി യിലെ തിരക്കിട്ട കൂടിയാലോചനകൾക്കു ശേഷമാണ് നേതാക്കൾ പ്രഖ്യാപനം നടത്തിയത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘വലിയൊരു ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. തീർച്ചയായിട്ടും എന്നെകൊണ്ട് ചെയ്യാവുന്ന രീതിയിൽ പൂർണ്ണമായും അത് നിർവഹിക്കും. നിങ്ങൾക്കെല്ലാം അറിയുന്നതുപോലെ എന്റെ പിതാവ് 53 വർഷത്തോളം ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനോട് ഉയർന്നു പ്രവർത്തിക്കുവാൻ പറഞ്ഞാൽ വലിയൊരു ചലഞ്ചാണ്. അത്തരത്തിലൊരു ചലഞ്ചാണ് പാർട്ടി എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ജയിക്കുമെന്ന വിശ്വാസമുണ്ട് , കാരണം കോൺഗ്രസ് പാർട്ടി 53 വർഷമായി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളിയെന്നും അതിനനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും , സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ഇതുവരെയുള്ള എം എൽ എയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അതുകൊണ്ടൊക്കെ തന്നെ കോൺഗ്രസിന് പോസിറ്റീവായി മാത്രമേ തെരഞ്ഞെടുപ്പ് ബാധിക്കുവെന്നും’ ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ നേതാക്കളോടുമുള്ള ബഹുമാനവുമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ റജി സഖറിയ, കെ.എം.രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവുമായ ജെയ്ക് സി.തോമസ് എന്നിവരാണ് സിപിഎമ്മിന്റെ പരിഗണനയിലുള്ളത്.
പ്രതിപക്ഷത്തെ വിചാരണചെയ്യുന്ന തെരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയിലേതെന്ന് എം.വി.ഗോവിന്ദന്‍
പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സഹതാപമല്ല രാഷ്ട്രീയമായിരിക്കും തെരഞ്ഞെടുപ്പിൽ ചര്‍ച്ച ചെയ്യുകയെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. വികസനത്തെ തുരങ്കംവയ്ക്കുന്ന പ്രതിപക്ഷത്തെ തുറന്നുകാട്ടുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലുള്ള ഒരു തരത്തിലുള്ള ആശങ്കയും സിപിഎമ്മിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുതരത്തിലുള്ള വികസനപ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്ന് ലോകത്തുള്ള ഏതെങ്കിലും പ്രതിപക്ഷം തീരുമാനിക്കുമോയെന്നും, അത്തരത്തിൽ ഒരു പ്രതിപക്ഷമാണ് കേരളത്തിൽ ബിജെപിയും കോൺഗ്രസുൾപ്പെടെയുള്ളവരെന്നും അതിനെയെല്ലാം വിചാരണചെയ്യുന്ന ഒരു തെരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയിലേതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പുതുപ്പള്ളി മണ്ഡലത്തിന്‍റെ ചുമതലയുള്ള വി.എന്‍.വാസവന്‍ എകെജി സെന്‍ററിലെത്തി എം.വി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 5ന്
പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെത്തുടർന്നാണ് ഇപ്പോഴുള്ള ഈ ഉപതെരഞ്ഞെടുപ്പ്. സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുക. സെപ്തംബര്‍ എട്ട് വെള്ളിയാഴ്ച വോട്ടെണ്ണലുമുണ്ടാവും.
വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17- നാണ് . സൂക്ഷ്മപരിശോധന നടക്കുക ഓഗസ്റ്റ് 18നാണ് . ഓഗസ്റ്റ് 21 ആണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെല്ലാം മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നിട്ടുണ്ട്.
പുതുപ്പള്ളിയെ കൂടാതെ ഝാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഒഴിവുവന്ന സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയും ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഝാര്‍ഖണ്ഡിലെ ദുംരി, ത്രിപുരയിലെ ബോക്‌സാനഗര്‍, കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക്കിന്റെ രാജിയെത്തുടര്‍ന്ന് ഒഴിവുവന്ന ധന്‍പുര്‍, പശ്ചിമബംഗാളിലെ ധുപ്ഗുരി, ഉത്തര്‍പ്രദേശില്‍ ദാരാ സിങ് ചൗഹാന്റെ രാജിയെത്തടുര്‍ന്ന് ഒഴിവുവന്ന ഘോസി, ഉത്തരാഘണ്ഡിലെ ഭാഗേശ്വര്‍ എന്നിവിടങ്ങളിലാണ് പുതുപ്പള്ളി മണ്ഡലത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുക.
കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന നൽകുന്ന അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണ്; ഹെെകോടതി
കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ നിയന്ത്രിക്കണമേൽപ്പെടുത്തണമെന്ന് ഹൈകോടതി. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ യഥാർത്ഥത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ഹെെകോടതിയുടെ വിലയിരുത്തൽ. ശസ്ത്രക്രിയ നിയന്ത്രിക്കാൻ മൂന്നു മാസത്തിനുള്ളിൽ നിയമം കൊണ്ടു വരണമെന്നും ജസ്റ്റിസ് വി.ജെ അരുൺ ഉത്തരവിട്ടിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാവും എന്ന അവസ്ഥയിൽ മാത്രമേ അനുമതി നൽകാവു എന്നും കോടതിയുടെ ഉത്തരവുണ്ട്.
കുട്ടിയുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഡോക്ടർമാർ സമ്മതിക്കാത്ത അവസ്ഥ ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നടപടി. എന്ത് തീരുമാനം എടുക്കണമെന്ന് അറിവില്ലാത്തവരാണ് കുട്ടികളെന്നും, അവരുടെ സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെ അന്തസിന്‍റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും, കുട്ടികൾ വളർന്നു വരുമ്പോൾ മാനസികമായ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയകൾ നിയന്ത്രിക്കാനായി മൂന്നുമാസത്തിനകം നിയമം കൊണ്ടുവരണമെന്നാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ നിർദ്ദേശം. ശസ്ത്രക്രിയയ്ക്കുള്ള അപേക്ഷകൾ പരിഗണിക്കാൻ ഉന്നതതല മേൽനോട്ട സമിതി രൂപീകരിക്കണമെന്നും, സൈക്കോളജിസ്റ്റും പീഡിയാട്രിക് സർജനും ആ സമിതിയിലുണ്ടാകണമെന്നും, ഹര്‍ജിക്കാരുടെ അപേക്ഷയിൽ രണ്ടുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വാഴകൾ വെട്ടിനിരത്തിയ സംഭവത്തില്‍ കര്‍ഷകന് ആവശ്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി മന്ത്രി
കഴിഞ്ഞ ദിവസം കോതമംഗലത്ത് കുലച്ച വാഴകള്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വെട്ടിനിരത്തിയ സംഭവത്തില്‍ കര്‍ഷകന് ആവശ്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. പ്രതിപക്ഷനേതാവാണ് കര്‍ഷകന്റെ ദുരിതാവസ്ഥ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അത്തരത്തിലൊരവസ്ഥയ്ക്കു ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് വി.ഡി.സതീശന്‍ ആവശ്യപ്പെടുകയായിരുന്നു. വാരപ്പെട്ടിയിലുണ്ടായിരുന്നത് ഉയരമുള്ള വാഴകളായിരുന്നുവെന്നും വൈദ്യുതി തടസത്തിന്റെ കാരണം പരിശോധിച്ചപ്പോള്‍ വാഴയിലകള്‍ കത്തിയ നിലയില്‍ കണ്ടെത്തിയിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.
വാരപ്പെട്ടി ഇളങ്ങവത്ത് ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് താഴെയുള്ള സ്ഥലത്ത് കാവുംപുറത്ത് തോമസ് എന്നയാൾ നട്ടുവളര്‍ത്തിയ വാഴത്തോട്ടമാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഒരു മുന്നറിയിപ്പും കൂടാതെ വെട്ടിനശിപ്പിച്ചത്. ഓണത്തിനു വിളവെടുക്കാൻ പാകത്തിനു കുലച്ചുനിന്ന നാനൂറ് വാഴകള്‍ വെട്ടിനിരത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത് . 220 കെവി ലൈനിനു താഴെ വാഴ ഉൾപ്പെടെ ഹ്രസ്വകാല വിളകൾ കൃഷിചെയ്യാൻ അനുമതിയുണ്ട്. വാഴക്കുലകൾ വെട്ടിനശിപ്പിച്ചതിൽ നാല് ലക്ഷത്തോളം രൂപയുടെ നഷ്മുണ്ടായതായാണ് പ്രാഥമിക കണക്ക്.
