ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ്. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേള്‍ക്കാനായി രഞ്ജിത് ശ്രീനിവാസന്റെ അമ്മയും ഭാര്യയും മക്കളും കോടതിയില്‍ എത്തിയിരുന്നു.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതികള്‍ നിരോധിത തീവ്രവാദസംഘത്തിലെ അംഗങ്ങളും കൊലചെയ്യാന്‍ പരിശീലനം ലഭിച്ചവരുമാണ്. ഇവര്‍ പുറത്തിറങ്ങിയാല്‍ നാടിന് ആപത്താണെന്നും അതിനാല്‍ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കഴിഞ്ഞ തിങ്കളാഴ്ച നടന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യത്തിന്റെ പരിധിയില്‍വരുമെന്നും പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.
2021 ഡിസംബര്‍ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18-ന് രാത്രി എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊലപ്പെടുത്തിയത്.
ആലപ്പുഴ ഡി.വൈ.എസ്.പി.യായിരുന്ന എന്‍.ആര്‍. ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറില്‍പ്പരം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ചു.
രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍………
പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയനേതാക്കള്‍ എന്നിങ്ങനെ വിവിധമേഖലയിലുള്ള സാക്ഷികളെയാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. കേസിലെ 15 പ്രതികളെ വിചാരണക്കോടതി ജഡ്ജി ക്രിമിനല്‍നടപടിനിയമം 313-ാം വകുപ്പ് പ്രകാരം ചോദ്യംചെയ്ത് ആറായിരത്തോളം പേജുകളിലാണ് മൊഴികള്‍ രേഖപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പാ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.
പ്രതികള്‍ ഇവര്‍
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം വീട്ടില്‍ അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ വീട്ടില്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് വീട്ടില്‍ മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം വീട്ടില്‍ സറഫുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടില്‍ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയില്‍ ജസീബ് രാജ, മുല്ലയ്ക്കല്‍ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, നോര്‍ത്ത് ആര്യാട് കണ്ണറുകാട് വീട്ടില്‍ നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, മണ്ണഞ്ചേരി തെക്കേവെളിയില്‍ ഷാജി, മുല്ലയ്ക്കല്‍ നൂറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണ് ഒന്നുമുതല്‍ 15 വരെ പ്രതികള്‍.
പ്രതികളുടെ പേരില്‍ പലകുറ്റങ്ങള്‍
ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ കൊലപാതകക്കുറ്റം കൂടാതെ, പ്രതികള്‍ക്കെതിരേ ചുമത്തപ്പെട്ട മറ്റു കുറ്റകൃത്യങ്ങള്‍ ഇങ്ങനെ: മാരകായുധങ്ങളുമായിവീട്ടിലേക്ക് അതിക്രമിച്ചുകയറിയതിന് ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 449 വകുപ്പുപ്രകാരം കുറ്റക്കാരാണ്. വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കടന്നതിന് ഒന്‍പതുമുതല്‍ 12 വരെ പ്രതികള്‍ 447 വകുപ്പുപ്രകാരവും കുറ്റക്കാരാണ്.
വീട്ടില്‍ നാശനഷ്ടമുണ്ടാക്കിയതിന് ഒന്ന്, അഞ്ച്, ഒന്‍പത്, 11, 12 പ്രതികള്‍ 427 വകുപ്പുപ്രകാരവും ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ 506(2) വകുപ്പുപ്രകാരവും രഞ്ജിത്തിന്റെ അമ്മയെ വാളുപയോഗിച്ച് ആക്രമിച്ചതിന് എട്ടാംപ്രതി 324 വകുപ്പുപ്രകാരവും കുറ്റക്കാരാണ്.
കുടുംബാംഗങ്ങളെ ഉപദ്രവിച്ച കുറ്റത്തിന് രണ്ട്, ഏഴ്, എട്ട് പ്രതികള്‍ 323 വകുപ്പുപ്രകാരവും അന്യായ തടസ്സമുണ്ടാക്കിയതിന് ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ 341 വകുപ്പുപ്രകാരവും കുറ്റക്കാരാണ്.
തെളിവുനശിപ്പിച്ച കുറ്റത്തിന് ഒന്നുമുതല്‍ ഒന്‍പതുവരെ പ്രതികളും 13, 15 പ്രതികളും 201 വകുപ്പുപ്രകാരവും കുറ്റംചെയ്തതായി കോടതി കണ്ടെത്തി.
ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ കൃത്യത്തില്‍ നേരിട്ടു പങ്കാളികളാണ്. ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തി. മാരകായുധങ്ങളുമായി രഞ്ജിത്തിന്റെ വീടിനുമുന്നില്‍ കാവല്‍നിന്ന ഒന്‍പതു മുതല്‍ 12 വരെയുള്ള പ്രതികളുടെ ലക്ഷ്യം രഞ്ജിത്ത് രക്ഷപ്പെടാതിരിക്കലായിരുന്നു. ഐ.പി.സി. 149-ാം വകുപ്പുപ്രകാരം ഇവര്‍ക്കെതിരേയും കൊലപാതകക്കുറ്റം ചുമത്തണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഗൂഢാലോചനയ്ക്ക് നേതൃത്വംനല്‍കിയ 13 മുതല്‍ 15 വരെയുള്ള പ്രതികളും കൊലപാതകക്കുറ്റത്തിനു ശിക്ഷാര്‍ഹരാണ്.
പൂപ്പാറ കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് 90 വര്‍ഷം തടവ്, 40000 രൂപ പിഴ അടക്കണം
ഇടുക്കി പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നു പ്രതികള്‍ക്കും 90 വര്‍ഷം തടവും നാല്‍പതിനായിരം രൂപയും ശിക്ഷ. ദേവികുളം അതിവേഗ കോടതിയുടെയാണ് വിധി. ഇതോടെ പ്രതികളായ തമിഴ്‌നാട് സ്വദേശി സുഗന്ദ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെ ജയിലിലേക്ക് മാറ്റി .
അന്വേഷണ ഉദ്യോഗസ്ഥര്‍ ചുമത്തിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള കുറ്റം മൂന്നു പ്രതികളുംചെയ്തുവെന്ന് ഇന്നലെ ദേവികുളം അതിവേഗ കോടതി കണ്ടെത്തിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍, സാഹചര്യം എന്നിവയൊക്കെ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ കണ്ടെത്തില്‍. പ്രതികള്‍ ചെറുപ്പക്കാരാണ് പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. വിവിധ വകുപ്പുകള്‍ പ്രകാരം മൊത്തം 90 വര്‍ഷമാണ്തടവ്. ശിക്ഷകളെല്ലാം 25 വര്‍ഷം ഒന്നിച്ചനുഭവിച്ചാല്‍ മതി.
2022 മെയ് 29ന് വൈകിട്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പതിനാറുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരിക്കുമ്പോള്‍ ആറംഗ സംഘമെത്തി സുഹൃത്തിനെ മര്‍ദിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു . കേസില്‍ രണ്ടുപേര് പ്രായപൂര്‍ത്തിയാകാത്തവരാണ് ഇവരുടെ കേസ് തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് പരിഗണിക്കുന്നത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ഒരാളെ ഇന്നലെ വെറുതവിട്ടിരുന്നു.
ധനപ്രതിസന്ധി: അടിയന്തര പ്രമേയ ചര്‍ച്ചക്ക് തുടക്കം; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റോജി എം ജോണ്‍
സംസ്ഥാനത്തെ ധനപ്രതിസന്ധിയില്‍ നിയമസഭയില്‍ അടിയന്ത പ്രമേയചര്‍ച്ചക്ക് തുടക്കമായി. റോജി എം ജോണ്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചൂണ്ടിക്കാണിച്ച റോജി എം ജോണ്‍ ധനസ്ഥിതി മോശമാകാന്‍ കാരണം ഇടതുസര്‍ക്കാരെന്നും വിമര്‍ശിച്ചു. പ്രതിസന്ധിക്ക് കാരണം ധൂര്‍ത്ത്, നികുതി പിരിവും കാര്യക്ഷമമല്ല. ഇന്ധനസെസ് പിന്‍വലിക്കണമെന്നും റോജി എം ജോണ്‍ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും റോജി എം ജോണ്‍ പറഞ്ഞു.
