പുതുപ്പള്ളിയിൽ 73.05 ശതമാനം പോളിങ്
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്ന, മൂന്നു മുന്നണികളും ആവേശത്തോടെ കാത്തിരുന്ന തെരഞ്ഞെടുപ്പായിരുന്നു പുതുപ്പള്ളി ഉപതെരഞ്ഞെപ്പ്. പ്രതീക്ഷകൾ ബാക്കിവെച്ചുകൊണ്ട് വോട്ടിങ് അവസാനിച്ചിരിക്കുകയാണ്. 6 മണി വരെയുള്ള കണക്കുകൾ അനുസരിച്ച് 73.05 ശതമാനം പോളിങുമായാണ് തിരഞ്ഞെടുപ്പ് അവസാനിച്ചത്.
രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടിങിൽ മികച്ച പോളിങ് ആയിരുന്നു കാണാൻ സാധിച്ചത്. 6 മണിക്ക് വോട്ടിങ് അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ട വരിയാണുണ്ടായിരുന്നത്. പോളിങ് അവസാനിച്ചപ്പോൾ വലിയ തിരക്കുണ്ടായിരുന്ന ബൂത്തുകളിൽ വരിയിൽ നിന്നവർക്ക് ടോക്കൺ നൽകി ഗേറ്റ് അടച്ചിട്ടായിരുന്നു വോട്ടിങ് തുടർന്നത്. 2021 ൽ 74.84 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ 2016 ൽ 77.37 ശതമാനമായിരുന്നു പോളിങ്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണത്തെ പോളിങ് കുറവാണ്.
അകലക്കുന്നം പഞ്ചായത്തിൽ 70.10 ശതമാനം, അയർക്കുന്നം പഞ്ചായത്തിൽ 73.05 ശതമാനം, കൂരോപ്പട പഞ്ചായത്തിൽ 72.09 ശതമാനം , മണർക്കാട് പഞ്ചായത്തിൽ 74.02 ശതമാനം , മീനടം പഞ്ചായത്തിൽ 73.06 ശതമാനം, പാമ്പാടി പഞ്ചായത്തിൽ 73.10 ശതമാനം, പുതുപ്പള്ളി പഞ്ചായത്തിൽ74.05 ശതമാനം, വാകത്താനം പഞ്ചായത്തിൽ 74.15 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. ഔദ്യോഗികമായ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളുമടക്കം 1,76,417 വോട്ടര്‍മാരാണ് അവിടെയുള്ളത്. 957 പുതിയ വോട്ടര്‍മാരും ഉണ്ട്. 182 ബൂത്തുകളാണ് പുതുപ്പള്ളിയിലുള്ളത്.
‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വിശുദ്ധ ഉമ്മൻചാണ്ടി…’: ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രത്യക്ഷപ്പെട്ട കത്തിന് വിമർശനങ്ങളുയരുന്നു
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെത്തുടർന്നാണ് പുതുപ്പള്ളിയിൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് അരങ്ങേറുന്നത്. രാവിലെ ഏഴുമണിക്ക് മികച്ച പോളിങ്ങോടുകൂടി ആരംഭിച്ച വോട്ടിങ് ഉച്ചക്കുശേഷം മന്ദഗതിയിലേക്കു പോയിരുന്നു. അതേസമയം മറ്റൊരു കാര്യമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യക്ഷപ്പെട്ട ഒരു നിവേദനമാണ് ഇപ്പോൾ ചർച്ചയായത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്കിന്‍റെ വിജയത്തിനുവേണ്ടിയാണ് നിവേദനത്തിൽ പരാമർശിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനായി എത്തുന്നവർക്ക് നിവേദനം സമർപ്പിക്കാനായി കല്ലറക്ക് ചുറ്റും കെട്ടിയ തുണിയിലാണ് നിവേദനം കണ്ടെത്തിയത്. ‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വിശുദ്ധ ഉമ്മൻചാണ്ടി. സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർഥിക്കേണമേ’ എന്നാണ് കല്ലറയിൽ നിന്നും ലഭിച്ച നിവേദനത്തിൽ കുറിച്ചിരിക്കുന്നത്. മെൽബിൽ സെബാസ്റ്റ്യൻ ചമ്പക്കര എന്ന ഫേസ്ബുക്ക് അക്കൌണ്ടിലാണ് ഈ ഒരു പോസ്റ്റ് ആദ്യമായി കാണുന്നത്.
