സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വിട്ട്. ഡ്രെ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനുമടക്കം (സമയ പരിധി രാത്രി 11 ല്‍ നിന്നും 12 ലേക്ക്) ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോന്‍ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.
ഡ്രൈ ഡെ ഒഴിവാക്കല്‍, ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്.
”പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ നല്‍കുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യ നയം വരും. അതില്‍ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാന്‍ കൊടുക്കേണ്ടത് കൊടുക്കണം. ഇടുക്കി ജില്ലയില്‍ നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് 2.5 ലക്ഷം നല്‍കിയത്. ചിലര്‍ വ്യക്തിപരമായി പണം നല്‍കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് ശബ്ദ സന്ദേശത്തിലുണ്ട്. പണം നല്‍കിയ ഇടുക്കിയിലെ ഒരു ബാര്‍ ഹോട്ടലിന്റെ പേരും ഇടുക്കി ജില്ലാ പ്രസിഡണ്ട് വെളിപ്പെടുത്തുന്നു”.
ബാര്‍ ഉടമകളുടെ സംഘടനയുടെ എക്‌സ്‌ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗ സ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോന്‍ പറയുന്നുണ്ട്. ഇടുക്കിയില്‍ നിന്നും സംഘടനയില്‍ അംഗമായവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു. ശബ്ദരേഖ നിഷേധിക്കാതെ, പരിശോധിക്കണമെന്ന് പറഞ്ഞ് അനിമോന്‍ ഒഴിഞ്ഞുമാറി. കൊച്ചിയില്‍ ബാര്‍ ഇടമകളുടെ യോഗം നടന്നുവെന്ന് സമ്മതിച്ച സംസ്ഥാന പ്രസിഡന്റ് വി സുനില്‍ കുമാര്‍ പക്ഷേ പണപ്പിരിവിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് പ്രതികരിച്ചത്. യുഡിഎഫ് കാലത്ത് ബാര്‍കോഴ പ്രതിപക്ഷമായ എല്‍ഡിഎഫ് വന്‍തോതില്‍ ഉയര്‍ത്തിയിരുന്നു. ഇന്ന് ഇടത് ഭരണകാലത്തെ മദ്യനയമാറ്റ സമയത്താണ് വീണ്ടും കോഴ ചര്‍ച്ചയാകുന്നത്.
അതേസമയം, സംസ്ഥാനത്ത് മദ്യനയത്തില്‍ ഇളവ് വരുത്തുന്നതിന് പകരമായി ബാര്‍ ഉടമകളില്‍ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷന്‍ ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് ഇടുക്കി ജില്ലാ പ്രസിഡന്റിനെ തളളി അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാര്‍. പിരിക്കാന്‍ പറഞ്ഞത് അസോസിയേഷന്‍ കെട്ടിട നിര്‍മ്മാണത്തിനുളള ലോണ്‍ തുകയാണെന്നാണ് പ്രസിഡന്റിന്റെ വാദം.
അനുകൂലമായ മദ്യനയത്തിന് വേണ്ടിയാണ് പണപ്പിരിവെന്ന് പുറത്തു വന്ന ഓഡിയോയില്‍ കൃത്യമായി പറയുന്നുണ്ടെങ്കിലും, ഇത് തളളിയ സുനില്‍ കുമാര്‍, പുതിയ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ച അനിമോനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും പ്രതികരിച്ചു. പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടാണ് മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ചതെന്ന് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനി മോന്റെ വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ടെന്നിരിക്കെയാണ് മലക്കംമറിച്ചില്‍.
അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ പറഞ്ഞത് ഇങ്ങനെയാണ്….
സംഘടനയുടെ പ്രസിഡന്റായി 7 വര്‍ഷമായി ഞാന്‍ തുടരുകയാണ്. ആദ്യമായാണ് ഇങ്ങനെ ഒരു ആരോപണം ഉയരുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നപ്പോഴാണ് പൂട്ടിയ ബാറുകള്‍ തുറന്നത്. ആ സമയത്ത് നിവധി പ്രശ്‌നങ്ങളുണ്ടായി. അപ്പോഴൊന്നും ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. അപ്പോഴല്ലേ ചര്‍ച്ചയുണ്ടാകേണ്ടിയിരുന്നത്. തിരുവനന്തപുരത്ത് സംഘടനക്ക് ഓഫീസ് കെട്ടിടം വാങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനെ എതിര്‍ക്കുന്ന ആളുകളുണ്ട്. അനിമോന്‍ ഇതിലൊരാളാണ്. കെട്ടിടം വാങ്ങാനുള്ള കാലാവധി 30 ന് കഴിയും 4 കോടിയാണ് പിരിച്ചത്. ബാക്കി പണം എക്‌സി ക്യൂട്ടീവ് അംഗങ്ങള്‍ ലോണ്‍ ആയി തരാന്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ നിന്നാണ് പിരിവ് കുറവ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ഇക്കാര്യത്തെ കുറിച്ചാണ് പറഞ്ഞത്.
