വയനാട്ടില്‍ ആരാണ് മത്സരിക്കുന്നത്? ഇപ്പോള്‍ ഏവരെയും കുഴപ്പിക്കുന്ന ചോദ്യമാണിത്. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി എഐസിസി നേതൃത്വം. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന് തടസമാകില്ലെന്നും, കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ തമ്മിലാണ് പോരാട്ടമെന്നും എഐസിസി വക്താവ് ജയറാം രമേശ് വ്യക്തമാക്കിയിട്ടുണ്ട്.
ജയറാം രമേശിന്റെ പ്രതികരണത്തോടെ വയനാട്ടില്‍ ഇക്കുറിയും രാഹുല്‍ ഗാന്ധി തന്നെയെന്ന് സൂചനയാണ് എഐസിസി നേതൃത്വം നല്‍കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി നിന്ന് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് വിമര്‍ശന വിധേയമാകുമ്പോള്‍ അതിന് മറുപടി നല്‍കുന്നതിലൂടെ വയനാട്ടിലേക്ക് ആരെന്നും നേതൃത്വം വ്യക്തമാക്കുന്നുണ്ട്. ഇടത് പക്ഷം ഇന്ത്യ സഖ്യത്തിലുള്ളത് മത്സരത്തിന് തടസമാവില്ലെന്ന് എഐസിസി വക്താവ് ജയറാം രമേശ് മാധ്യമങ്ങളെ അറിയിച്ചു.
രാഹുല്‍ ഇക്കുറിയും വയനാട്ടിലേക്ക് നീങ്ങുന്നത് ഇടതുപക്ഷത്തെ ദേശീയ തലത്തില്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം വഹിക്കുന്ന കക്ഷി സഖ്യത്തിലെ മറ്റൊരു കക്ഷിയോട് ഏറ്റുമുട്ടുന്നതിലെ അതൃപ്തി സിപിഎമ്മും സിപിഐയും കോണ്‍ഗ്രസിനെ ധരിപ്പിച്ചിട്ടുണ്ട്.
ദേശീയ തലത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സജീവ ചര്‍ച്ചയായിരിക്കെയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ലെന്ന തരത്തിലുള്ള പ്രചരണവും ശക്തമാകുന്നത്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകുന്ന സുരക്ഷിത മണ്ഡലത്തില്‍ രാഹുല്‍ വീണ്ടും ചേക്കേറുന്നുവെന്ന വിമര്‍ശനം ഉത്തരേന്ത്യയില്‍ ബിജെപി സജീവമാക്കുന്നുണ്ട്.
അമേത്തിയില്‍ മത്സരിക്കാനും രാഹുല്‍ ഗാന്ധിയെ ബിജെപി വെല്ലുവിളിക്കുന്നുണ്ട്. ഇന്ത്യ സഖ്യത്തിലെ കക്ഷിയായ സിപിഐ മത്സരത്തിനെത്തുമ്പോള്‍ സഖ്യത്തിന്റെ നായകന്മാരിലൊരാളായ രാഹുല്‍ അവര്‍ക്കെതിരെ മത്സരിക്കാനൊരുങ്ങുന്നതും വിമര്‍ശന വിധേയമാകുന്നുണ്ട്. രാഹുല്‍ മത്സരിക്കുന്നതിനോട് സിപിഐക്ക് താല്‍പര്യമില്ല. പോരാട്ടം ബിജെപിക്കെതിരെയാണെന്ന് പറഞ്ഞിട്ട് കേരളത്തിലെത്തി രാഹുല്‍ ഇടത് പക്ഷത്തിനെതിരെ മത്സരിക്കുന്നത് എന്ത് സന്ദേശമാകും നല്‍കുകയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ചോദിച്ചിട്ടുണ്ട്. വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ആനി രാജയാണ് മത്സര രംഗത്തുള്ളത്. ആനിരാജയ്ക്കുവേണ്ടി പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മാര്‍ച്ച് ഒന്നിന് മാനന്തവാടിയില്‍ റോഡ്‌ഷോയോടെ അവരുടെ പ്രചാരണമാരംഭിക്കാനാണ് സാധ്യത.
