മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ അനുകൂല ഉത്തരവ്
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം നഷ്ടപ്പെടാന്‍ ഇടയാക്കിയ മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ ബഞ്ചിന്റെതാണ് നടപടി. സുപ്രീം കോടതിയിൽ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷം,പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സ്റ്റേ ചെയ്തത്.
2019 ല്‍ കര്‍ണാടകയിലെ കോലാറില്‍, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നത് എന്തുകൊണ്ടാണെന്ന’ രാഹുലിന്റെ പരാമര്‍ശമാണ് കേസിനാസ്പദമായ സംഭവത്തിലേക്ക് നയിച്ചത് .പരാമർശത്തെ തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എ.യായ പൂര്‍ണേഷ് ഈശ്വര്‍ മോദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രാഹുൽ ഗാന്ധിക്കെതിരെ നടപടികൾ ആരംഭിച്ചത്. ഈ നടപടി ഒരുപാട് വിവാദങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും രാഹുലിന്റെ പരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് 23-ന് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. ഇതോടുകൂടി എം.പി.സ്ഥാനത്തുനിന്നും അദ്ദേഹം അയോഗ്യനാക്കപ്പെട്ടു. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കുന്നത്.എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് തുഗ്ലക്ക് ലെയിന്‍ 12-ലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് രാഹുലിനോട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെട്ടത് കേന്ദ്രത്തിനെതിരെ വലിയ വിമര്‍ശനങ്ങൾക്കിടയാക്കി.
രണ്ട് വർഷത്തെ ശിക്ഷാ വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയെയും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയെയും രാഹുൽ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഒരു വിഭാഗത്തിന്റെയും അന്തസ് കളങ്കപ്പെടുത്തുന്നില്ല എന്ന് ഉറപ്പാക്കാന്‍ രാഹുല്‍ ബാധ്യസ്ഥനാണെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്.ഗുജറാത്ത് ഹൈക്കോടതി ഇടപെടല്‍ തിരിച്ചടിയായതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ നേരത്തെ കേസ് പരിഗണിച്ച സുപ്രീം കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാതെ ഹര്‍ജി ഓഗസ്റ്റ് നാലിലേക്ക് മാറ്റുകയായിരുന്നു.
തൊട്ടുപിന്നാലെ രാഹുലിന്റെ അപ്പീല്‍ തള്ളണമെന്നാവശ്യപ്പെട്ട് പൂര്‍ണേഷ് മോദി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. രാഹുല്‍ഗാന്ധിക്ക് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയുള്ള പശ്ചാത്തലമുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാല്‍, ഇത്തരം പരാതികളെല്ലാം തന്റെ രാഷ്ട്രീയ എതിരാളികള്‍ നല്‍കിയതാണെന്നും ഒന്നില്‍പ്പോലും താന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മറുപടിയായി ചൂണ്ടിക്കാട്ടിയിരുന്നു.മാത്രമല്ല എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്നും മാപ്പുപറഞ്ഞ് ശിക്ഷയൊഴിവാക്കാനാണെങ്കില്‍ നേരത്തേയാവാമായിരുന്നെന്നും കുറ്റംചെയ്തിട്ടില്ലെന്നും തനിക്കെതിരെ ചാര്‍ത്തിയ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.മാപ്പ് പറയാന്‍ വിസമ്മതിച്ച രാഹുല്‍ ഗാന്ധി അഹങ്കാരിയാണെന്നായിരുന്നു പരാതിക്കാരനായ ഗുജറാത്ത് ബിജെപി എം എല്‍ എ പൂര്‍ണേഷ് ഈശ്വര്‍ മോദി നല്‍കിയ മറുപടി. കൂടാതെ രാഹുലിന്റെ ഈ മനോഭാവം ജുഡീഷ്യല്‍ നടപടികളുടെ ദുരുപയോഗമാണെന്നും പൂര്‍ണേഷ് കുറ്റപ്പെടുത്തി.