ഡ്രഡ്ജർ അഴിമതി കേസ് ;ജേക്കബ് തോമസിന് തിരിച്ചടി; അന്വേഷണം 2 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി
ഡ്രഡ്ജർ അഴിമതി കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടിയായി സുപ്രീം കോടതി സ്റ്റേ . ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസിന്റെ വിജിലൻസ് അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. അന്വേഷണം തുടരാമെങ്കിലും ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് സുപ്രീം കോടതി നിർദേശം.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കുമ്പോൾ ഹോളണ്ട് കമ്പനിയിൽനിന്ന് ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി സംഭവിച്ചെന്ന പരാതിയിലായിരുന്നു വിജിലൻസ് കേസ്. ഈ കേസാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. മറ്റ് മൂന്ന് സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട കൂട്ടായ തീരുമാനത്തിലാണ് ഡ്രഡ്ജർ വാങ്ങിയിട്ടുള്ളത്. അതുകൊണ്ട് ജേക്കബ് തോമസിന്റെ പേരിൽ മാത്രം കേസ് നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. എന്നാൽ കൃത്യമായ അന്വേഷണം നടക്കാതെ കേസ് റദ്ദാക്കിയ ഹൈക്കോടതി നിലപാടിനോട് യോജിക്കാനാകില്ലെന്നാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, സഞ്ജയ് കരോൾ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്.
അന്വേഷണവുമായി ജേക്കബ് തോമസ് സഹകരിക്കണമെന്നും ഇപ്പോൾ പുറപ്പെടുവിക്കുന്നത് ഇടക്കാല റിപ്പോർട്ടാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജേക്കബ് തോമസിനെ പീഡിപ്പിക്കാനായി ഈ അന്വേഷണം ഉപയോഗിക്കുമെന്നാണ് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ എ. കാർത്തിക് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനു ശേഷം ഇക്കാര്യം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മണിപ്പുർ വിഷയത്തിൽ ലജ്ജാകരമായ നിലപാടാണ് കേന്ദ്രസർക്കാരിന്റെത്; മണിപ്പുർ മുഖ്യമന്ത്രി രാജിവെക്കണമെന്ന് എൻസിപി
ലോക്സഭയിൽ നടന്നചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്. മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് അവിശ്വാസപ്രമേയചർച്ചയിൽ പങ്കെടുത്ത തൃണമൂൽ കോൺഗ്രസ് അംഗം സൗഗത റോയ് ആവശ്യപ്പെട്ടു. പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കാത്ത വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും സർക്കാർ ഫെഡറലിസം തകർക്കുകയാണെന്നും റോയ് ആരോപണമുന്നയിച്ചു.
കൂടാതെ മണിപ്പുർ കലാപത്തിനിടെ ന്യൂനപക്ഷങ്ങളെ കൊന്നുതള്ളിയെന്നും ചർച്ചയിൽ ഡി.എം.കെ പറഞ്ഞു. മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് ഒന്നും ചെയ്തില്ലെന്നും ഡി.എം.കെ അംഗം ടി.ആർ.ബാലു വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ വരുന്നില്ലെന്നും മണിപ്പൂർ സന്ദർശിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പുർ കത്തിയെരിയുമ്പോൾ പ്രധാനമന്ത്രി ഏഴുതവണയാണ് വിദേശത്ത് പോയതെന്നും, അങ്ങേയറ്റം ലജ്ജാകരമായ നിലപാടുകളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മണിപ്പുർ മുഖ്യമന്ത്രി രാജിവച്ചേ മതിയാകൂ എന്നും എൻസിപി ആവശ്യപ്പെട്ടു. സർവകക്ഷി സംഘത്തെ നയിച്ച് മണിപ്പുരിലേക്ക് പോകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന ആവശ്യം.
