മണിപ്പൂര്‍ ജനതയ്ക്ക് രാഹുലിന്റെ ആശ്വാസ കിരണം; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു;ഈ നേരത്തെ പ്രധാന വാര്‍ത്തകള്‍…

ണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്റാംഗിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് രാഹുല്‍ സന്ദര്‍ശിച്ചത്. മണിപ്പൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും സംഘത്തെയും പൊലീസ് സംഘം കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. മണിപ്പൂരില്‍ ആക്രമണത്തിന് ഇരയായവരെയും കുടുംബത്തെയും രാഹുല്‍ സന്ദര്‍ശിച്ചു. സ്ത്രീകളെയും കുട്ടികളെയും ആശ്വസിപ്പിച്ചു. ഹെലികോപ്റ്ററിലാണ് രാഹുല്‍ മൊയ്റാംഗിലേക്ക് പോയത്.

മൊയ്റാംഗ് സന്ദര്‍ശിച്ച് തിരിച്ച് ഇംഫാലിലെത്തുന്ന രാഹുല്‍ ഗാന്ധി പ്രമുഖ പ്രതിപക്ഷത്തെ പത്തോളം പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തമെന്ന് മണിപ്പൂര്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെയ്ഷാം മേഘചന്ദ്ര സിംഗ് പറഞ്ഞു. യുണൈറ്റഡ് നാഗാ കൗണ്‍സില്‍ (യുഎന്‍സി), മേഖലയിലെ സ്വാധീനമുള്ള വനിതാ സംഘടനകള്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തും.

ഇംഫാല്‍ വെസ്റ്റ് ഡിസ്ട്രിക്ടിലെയും ചുരാചന്ദ്പൂരിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ രാഹുല്‍ സന്ദര്‍ശിച്ചു. മണിപ്പൂരില്‍ ഇതുവരെ ഉണ്ടായ അക്രമത്തില്‍ 120 പേര്‍ കൊല്ലപ്പെടുകയും 400 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായുണ്ടായ ആക്രമണത്തില്‍ മണിപ്പൂരില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിയ്ക്കിരയായി. പല സ്ഥത്തെയും കെട്ടിടങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു, വസ്തുക്കള്‍ നശിച്ചു.

അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പലരും മറ്റു സ്ഥലങ്ങളിലേയ്ക്ക് പലായനം ചെയ്തു. ബന്ധുക്കളുടെ വീടുകളില്‍ അഭയം തേടി. മെയ് 3 ന് മണിപ്പൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ വലിയ നാശനഷ്ടങ്ങളായിരുന്നു രേഖപ്പെടുത്തിയത്. വീടുകള്‍, വാഹനങ്ങള്‍, പ്രധാന സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ആക്രമണത്തിനിരയായി. പലതിനും കേടുപാടുകള്‍ സംഭവിച്ചു.

ആക്രമണം ഉണ്ടായ ഇപ്പോഴും കലുഷിതമായ മേഖലകളിലെ പ്രധാന രണ്ട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്. രണ്ട് ജില്ലകളിലും, ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ രാഹുല്‍ ഗാന്ധി ക്ഷമയോടെ കേട്ടതായി കെയ്ഷാം മേഘചന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഇംഫാലിലെ ദുരിതാശ്വാസ ക്യാമ്പില്‍ ദുരിത ബാധിതര്‍ക്കൊപ്പമിരുന്ന് രാഹുല്‍ ഭക്ഷണം കഴിച്ചു.

ഇത്തവണ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് രാഹുല്‍ ദുരിതബാധിത പ്രദേശങ്ങളിലെത്തിയത്. കഴിഞ്ഞ ദിവസം റോഡ് മാര്‍ഗം ബിഷ്ണുപൂരിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തെ പൊലീസ് തടഞ്ഞിരുന്നു. ഇംഫാലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബിഷ്ണുപൂരില്‍ വച്ച് എസ് പി ഹെയ്സ്നം ബല്‍റാം സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തടഞ്ഞത്. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വന്‍ പൊലീസ് സംഘം രാഹുലിനെ തടഞ്ഞത്.