ജിഎസ്ടി ഇനത്തില്‍ സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ ഇടപെട്ടില്ലെന്നും സര്‍ക്കാര്‍ ഇപ്പോള്‍ ധനപ്രതിസന്ധികള്‍ പറയുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ധനപ്രതിസന്ധി പറഞ്ഞ് നികുതി കൂട്ടുകയാണ് സര്‍ക്കാര്‍. ദുരഭിമാനം വെടിഞ്ഞു ഇന്ധന സെസ് പിന്‍വലിക്കണം. ക്ഷേമ നിധി പെന്‍ഷന്‍ കൊടുക്കാത്തവരാണ് ഇടത് ബദല്‍ പറയുന്നതെന്നും എംഎല്‍എ അടിയന്തര പ്രമേയത്തില്‍ വിമര്‍ശിച്ചു. കേന്ദ്രം ചെയ്യുന്ന അതെ പണിയാണ് തദ്ദേശ സ്ഥാപനങ്ങളോട് സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഉള്‍പ്പെട്ട കേസ് വാദിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി വക്കീലിനെ ഇറക്കി. 15 ധനകാര്യ കമ്മീഷന്റെ കാലം കഴിയാറായപ്പോള്‍ സമരവുമായി ഇറങ്ങിയിരിക്കുകയാണ്. കേന്ദ്രത്തെ കണ്ടാല്‍ കവാത്ത് മറക്കുന്നവരെല്ല പ്രതിപക്ഷമെന്നും റോജി എം ജോണ്‍ പറഞ്ഞു.
ഉച്ചയ്ക്ക് ഒരു മണിക്ക് സഭ നിര്‍ത്തിവെച്ചാണ് അടിയന്തര പ്രമേയ ചര്‍ച്ച നടത്തുക. രണ്ട് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. പ്രമേയം കൊണ്ട് വന്ന പ്രതിപക്ഷത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ഇതുവരെ ശ്രമിച്ചത്. നോട്ടീസില്‍ കേന്ദ്രത്തെ വിമര്‍ശിച്ചതിനും നന്ദിയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്: 15 ദിവസത്തിനിടെ 4.5 ലക്ഷം വാഹനങ്ങള്‍, ടോള്‍ ലഭിച്ചത് 9 കോടിരൂപ
രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ലിങ്ക് (അടല്‍ സേതു) തുറന്ന് 15 ദിവസങ്ങള്‍ക്കുള്ളില്‍ അതിലൂടെ സഞ്ചരിച്ചത് 4.5 ലക്ഷം വാഹനങ്ങളെന്ന് റിപ്പോര്‍ട്ട്.
9 കോടി രൂപ ടോള്‍ ലഭിച്ചതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രിതിദിനം ശരാശരി 30,000 വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ടോള്‍ ഇനത്തില്‍ 61.5 ലക്ഷം രൂപയാണ് കിട്ടുന്നത്.
ജനുവരി 12 നാണ് ഇന്ത്യയിലെ ഏറ്റവുംവലിയ കടല്‍പ്പാലമായ സെവ്രി -നവസേവ അടല്‍ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചത്. ജനുവരി 13 നാണ് വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങിയത്. എംഎംആര്‍ഡിഎ കണക്കുകള്‍പ്രകാരം ആദ്യ ദിനം 28,176 വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോയി. 54.8 ലക്ഷം രൂപയായിരുന്നു ആദ്യ ദിവസത്തെ വരവ്. രണ്ടാം ദിവസം 54,977 വാഹനങ്ങള്‍ കടത്തിവിടുക വഴി 1.06 കോടി രൂപ ടോളായി പിരിഞ്ഞുകിട്ടി.