നീണ്ട വാഗ്‌വാദങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസമായി ഇപ്പോൾ സുപ്രീംകോടതി വിധിവന്നിരിക്കുകയാണ്.വിചാരണ കോടതി വിധിയെയും, ഗുജറാത്ത് ഹൈക്കോടതി വിധിയെയും വിമര്‍ശിച്ചാണ് സുപ്രീം കോടതി കേസില്‍ രാഹുലിന് അശ്വാസമാകുന്ന തീരുമാനത്തിലേക്ക് കടന്നത്.
വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശം കണക്കിലെടുത്താണ് ഇപ്പോൾ സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ് വരുന്നത് എന്നത് ശ്രദ്ധേയം . അയോഗ്യത നീങ്ങി എം.പി സ്ഥാനത്ത് തിരികെ എത്തുന്നതോടെ അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാകും. അതോടൊപ്പം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്കും രാഹുലിന് ഒഴിവായിട്ടുണ്ട്.
ഒരു ഖേദപ്രകടനം കൊണ്ട് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല ; സ്പീക്കർ മാപ്പ് പറയണമെന്ന് അഖിൽ മാരാർ
സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കനത്തു കൊണ്ടിരിക്കുകയാണ്. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസങ്ങളെ ഹനിച്ചു എന്ന് പറഞ്ഞു കൊണ്ടുള്ള പ്രതിഷേധമാണ് നടക്കുന്നത്. ആ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബിഗ്ഗ്‌ബോസ് താരം അഖിൽ മാരാർ. അത്തരമൊരു പ്രസ്താവന ഉണ്ടായിട്ടുണ്ടെങ്കിൽ താങ്കൾ വേദനിപ്പിച്ച സമൂഹത്തോട് മാപ്പു പറയണം എന്നാണ് ഫേസ്ബുക്ക് ലെെവിൽ അഖിൽ മാരാർ പറയുന്നത്.
അഖിലിന്റെ വാക്കുകൾ:-
കേരളത്തിൽ ഇപ്പോൾ നടക്കുന്ന വിഷയം ആറ്റം ബോംബിനേക്കാൾ ഭയാനകമാണ്. ഒരു നാടിനെ നശിപ്പിക്കാൻ ഇതിലും വലിയ ഒരു മാർഗമില്ല. എല്ലാവരുടെയും വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണം, അതോടൊപ്പം തന്നെ ആ വിശ്വാസത്തെ ഹനിക്കുന്ന രീതിയിൽ പ്രസ്താവനകളും മറ്റും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാവാൻ പാടില്ല. ഉദാഹരണമായി ഒരു കഥ ഞാൻ പറയാം. ചുവന്ന ഉറുമ്പുകളെയും, കറുത്ത ഉറുമ്പുകളെയും ഒരു ജാറിനുള്ളിൽ അടച്ചു വെച്ചാൽ അത് സമാധാനപരമായി ജീവിക്കും. എന്നാൽ ഒരാൾ അത് എടുത്തൊന്ന് കുലുക്കിയാൽ അവർ പരസ്പരം ഉപദ്രവിക്കാൻ തുടങ്ങും. അപ്പോൾ കറുത്ത ഉറുമ്പുകൾ ചുവന്ന ഉറുമ്പുകളെയും തിരിച്ചും ക്രൂശിക്കാൻ തുടങ്ങും. പരസ്പരം തമ്മിലടിച്ച് അവർ മരിക്കും. അവർ ഒരിക്കലും തമ്മിലടിച്ച് മരിക്കാൻ കാരണക്കാരനായ ആളെ തിരിച്ചറിയില്ല.
ഒരു കാലത്ത് മതങ്ങളെ കച്ചവടവൽക്കരിക്കപ്പെട്ടെങ്കിൽ ഇന്ന് മതങ്ങളെ രാഷ്ട്രീയവൽക്കരിക്കുകയും അവയെ തന്നെ ഏറ്റവും വലിയ ആയുധങ്ങളാക്കി കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ ഒക്കെ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അപ്പോൾ ക്ഷേത്രം എന്ന് ഹിന്ദു മതത്തിൽ പറയുന്നത്. “ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ” എന്നാണ്, അതായത് പാപത്തിൽ നിന്ന് നമ്മളെ മുക്തമാക്കുന്ന ഇടം എന്നാണ്. ആത്മീയമോ, ശാരീരകമോ, മാനസികമോ, സാമ്പത്തികമോ, ഏത് വിധത്തിലുള്ള നാശവും ഒരു മനുഷ്യന് സംഭവിക്കുമ്പോൾ അവന് അതിൽ നിന്നും പുറത്ത് വരാൻ വേണ്ടി പൂർവികർ നമുക്ക് വേണ്ടി ഉണ്ടാക്കിയെടുത്തതാണ് ക്ഷേത്രം. ആ ക്ഷേത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് കൃത്യമായ ഒരു പ്രമാണം അടിസ്ഥാനമാക്കിയാണ്. അങ്ങനെ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങൾ നമ്മുടെ മനുഷ്യ ശരീരമാണെന്നാണ് പറയുന്നത്.