അക്രമബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ബിഷ്ണുപൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പൊലീസ് സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.

മണിപ്പൂരിലെ പ്രിയപ്പെട്ട എല്ലാ ജനതയേയും കേള്‍ക്കാനാണ് വന്നതെന്ന് രാഹുല്‍ ഗാന്ധി പിന്നീട് ട്വീറ്റ് ചെയ്തു. മണിപ്പൂരിലെ എല്ലാവരും സ്‌നേഹമുള്ളവരാണ്. എല്ലാ വിഭാഗത്തിലുള്ളവരും അവിടെയെത്തുന്ന എല്ലാവരെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്. അത്തരം ജനവിഭാഗങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നതിനാണ് എന്നെ അവര്‍ തടഞ്ഞത്. അത് വളരെയധികം ദൗര്‍ഭാഗ്യകരമാണ്. മണിപ്പൂരിന് സംഘര്‍ഷത്തില്‍ നിന്നും മോചനം ആവശ്യമാണ്. മണിപ്പൂരിലെ സമാധാനം മാത്രമായിരിക്കണം നമ്മുടെ മുന്‍ഗണന.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ എല്ലാ ഉന്നത കോണ്‍ഗ്രസ് നേതാക്കളും മണിപ്പൂര്‍ പൊലീസിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് മണിപ്പൂര്‍ പോലീസ് ബിഷ്ണുപൂര്‍ ജില്ല സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ തടഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

സഹായത്തിനായുള്ള നിലവിളി ഹൃദയഭേദകം: മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ രാഹുല്‍ ഗാന്ധി

അക്രമത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ അവസ്ഥ കാണുന്നതും കേള്‍ക്കുന്നതും ഹൃദയഭേദകമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ‘സഹായത്തിനായുള്ള നിലവിളി’കളാണ് മണിപ്പൂരില്‍ നിന്നും ഉയരുന്നത്. അവരുടെ ജീവിതവും ഉപജീവനവും സുരക്ഷിതമാകണമെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങലില്‍ സമാധാനം പുനഃസ്ഥാപിക്കണം. അവിടെ ഇപ്പോല്‍ സമാധാനമാണ് ആവശ്യമെന്നും രാഹുല്‍ വ്യക്തമാക്കി. മണിപ്പൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ശേഷം സംസാരിക്കവെയായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംഘര്‍ഷബാധിത പ്രദേശങ്ങലിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ആക്രമണത്തിനിരയായവരെയും കുടുംബങ്ങളെയും ആശ്വസിപ്പിക്കുകയും ചെയ്തു.

മണിപ്പൂരിലെ അക്രമത്തില്‍ പ്രിയപ്പെട്ടവരും വീടും നഷ്ടപ്പെട്ടവരുടെ ദുരിതം കാണുന്നതും കേള്‍ക്കുന്നതും ഹൃദയഭേദകമാണ്. ഇവിടെയുള്ള എന്‍രെ പ്രിയപ്പെട്ട സഹോദരന്റെയും സഹോദരിയുടെയും മുഖത്തും സഹായത്തിനായുള്ള നിലവിളിയുണ്ട്. മണിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇന്‍സ്റ്റാഗ്രാമില്‍
കുറിച്ചത് ഇങ്ങനെയായിരുന്നു.

‘മണിപ്പൂരിന് ഇപ്പോള്‍ ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം സമാധാനമാണ് – നമ്മുടെ ജനങ്ങളുടെ ജീവിതവും ഉപജീവനവും സുരക്ഷിതമാക്കുക. നമ്മുടെ എല്ലാ ശ്രമങ്ങളും ആ ലക്ഷ്യത്തിലേക്കായി ഒന്നിക്കണം.’രാഹുല്‍ പറഞ്ഞു.

മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി ചുരാചന്ദ്പൂരിലെയും പടിഞ്ഞാറന്‍ ഇംഫാലിലെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ കണ്ടിരുന്നു. ബിഷ്ണുപൂര്‍ പ്രദേശത്ത് അദ്ദേഹത്തിന്റെ വാഹനവ്യൂഹം തടഞ്ഞതിനെ തുടര്‍ന്ന് ഇംഫാലിലേക്ക് തിരിച്ച് മടങ്ങേണ്ടിയും വന്നു. തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് രാഹുല്‍ഗാന്ധി ചുരാചന്ദ്പൂര്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.

മെയ് 3 ന് മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട ആക്രമണത്തില്‍ ഇതുവരെ 100 ലധികം ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടിവരുകയും ചെയ്തിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ജൂലൈയില്‍ ബംഗളൂരുവില്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ജൂലൈ 13, 14 തീയതികളില്‍ ബംഗളൂരുവില്‍ നടക്കും. ഈ വര്‍ഷത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗമാണ് ഈ മാസം നടക്കുന്നത്. ഷിംലയില്‍ യോഗം ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഹിമാചല്‍ പ്രദേശിലെ കനത്ത മഴയെത്തുടര്‍ന്ന് യോഗത്തിന്റെ
വേദി മാറ്റുകയായിരുന്നു.

രാജ്യത്തെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ അണിചേര്‍ന്ന ആദ്യ യോഗം 2023 ജൂണ്‍ 23 ന് ബീഹാറിലെ പട്നയില്‍ നടന്നിരുന്നു. ബീഹാറിലെ യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ (ബിജെപി) ഒരുമിച്ച് നേരിടണമെന്ന പ്രഖ്യാപനവും അന്ന് ഉണ്ടായി.

ജനതാദള്‍ തലവനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് പട്നയില്‍ ചേര്‍ന്ന യോഗത്തിന് ആതിഥേയത്വം വഹിച്ചത്. വരുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗങ്ങളില്‍ ആദ്യത്തേതായിരുന്നു ഇത്.

ജെഡിയുവിന് പുറമെ, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം, ലാലു പ്രസാദ് യാദവ് എന്നിവരുള്‍പ്പെടെ, സഖ്യകക്ഷിയായ കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളായ യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ), രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) [സിപിഐ(എം)] എന്നിവരും പങ്കെടുത്തു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എഎപി) തുടങ്ങിയ ബിജെപി ഇതര സഖ്യകക്ഷികളും യോഗത്തിലുണ്ടായിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്), ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി), അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) എന്നിവരാണ് ഈ സഖ്യത്തില്‍ നിന്ന് വിട്ടുനിന്നത്. എച്ച് ഡി ദേവഗൗഡ നയിക്കുന്ന ജനതാദള്‍ (സെക്കുലര്‍) [ജെഡി(എസ്)], ഒറീസ്സ മുഖ്യമന്ത്രി നവീന്‍ പട്നായിക് നയിക്കുന്ന ബിജു ജനതാദള്‍ (ബിജെഡി) എന്നിവരും യോഗത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു.

ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെച്ചൊല്ലി കോണ്‍ഗ്രസും എഎപിയും കഴിഞ്ഞ ഏതാനും ആഴ്ചകളായി വാക്‌പോരിലാണ്. ബിഹാറിലെ പട്നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ഓര്‍ഡിനന്‍സ് വിവാദത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകുന്നത് പാര്‍ട്ടിയെ വളരെ ബുദ്ധിമുട്ടാക്കുമെന്ന് പ്രതിപക്ഷ യോഗത്തിന് ശേഷം എഎപി പറഞ്ഞു.