വയനാട്ടില്‍ത്തന്നെ വീണ്ടും മത്സരിക്കാനാണ് രാഹുല്‍ഗാന്ധിയുടെ താല്‍പ്പര്യം. പക്ഷേ അദ്ദേഹം പിന്‍വാങ്ങിയാല്‍ ആരായിരിക്കും പകരമെന്ന ചര്‍ച്ചകളും കോണ്‍ഗ്രസില്‍ ചൂടു പിടിച്ചുതുടങ്ങി. കല്‍പ്പറ്റ കോണ്‍ഗ്രസിന് പൂര്‍ണമായി സുരക്ഷിത മണ്ഡലമല്ല. രാഹുല്‍ ഇവിടെ മത്സരിക്കും അതുകൊണ്ട് പകരം ഒരാളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. മറ്റു ചില പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും അത് വയനാട്ടിലെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ സ്വീകാര്യമല്ല.
രാഹുല്‍ അല്ലെങ്കില്‍ മുസ്ലിം സാമുദായിക പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന കടമ്പ കോണ്‍ഗ്രസിനു മുന്നിലുണ്ട്. അല്ലാതെ മുസ്ലിം സ്ഥാനാര്‍ഥിയല്ലാത്ത ഒരാളെ പരിഗണിക്കാനുള്ള സാധ്യത കുറവായി വയനാട്ടില്‍ ഇല്ലെങ്കില്‍ കേരളത്തില്‍ ഒരു ലോക്സഭാ മണ്ഡലത്തിലും കോണ്‍ഗ്രസിന് മുസ്ലിം പ്രതിനിധിയില്ലാതെ പോവും.
രാഹുല്‍ വയനാട്ടില്‍ നിന്ന് പോയാല്‍ കെ സി വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശവും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ ആലപ്പുഴയില്‍ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കാനാവും. ഷാനിമോള്‍ ഉസ്മാന്‍, എം.എം. ഹസന്‍, ടി. സിദ്ദിഖ് എം.എല്‍.എ., മലപ്പുറത്തുനിന്നുള്ള കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദലി എന്നീ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പക്ഷേ, സിദ്ദിഖിനെ മത്സരിപ്പിച്ച് കല്‍പറ്റയില്‍ കോണ്‍ഗ്രസ് ഒരു ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടാക്കുമോ എന്ന ചോദ്യവുമുയരുന്നുണ്ട്.
വയനാട് ലോക്സഭാ മണ്ഡലം രൂപവത്കരിച്ചശേഷം നാലാമത്തെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ആദ്യ രണ്ടുതവണയും എം.ഐ. ഷാനവാസായിരുന്നു വിജയിച്ചത്. കഴിഞ്ഞതവണ രാഹുല്‍ ഗാന്ധിയായതു കൊണ്ടാണ് മുസ്ലിംസംഘടനകള്‍ എതിര്‍പ്പുന്നയിക്കാതിരുന്നത്.
കെ.പി. നൗഷാദലി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ഏറനാട് നിന്നുള്ളയാളാണെങ്കിലും ഷാനിമോള്‍ ഉസ്മാനാണ് സാധ്യത കൂടുതല്‍ കാണുന്നത്. അതേസമയം, വയനാട്ടില്‍ നിന്ന് കര്‍ഷകപ്രതിനിധിയെ പാര്‍ലമെന്റില്‍ എത്തിക്കണമെന്നാണ് താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ കല്‍പ്പറ്റയില്‍നിന്ന കാത്തലിക്ക് കോണ്‍ഗ്രസിന്റെ റാലിയില്‍ പ്രസംഗിച്ചത്. അതുകൊണ്ട് സഭ ആവശ്യമുന്നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തിരുവമ്പാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും സഭയ്ക്ക് സ്വാധീനമുള്ള മേഖലകളാണ്. ബി.ജെ.പി.യില്‍ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ പേരാണ് പരിഗണനയിലുള്ളത്.