ബിഗ്ഗ്‌ബോസ് വീട്ടിൽ ഒരു കോടതി സീൻ ഉണ്ടായിരുന്നു. എന്നെ ശിക്ഷിക്കുമ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ മ്യൂട്ട് ചെയ്തിരുന്നു എന്ന് കഴിഞ്ഞ ദിവസമാണ് ഞാൻ അറിഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞിരുന്നത് ഗണപതി സ്തോത്രമാണ്. നമ്മൾ ഒരു തെറ്റ് ചെയ്ത് കഴിഞ്ഞാൽ ഗണപതി ഭഗവാന്റെ മുന്നിൽ പോയി ഏത്തം ഇടണം. ആ വീട്ടിലുള്ള മത്സരാർഥികളുടെ മുന്നിൽ ഞാനൊരു പരാജയപ്പെട്ടവനായി കാണപ്പെടാൻ ആഗ്രഹിക്കാത്തതിന്റെ പേരിൽ ഞാൻ ഗണപതി ഭാഗവാന് മുന്നിൽ സമർപ്പിച്ചുകൊണ്ട് ‘ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം ലംബോധരം വിശാലാക്ഷം വന്ദേഹം ഗണനായകം’ എന്ന് ചൊല്ലിക്കൊണ്ടാണ് ഞാൻ എത്തം ഇട്ടത്. അതിന്റെ പേരിൽ ബിഗ്ഗ്‌ബോസ് വീടിനുള്ളിൽ ഒരു വലിയ തർക്കം തന്നെ നടന്നു എന്നാൽ അത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയതിനാലാണ് അത് നിങ്ങൾ ആരും കേൾക്കാതിരുന്നത്. ഞാൻ ഒരു ഗണപതി ഭക്തനാണ്. ഗണപതി എന്നാൽ സിദ്ധിയുടെയും ബുദ്ധിയുടെയും നാഥനാണ്. തടസങ്ങളിൽ നിന്ന് മുന്നോട്ട് നയിക്കാൻ വേണ്ടി എനിക്ക് കരുത്ത് നൽകുന്ന ആളാണ്. അതിനർത്ഥം മറ്റുള്ളവരുടെ വിശ്വാസങ്ങൾ മോശമാണ് എന്നല്ല അതിനെ തള്ളി പറയാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടുമില്ല. ഞാൻ ഭീമ പള്ളിയിൽ പോകുന്ന ഒരാളാണ്, ക്രിസ്ത്യൻ പള്ളികളിൽ പോകുന്ന ഒരാളാണ്.
അപ്പോൾ ഇന്ന് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ കൂടുതൽ അപകടത്തിലേക്ക് പോകാതെ നോക്കണം. ഇപ്പോൾ സ്പീക്കർ വിചാരിച്ചു കഴിഞ്ഞാൽ ഇതിനൊരു അവസാനം കണ്ടെത്താൻ കഴിയും. നമ്മുടെ സ്പീക്കറിന്റെ ഖേദപ്രകടനം കൊണ്ട് കേരളത്തിലെ വിശ്വാസികൾ മതാടിസ്ഥാനത്തിൽ അല്ലാതെ ഉണ്ടായിട്ടുള്ള വിഷമങ്ങൾ മാറ്റാനും ഇപ്പോൾ പുകഞ്ഞു കൊണ്ടിരിക്കുന്ന ഈ ആറ്റം ബോംബ് ഇല്ലാതാക്കാൻ കഴിയുന്ന ഫ്യൂസ് അങ്ങയുടെ കയ്യിലാണ്. അതിനെ ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരുടെ കയ്യിലേക്ക് നമ്മുടെ നാടിനെ ഇട്ടു കൊടുക്കരുത്.