അതേസമയം അവിശ്വാസ പ്രമേയം പാവപ്പെട്ടവർക്കെതിരെയാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപണമുന്നയിച്ചു. പാവപ്പെട്ട ആളുകൾക്ക് വീടും കുടിവെള്ള സൗകര്യവും ലഭ്യമാക്കിയ നേതാവിനെതിരെയാണ് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതെന്ന് ദുബെ ചർച്ചയിൽ പറഞ്ഞു. ലോക്സഭ മൂന്ന് ദിവസമാണ് പ്രമേയം ചർച്ച ചെയ്യുക. ആഭ്യന്തരമന്ത്രി അമിത് ഷാ നാളെയും, പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ ഉച്ചയ്ക്കുശേഷവും ചർച്ചയ്ക്ക് മറുപടി നൽകുമെന്നാണ് വിവരങ്ങൾ.
“മേരാ ഘർ പൂര ഹിന്ദുസ്ഥാൻ ഹേ” തലസ്ഥാനത്തെ ബംഗ്ലാവിൽ തിരിച്ചെത്തി രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം നഷ്ടപ്പെടാൻ ഇടയാക്കിയ മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതിയുടെ ഉത്തരവ് വന്നിരുന്നു. അതേത്തുടർന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ലോക്സഭയിൽ തിരിച്ചെത്തിയിരുന്നു. ഈ തിരിച്ചുവരവിന് പിന്നാലെ ഒരു ദിവസത്തിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്തെ ബംഗ്ലാവ് തിരികെ ലഭിച്ചിരിക്കുകയാണ്. ഔദ്യോഗിക വസതി തിരിച്ചെടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യ മുഴുവൻ എന്റെ വീടാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. “മേരാ ഘർ പൂര ഹിന്ദുസ്ഥാൻ ഹേ.” തിങ്കളാഴ്ച സ്പീക്കർ ഓം ബിർളയാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചിരുന്നത്.
मेरा घर पूरा हिंदुस्तान है 🇮🇳
: @RahulGandhi जी pic.twitter.com/C9PWzKU6Yi
— Congress (@INCIndia) August 8, 2023
‘എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന് പൊതുവായ പേര് ലഭിക്കുന്നത്’ എന്നാണ് രാഹുൽ കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ ഒരു പ്രസംഗത്തിൽ പറഞ്ഞത്. ഈ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രാഹുലിനെ കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇത് കേസിലെ ഏറ്റവും വലിയ ശിക്ഷയായിരുന്നു, തുടർന്ന് മാർച്ച് 24ന് അദ്ദേഹത്തെ പാർലമെന്റ് അംഗമെന്ന നിലയിൽ അയോഗ്യനാക്കുകയും ചെയ്തിരുന്നു. അന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം രാഹുലിന് തുഗ്ലക്ക് ലെയ്‌നിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വന്നിരുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയത്തിൽ ഇപ്പോഴും വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. അതേസമയം ഈ വർഷം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് ഹൈക്കോടതി. പുരസ്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഇടപെടലിനെത്തുടർന്നുണ്ടായ വിവാദവുമായി ബന്ധപ്പെട്ട് ‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നടപടി.
അതേസമയം, പുരസ്കാര നിർണയം റദ്ദാക്കണമെന്ന ലിജീഷ് മുല്ലേഴത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സർക്കാരിന്റെ മറുപടി ലഭിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബസന്ത് ബാലാജി വ്യക്തമാക്കിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ് ഡയറക്ടറെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് പുരസ്കാരം ലഭിക്കാതിരിക്കാൻ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി സംവിധായകൻ വിനയൻ മുൻപ് രംഗത്തെത്തിയിരുന്നു. പുരസ്കാര ജൂറിയിൽ ഉണ്ടായിരുന്ന ജെൻസി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവരാണ് രഞ്ജിത്തിനെതിരെ തെളിവുകൾ നിരത്തിയത് . ഇതുസംബന്ധിച്ച് വിനയൻ സർക്കാരിന് പരാതിയും നൽകിയിരുന്നു. എന്നാൽ, പുരസ്കാരം ലഭിച്ചവരും കലാകാരൻമാരാണെന്നും അവാർഡ് റദ്ദാക്കാൻ കോടതിയെ സമീപിക്കില്ലെന്നും അദ്ദേഹം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.