കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു. ഹിന്ദുക്കളുടെ പേരില്‍ അക്രമം നടക്കുന്നുവെന്ന പരാമര്‍ശവും ആര്‍എസ്എസിനെതിരായ പരാമര്‍ശവുമാണ് നീക്കിയത്. അതിനിടെ, രാഹുലിന് പിന്തുണയുമായി അഖിലേഷ് യാദവ് രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. അഗ്‌നിവീര്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, പഴയ പെന്‍ഷന്‍ പദ്ധതി തുടങ്ങി രാഹുല്‍ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും സജീവമാണ്. സര്‍ക്കാര്‍ പുതിയതായിരിക്കും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും. രാഹുലിന്റെ ഒന്നര മണിക്കൂറിലേറെ നീണ്ട ഇന്നലത്തെ പ്രസംഗം ബിജെപിയെ പ്രതിരോധത്തിലാക്കിയതോടെ ശക്തമായ മറുപടിയാകും പ്രധാനമന്ത്രിയില്‍ നിന്ന് ഇന്ന് ഉണ്ടാവുക. രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുല്‍ വിളിച്ചു എന്നാണു ബിജെപി ആരോപണം.
ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നു. രാഹുലിന്റെ ആദ്യ പ്രസംഗത്തിന് ദേശീയ തലത്തില്‍ മാധ്യമങ്ങളില്‍ അടക്കം വലിയ പ്രാധാന്യമാണ് ലഭിച്ചത്. അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ ഇന്നത്തെ മറുപടി ഏറെ നിര്‍ണായകമാണ്. വൈകീട്ട് നാലിന് ആണ് പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കുക.
വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ല; ‘ആര്‍.ഡി.എക്‌സ് നിര്‍മാതാക്കള്‍’ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി
മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ ആര്‍.ഡി.എക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പരാതി നല്‍കിയത്. ആര്‍.ഡി.എക്‌സ് സിനിമ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
സിനിമയ്ക്കായി 6 കോടി രൂപ നല്‍കിയെന്ന് പരാതിക്കാരി പറയുന്നു. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ല. വ്യാജ രേഖകള്‍ ഉണ്ടാക്കി നിര്‍മ്മാണ ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു. കൂടാതെ സിനിമയുടെ ചിലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.
അതേസമയം, ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് പ്രധാന വേഷങ്ങളില്‍ എത്തിയ ആക്ഷന്‍ ചിത്രം ആര്‍ ഡി എക്‌സ്. ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു മുഴുനീള ആക്ഷന്‍ എന്റെര്‍റ്റൈനറായി ഒരുങ്ങിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റെര്‍സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ്. ഓഗസ്റ്റ് 25 നാണ് ചിത്രം പുറത്തിറങ്ങിയത്.
ഷബാസ് റഷീദ്, ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ ‘വിക്രത്തിനു’ ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്സിന് സംഗീതം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍, അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ – ചമന്‍ ചാക്കോ കലാസംവിധാനം – പ്രശാന്ത് മാധവ്. കോസ്റ്റ്യും – ഡിസൈന്‍ – ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – വിശാഖ്. നിര്‍മ്മാണ നിര്‍വ്വഹണം – ജാവേദ് ചെമ്പ്.
അതേ സമയം, മഞ്ഞുമല്‍ ബോയ്‌സിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്ന് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കിയിരുന്നു. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസ് നല്‍കിയിരുന്നത്.
പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ നിര്‍മാതാക്കള്‍ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തു. ഇതില്‍നിന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
40 % ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍നിന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറഞ്ഞത്.
‘എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എന്ന് പറഞ്ഞെത്തിയവരാണ് മര്‍ദിച്ചത്, മുഖത്തടിച്ചു’; ഗുരുദേവ കോളേജ് പ്രിന്‍സിപ്പല്‍
കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് വെളിപ്പടുത്തലുമായി പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കര്‍. കോളേജിന് പുറത്തുനിന്ന് എത്തിയ ഒരു സംഘം ആളുകളാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കര്‍ പറഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എന്ന് പറഞ്ഞ് എത്തിയവരാണ് മര്‍ദ്ദിച്ചത്. കൈപിടിച്ച് തിരിക്കുകയും മുഖത്തടിക്കുകയും പുറത്ത് മര്‍ദ്ദിക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നും സുനില്‍ ഭാസ്‌കര്‍ വിശദമാക്കി.