ഒരു ഖേദപ്രകടനം കൊണ്ട് പ്രത്യേകിച്ച് ഒന്ന് നഷ്ടപ്പെടാനില്ല. ഇത് നടത്താതിരുന്നത് കൊണ്ട് ഒരുപാട് നഷ്ടപ്പെടാൻ ഉണ്ട് എന്നുള്ളതും നിങ്ങൾ മനസിലാക്കുക. അങ്ങയുടെ വിശ്വാസം പോലെത്തന്നെ പ്രധാനപ്പെട്ടതാണ് മറ്റുള്ളവരുടെ വിശ്വാസം എന്നും പറയുക. ഇതിന്റെ പേരിൽ ആരെന്തു പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവും ഇല്ല. എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നമ്മളാൽ കഴിയുന്ന രീതിയിൽ എന്തെങ്കിലും ചെയ്ത് നാടിനെ നന്നാക്കാൻ ശ്രമിക്കുന്നെങ്കിൽ അത് ചെയ്യുക. മറ്റെന്തെങ്കിലും രീതിയിൽ അതിനെ തിരിച്ച് കൊണ്ട് പോകാനുള്ള സാഹചര്യം വന്നാൽ അത് തിരിച്ചറിയാനുള്ള ബോധം മലയാളിക്ക് വേണം.”
കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം സൗജന്യമായി നല്‍കി ബിഷപ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍
കൊല്ലം സുധിയുടെ മരണശേഷം അവരുടെ കുടുംബത്തിന് വീട് വെച്ച് നൽകുമെന്നു പറഞ്ഞ് താരങ്ങളുൾപ്പെടെ നിരവധിപേർ രംഗത്തുവന്നിരുന്നു. എന്നാലിപ്പോൾ സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം സൗജന്യമായി നല്‍കിയിരിക്കുകയാണ് ബിഷപ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ചങ്ങനാശ്ശേരിയിലെ ഏഴ് സെന്റ് സ്ഥലമാണ് സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത് നൽകിയിരിക്കുന്നത്.
ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂര്‍ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷണറി ബിഷപാണ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിയുടെ കുടുംബത്തിന് വീടൊരുങ്ങാൻ പോകുന്നത്. കേരള ഹോം ഡിസെെൻസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് സുധിയുടെ കുടുംബത്തിന് വീട് പണിത് കൊടുക്കാൻ പോകുന്നത്.
‘എന്റെ കുടുംബസ്വത്തില്‍ നിന്നുള്ള ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിയുടെ കുടുംബത്തിനായി നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലായിട്ടാണ്. രജിസ്‌ട്രേഷൻ പൂര്‍ണമായും കഴിഞ്ഞിട്ടുണ്ട്. സുധിയ്ക്ക് തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയത്. വീടു പണി ഉടൻ ആരംഭിക്കും’ ബിഷപ് പറഞ്ഞു. അതേസമയം, സുധിയുടെ ഭാര്യ രേണു ബിഷപ്പിന് നന്ദി പറഞ്ഞു. സുധിച്ചേട്ടന്റെ ഏറ്റവും സ്വപ്നമാണ് സഫലമാകുന്നതെന്നും ഇതൊന്നും കാണാൻ അദ്ദേഹം ഇല്ലായതായി പോയി എന്നതാണ് വിഷമകരമായ കാര്യമെന്നും രേണു പറഞ്ഞു.
കൊല്ലം സുധി ടെലിവിഷന്‍ പോഗ്രാമുകളിലൂടെയാണ് തുടക്കം. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. സഫര്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 1984 ജനുവരി 1 ന് കൊല്ലത്താണ് അദ്ദേഹം ജനിച്ചത്. വിദ്യാഭ്യാസം പൂർത്തിയാക്കിയത് കേരള സർവകലാശാലയിൽ ആയിരുന്നു.