പുതുപ്പള്ളിയിൽ ഇലക്ഷൻ ആയതുകൊണ്ട് രാവിലെതന്നെ പുതിയ പുണ്യാളന്റെ അടുത്തു പോയി സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർഥന സമർപ്പിച്ചിട്ടുണ്ട്, പുണ്യാളൻ ഒറിജിനൽ ആണോ എന്ന് എട്ടാം തീയതി അറിയാം എന്ന അടിക്കുറിപ്പോട് കൂടിയാണ് ഇയാള്‍ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിത്. ഉമ്മൻചാണ്ടിയെ വ്യക്തിപരമായി വീണ്ടും വീണ്ടും അധിക്ഷേപിക്കുകയാണെന്നും മരണശേഷവും അദ്ദേഹത്തെ വേട്ടയാടുകയാണെന്നുമാണ് ഈ വിഷയത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതികരിക്കുന്നത്. പുതുപ്പള്ളി പള്ളിയേയും സഭയേയും ചാണ്ടി ഉമ്മനെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തനങ്ങളെന്നും കോൺഗ്രസ് ആരോപണമുന്നയിച്ചു.
എൽഡിഎഫിന് പുതുപ്പള്ളിയിൽ വൻ പ്രതീക്ഷയാണുള്ളത് : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എകെജി സെന്ററിൽവെച്ച് മാധ്യമങ്ങളെ കണ്ടിരുന്നു.
എം വി ഗോവിന്ദന്റെ വാക്കുകൾ…
‘മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും വോട്ടർമാരുടെ വലിയ തിരക്കാണ് കാണുന്നത്. നല്ല നിലയിൽ, ഉത്സവത്തിമിർപ്പോടെയാണ് ജനങ്ങൾ വോട്ടുചെയ്യാനെത്തുന്നത്. ജൈയ്ക് സി തോമസിന് നല്ല പ്രതീക്ഷ നൽകുന്ന പോളിങ് ആണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ 53 വർഷക്കാലത്തെ നീണ്ട കോൺഗ്രസിന്റെ ആധിപത്യം നിലനിർത്തിയ, ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നടക്കുന്ന ഈ തിരഞ്ഞറെടുപ്പ് എളുപ്പമായിരുന്നെന്നായിരുന്നു യുഡിഎഫിന്റെ ധാരണ. വൈകാരികതലത്തിൽനിന്നുകൊണ്ട്, ജനങ്ങളെല്ലാം വോട്ട് യുഡിഎഫിന് വോട്ട് നൽകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയമേഖലയിൽ പ്രധാന ചചർച്ചാവിഷയമാവുകയും, പുതുപ്പള്ളിയിലെ വികസനം, കേരള സർക്കാരിന്റെ നിലപാടുകൾ എന്നിവ ചർച്ചചെയ്യപ്പെടുമ്പോൾ, യുഡിഎഫിന് തന്നെ മനസിലായിട്ടുണ്ട് അവർക്കവിടെ വ്യജയസാധ്യത കുറവാണെന്ന്. എന്തായാലും എൽഡിഎഫിന് പുതുപ്പള്ളിയിൽ വൻ പ്രതീക്ഷയാണുള്ളത്. എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് എല്ലാവരും അവിടെ പ്രവർത്തിക്കുന്നത്. ഇതിനുമുൻപ് ഇത്രയും ആവേശത്തോടെ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പുതുപ്പള്ളി കണ്ടിട്ടുണ്ടാവില്ല. ജൈയ്ക് സി തോമസിന് വലിയ വിജയപ്രതീക്ഷയാണ് നമ്മൾ കാണുന്നത്.’
മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് മരവിപ്പിച്ച വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചു. അന്വേഷിച്ച് ഉചിതമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു . ശരിയായ നിലപാട് തന്നെ സ്വീകരിക്കുമെന്നാണദ്ദേഹം പറഞ്ഞത്. ഭരണപരമായ തീരുമാനങ്ങൾ എങ്ങനെയായാലും നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനമന്ത്രിയായിരുന്ന തോമസ് ഐസക് ചിന്തയിൽ എഴുതിയ ലേഖനത്തിൽ ഭരണകൂടത്തെ വിമർശിച്ച വിഷയത്തിലും അദ്ദേഹം പ്രതികരിച്ചിരുന്നു. ഭരണകൂടത്തെ ഞങ്ങൾ വിമർശിക്കുമെന്നും, ഇനിയും വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണവും ഭരണകൂടവും രണ്ടും രണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണകൂടത്തിന്റെ ഭാഗമാണ് എക്സിക്യൂട്ടിവ്, ജുഡീഷ്യറി ,ലെജിസ്ലേച്ചർ എല്ലാം. അതിൽ ലെജിസ്ലേച്ചർ ആണ് തിരഞ്ഞെടുപ്പ് നടത്തുകയും, നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടുപോവുകയും ചെയ്യുന്നത്. ഭരണസംവിധാനത്തെ അങ്ങനെ നന്നാക്കിയാൽ ശരിയാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മന് തന്നെ ഭൂരിപക്ഷം : കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് തന്നെ ഭൂരിപക്ഷം ലഭിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂരിൽവെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടിനേക്കാള്‍ വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രിയായിരുന്ന തോമസ് ഐസക് ചിന്തയിൽ എഴുതിയ ലേഖനത്തിൽ ഭരണകൂടത്തെ വിമർശിച്ചിരുന്നു. ഇങ്ങനെ തോമസ് ഐസക് പോലും പരസ്യമായി തള്ളിപ്പറയുന്ന സര്‍ക്കാരിന് എങ്ങനെയാണ് ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും സുധാകരന്‍ ചോദിക്കുകയുണ്ടായി.
ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം ഏഴാം തീയതി കെപിസിസി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ജില്ലകളിലും പദയാത്ര സംഘടിപ്പിക്കുകയും, സംസ്ഥാനതല ജാഥയുടെ ഉദ്ഘാടനം കണ്ണൂരില്‍ വെച്ച് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതാക്കളാകും എല്ലാ ജില്ലകളിലും പദയാത്രയ്ക്ക് നേതൃത്വം നല്‍കുകയെന്നും കെ സുധാകരന്‍ പറഞ്ഞു. കെ സി വേണുഗോപാലാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.
ഇങ്ങനെ പോയാൽ ബംഗാളിൽ സംഭവിച്ചത് പോലെ ഈ പാർട്ടിയെ പിണറായി കുഴിച്ചുമൂടും എന്ന് അവർ കരുതുന്നു:വിഡി സതീശൻ
ഈ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അനുകൂലമായി പുതുപ്പള്ളിയിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ്ക്കാർ പോലും വോട്ട് ചെയ്യുമെന്ന്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടുകയാണെങ്കിൽ ദാർഷ്ട്യത്തിനും ധിക്കാരത്തിനും ഒരു താക്കീതാകുമെന്ന് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഇങ്ങനെ പോയാൽ ബംഗാളിൽ സംഭവിച്ചത് പോലെ ഈ പാർട്ടിയെ പിണറായി കുഴിച്ചുമൂടും എന്ന് അവർ കരുതുന്നെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിനെതിരെയുള്ള വികാരം അതിശക്തമാണെന്നും, ആ വികാരവും ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളും ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വവും എല്ലാംകൂടി ഒത്തുചേർന്നപ്പോഴാണ് തങ്ങൾ സ്വപ്നതുല്യമായ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വോട്ട് ചെയ്യാനെത്തി ജൈയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്
വോട്ട് ചെയ്യാനെത്തി ജൈയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്. നിരവധി സെെബർ ആക്രമണങ്ങൾക്ക് ഇരയായിരുന്നു ഗീതു തോമസ്. അതിനെതിരെ തെളിവുകളുൾപ്പെടെ പരാതി നൽകിയിട്ടുണ്ടെന്നും അതിൽ പോലീസ് നടപടിയെടുത്തിട്ടുണ്ടെന്നും ഗീതു പറഞ്ഞു. പരാതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ ശുഭ പ്രതീക്ഷയാണുള്ളതെന്നും ഗീതു കൂട്ടിച്ചേർത്തു. ജെയ്ക്കിന്റെ ഒപ്പമായിരുന്നില്ല ഗീതു വോട്ടുചെയ്യാനെത്തിയത്. പൂർണഗർഭിണിയാണ് ഗീതു. രാവിലെ ജെയ്‌ക്കിനൊപ്പം എത്താൻ ഗീതുവിന് കഴിഞ്ഞിരുന്നില്ല. ജൈയ്ക് ഇപ്പോൾ പോളിംഗ് ബൂത്തുകൾ സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്. പുതുപ്പള്ളി ഉതെരഞ്ഞെടുപ്പിൽ ഇതുവരെ 38.15 ശതമാനം വോട്ടിങ് പൂർത്തിയായിട്ടുണ്ട്.