വയനാട് മണ്ഡലം ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമാണ്. രാഹുല്‍ മത്സരിക്കുമോ ഇല്ലയോയെന്നും ഉറ്റുനോക്കുകയാണ്. രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആര്‍ക്കാണ് നറുക്ക് വീഴുന്നതെന്ന് നോക്കാം.
സിദ്ധാര്‍ഥന്റെ മരണം: ഇനി പിടികൂടാനുള്ളത് 11 പേരെ, ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ്
പൂക്കോട് വെറ്ററിനറി കോളേജില്‍ ക്രൂരമര്‍ദനത്തിന് പിന്നാലെ ബി.വി.എസ്.സി. വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇനി 11 പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് കല്പറ്റ ഡിവൈ.എസ്.പി. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികളടക്കം സ്വീകരിച്ചുവരികയാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിവൈ.എസ്.പി. ടി.എന്‍. സജീവ് മാധ്യമങ്ങളോട് പറഞ്ഞു.
സിദ്ധാര്‍ഥനെതിരേ ആള്‍ക്കൂട്ട വിചാരണ നടന്നു. ഇതില്‍ നേരിട്ട് പങ്കെടുത്തെന്ന് കരുതുന്നയാളെയാണ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. നിലവില്‍ കുറ്റകൃത്യത്തെക്കുറിച്ച് മാത്രമാണ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ രാഷ്ട്രീയബന്ധങ്ങള്‍ സംബന്ധിച്ച അന്വേഷണം നടത്തിയിട്ടില്ല. കുറ്റകൃത്യം നടന്നത് ഹോസ്റ്റലില്‍വെച്ചാണ്. പ്രതികളെല്ലാം ഹോസ്റ്റലിലെ അന്തേവാസികളാണ്. രഹാന്‍ എന്ന വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥനെ ഫോണില്‍വിളിച്ച് തിരികെ കാമ്പസിലെത്തിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും പ്രതികളായ വിദ്യാര്‍ഥികളെ കോളേജില്‍നിന്നും ഹോസ്റ്റലില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് ഒത്തുകളിയുണ്ടെന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഡിവൈ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരുപ്രതിയെ കൂടി വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ പ്രധാനപ്രതിയായ അഖിലിനെയാണ് പാലക്കാട്ടുനിന്ന് പോലീസ് പിടികൂടിയത്. സിദ്ധാര്‍ഥനെതിരായ ആക്രമണം ആസൂത്രണം ചെയ്തവരില്‍ പ്രധാനി അഖിലാണെന്നാണ് വിവരം. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇതില്‍ ആറുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അടക്കമുള്ള 11 പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നിരുന്നു. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നായിരുന്നു ആരോപണം.
സിദ്ധാര്‍ഥനെ നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തില്‍ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കഴുത്തില്‍, തൂങ്ങിമരിച്ചതിന്റെ അടയാളത്തിനുപുറമേ രണ്ടുദിവസം പഴക്കമുള്ള മുറിവുമുണ്ട്.
ഇലക്ട്രിക് വയറുകൊണ്ട് കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചെന്ന് സഹപാഠികള്‍ മൊഴിനല്‍കിയിരുന്നു. ഇലക്ട്രിക് വയറുകൊണ്ട് കഴുത്തിന് മുറുക്കിയതുകൊണ്ടാവാം മുറിവുപറ്റിയതെന്ന് സംശയിക്കുന്നു. വിദ്യാര്‍ഥിയുടെ വയര്‍, നെഞ്ച് എന്നിവിടങ്ങളില്‍ കാല്‍പ്പാടുകളും കാലിന്റെ തള്ളവിരലും പതിഞ്ഞതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. കുടലിനും പരിക്കുപറ്റിയിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇലക്ട്രിക് വയറിനുപുറമേ ബെല്‍റ്റുകൊണ്ടും മര്‍ദിച്ചിട്ടുണ്ട്. ബെല്‍റ്റിന്റെ ബക്കിള്‍കൊണ്ട പാടുകളാണ് ശരീരത്തിന്റെ പലഭാഗങ്ങളിലുമുള്ളത്.