മുംബൈയിലെ സവ്രിയില്‍ നിന്ന് തുടങ്ങി നവിമുംബൈ ചിര്‍ലെയില്‍ അവസാനിക്കുന്ന കടല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്നതിലൂടെ മുംബൈ നഗരത്തില്‍ നിന്ന് നവിമുംബൈയിലെത്താനുള്ള സമയം ഒന്നേമുക്കാല്‍ മണിക്കൂറില്‍നിന്ന് അരമണിക്കൂറില്‍ താഴെയായി ചുരുങ്ങും. ആറുവരിപ്പാതയുള്ള പാലത്തിലൂടെ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗതയിലും റാമ്പുകളില്‍ 40 കിലോമീറ്റര്‍ വേഗതയിലും സഞ്ചരിക്കാന്‍ കഴിയും. കാറിന് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 250 രൂപയാണ് ടോളെങ്കിലും ഇന്ധനത്തില്‍ 700 രൂപ മുതല്‍ 800 രൂപവരെ ലഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
ഗതാഗതക്കുരുക്കില്‍പ്പെടാതെ കടല്‍പ്പാലത്തിലൂടെ ദക്ഷിണ, പശ്ചിമ മുംബൈയില്‍ നിന്നുള്ളവര്‍ക്ക് പന്‍വേല്‍ ഭാഗത്തേക്കും മുംബൈ പുണെ അതിവേഗപാതയിലേക്കും മുംബൈ-ഗോവ ഹൈവേയിലേക്കും ആലിബാഗ് പാതയിലേക്കും എത്തിച്ചേരാമെന്നതിനാല്‍ നഗരത്തില്‍നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പാലം ഏറെ പ്രയോജനകരമാണ്. വാഹനങ്ങളുടെ വേഗത കുറയ്ക്കാതെതന്നെ ടോള്‍ ഈടാക്കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനമാണ് പാലത്തില്‍ സജ്ജീകരിച്ചത്. കടല്‍പ്പാലം തുറന്നതോടെ നിലവില്‍ മുംബൈ നഗരത്തെ നവിമുംബൈയുമായി ബന്ധിപ്പിക്കുന്ന സയണ്‍ പന്‍വേല്‍ ഹൈവേയിലെ വാഷിപ്പാലത്തിലേയും ഐരോളി-ഭാണ്ഡൂപ്പ് പാലത്തിലേയും ഗതാഗതത്തിരക്ക് ഗണ്യമായികുറയും. ജെ.എന്‍.പി.ടി. തുറമുഖത്തേക്കും നവിമുംബൈ വിമാനത്താവളത്തിലേക്കും പാലംവഴി എളുപ്പം എത്തിച്ചേരാന്‍ കഴിയും.
യുഡിഎഫില്‍ നിന്ന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് സിഎംപി പാര്‍ട്ടി കോണ്‍ഗ്രസ്
യുഡിഎഫില്‍ നിന്ന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് സിഎംപി പാര്‍ട്ടി കോണ്‍ഗ്രസ്
യുഡിഎഫില്‍ നിന്ന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് സിഎംപി പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആരോപണം. തെരഞ്ഞെടുപ്പുകളില്‍ മതിയായ പ്രാതിനിധ്യം യുഡിഎഫ് നേതൃത്വം നല്‍കാറില്ല. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലടക്കം പാര്‍ട്ടി മത്സരിക്കുമ്പോഴും അവഗണിക്കുകയാണെന്നാണ് സിഎംപിയുടെ പരാതി. കൊച്ചിയില്‍ നടക്കുന്ന പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് യുഡിഎഫിനെതിരായ വിമര്‍ശനമുന്നയിച്ചത്.
യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ വി ഡി സതീശന്റെ വാക്കുകളിലെ സ്‌നേഹം അണികളില്‍ നിന്നോ മുന്നണിയില്‍ നിന്നോ ലഭിക്കുന്നില്ലെന്നതാണ് സി.എം.പിയുട പരിഭവം. പാര്‍ട്ടിക്ക് വേണ്ടത്ര പരിഗണന മുന്നണിയില്‍ ലഭിക്കാറില്ല. തദ്ദേശ – നിയമസഭ തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ സംസ്ഥാന – ജില്ലാ നേതൃത്വങ്ങള്‍ തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമായി കണ്ട് സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളിലടക്കം സിഎംപി മത്സരിക്കുമ്പോഴും യുഡിഎഫ് അവഗണിക്കുകയാണെന്നും കൊച്ചിയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിഎംപി മൂന്ന് സീറ്റുകളാണ് ആവശ്യപ്പെട്ടിരുന്നത്. ലഭിച്ചത് നെന്മാറ മാത്രം. അവിടെ പരാജയമായിരുന്നു ഫലം. സിപി ജോണിന് ഉചിതമായ സീറ്റ് ആവശ്യപ്പെട്ടിട്ടും നല്‍കിയതുമില്ല. ഈ സാഹചര്യത്തിലാണ് യുഡിഎഫിനെതിരായ വിമര്‍ശനം റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചത്. അതേസമയം ബൂത്ത് തലം മുതല്‍ ശക്തിപ്പെട്ടാല്‍ മാത്രമേ മതിയായ പരിഗണന കിട്ടുകയുള്ളുവെന്നും ആ രീതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടില്ലെന്ന സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.