അനിമോനും കൊല്ലത്തുള്ള ആള്‍ക്കാരും ചേര്‍ന്ന് മറ്റൊരു സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചു. ഇതിനായി സമാന്തര പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇന്നലെ അനി മോനെ സസ്‌പെന്റ് ചെയ്തിരുന്നു. അതിന് ശേഷം യോഗത്തില്‍ നിന്നും പുറത്ത് പോയതിന് ശേഷമാണ് ഓഡിയോയിട്ടത്. ഡ്രൈ ഡേ മാറ്റണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പുറത്ത് വന്നത് അനിമോന്റെ ശബ്ദം ആണോയെന്ന് ഉറപ്പില്ല. 650 അംഗങ്ങളുളള സംഘടനയായിരുന്നിട്ടും കെട്ടിടം വാങ്ങുന്നതിനായി നാലര കോടിയേ പിരിച്ചുള്ളൂ.
ബാറുടമകളില്‍ നിന്ന് 25 കോടി രൂപ വാങ്ങി വമ്പന്‍ അഴിമതി; മന്ത്രി എം ബി രാജേഷ് രാജിവയ്ക്കണമെന്ന് സുധാകരന്‍
ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് ഉടനടി രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംസ്ഥാനത്തെ 900 ബാറുകളില്‍നിന്ന് 2.5ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു.
കുടിശികയാണ് ഇപ്പോള്‍ പിരിക്കുന്നത്. ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കുക, ബാര്‍ സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന നടപടികള്‍ക്കാണ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കും. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമായ തീരുമാനമാണിത്.
അവരുടെ ജീവിതവും ജീവനുമാണ് പിണറായി വിജയന്‍ നശിപ്പിക്കുന്നത്. കേരളത്തെ മദ്യവും മയക്കുമരുന്നും വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു ദിവസമെങ്കിലും മദ്യമില്ലാത്ത ദിവസം എന്ന ആശയമാണ് മാസാദ്യത്തെ ഡ്രൈഡേയുടെ പിന്നില്‍. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. അതെല്ലാം കോഴയ്ക്കുവേണ്ടി പിണറായി വെള്ളത്തില്‍ മുക്കി.
ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ ഇടതുപക്ഷത്തിന്റെ വലിയ പ്രക്ഷോഭം ഉണ്ടായത്. ധനമന്ത്രി കെ എം മാണിക്ക് രാജിവയ്ക്കേണ്ടി വന്നു. ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ്. എക്സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനുമടക്കം (സമയ പരിധി രാത്രി 11 ല്‍ നിന്നും 12 ലേക്ക്) ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുധാകരന്‍ എക്‌സൈസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
‘വീണ്ടും ഒരു ബാര്‍ കോഴയോ’? അടിയന്തിര അന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാവ് കെ കെ ശിവരാമന്‍
ബാര്‍ കോഴ വിവാദത്തില്‍ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനറും സിപിഐ നേതാവുമായ കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീണ്ടും ഒരു ബാര്‍ കോഴയോ? എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ ബാര്‍ കോഴ വാര്‍ത്ത ഗൗരവമുള്ളതെന്നും വ്യക്തമാക്കുന്നു. ‘നമുക്കായി ഇളവുകള്‍ നല്‍കുമ്പോള്‍ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതില്‍ പറയുന്നത്. എന്നുപറഞ്ഞാല്‍ സര്‍ക്കാരിന്റെ മദ്യ നയത്തില്‍ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കില്‍ കൊടുക്കേണ്ടത് കൊടുക്കണം! ആര്‍ക്ക്’ എന്ന ചോദ്യവും കെ കെ ശിവരാമന്‍ ഉയര്‍ത്തുന്നുണ്ട്.
ബാര്‍ കോഴ വാര്‍ത്ത എല്ലാ ബാറുകളും പണം നല്‍കിയാല്‍ 250 കോടിയാകും. ഈ പണം എവിടേയ്ക്ക് പോകുന്നു. പണമുണ്ടെങ്കില്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ കഴിയുമെന്ന് പറയുന്നത് ഗൗരവമുള്ളത്. ഇത് സംബന്ധിച്ച് അടിയന്തിര അന്വേഷണം വേണം. കള്ളക്കഥയാണോ ഇതെന്ന് അറിയണം. വെളിപ്പെടുത്തലെ കുറിച്ച് സര്‍ക്കാര്‍ അടിയന്തിര അന്വേഷണം നടത്തണമെന്നും കെ കെ ശിവരാമന്‍ ആവശ്യപ്പെട്ടു.
കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….
വീണ്ടും ഒരു ബാര്‍ കോഴയോ?
————————————————————————————–
ഇന്ന് രാവിലെ മുതല്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിടുന്ന ഒരു വാര്‍ത്ത അത്യന്തം ഗൗരവം ഉള്ളതാണ്. നിലവിലുള്ള മദ്യ നയത്തില്‍ ഇളവ് വരുത്തുന്നതിന് ബാറുടമകള്‍ രണ്ടര ലക്ഷം രൂപ വീതം ഉടനടി നല്‍കണമെന്നാണ് ബാര്‍ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്, നമുക്കായി ഇളവുകള്‍ നല്‍കുമ്പോള്‍ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതില്‍ പറയുന്നത്. എന്നുപറഞ്ഞാല്‍ സര്‍ക്കാരിന്റെ മദ്യ നയത്തില്‍ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കില്‍ കൊടുക്കേണ്ടത് കൊടുക്കണം! ആര്‍ക്ക് ? കേരളത്തില്‍ ആയിരത്തോളം ബാറുകള്‍ ഉണ്ടെന്നാണ് അറിവ് , ഈ ബാറുകള്‍ എല്ലാം രണ്ടര ലക്ഷം രൂപ വീതം നല്‍കിയാല്‍ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് ? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കില്‍ സര്‍ക്കാര്‍ നയത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഒരു ബാര്‍ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്, ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം, സര്‍ക്കാരിന്റെ മദ്യ നയത്തില്‍ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താല്‍പര്യം കണക്കിലെടുത്താണ് . അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാര്‍ ഉടമകളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആണെന്ന് വരുത്തി തീര്‍ക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഗവണ്‍മെന്റ് തയ്യാറാവണം.
ബാര്‍ കോഴ ആരോപണം: ഡിജിപിക്ക് കത്ത് നല്‍കി എക്‌സൈസ് മന്ത്രി എംബി രാജേഷ്
സംസ്ഥാനത്ത് വിവാദമായ ബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എംബി രാജേഷ് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന് കത്ത് നല്‍കി. വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്ന കത്തില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമുണ്ടെന്ന വെളിപ്പെടുത്തല്‍ കേട്ടിരുന്നുവെന്നും, ശബ്ദരേഖ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്നുവെന്നുമാണ് നേരത്തെ എക്‌സൈസ് മന്ത്രി എം.ബിരാജേഷ് പ്രതികരിച്ചത്. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നടപടികളില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.
‘പുറത്തുവന്ന ശബ്ദരേഖയുടെ ഉടമയുടെ ബാറിലും പരിശോധന നടന്നിട്ടുണ്ടോ എന്നും അറിയില്ല. ബാര്‍ ഉടമകളുമായി എന്നല്ല, എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാറല്ല ഈ സര്‍ക്കാര്‍. നിയമസഭ തുടങ്ങുകയല്ലേ, പ്രതിപക്ഷത്തെ അവിടെ വച്ച് കാണാമെന്നും എം.ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന്, എന്തേ ആവശ്യപ്പെടാത്തതെന്ന് താന്‍ ചിന്തിക്കുകയായിരുന്നുവെന്നും അദ്ദേഹം മറുപടി നല്‍കി.
കേരളത്തില്‍ നടക്കുന്നത് ഡല്‍ഹി മോഡല്‍ ബാര്‍ക്കോഴ, എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ’: കെ.സുരേന്ദ്രന്‍
കേരളത്തില്‍ ഡല്‍ഹി മോഡല്‍ ബാര്‍ക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരും മുമ്പ് പിണറായി വിജയന്‍ രാജിവെക്കുന്നതാണ് നല്ലത്. സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് ബാര്‍ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
കോടികളാണ് സര്‍ക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാര്‍ ഉടമ അസോസിയേഷന്‍ നേതാവിന്റെ ശബ്ദരേഖ ഈ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കുന്നതാണ്. മദ്യശാലകള്‍ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നല്‍കി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് വേണ്ടിയുള്ളതാണ്. ഇത് കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാനുള്ള തീരുമാനമാണ്. യുഡിഎഫ് സര്‍ക്കാരിന്റെതിന് സമാനമായ രീതിയിലാണ് എല്‍ഡിഎഫും മുന്നോട്ട് പോകുന്നതെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു.
ഡല്‍ഹി ബാര്‍ക്കോഴ കേസില്‍ ജയിലിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് കോണ്‍ഗ്രസും സിപിഐഎമ്മും രംഗത്ത് വന്നത് സ്വന്തം താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹ്യജീവിതം തകര്‍ക്കുന്ന ബാര്‍ക്കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നു വരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.