കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിദ്വേഷ പ്രചരണം നടത്തിയതിനെതിരെ റിപ്പോർട്ടർ ചാനലിനും കോർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവതിക്കുമെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കളമശ്ശേരി സ്വദേശി യാസർ അറാഫത്തിന്റെ പരാതിയിലാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 , 153 A വകുപ്പുകൾ ചുമത്തി തൃക്കാക്കര പൊലീസ് കേസെടുത്തത്. കോർഡിനേറ്റിങ് എഡിറ്റർക്കും ചാനലിനുമെതിരെ കേസെടുത്തതിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചാനലിപ്പോൾ. കേസിന് പിന്നിൽ സങ്കുചിതമായ താല്പര്യങ്ങളാണെന്ന് ചാനൽ ആരോപിക്കുന്നു.
മാധ്യമ സ്വാതന്ത്യത്തിന് എതിരായ ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും ചാനൽ വ്യക്തമാക്കുന്നു. കളമശ്ശേരി സ്ഫോടനം സംബന്ധിച്ച വാർത്ത വസ്തുതാപരമായും ഉത്തരവാദിത്വത്തോടെയുമാണ് റിപ്പോർട്ട് ചെയ്തതെന്നാണ് ചാനൽ അവകാശപ്പെടുന്നത്. ചില തല്പരകഷികൾ ഉയർത്തിയ ആരോപണങ്ങളെ ചെറുക്കാൻ ചില പ്രതികരണങ്ങൾ ആരാഞ്ഞത് വിഷയത്തിൽ വ്യക്തത വരുത്തുന്നതിനാണെന്നും അതിനെ വളച്ചൊടിക്കുകയാണെന്നും എഡിറ്റോറിയൽ ബോർഡ് പറയുന്നു. സുജയ പാർവതി സ്ഫോടന സ്ഥലത്തെ വിവരങ്ങൾ അതേപടി പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നെന്ന അവകാശവാദവും ചാനൽ ഉന്നയിക്കുന്നു.
എന്തു തന്നെയായാലും സ്ഫോടന ദിവസത്തെ സുജയ പാർവതിയുടെ റിപ്പോർട്ടിങ്ങിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല ഒരു ചർച്ചക്കിടെ ഇസ്രായേൽ-ഹമാസ് വിഷയവുമായി കളമശ്ശേരി സ്ഫോടനത്തെ ബന്ധിപ്പിച്ചു കൊണ്ടുള്ള ചീഫ് എഡിറ്റർ നികേഷ് കുമാറിന്റെ ചോദ്യവും വിവാദമായിരുന്നു. മുൻ പാർലമെന്റ് അംഗം സെബാസ്റ്റ്യൻ പോൾ, ദേശീയ അന്വേഷണ ഏജൻസിയിലെ റിട്ടയേർഡ് എസ്പി രാജ്‌മോഹൻ, യഹോവ സാക്ഷികളുടെ പ്രാദേശിക വക്താവ് ടി.എ ശ്രീകുമാർ എന്നിവർ പങ്കെടുത്ത ചർച്ചക്കിടെയായിരുന്നു നികേഷ് കുമാറിന്റെ അപക്വമായ പരാമർശം. പശ്ചിമേഷ്യൻ സാഹചര്യം അറിയാം. യഹോവ സാക്ഷികളുടെ യോഗത്തിലാണ് സ്‌ഫോടനമുണ്ടായിട്ടുള്ളത്.
അത് രണ്ടും ബന്ധിപ്പിക്കാൻ സാധിക്കുന്നുണ്ടോ താങ്കൾക്ക്? എന്നായിരുന്നു സെബാസ്റ്റ്യൻ പോളിനോടുള്ള നികേഷിന്റെ ചോദ്യം. അവതാരകന്റെ ചോദ്യത്തെ ശരിവെക്കുന്ന ഉത്തരവും സെബാസ്റ്റ്യൻ പോൾ നൽകി. “വളരെ പ്രധാനപ്പെട്ട ചരിത്ര പ്രാധാന്യമുള്ള ഒരിടമാണ് കൊച്ചിയിലെ മട്ടാഞ്ചേരി. കളമശ്ശേരിയാണ് എങ്കിൽ വേറൊരു തരത്തിൽ തീവ്രവാദ പ്രവർത്തനത്തിന് മുൻ അനുഭവമുള്ള ഇടമാണ്. തടിയന്റവിട നസീർ മുഖ്യപ്രതിയായ കളമശ്ശേരിയിലെ ബസ് കത്തിക്കൽ സംഭവം നടന്നത് ഇവിടെയാണ്. അവിടെത്തന്നെയാണ് ഇപ്പോൾ സ്‌ഫോടനം നടന്നിരിക്കുന്നത്” ഇങ്ങനെ പറഞ്ഞുകൊണ്ടാണ് നികേഷ് കുമാർ അവസാനിപ്പിച്ചതും. നികേഷ് കുമാറിന്റെ പരാമർശത്തിനെതിരെ മീഡിയ വൺ ഉൾപ്പടെയുള്ള ചാനലുകൾ രംഗത്തും വന്നിരുന്നു.
സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന തരത്തിലുള്ള സമൂഹ മാധ്യമ പോസ്റ്റുകൾക്ക് എതിരെയും വ്യക്തികൾക്ക് എതിരെയും മാധ്യമങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുൻപേ വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ബിജെപി വക്താവ് സന്ദീപ് വാര്യർ, ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർ എന്നിവർക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ കേസും രജിസ്റ്റർ ചെയ്തിരുന്നു. ആഭ്യന്തര വകുപ്പിന്റെ നടപടി സ്വാഗതാർഹം തന്നെ. സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ നിരവധി പേർ ഇനിയുമുണ്ട്. അവർക്കെതിരെയും കർശനനടപടി ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറി; പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളവർമ്മയിൽ ശ്രീകുട്ടൻ്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. കെ എസ് യു വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു എസ് എഫ് ഐ. അതിന് കൂട്ടു നിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും.
എന്ത് കാരണത്താൽ കെ എസ് യുവിന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ എസ് എഫ് ഐ വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണയാണ് വൈദ്യുതി നിലച്ചത്. ആ സമയത്ത് ഇരച്ചുകയറിയ എസ് എഫ് ഐ ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കെ എസ് യുവിനെ തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡി വൈ എഫ് ഐ നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സി പി എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ.
ശ്രീകുട്ടന്റേയും കെ എസ് യു വിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവൻ്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ് കെ എസ് യു പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ട്.
മുഖ്യമന്ത്രിയ്ക്ക് വധഭീക്ഷണിയുമായി 12 വയസുകാരൻ
മുഖ്യമന്ത്രിയ്ക്ക് വധഭീക്ഷണിയുമായി ഏഴാം ക്‌ളാസുകാരൻ. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ കേസടുത്ത് അന്വേഷണം നടത്തിയിരുന്ന മ്യൂസിയം പൊലീസാണ് പ്രതിയെ പിടികൂടിയത്. എറണാകുളം സ്വദേശിയാണ് വധ ഭീക്ഷണി സന്ദേശം അയച്ച പന്ത്രണ്ട് വയസുകാരൻ. മുഖ്യമന്ത്രിയെ വധിക്കുമെന്നാണു ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നത്.
പൊലീസ് വിദ്യാർഥിയുടെ വീട്ടുകാരുമായി സംസാരിച്ചപ്പോൾ വീട്ടുകാർ പറഞ്ഞത്, കുട്ടി ഫോണിൽ കളിച്ചപ്പോൾ അറിയാതെ കണ്‍ട്രോൾ റൂമിലേക്ക് കോൾ പോയതാണെന്നായിരുന്നു. എന്നാൽ വീട്ടുകാരുടെ വിശദീകരണത്തിൽ പൊലീസ് തൃപ്തരല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം വധഭീക്ഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.
സർക്കാർ – ഗവർണർ പോര് വീണ്ടും മുറുകുന്നു
സർക്കാർ – ഗവർണർ പോര് വീണ്ടും മുറുകുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് സർക്കാരിന്റെ റിട്ട് ഹര്‍ജി. ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബിൽ, കോപറേറ്റീവ് ബിൽ, പബ്ലിക് ഹെല്‍ത്ത് ബില്‍ തുടങ്ങി എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതെ വൈകിക്കുകയാണെന്ന് സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഗവർണറുടെ സമീപനം ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾക്ക് എതിരാണെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ് റിട്ട് ഹര്‍ജി ഫയൽചെയ്തിരിക്കുന്നത്.
അതേസമയം ഗവർണർമാർക്കെതിരെ തമിഴ്നാട്, പഞ്ചാബ് സർക്കാരുകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളിൽ 12 എണ്ണത്തിനു ഗവർണർ തീർപ്പുണ്ടാക്കിയിട്ടില്ല. ഗവർണർ ഡോ. ആർ.എൻ.രവി സർക്കാരിനെ രാഷ്ട്രീയ ശത്രുവായാണ് കാണുന്നതെന്നും തമിഴ്‌നാട് ആരോപിക്കുന്നു. പഞ്ചാബ് നിയമസഭ പാസാക്കിയ 27 ബില്ലുകളിൽ 5 എണ്ണത്തിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല.