അമ്മയ്ക്കൊപ്പം വോട്ട് ചെയ്യാനെത്തി ചാണ്ടി ഉമ്മൻ ദീർഘനേരം കാത്തുനിന്ന് വോട്ട്ചെയ്ത് ജെയ്ക്ക് സി തോമസും
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് അച്ഛൻ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച ശേഷമാണ് പുതുപ്പളളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വോട്ടുചെയ്യാനായി പോയത്. അച്ഛനാണ് തന്റെ മാതൃകയെന്നും, അത് പിന്തുടരാൻ ശ്രമിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു . അദ്ദേഹം ജനങ്ങൾക്കു നൽകിയ കരുതൽ പോലെ താനും ജനങ്ങൾക്ക് കരുതൽ നൽകുമെന്നദ്ദേഹം പറഞ്ഞു.. എന്നാൽ അദ്ദേഹത്തെ പോലെയാകാൻ പറ്റുമോയെന്ന് അറിയില്ല. പ്രചാരണസമയത്തെല്ലാം ഓരോ വീട്ടിൽ നിന്നും വലിയ സ്നേഹമാണ് ലഭിച്ചത്, തെരഞ്ഞെടുപ്പ് ഫലം എന്തും ആകട്ടെയെന്നും, താൻ ഈ നാടിന്റെ ഭാഗമാണ്, ജനങ്ങളുടെ കോടതി ഇന്ന് എല്ലാം തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വികസനം ചർച്ച ചെയ്യണമെന്ന് പറഞ്ഞവർ എന്താണ് ചെയ്തതെന്നും, വ്യക്തി അധിക്ഷേപത്തിലേക്ക് അധ:പതിച്ചതെന്തിനെന്നും ചാണ്ടി ഉമ്മൻ ആരാഞ്ഞു . പുതുപ്പളളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഇപ്പോൾ ഭരണത്തിലുള്ള സർക്കാരാണെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. പുതുപ്പളളി ജോർജിയൻ സ്കൂളി 126-ാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തിയാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്തത് .
പളളിയിൽ നിന്ന് ഇറങ്ങിയ ചാണ്ടി ഉമ്മൻ വിവിധ പോളിങ് ബൂത്തുകളിൽ സന്ദർശനം നടത്തിയതിനുശേഷം അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പമാണ് പോളിങ് ബൂത്തിലേക്കു പോയത്. ഭാര്യയിൽ നിന്നും വോട്ടിങ് സ്ലിപ്പ് കൈപ്പറ്റിയാണ് ഉമ്മൻ ചാണ്ടി എപ്പോഴും വോട്ട് ചെയ്യാൻ പോയിക്കൊണ്ടിരുന്നത്. ആ പതിവ് തെറ്റിക്കാതെ അമ്മയുടെ കൈയിൽ നിന്നും സ്ലിപ്പ് കൈപ്പറ്റിയാണ് ചാണ്ടി ഉമ്മനും വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തിയത്.
രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിച്ചതു മുതൽ മിക്ക ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ് കാണുന്നത്. മഴ ഇല്ലാത്തതിനാൽ പോളിങ് ശക്തയിതന്നെ നടക്കുന്നുണ്ട്. പുതുപ്പളളിയിൽ വോട്ടെടുപ്പ് ദിവസവും ഉമ്മൻചാണ്ടിയുടെ ചികിത്സ സിപിഎം ആയുധമാക്കിയിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശം മുന്നോട്ട് വെച്ച് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ആരോപണങ്ങൾ കടുപ്പിച്ചപ്പോൾ ഇടതു മുന്നണിക്ക് വിഷയദാരിദ്യമാണെന്ന് യുഡിഎഫും തിരിച്ചുപറഞ്ഞിരുന്നു. ജെയ്ക്ക് സി തോമസ് കുടുംബത്തെ വേട്ടയാടുന്നുവെന്ന് പറഞ്ഞാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്. ആരോഗ്യസ്ഥിതിയും ചികിത്സയും സംബന്ധിച്ച എല്ലാ കാര്യങ്ങളും ഉമ്മൻചാണ്ടിയുടെ ഡയറിയിലുണ്ടെന്നും താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. നീണ്ട ക്യൂവിൽ ദീർഘനേരം കാത്തുനിന്നശേഷമാണ് ജെയ്ക്ക് തന്റെ വോട്ടു രേഖപ്പെടുത്തിയത്. മണർക്കാട് പളളിയിലെത്തി തന്റെ പിതാവിന്റെ കല്ലറയിൽ ചെന്ന് പ്രാർത്ഥിച്ച ശേഷമാണ് ജെയ്ക് സി തോമസ് വോട്ട് ചെയ്യാനെത്തിയത്.
വികസന സംവാദ വിഷയത്തിൽ നിന്ന് ഒളിച്ചോടിയത് യുഡിഎഫ് ആണെന്ന് ജെയ്ക് സി തോമസ് ഇന്ന് പ്രതികരിച്ചിരുന്നു. ഈ വോട്ടെടുപ്പിലൂടെ പുതിയ പുതുപ്പളളിയെ ആണ് സൃഷ്ടിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പളളിക്ക് പുതിയ ചരിത്ര ദിനമാണിന്നെന്നും, തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും, സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് എന്നും ജെയ്ക്ക് കൂട്ടിച്ചേർത്തു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിലെ ഓഡിയോ ക്ലിപ്പിനെതിരെ പരാതി കൊടുക്കാൻ യുഡിഎഫ് തയ്യാറാണോ എന്നും ജെയ്ക് ചോദിക്കുകയുണ്ടായി. കോൺഗ്രസ് നേതാക്കൾ തന്നെയാണ് ഓഡിയോ ചോർത്തിയതെന്നും ജെയ്ക് ആരോപണമുന്നയിച്ചു. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ അദ്ദേഹത്തിന് വോട്ടില്ല.
അതേസമയം, കുടുംബ സമേതം പാമ്പാടി എംജിഎം ഹൈസ്കൂളിലെത്തിയാണ് മന്ത്രി വി എൻ വാസൻ വോട്ട് ചെയ്ത്. എല്‍ഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞിരുന്നു. പോളിംഗ് ശതമാനത്തിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ വിജയത്തെ ബാധിക്കില്ലെന്നും, ചികിത്സ വിവാദം സംബന്ധിച്ച ഓഡിയോ ക്ലിപ്പിന്റെ ഉത്തരവാദിത്തം തങ്ങളുടെ തലയില്‍ കെട്ടിവെക്കേണ്ടെന്നും, ഇതിന്റെ വസ്തുത അന്വേഷിക്കാനുള്ള പരാതി നല്‍കാന്‍ യുഡിഎഫ് തയ്യാറുണ്ടോയെന്നും വി എന്‍ വാസവന്‍ ചോദിച്ചു. പാമ്പാടി ബൂത്തില്‍ നിന്ന് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു മന്ത്രി വിഎന്‍ വാസവന്‍ ഇക്കാര്യങ്ങൾ പറഞ്ഞത്.