കസേരയില്‍ ഇരുത്തിയോ മറ്റോ മര്‍ദിച്ചശേഷം പുറകിലേക്ക് തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതാവാനുള്ള സാധ്യതകളുമുണ്ടെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നു. കവിളിന്റെ രണ്ടുഭാഗത്തും പിടിച്ചതിന്റെ പാടുകളുണ്ട്. തലയുടെ പുറകുഭാഗത്തും ചുമലിലും പരിക്കേറ്റിട്ടുണ്ട്. തലയുടെ പുറകിലാണ് സാരമായ പരിക്കുള്ളത്. തള്ളിയപ്പോള്‍ നിലത്തുവീണ് പറ്റിയതാവാമിതെന്ന് കരുതുന്നു. ചെറുപ്പമായതുകൊണ്ടാണ്, അല്ലെങ്കില്‍ ചവിട്ടേറ്റ് വാരിയെല്ല് തകര്‍ന്നുപോവുമായിരുന്നെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നത്. അതുതന്നെ ജീവന്‍ നഷ്ടമാവുന്നതിന് കാരണമാവുമായിരുന്നു.
15നാണ് കോളേജില്‍നിന്ന് സിദ്ധാര്‍ഥന്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചത്. പക്ഷേ, എറണാകുളത്തെത്തിയപ്പോള്‍ വളരെ അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞ് മറ്റൊരു സഹപാഠി വിളിച്ചുവരുത്തുകയായിരുന്നു. 16-ന് കോളേജില്‍ എത്തിയതുമുതല്‍ ഹോസ്റ്റലിലും കോളേജിനു പിറകിലെ കുന്നിന്‍മുകളിലുമെല്ലാംവെച്ച് മൂന്നുദിവസം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. കോളേജ് ഹോസ്റ്റലില്‍ നൂറ്റിമുപ്പതോളം വിദ്യാര്‍ഥികള്‍ക്കിടയില്‍വെച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തി. ഒരുദിവസം അര്‍ധരാത്രി ഹോസ്റ്റല്‍ മുറിയില്‍വെച്ച് സിദ്ധാര്‍ഥന്റെ കരച്ചില്‍ കേട്ടതായും സഹപാഠികള്‍ മൊഴിനല്‍കിയിട്ടുണ്ട്.
കാര്യവട്ടം ക്യാമ്പസില്‍ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് നിഗമനം
കാര്യവട്ടം ക്യാമ്പസില്‍ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് നിഗമനം. തലശ്ശേരി സ്വദേശി അവിനാഷിന്റെ പേരിലുള്ള ഡ്രൈവിങ് ലൈസന്‍സ് ടാങ്കിനുള്ളില്‍ നിന്ന് ലഭിച്ചു.
കാര്യവട്ടം ക്യാമ്പസിനുള്ളില്‍ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് ബുധനാഴ്ച അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്.
ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാട്ടര്‍ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കാണ്. വാട്ടര്‍ ടാങ്കിന്റെ മാനുവല്‍ ഹോള്‍ വഴിയാണ് 15 അടി താഴ്ചയിലുണ്ടായിരുന്ന അസ്ഥികൂടം കിടക്കുന്നത് കണ്ടത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാല്‍ ആരും ഇവിടേക്ക് പോകാറില്ലായിരുന്നു.
തൃപ്പൂണിത്തുറ വെടിക്കെട്ട് സ്ഫോടനക്കേസിലെ മുഖ്യപ്രതികള്‍ കീഴടങ്ങി
തൃപ്പൂണിത്തുറ വെടിക്കെട്ട് സ്ഫോടനക്കേസിലെ മുഖ്യപ്രതികള്‍ കീഴടങ്ങി. വടക്കുംഭാഗം കരയോഗം ഭാരവാഹികളാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ വൈകിട്ട് നാലുമണിയോടെ കോടതിയില്‍ ഹാജരാക്കും.
തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തില്‍ ഫെബ്രുവരി 12-ന് പകല്‍ പതിനൊന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. രണ്ടുജീവനുകള്‍ നഷ്ടമായതിന് പുറമേ കോടികളുടെ നഷ്ടമാണ് സ്ഫോടനമൂലം പ്രദേശവാസികള്‍ക്ക് ഉണ്ടായത്. വടക്കുംഭാഗം കരയോഗം ഭാരവാഹികളായ സജീവ് കുമാര്‍, സത്യന്‍, രാജേഷ്, രാജീവ് എന്നിവരാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്‌ഫോടനം ഉണ്ടായത്. പാലക്കാടുനിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറില്‍നിന്ന് ഇറക്കി, അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്.
രണ്ടുവിഭാഗങ്ങളായാണ് ഇവിടെ വെടിക്കെട്ട് നടത്താറുള്ളത്. സ്ഫോടനത്തിന് പിന്നാലെ, തലേന്ന് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തി എന്ന കണ്ടെത്തലില്‍ തെക്കുംഭാഗം കരയോഗത്തിന്റെ ഭാരവാഹികളെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരെക്കൂടാതെ മറ്റ് ഒട്ടനവധിപേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സിദ്ധാര്‍ത്ഥിന്റെ മരണം; ഡീന്‍ ഉള്‍പ്പെടെ അധ്യാപകരെ പ്രതികളാക്കണം: വി.ഡി സതീശന്‍
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റനറി കോളജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്.എഫ്.ഐ നേതാക്കര്‍ളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അറസ്റ്റ് ചെയ്യാതെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പൊലീസ്. കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ നൂറുകണക്കിന് കുട്ടികളുടെ മുന്നില്‍ വിവസ്ത്രനാക്കി ബെല്‍റ്റും കമ്പിവടിയും ഉപയോഗിച്ചാണ് സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നതെന്നും അദ്ദേഹം ആരോപിച്ചു.
ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സി.പി.എം നേതാക്കള്‍ വളര്‍ത്തിയെടുക്കുന്ന എസ്.എഫ്.ഐ ഏറ്റവും വലിയ ക്രിമിനലുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ടി.പിയുടെ തലച്ചോറ് തെങ്ങിന്‍ പൂക്കുല പോലെ ചിതറിക്കുമെന്ന് സി.പി.എം പറഞ്ഞപ്പോള്‍ ചാലക്കുടിയിലെ എസ്.ഐയെ പേപ്പട്ടിയെ പോലെ വഴിയിലിട്ട് തല്ലുമെന്നാണ് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞത്. കാമ്പസുകളിലെ ക്രിമിനല്‍ സംഘമായി എസ്.എഫ്.ഐ മാറി. സിദ്ധാര്‍ത്ഥിന് സംഭവിച്ചത് തങ്ങളുടെ മക്കള്‍ക്കും പറ്റുമോയെന്ന ഭീതിയിലാണ് കേരളത്തിലെ രക്ഷിതാക്കള്‍. എന്നിട്ടും പ്രതികള്‍ക്കെതിരെ ദുര്‍ബലമായാണ് പൊലീസ് പ്രതികരിക്കുന്നത്. ഇവിടെ ആര്‍ക്കാണ് നീതി കിട്ടുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ കേരളം കാണാത്ത സമരപരിപാടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൂരമായ റാഗിങും ആക്രമണവും നടന്നിട്ടും ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ ഇത് മറച്ചുവച്ചു. ഇത്തരം അധ്യാപകര്‍ ഒരു കാരണവശാലും അവിടെ പഠിപ്പിക്കാന്‍ പാടില്ല. അധ്യാപകരെയും പ്രതികളാക്കി യുക്തമായ നടപടി സ്വീകരിക്കണം. നടപടി എടുത്തില്ലെങ്കില്‍ ഈ അധ്യാപകരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.