പട്ന യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍, പങ്കെടുത്ത എല്ലാ നേതാക്കളും സഖ്യത്തോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു. എന്നാല്‍, അരവിന്ദ് കെജ്രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും അഭാവം വിമര്‍ശനങ്ങള്‍ക്കിടയായിരുന്നു. ഡല്‍ഹിയിലെ ഓര്‍ഡിനന്‍സ് വിഷയവും കോണ്‍ഗ്രസിന്റെ നിലപാടും എഎപിയും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന് കാരണമായതായി വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 29 വ്യാഴാഴ്ച ശരദ് പവാറാണ് സ്ഥലം മാറ്റത്തിന്റെ പ്രഖ്യാപനം നടത്തിയത്.

യൂണിഫോം സിവില്‍ കോഡിനെ പിന്തുണച്ച് ആംആദ്മി; ആശ്ചര്യകരമെന്ന് കോണ്‍ഗ്രസ്

യൂണിഫോം സിവില്‍ കോഡിനെ (യുസിസി) പിന്തുണയ്ക്കാനുള്ള ആം ആദ്മി പാര്‍ട്ടി (എഎപി) തീരുമാനത്തിനെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും. ആംആദ്മിയുടെ മലക്കംമറിയലിന് തൊട്ടു പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ എഎപി ഇത്രവേഗത്തില്‍ പിന്തുണച്ചത് ആശ്ചര്യകരമാണ്.
‘എഎപി ഇത്പര വേഗത്തില്‍ തന്നെ ഏകീകൃത സിവില്‍ കോഡിന് പിന്തുണ നല്‍കിയതില്‍ ശരിക്കും ആശ്ചര്യപ്പെട്ടിരിക്കുകയാണ്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ യൂണിഫോം സിവില്‍ കോഡിനെതിരെ ശ്ബദമുയര്‍ത്തുമ്പോഴാണ് എഎപിയുടെ പുതിയ നീക്കമെന്ന് കോണ്‍ഗ്രസ് മീഡിയ ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞു.
യുസിസിയെ പിന്തുണയ്ക്കാനുള്ള തീരുമാനം എഎപി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എല്ലാ പാര്‍ട്ടികളും വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ നിയമങ്ങള്‍ നടപ്പാക്കാവൂ എന്ന് പലപ്പോഴും വ്യക്തമാക്കിയിരുന്നതാണ്. യൂണിഫോം സിവില്‍ കോഡ് പാസാക്കുന്ന വോട്ടെടുപ്പില്‍
എന്‍ഡിഎ സര്‍ക്കാരിനെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കാനുള്ള തീരുമാനവും എഎപി പ്രഖ്യാപിച്ചിട്ടുണ്ട്.

എഎപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, സഖ്യത്തിലെ മറ്റൊരു പാര്‍ട്ടിയായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും യുസിസിയെ പിന്തുണയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. യുസിസി നിയമം നടപ്പാക്കുന്നതിനെ തങ്ങള്‍ പിന്തുണച്ചതായി പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

”യൂണിഫോം സിവില്‍ കോഡ് എന്ന ആശയത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ അജണ്ഡയുടെ ഭാഗമാണ് ഇതെല്ലാം.
അല്ലാതെ യുസിസിയെ കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥത കൊണ്ടല്ല. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായി വരും.”അദ്ദേഹം പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
ജൂലൈ 13, 14 തീയതികളില്‍ ബംഗളൂരുവില്‍ ബിജെപിയ്‌ക്കെതിരായി പ്രതിപക്ഷം യോഗം ചേരാനാണ് തീരുമാനം.

ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെച്ചൊല്ലി കോണ്‍ഗ്രസും എഎപിയും കഴിഞ്ഞ ഏതാനും ആഴ്ചകളായി വാക്‌പോരിലാണ്. ബിഹാറിലെ പട്നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ഓര്‍ഡിനന്‍സ് വിവാദത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകുന്നത് പാര്‍ട്ടിയെ വളരെ ബുദ്ധിമുട്ടാക്കുമെന്ന് പ്രതിപക്ഷ യോഗത്തിന് ശേഷം എഎപി പറഞ്ഞു.