അതേ സമയം, കൊയിലാണ്ടി ഗുരുദേവാ കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് എസ് എഫ് ഐ. കോളേജില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട ഏരിയാ പ്രസിഡന്റ് അഭിനവിനെ പ്രിന്‍സിപ്പലാണ് ആക്രമിച്ചതെന്ന് എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞു. ആര്‍ എസ് എസ് ബന്ധമുള്ള കോളേജ് പ്രിന്‍സിപ്പല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രിന്‍സിപ്പലിനെതിരെ അടുത്ത ദിവസം വനിതാ അധ്യാപകരടക്കം പരാതിയുമായി രംഗത്തു വരുമെന്നും എസ് എഫ് ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടറി നവതേജ് പറഞ്ഞു.
കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷത്തില്‍ പൊലീസ് ആദ്യം കേസെടുത്തത് എസ്എഫ്‌ഐയുടെ പരാതിയിലാണ്. തുടര്‍ന്ന് രണ്ടു മണിക്കൂറിനു ശേഷമാണ് മര്‍ദ്ദനമേറ്റ പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കേസെടുത്തത്. എസ്എഫ്‌ഐയുടെ പരാതിയില്‍ പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കറും സ്റ്റാഫ് സെക്രട്ടറി രമേഷും പ്രതികളാണ്. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. എന്നാല്‍ എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.
വെണ്‍പാലവട്ടം അപകടം; സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സിനിക്കെതിരെ കേസെടുക്കാന്‍ പൊലീസ്
വെണ്‍പാലവട്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ച സംഭവത്തില്‍ കേസെടുക്കാനൊരുങ്ങി പൊലീസ്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സിനിക്കെതിരെയാണ് പൊലീസ് കേസെടുക്കുക. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ മരിച്ച സിമിയുടെ സഹോദരിയാണ് സിനി.
ബന്ധുവിന്റെ മൊഴി പ്രകാരമാണ് സിനിക്കെതിരെ കേസെടുക്കാനൊരുങ്ങുന്നത്. അപകടത്തില്‍ പരുക്കേറ്റ സിനിയും സിമിയുടെ മൂന്നു വയസുള്ള മകള്‍ ശിവന്യയും പരുക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. പേട്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സിമിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. സിമിയെ അപകടമുണ്ടായ ഉടന്‍ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേല്‍പാലത്തില്‍ നിന്ന് തെറിച്ച് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
നിയമസഭയില്‍ ഇന്ന്:
നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടായിട്ട് ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സതീശന്‍; മഴപെയ്താല്‍ വെള്ളം കയറുമെന്ന് മന്ത്രി
തിരുവനന്തപുരം: പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങള്‍ പറയുമ്പോള്‍ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിങ്ങളുടെ ഭാഗത്ത് നിന്നുള്ള പോരായ്മകള്‍ ചോദ്യം ചെയ്യപ്പെടും. തിരുവന്തപുരം നഗര മധ്യത്തില്‍ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥ. മഴക്കാലപൂര്‍വ്വ ശുചീകരണം ഏറ്റവും മോശമായ വര്‍ഷമാണിതെന്നും വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്ളതുകൊണ്ടാണ് യോഗങ്ങള്‍ പലതും ചേരാന്‍ കഴിയാഞ്ഞതെന്ന് മന്ത്രി എംബി രാജേഷ് മറുപടി നല്‍കി. മഴപെയ്താല്‍ ലോകത്ത് എല്ലായിടത്തും വെള്ളം കയറുമെന്നും എംബി രാജേഷ് പറഞ്ഞു. ഇതോടെ മന്ത്രിക്ക് മറുപടിയുമായി സതീശന്‍ രംഗത്തെത്തി. യോഗം കൂടിയതിന്റെ കണക്കല്ല പറയേണ്ടത്. യോഗം ചേരുന്നതിന് മാത്രമാണ് കമ്മീഷന്റെ വിലക്ക് ഉണ്ടായിരുന്നത്. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന് വിലക്കുണ്ടായിരുന്നില്ല. സംസ്ഥാനത്ത് മലിന ജലമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. പൊതുജനാരോഗ്യത്തില്‍ സര്‍ക്കാരിന് ശ്രദ്ധയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
പാര്‍ട്ടി വോട്ടുകള്‍ ഒഴുകി ബിജെപിയിലെത്തിയെന്ന് സി.പി.ഐ.എം
ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടി അടിത്തറ വോട്ടുകള്‍ ഒലിച്ചു പോയെന്ന് സി.പി.ഐ.എം വിലയിരുത്തല്‍.സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടിലാണ് വിലയിരുത്തലുള്ളത്. വറുമൊരു തെരഞ്ഞെടുപ്പ് തോല്‍വിയല്ല ഉണ്ടായതെന്നും അടിത്തറ വോട്ടുകള്‍ കുത്തിയൊലിച്ച് പോയെന്നുമാണ് വിലയിരുത്തല്‍.
ബിജെപിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ പോലും പാര്‍ട്ടി വോട്ടുകള്‍ ഒഴുകി സംഘപരിവാറിലെത്തി. ബൂത്ത് ഏജന്റ്മാര്‍ പോലും ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ പോലും ബി.ജെ.പി യ്ക്ക് വോട്ട് വര്‍ദ്ധിച്ചു. ബിജെപിയുടെ പ്രവര്‍ത്തനം കൊണ്ട് അല്ലാതെ തന്നെ പാര്‍ട്ടി വോട്ടുകള്‍ സംഘപരിവാറിലേക്ക് ചോര്‍ന്നുവെന്നുമാണ് വിലയിരുത്തല്‍. ബിജെപിയുടെ വളര്‍ച്ച തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് സംസ്ഥാന കമ്മിറ്റി നിര്‍ദേശം.
അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിലെ വിലയിരുത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സിപിഐഎം മേഖലാ യോഗങ്ങള്‍ക്ക് ഇന്ന് കണ്ണൂരില്‍ തുടക്കം. ലോക്കല്‍ സെക്രട്ടറിമാരെ വരെ ഉള്‍പ്പെടുത്തിയാണ് പാര്‍ട്ടി നിലപാട് വിശദീകരിക്കുക. കണ്ണൂര്‍ ഉള്‍പ്പെടെ 4 മേഖലാ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. തിരിച്ചടിയുടെ ആഴം മനസ്സിലാക്കിയാണ് ജില്ലാ ഘടകങ്ങളിലെ പതിവ് റിപ്പോര്‍ട്ടിങ്ങുകള്‍ക്ക് പുറമേ, മേഖലാ യോഗങ്ങള്‍ ചേരുന്നത്. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ മുഖ്യമന്ത്രിയുടെ ശൈലി വരെയുള്ള വിഷയങ്ങളില്‍ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടേക്കും. താഴെത്തട്ടില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും തിരുത്തല്‍ പ്രക്രിയ നിശ്ചയിക്കുക.
‘സംഘ പരിവാറിന്റെ അജണ്ടകള്‍ക്ക് വഴങ്ങി’; എസ് എന്‍ഡിപി നേതൃത്വത്തെ വിമര്‍ശിച്ച് പുത്തലത്ത് ദിനേശന്‍
എസ്എന്‍ഡിപി നേതൃത്വത്തെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്‍. എസ്എന്‍ഡിപി അവരുടെ ദര്‍ശനങ്ങളില്‍ നിന്നും മാറിയെന്ന് വിമര്‍ശനം. എസ്എന്‍ഡിപി അതിന്റെ കാഴ്ചപ്പാടുകളില്‍ നിന്നും മാറിയെന്നും സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് വഴങ്ങിയെന്നും പുത്തലത്ത് ദിനേശന്‍ വിമര്‍ശിച്ചു.
മറ്റെന്തോ താല്പര്യങ്ങള്‍ക്ക് വേണ്ടി സംഘപരിവാര്‍ വക്താക്കളുടെ ഇടയിലേക്ക് അതിനെ കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു. നവോത്ഥാന മൂല്യങ്ങളെ തകര്‍ത്ത് എസ്എന്‍ഡിപിയെ സംഘപരിവാറിന്റെ പാളയത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വം എസ്എന്‍ഡിപിക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നു. എന്നാല്‍ ജി സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ വെള്ളാപ്പള്ളി നടേശനം പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിമര്‍ശനവുമായി എത്തുന്നത്.
ആലപ്പുഴയില്‍ സംഘടിപ്പിച്ച മുതിര്‍ നേതാവ് പികെ ചന്ദ്രാനന്ദന്‍ അനുസ്മരണ പരിപാടിയിലായിരുന്നു എസ്എന്‍ഡിപി നേതൃത്വത്തെ പുത്തലത്ത് ദിനേശന്‍ വിമര്‍ശിച്ചത്. ആലപ്പുഴയില്‍ വോട്ട് കുറഞ്ഞതും പലയിടത്തും ഇടത് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയതിനും എസ്എന്‍ഡിപിക്കും എസ്എന്‍ഡിപി നേതൃത്വത്തിനും പങ്കുണ്ടെന്ന് പുത്തലത്ത് ദിനേശന്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനമുന്നയിച്ചത്.