അന്താരാഷ്ട്ര ബ്രാന്‍ഡുകളെ പിന്തള്ളി ഇന്ത്യന്‍ വിസ്‌കി
ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു ഇന്ത്യന്‍ ബ്രാന്‍ഡ്. നിരവധി റൗണ്ടുകളിലായി നടന്ന രുചി പരിശോധനയ്ക്ക് ഒടുവില്‍ ഇന്ത്യയുടെ ഇന്ദ്രി എന്ന സിംഗിള്‍ മാള്‍ട്ട് വിസ്‌കി ലോകത്തിന്റെ നെറുകയിലെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിസ്‌കി രുചി പരിശോധനയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായത്. ലോകത്തിലെ നൂറിലധികം വിസ്‌കികളുമായായിരുന്നു ഹരിയാനയില്‍ നിര്‍മ്മിക്കുന്ന ഇന്ദ്രിയുടെ പോരാട്ടം. സ്‌കോച്ച്,ബര്‍ബണ്‍, കനേഡിയന്‍, ഓസ്‌ട്രേലിയന്‍, ബ്രിട്ടീഷ് സിംഗിള്‍ മാള്‍ട്ട് എന്നിവയെ പിന്തള്ളിയാണ് ഇന്ദ്രിയുടെ നേട്ടം.
2021ലാണ് ഇന്ദ്രി വിസ്‌കി വിപണിയിലെത്തിയത്. ഹരിയാനയിലെ പികാഡിലി ഡിസ്റ്റിലറീസ് ആണ് നിര്‍മാതാക്കള്‍. ഇന്ത്യയിലെ ആദ്യ ട്രിപ്പിള്‍ ബാരല്‍ സിംഗിള്‍ മാള്‍ട്ട് കൂടിയാണ് ഇന്ദ്രി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 14 അന്താരാഷ്ട്ര അവാര്‍ഡുകള്‍ സ്വന്തമാക്കി. രാജ്യാന്തര തലത്തില്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയുടെ രുചിയില്‍ ഇന്ത്യയുടെ പേര് എത്തിക്കുന്ന നേട്ടമാണ് നിലവില്‍ ഇന്ദ്രിയുടേത്. ഇതിന് പുറമേ അമൃത് ഡിസ്റ്റലറീസിന്റെ വിസ്‌കികളും മത്സരത്തില്‍ നേട്ടമുണ്ടാക്കി. രാജ്യത്തെ 19 സംസ്ഥാനങ്ങളിലും 17 ലോകരാജ്യങ്ങളിലും ഇന്ദ്രി പ്രശസ്തമാണ്.
റോഡപകടങ്ങളില്‍ പ്രധാന വില്ലന്‍ അതിവേഗം
ഇന്ത്യയില്‍ റോഡപകടങ്ങള്‍ കുതിക്കുന്നതായി റിപ്പോര്‍ട്ട്. റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ ഇന്ത്യയില്‍ ആകെ നാലര ലക്ഷത്തിലധികം റോഡപകടങ്ങള്‍ രേഖപ്പെടുത്തി. ഈ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തിലധികമായി ഉയര്‍ന്നു. റോഡപകടങ്ങളില്‍ ഏകദേശം 4.45 ലക്ഷം പേര്‍ക്ക് പരിക്കേറ്റു. 2021 നെ അപേക്ഷിച്ച് ഇന്ത്യയില്‍ അപകടങ്ങളുടെ എണ്ണം 12 ശതമാനം വര്‍ധിച്ചപ്പോള്‍ മരണസംഖ്യ 9.4 ശതമാനം വര്‍ദ്ധിച്ചു. പോലീസ് പങ്കുവെക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം റോഡപകടങ്ങളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇന്ത്യന്‍ റോഡുകളിലെ ഏറ്റവും വലിയ കൊലയാളി അമിതവേഗതയയും തെറ്റായ സൈഡ് ഡ്രൈവിഗുമാണ്. ഇത് ആറ് ശതമാനമാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതും വാഹനമോടിക്കുമ്പോള്‍ ഫോണിന്റെ ഉപയോഗവുമാണ് റോഡപകടങ്ങളില്‍ നാല് ശതമാനം. 33 ശതമാനം അപകടങ്ങളും ഏറ്റവും ഉയര്‍ന്ന വേഗപരിധി നല്‍കുന്ന എക്സ്പ്രസ് വേകള്‍ ഉള്‍പ്പെടെയുള്ള ദേശീയ പാതകളിലാണ്. സംസ്ഥാന പാതകളില്‍ കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തിലധികം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 23 ശതമാനത്തില്‍ 40 ശതമാനം അപകടങ്ങളും മറ്റ് റോഡുകളിലും നടക്കുന്നു.