ജൂണ്‍ 27ന് മധ്യപ്രദേശിലെ ബിജെപി ബൂത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ, യുസിസിയുടെ പേരില്‍ മുസ്ലീങ്ങളെ പലരും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

ഹൈദരാബാദിലെ മണമുള്ള ബിരിയാണി പ്രണയം

ബിരിയാണിയോടുള്ള പ്രണയം പെട്ടെന്നൊന്നും അവസാനിക്കില്ലെന്നാണ് ഹൈദരാബാദ് പറയുന്നത്. അത് ബിരിയാണി ഓര്‍ഡറുകളില്‍ നിന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഹൈദരാബാദ് നിവാസികള്‍ 72 ലക്ഷം ബിരിയാണികള്‍ ഓര്‍ഡര്‍ ചെയ്തതായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ ആപ്പുകളില്‍ പ്രമുഖരായ സ്വിഗ്ഗി വ്യക്തമാക്കുന്നു. ഇതിനര്‍ത്ഥം സ്വിഗ്ഗിയിലെ അഞ്ച് ബിരിയാണികളില്‍ ഒന്ന് ഓര്‍ഡര്‍ ചെയ്യുന്നത് ഹൈദരാബാദില്‍ നിന്നുള്ളവരാണെന്നാണ് കണക്കുകള്‍ പറയുന്നത്.

ജൂണ്‍ 26 ന് ലോക ബിരിയാണി ദിനത്തിനോടനുബന്ധിച്ച് 2023 ജനുവരി 23 മുതല്‍ ജൂണ്‍ 15 വരെ നടത്തിയ പരിപാടിയിലാണ് രസകരമായ ബിരിയാളി പ്രണയം പുറത്തായത്. കഴിഞ്ഞ ആറ് മാസത്തിനിടെ 9 ലക്ഷത്തിലധികം ഓര്‍ഡറുകളുമായി ദം ബിരിയാണിയാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബിരിയാണി ഓര്‍ഡറുകളില്‍ 8.39% വളര്‍ച്ചയുണ്ടായത്. ഹൈദരാബാദി ഓര്‍ഡറുകളില്‍ ആധിപത്യം പുലര്‍ത്തി, തൊട്ടുപിന്നാലെ മിനി ബിരിയാണിയുമുണ്ട് (5.2 ലക്ഷം).

ബിരിയാണിക്ക് പേരുകേട്ട ഒരു നഗരത്തില്‍, ബിരിയാണി വിളമ്പുന്ന 15,000-ത്തിലധികം റെസ്റ്റോറന്റുകള്‍ ഉണ്ടെന്നതില്‍ അതിശയിക്കാനില്ല. കുക്കട്ട്പള്ളി, മദാപൂര്‍, അമീര്‍പേട്ട്, ബഞ്ചാര ഹില്‍സ്, കോതപേട്ട്, ദില്‍സുഖ്‌നഗര്‍ എന്നിവിടങ്ങളിലാണ് ബിരിയാണി വിളമ്പുന്ന റെസ്റ്റോറന്റുകള്‍ ഏറ്റവും കൂടുതലുള്ളതെന്ന് സ്വിഗ്ഗിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, മദാപൂര്‍, ബഞ്ചാര ഹില്‍സ്, ഗച്ചിബൗളി, കൊണ്ടാപൂര്‍ എന്നിവയ്ക്ക് തൊട്ടുപിന്നാലെ കുക്കട്ട്പള്ളിയിലാണ് ബിരിയാണി ഓര്‍ഡറുകള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

സുരക്ഷാ വടം കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കെട്ടിയ വടം കഴുത്തില്‍...

Free Slot Games and Video Slots For Your iPhone – How to Increase Your Chances of Winning

Sweepstakes casinos have long been a favourite way of...

Free Slots No Download No Enrollment: Delight In Immediate Video Gaming without Trouble

In to Pagina apuestas csgoday's busy electronic age, online...

Free Slots: No Download or Enrollment, Simply Fun and Enjoyment

Are you a fan of gambling establishment games and...