‘അവാർഡ് നിർണയത്തിൽ രാഷ്ട്രീയമല്ല മറിച്ച് വ്യക്തിവിരോധമാണ് നിഴലിച്ചത്’ ; എം എ നിഷാദ്
ഇത്തവണത്തെ ചലച്ചിത്ര പുരസ്കാരനിർണയത്തിലുണ്ടായ വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും എഴുത്തുകാരനുമായ എം എ നിഷാദ്. എല്ലാതവണത്തെ അവാർഡ് പ്രഖ്യാപനങ്ങളിലും വിവാദങ്ങളുണ്ടാകാറുണ്ടെന്നും എന്നാൽ ഇത്തവണത്തേത് , അതീവ ഗുരുതരമായ ആരോപണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവാർഡ് നിർണയത്തിൽ രാഷ്ട്രീയമല്ല മറിച്ച് വ്യക്തിവിരോധമാണ് നിഴലിച്ചതെന്നാണ് നിഷാദ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
”എല്ലാ അവാർഡ് പ്രഖ്യാപനങ്ങളിലും വിവാദങ്ങളുണ്ടാകാറുണ്ട്…ഒരു പക്ഷെ സ്വജന പക്ഷപാതം ജൂറിയുടെ ചില തീരുമാനങ്ങൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടാണ് നാളിത് വരെ അവാർഡ് പ്രഖ്യാപനത്തിൽ വിവാദങ്ങൾ ഉണ്ടായിട്ടുളളത്. എന്നാൽ ഇക്കുറി അതല്ല സംഭവിച്ചത്… അക്കാദമിയുടെ ചെയർമാൻ അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു എന്നുള്ള ഗുരുതര ആരോപണമാണ് പുറത്ത് വന്നിട്ടുളളത്. അത് നിയമ വിരുദ്ധമാണ് ജൂറിയിലെ തന്നെ രണ്ട് അംഗങ്ങൾ അക്കാദമി ചെയർമാനെതിരെയും ഒരംഗം പ്രിലിമിനറി കമ്മിറ്റിയിലെ കെ എം മധുസൂദനൻ എന്ന വ്യക്തിയുടെ ഇടപെടലുകളെ കുറിച്ചും പ്രതിപാദിക്കുകയുണ്ടായി…ജൂറി അംഗം പല സിനിമകളും ബയാസ്ഡ് ആയിട്ടാണ് അല്ലെങ്കിൽ നിക്ഷിപ്ത താൽപര്യത്തോടെയാണ് ഇടപെട്ടതെന്ന സത്യം മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്.
ഈ വിഷയത്തിൽ സാംസ്കാരിക മന്ത്രിയേയോ വകുപ്പിനേയോ കുറ്റപ്പെടുത്താൻ കഴിയില്ല…കാരണം ഇതിൽ രാഷ്ട്രീയമില്ല. അതിനുളള ഉത്തമ തെളിവാണ് ജൂറി മെമ്പർമാരിൽ ചിലരുടെ രാഷ്ട്രീയം. ചെയർമാന്റെ സ്വന്തം നോമിനിയായ ജൂറിയിലെ ഒരു വ്യക്തി ഹിസ് മാസ്റ്റേഴ്സ് വോയിസായി പ്രവർത്തിച്ചിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അത് കൊണ്ട് ഈ അവാർഡ് നിർണ്ണയത്തിൽ രാഷ്ട്രീയമല്ല മറിച്ച് വ്യക്തി വിരോധമാണ് നിഴലിച്ചത്.
നൂറ്റി അറുപതോളം ചിത്രങ്ങൾ മത്സരത്തിനെത്തി. അതിൽ 44 ചിത്രങ്ങൾ ഫൈനൽ ജഡ്മിംഗ് കമ്മിറ്റിക്ക് മുമ്പാകെ പ്രദർശിപ്പിക്കുന്നു.. ആ ചിത്രങ്ങൾ ഏതൊക്കെ…അതറിയാൻ ഇവിടുത്തെ പ്രേക്ഷകർക്ക് ആഗ്രഹമുണ്ട് സാർ.. ആ ലിസ്റ്റ് അക്കാദമി പ്രസിദ്ധീകരിക്കണം.” എന്നൊക്കെയാണ് ഫേസ്ബുക്ക് കുറിപ്പിൽ നിഷാദ് പറയുന്നത്.